പ്രസവിച്ച് ആറുമാസംവരെ, മുലയൂട്ടുന്ന സ്ത്രീകളില്‍ അണ്ഡോല്‍പാദനം ശരിയായി നടക്കാത്തതുകൊണ്ട് ഗര്‍ഭധാരത്തിനുള്ള സാധ്യത കുറവാണ്. എങ്കിലും തീരെ ഇല്ല എന്ന് കരുതരുത്. ഇക്കാലങ്ങളിലൊ അതിനുശേഷമോ ആര്‍ത്തവ ചക്രം ക്രമംതെറ്റിയായിരിക്കും ഉണ്ടാകുക. അതിനാല്‍ത്തന്നെ മുലയൂട്ടല്‍കാലം ഗര്‍ഭധാരണസാധ്യതയില്ലെന്ന് കരുതരുത്.

സുരക്ഷിതമല്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് അപ്രതീക്ഷിതമായി ഗര്‍ഭംധരിച്ചെത്തുന്നവരുടെ എണ്ണം ഏറെയാണ്. ഏറെ അറവുണ്ടായിട്ടും പ്രസവിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ മാസമുറ തെറ്റി, ഡോക്ടറുടെ മുന്നില്‍ തെറ്റുകാരെപ്പോലെ വന്നുനിന്ന് ഉള്ളില്‍ വളരുന്ന കുഞ്ഞിനെ അലസിപ്പിച്ചുകളയാന്‍ അപേക്ഷിക്കുന്ന ദുസ്ഥിതിയില്‍ എത്തിച്ചേരാതെ സൂക്ഷിക്കുക. നിങ്ങള്‍ ഓമനിക്കുന്ന, മുലയൂട്ടുന്ന, അഭിമാനപുരസരം ലാളിക്കുന്ന കുഞ്ഞിനെപ്പോലെ മറ്റൊരോമനയാണ് നിങ്ങളുടെ ഉള്ളിലും വളരുന്നത് എന്ന ബോധം കളയാതിരിക്കുക.