ഞാന്‍ എട്ടു മാസം ഗര്‍ഭിണിയാണ്. ജോലിയുടെ തിരക്കുകള്‍ കാരണം കൃത്യമായി ചെക്കപ്പുകള്‍ ചെയ്യാന്‍ സാധിക്കാറില്ല. ചെറിയ തോതില്‍ ബി.പി. ഉണ്ട്. എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം?
മന്യ, പറവൂര്‍


പ്രായപൂര്‍ത്തിയായ ഒരാളുടെ ബി.പി. 120/80 ആണ്. ഗര്‍ഭകാലത്ത് സാധാരണയായി ബി.പി. കുറയുകയും ഗര്‍ഭാവസാനം നോര്‍മല്‍ ആവുകയും ചെയ്യും. എന്നാല്‍ എപ്പോഴെങ്കിലും ബി.പി. 140/90 ഓ അതിലധികമോ ആയാല്‍ അമിത രക്തസമ്മര്‍ദമായി കണക്കാക്കാം.

ഗര്‍ഭിണികളില്‍ പ്രധാനമായും മൂന്നു തരത്തിലാണ് അമിതരക്തസമ്മര്‍ദം കാണാറ്. ക്രോണിക് ഹൈപ്പര്‍ടെന്‍ഷന്‍, പ്രഗ്നന്‍സി ഇന്‍ഡ്യൂസ്ഡ് ഹൈപ്പര്‍ടെന്‍ഷന്‍, പ്രീ എക്ലാംസിയ.

ക്രോണിക് ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവരില്‍ ഗര്‍ഭിണിയാകുന്നതിനു മുമ്പുതന്നെ ബി.പി. കൂടുതലായിരിക്കും. ഗര്‍ഭകാലത്തുണ്ടാവുന്ന ഹൈപ്പര്‍ടെന്‍ഷന്‍ ആണ് പ്രഗ്‌നന്‍സി ഇന്‍ഡ്യൂസ്ഡ് ഹൈപ്പര്‍ ടെന്‍ഷന്‍.

ഇതില്‍ ഗര്‍ഭകാലത്തിന്റെ 5-ാം മാസം (20 ആഴ്ച) മുതല്‍ ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാവും. മറ്റു ലക്ഷണങ്ങള്‍ ഒന്നും കാണുകയുമില്ല. പ്രസവം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളില്‍ രക്തസമ്മര്‍ദം പൂര്‍വസ്ഥിതിയിലാകുകയും ചെയ്യും. ചിലപ്പോള്‍ പ്രഗ്‌നന്‍സി ഇന്‍ഡ്യൂസ്ഡ് ഹൈപ്പര്‍ടെന്‍ഷന്‍ കൂടുതല്‍ ഗുരുതരമായ പ്രീ എക്ലാംസിയ എന്ന സ്ഥിതിയിലേക്ക് നീങ്ങുകയും ചെയ്യും.

രക്തസമ്മര്‍ദം 160/110 ല്‍ താഴെയുള്ളത് മൈല്‍ഡ് എക്ലാംസിയയും 160/110 ഓ അതില്‍ കൂടുതലോ ഉള്ളത് സിവിയര്‍ എക്ലാംസിയയും. ഇത് അമ്മയുടെയും കുഞ്ഞിന്റെയും ജീവനുതന്നെ ഭീഷണിയാകുന്ന എക്ലാംസിയ എന്ന രോഗത്തിന്റെ മുന്നോടിയാണ്. എക്ലാംസിയയില്‍ അമ്മയ്ക്ക് പനി വരികയും മറ്റ് പല അവയവങ്ങളുടെയും പ്രവര്‍ത്തനം അവതാളത്തിലാവുകയും ചെയ്യും.


സാധ്യത ആര്‍ക്കൊക്കെ


ആദ്യമായി ഗര്‍ഭം ധരിക്കുന്നവര്‍, അമ്മയ്‌ക്കോ സഹോദരിക്കോ ഗര്‍ഭാവസ്ഥയില്‍ രക്തസമ്മര്‍ദം കൂടുതലുണ്ടായിരുന്നവര്‍, കൗമാരഗര്‍ഭം, 35 വയസ്സിനു ശേഷമുള്ള ഗര്‍ഭം, ഒന്നില്‍ കൂടുതല്‍ കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കുന്നവര്‍, മുമ്പ് ഗര്‍ഭാവസ്ഥയില്‍ പ്രീഎക്ലാംസിയ വന്നിട്ടുള്ളവര്‍, പ്രമേഹമുള്ളവര്‍, പോളിസിസ്റ്റിക് ഓവേറിയന്‍ ഉള്ളവര്‍, അമിതഭാരം, ഗര്‍ഭിണിയാവുന്നതിനു മുമ്പുതന്നെ ഹൈപ്പര്‍ ടെന്‍ഷന്‍ അല്ലെങ്കില്‍ കിഡ്‌നിക്ക് അസുഖമുള്ളവര്‍ ഇവര്‍ക്കൊക്കെ പ്രീ എക്ലാംസിയ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
അമിത രക്തസമ്മര്‍ദ്ദം (160 /110), ശരീരത്തില്‍ നീര് - പ്രധാനമായും മുഖം, കഴുത്ത്, കൈ എന്നിവിടങ്ങളില്‍, മൂത്രത്തില്‍ പ്രോട്ടീന്‍ നഷ്ടപ്പെടല്‍, മൂത്രം പോകുന്നതിന്റെ അളവ് കുറയുക, രക്തത്തില്‍ പ്ലേറ്റ്‌ലറ്റ് അണുക്കളുടെ എണ്ണം കുറയുക, കരള്‍ ഉല്‍പാദിപ്പിക്കുന്ന എന്‍സൈമുകള്‍ കൂടുക, കാഴ്ച മങ്ങല്‍, തലവേദന, വയറിന്റെ മുകളിലായി വേദന, ഓക്കാനം, ഛര്‍ദി, ക്രിയാറ്റിനിന്റെ അളവു കൂടുക, ശ്വാസകോശത്തില്‍ നീര്‍ക്കെട്ട് തുടങ്ങിയവ സിവിയര്‍ എക്ലാംസിയയുടെ ലക്ഷണങ്ങളാണ്.

