എന്റെ മകള്‍ക്കുവേണ്ടിയാണ് ഈ കത്ത്. അവളുടെ പ്രസവം കഴിഞ്ഞിട്ട് രണ്ടാഴ്ചയായി. ആദ്യപ്രസവമാണ്. സുഖപ്രസവം. മൂന്നാംദിവസം ഡിസ്ചാര്‍ജ് ചെയ്തു. വീട്ടില്‍ വന്ന് രണ്ടുമൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ മുതല്‍ അവളുടെ പെരുമാറ്റത്തില്‍ വല്ലാത്ത വ്യത്യാസമുണ്ട്. കുഞ്ഞിനെ ശ്രദ്ധിക്കാറില്ല. ആഹാരം കഴിക്കില്ല, കുളിക്കില്ല. ഒന്നും പറഞ്ഞാല്‍ അനുസരിക്കാതെ ഒരേയിരിപ്പ്. ഭര്‍ത്താവ് വിദേശത്താണ്. ഞാനെന്താണ് ചെയ്യേണ്ടത്?


ശശിമംഗല, നെടിയിരിപ്പ്ചെറിയ മാനസിക അസ്വാസ്ഥ്യം തുടങ്ങി ഗുരുതരമായ വിഷാദരോഗം വരെ ഉണ്ടാകാവുന്ന സമയമാണ് പ്രസവം കഴിഞ്ഞുള്ള ആദ്യത്തെ രണ്ടോ മൂന്നോ മാസം. സാധാരണയായി കണ്ടുവരുന്ന ലഘുവായ ഒരു മാനസികാവസ്ഥയാണ് 'മെറ്റേണല്‍ ബ്ലൂസ്'. പ്രസവം കഴിഞ്ഞ് മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ പ്രത്യക്ഷപ്പെടുന്നു. പത്തു ദിവസത്തിനകം മാറുകയും ചെയ്യും. ലഘുവായ മാനസികപ്രശ്‌നമാണിത്. വലിയ ചികിത്സയുടെ ആവശ്യം വേണ്ടിവരാറില്ല. ദേഷ്യം, സങ്കടം, ഉറക്കക്കുറവ്, ഉന്മേഷമില്ലായ്മ എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്.

എന്നാല്‍, പത്തു ദിവസത്തിനുശേഷവും മാറാത്ത രോഗലക്ഷണങ്ങള്‍ കാര്യമായി എടുക്കേണ്ടതാണ്. കാരണം, വിഷാദരോഗം (Postpartum depression) പല സ്ത്രീകള്‍ക്കും പ്രസവാനന്തരം പ്രകടമാവുന്നു. മുന്‍പ് ചെറിയ തോതിലെങ്കിലും വിഷാദരോഗമുണ്ടായിട്ടുള്ളവര്‍ക്ക് പ്രസവശേഷം രോഗം വീണ്ടും വരാനും മൂര്‍ച്ഛിക്കാനുമുള്ള സാധ്യത വളറെ കൂടുതലാണ്. മിക്കവാറും പ്രസവശേഷം ആറാഴ്ചയ്ക്കുള്ളിലാവും രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുക. കുഞ്ഞിനെക്കുറിച്ചുള്ള അധിക ഉത്കണ്ഠ, താല്പര്യമില്ലായ്മ, ഉറക്കക്കുറവ്, ശ്രദ്ധക്കുറവ്, വിശപ്പില്ലായ്മ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ചിലര്‍ കുഞ്ഞിനെ ശ്രദ്ധിക്കാറില്ല, മുലയൂട്ടാറില്ല. ഗുരുതരമായ വിഷാദരോഗം ബാധിച്ചവരില്‍, അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ അപകടത്തിലാവാം.

ഇതിലും ഗുരുതരമായ മറ്റൊരവസ്ഥയാണ് പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ് (Postpartum Psychosis). മിക്കവാറും ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ടിവരുന്ന അപകടകരമായ മാനസികരോഗമാണിത്. പാരമ്പര്യമായി മാനസികരോഗമുള്ള കുടുംബത്തില്‍ ജനിച്ചവര്‍, നേരത്തെ മാനസികരോഗമുള്ളവര്‍, കടുത്ത മാനസിക പരിമുറുക്കത്തിന് അടിമപ്പെട്ടവര്‍ എന്നിവരിലാണ് ഇത്തരം രോഗലക്ഷണങ്ങള്‍ ഉണ്ടാവുന്നത്.


