ബി കോംപ്ലക്‌സിന്റെ ഇനത്തില്‍പ്പെട്ട ഒരു വിറ്റാമിനാണ് ഫോളേറ്റ് അഥവാ ഫോളിക് ആസിഡ്. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച ക്രമീകരിക്കുന്നതിനും ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും ഈ വിറ്റാമിന്‍ അത്യന്താപേക്ഷിതമാണ്. ഫോളിക് ആസിഡിന്റെ കുറവ്മൂലം ശിശുവിന് ജന്മാനാ വൈകല്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

അമ്മയ്ക്ക് വിളര്‍ച്ചയുണ്ടാകാനും ഇത് കാരണമാകും. കൂടാതെ, മൂത്രാശയ രോഗങ്ങള്‍, ഗര്‍ഭാശയഗള അര്‍ബുദം, ഗര്‍ഭം അലസല്‍, മാസം തികയാതെയുള്ള പ്രസവം, നവജാതശിശുവിന് തൂക്കംകുറവ്, മച്ചിറിപോലുള്ള ശാരീരിക വൈകല്യങ്ങള്‍, ജന്മനായുള്ള ഹൃദ്രോഗം, മറ്റ് ഹൃദയ വൈകല്യങ്ങള്‍, നാഡീവൈകല്യങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഫോളിക് ആസിഡിന്റെ കുറവുമൂലം ഉണ്ടാകാറുണ്ട്.

സാധാരണവേളയില്‍, രക്തത്തിലെ ഫോളിക് ആസിഡിന്റെ അളവ് കുറഞ്ഞുപോയാല്‍ പ്രത്യുല്‍പാദനത്തെ ദോഷകരമായി ബാധിക്കും. ഇത് വന്ധ്യതയ്ക്കുപോലും കാരണമായെന്നുവരാം. കോശങ്ങള്‍ വിഭജിച്ചുപെരുകിയാണല്ലോ വളര്‍ച്ച സാധ്യമാകുന്നത്. ഇങ്ങനെ കോശവിഭജനം നടക്കാന്‍ ഏറ്റവും അത്യാവശ്യംവേണ്ട ഒരു വിറ്റാമിനാണ് ഫോളിക് ആസിഡ്.

ഗര്‍ഭധാരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഭ്രൂണം അതിവേഗം വളരും. ഈസമയത്ത് ഫോളിക് ആസിഡ് അത്യന്താപേക്ഷിതമാണ്. ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറും അസ്ഥികളും രൂപപ്പെടുന്നതിനും വളര്‍ന്ന് വികസിക്കുന്നതിനും ഫോളിക് ആസിഡ് കൂടിയേതീരൂ. ഗര്‍ഭത്തിന്റെ അവസാനത്തെ മുന്നുമാസക്കാലം ശിശുവിന്റെ വളര്‍ച്ച ത്വരിതഗതിയിലാണ്. ഈ കാലഘട്ടത്തിലും ഫോളിക് ആസിഡ് ധാരാളമായി വേണ്ടിവരും.

ഗര്‍ഭധാരണത്തിന് ഏതാനും മാസംമുമ്പുമുതല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഫോളിക് ആസിഡ് കഴിച്ചുതുടങ്ങുന്നത് നല്ലതാണ്. ആസുത്രിത ഗര്‍ഭധാരണങ്ങളില്‍ മാത്രമേ ഇത്തരം മുന്നൊരുക്കങ്ങള്‍ സാധ്യമാകുകയുള്ളൂ. ഗര്‍ഭധാരണ വിവരം അറിയുമ്പോള്‍ മുതല്‍ ഫോളിക് ആസിഡ് ഗുളികകള്‍ കഴിച്ചുതുടങ്ങാം. നിത്യവും ഒരു ഗുളികവീതം കഴിക്കാനാണ് സാധാരണഗതിയില്‍ നിര്‍ദ്ദശിക്കാറ്. ഇലക്കറികള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, തവിടു മുഴുവന്‍ നീക്കാത്ത ധാന്യങ്ങള്‍, പാല്‍, മുട്ട, മാംസം, കരള്‍ തുടങ്ങിയവയൊക്കെ ഫോളിക് ആസിഡ് ധാരാളം അടങ്ങിയ ഭക്ഷ്യപദാര്‍ത്ഥങ്ങളാണ്. ഇവ സമൃദ്ധമായി കഴിക്കുന്നവരാണെങ്കിലും ഗര്‍ഭകാലത്ത് ഫോളിക് ആസിഡ് ഗുളിക കഴിക്കുന്നതുതന്നെയാണ് നല്ലത്. ആദ്യ സന്ദര്‍ശനത്തില്‍ത്തന്നെ ഡോക്ടര്‍ ഇതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. പ്രസവശേഷം മുലയൂട്ടല്‍ കാലംവരെ ഫോളിക് ആസിഡ് ഗുളികകള്‍ കഴിക്കേണ്ടതാണ്.