ഇതില്‍ തലവേദന, കാഴ്ച മങ്ങല്‍, വയറിന്റെ മുകളിലായി വേദന, ഓക്കാനം, ഛര്‍ദി എന്നിവ എക്ലാംസിയ ഗുരുതരാവസ്ഥയിലേക്കു പോകുന്നതിന്റെ ലക്ഷണമാണ്.

പ്രീ എക്ലാംസിയ ഉള്ളവരില്‍ ശരീരമാസകലമുള്ള രക്തക്കുഴലുകള്‍ ചുരുങ്ങുകയും തലച്ചോര്‍, കിഡ്‌നി, കരള്‍, കണ്ണ് തുടങ്ങിയവയിലേക്കുള്ള രക്തചംക്രമണം കുറയുകയും ചെയ്യും. അതിന്റെ ഫലമായി തലച്ചോറില്‍ രക്തസ്രാവം, കാഴ്ച നഷ്ടപ്പെടുക, ശ്വാസകോശത്തില്‍ നീര്‍ക്കെട്ട്, പെട്ടെന്നുള്ള ശ്വാസതടസ്സം, രക്തക്കുഴലില്‍ ക്ലോട്ട് ഉണ്ടാകുക, വൃക്കയുടെ പ്രവര്‍ത്തനം നശിക്കുക, കരള്‍ പൊട്ടിപ്പോകുക, പ്രസവത്തിനു മുമ്പുതന്നെ പ്ലാസന്റ ഗര്‍ഭപാത്രത്തില്‍നിന്നും വിട്ടുപോരുക, പ്രസവം കഴിഞ്ഞ് രക്തസ്രാവം, പെട്ടെന്ന് അബോധാവസ്ഥയിലേക്കു പോവുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

പ്രീ എക്ലാംസിയ ഉണ്ടാകുമ്പോള്‍ പ്ലാസന്റയിലേയും ഗര്‍ഭപാത്രത്തിലേയും രക്തചംക്രമണത്തെ ബാധിക്കുന്നു. ഇതുമൂലം കുഞ്ഞിന് ആവശ്യമുള്ള ഓക്‌സിജനും പോഷകങ്ങളും കിട്ടാതെ വരുന്നു. ഇതിന്റെ ഫലമായി കുഞ്ഞിന് തൂക്കക്കുറവ്, വളര്‍ച്ച മുരടിക്കല്‍, അമ്‌നിയോട്ടിക് ദ്രവത്തിന്റെ കുറവ്, ഗര്‍ഭാശയത്തിനുള്ളില്‍ വെച്ചുതന്നെ മരണം തുടങ്ങിയവ സംഭവിക്കാം.ചികിത്സ


അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യം കൃത്യമായി നിരീക്ഷിക്കുകയും ബി.പി. പരിശോധിക്കുകയും വേണം. വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനം കണ്ടുപിടിക്കുന്ന ടെസ്റ്റുകള്‍ വേണ്ടിവരും. മൂത്രത്തിന്റെ അളവ്, മൂത്രത്തിലെ പ്രോട്ടീന്‍, യൂറിക് ആസിഡ്, ക്രിയാറ്റിനിന്‍, ലിവര്‍ എന്‍സൈം, പ്ലേറ്റ്‌ലറ്റ്, ബ്ലഡ് ക്ലോട്ടിങ്, കണ്ണിന്റെ രക്തക്കുഴലിലുള്ള വ്യത്യാസം തുടങ്ങിയവ പരിശോധിക്ക ണം.
ചില പ്രത്യേക മരുന്നുകള്‍, കാല്‍സ്യം സപ്ലിമെന്റുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ നല്‍കിയാല്‍ അസുഖം ഒരു പരിധി വരെ തടയാനാകും.
നേരത്തെ രക്തസമ്മര്‍ദമുള്ളവര്‍ ഗര്‍ഭിണിയാകുന്നതിനു മുമ്പുതന്നെ ആഹാരനിയന്ത്രണവും വ്യായാമവും വഴി അമിതഭാരം കുറയ്ക്കണം.