കാരണങ്ങള്‍


മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക കുടുംബ സാഹചര്യങ്ങള്‍ കൂടിയ മാനസിക സമ്മര്‍ദത്തിന് വഴിയൊരുക്കുന്നു. കൂട്ടുകുടുംബങ്ങളില്‍ നിലനിന്നിരുന്ന സുരക്ഷിതത്വബോധം അണുകുടുംബങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല എന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

അതുകൊണ്ടുതന്നെ ആനന്ദകരമാവേണ്ട ഗര്‍ഭകാലം, പ്രസവം, പ്രസവാനന്തര കാലം എന്നിവ ആശങ്കയുടെ കാലമായി മാറുന്നു. ചെറിയ ആശങ്കകള്‍പോലും രോഗമായി മാറുന്നു. അവഗണനയും പീഡനവും നിറഞ്ഞ ഗൃഹാന്തരീക്ഷം ഗര്‍ഭിണിക്ക് ഒരിക്കലും യോജിച്ചതല്ല.

ഭര്‍ത്താവ് അടുത്തില്ലാതെ കഴിയേണ്ടിവരുന്നത് പ്രസവിച്ച സ്ത്രീക്ക് കടുത്ത മാനസികവേദന സമ്മാനിക്കുന്നുണ്ട്. ഗര്‍ഭകാലത്തും പ്രസവസമയത്തും ഭര്‍ത്താവിന്റെ സാമീപ്യം സ്ത്രീ ആഗ്രഹിക്കുന്നു. നവജാതശിശുവിനെ ഭര്‍ത്താവിനെ കാണിച്ച് സന്തോഷം പങ്കിടാനാഗ്രഹിക്കുന്ന സ്ത്രീക്ക് അതിനാവാതെ വരുമ്പോള്‍ അടക്കിവെക്കുന്ന വേദന മാനസികപ്രശ്‌നമായി മാറുന്നു.

ഗര്‍ഭകാലത്ത് മറ്റു ആരോഗ്യപ്രശ്‌നങ്ങളുള്ളവരും മാസം തികയാതെ പ്രസവിക്കുന്നവരും ശിശുവിന് ആരോഗ്യപ്രശ്‌നമുള്ളവരും മാനസികരോഗത്തിന് അടിമപ്പെടാം. ശരിയായി മുലയൂട്ടാനറിയാത്ത അമ്മമാരും കടുത്ത മാനസികസമ്മര്‍ദത്തിന് അടിപ്പെടാം. ഗര്‍ഭകാലത്തും പ്രസവശേഷവും ഉണ്ടാവുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഇതിന് ആക്കംകൂട്ടുന്നു. ഇക്കാലത്ത് മാത്രമുണ്ടാകുന്ന ചില ഹോര്‍മോണുകളുടെ പ്രവര്‍ത്തനം നിശ്ശേഷം ഇല്ലാതാവുന്നതും ഒരു കാരണമായി കണക്കാക്കപ്പെടുന്നു. ആഗ്രഹിക്കാതെയുള്ള ഗര്‍ഭധാരണവും മാനസികസമ്മര്‍ദം ഉണ്ടാക്കും.


പ്രതിവിധി


കുടുംബത്തിന്റെ സംരക്ഷണവും കരുതലുമുള്ള അമ്മമാരില്‍ മാനസികപ്രശ്‌നങ്ങള്‍ കുറവാണ്. പ്രസവത്തെക്കുറിച്ച് അമിത ഉത്കണ്ഠ ഉണ്ടാക്കാവുന്ന കഥകളും വിവരണങ്ങളും പറയാതിരിക്കാന്‍ കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കണം. രോഗശമനം ഉണ്ടായശേഷം അടുത്ത ഗര്‍ഭധാരണം ഡോക്ടറുടെ വിദഗ്ധാഭിപ്രായം അറിഞ്ഞ ശേഷം മതി.


ഡോ.നിര്‍മ്മല സുധാകരന്‍