പ്രസവശേഷം അമ്മയ്ക്ക് ആവശ്യമായ പരിചരണങ്ങളെക്കുറിച്ച് ഡോ.ഷീലാമണി(കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ്) വിശദീകരിക്കുന്നു...അമ്മയാകുക, സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂര്‍ത്തമാണിത്. കുഞ്ഞിന്റെ ഓമനത്തം തുളുമ്പുന്ന നിഷ്‌കളങ്കമായ മുഖം കാണുമ്പോള്‍ അതുവരെ അനുഭവിച്ച കഷ്ടപ്പാടും വേദനയുമൊക്കെ അമ്മ മറക്കും. ഇനി അറിയേണ്ടത് പ്രസവം കഴിഞ്ഞുള്ള ദിനങ്ങളില്‍ അമ്മയ്ക്ക് ആവശ്യമായ പരിചരണത്തെപ്പറ്റിയാണ്.


എപ്പോള്‍ ആസ്പത്രി വിടാം?


സാധാരണ പ്രസവം കഴിഞ്ഞ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തികച്ചും നോര്‍മലാണെങ്കില്‍ 48 മണിക്കൂറിനുശേഷവും സിസേറിയനാണെങ്കില്‍ 4-5 ദിവസങ്ങള്‍ക്കു ശേഷവും ഡിസ്ചാര്‍ജ് ചെയ്യാം.

അമ്മയുടെ രക്ത ഗ്രൂപ്പ് നെഗറ്റീവും കുഞ്ഞിന്റേത് പോസിറ്റീവുമാണെങ്കില്‍ പ്രസവം കഴിഞ്ഞ് 72 മണിക്കൂറിനുള്ളില്‍ അമ്മയ്ക്ക് ആന്റി ഡി കുത്തിവെപ്പ് നല്‍കണം. ഗര്‍ഭസ്ഥശിശുക്കളില്‍ വൈകല്യമുണ്ടാക്കുന്ന റുബെല്ലാ ബാധയ്ക്ക് എതിരെയുള്ള കുത്തിവെപ്പും ഈയവസരത്തില്‍ അമ്മയ്ക്ക് നല്‍കണം. പിന്നീടുണ്ടാകുന്ന കുട്ടികള്‍ക്ക് രോഗബാധ വരാതിരിക്കാനുള്ള മുന്‍കരുതലാണിത്.

നവജാത ശിശുവിന് 'ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍' (ഒലുമശേശേ െആ ഢമരരശില), ബി.സി.ജി, ഓറല്‍ പോളിയോ വാക്‌സിന്‍ എന്നിവയുടെ ആദ്യത്തെ ഡോസും ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുമ്പേ കൊടുക്കാം.


ആസ്പത്രി വിട്ടശേഷം ശ്രദ്ധിക്കേണ്ട എന്തെങ്കിലുമുണ്ടോ?


എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം.
അമിത രക്തസ്രാവം - ഗര്‍ഭാശയത്തിലെ അണുബാധ മൂലമോ പറ്റിപ്പിടിച്ചിരിക്കുന്ന മറുപിള്ളയുടെ അംശം മൂലമോ ആകാം.

പനി, വിറയല്‍, വയറുവേദന ദുര്‍ഗന്ധത്തോടെയുള്ള പഴുപ്പ് പോകല്‍ - ഗര്‍ഭാശയത്തിലെ അണുബാധയുടെ ലക്ഷണം ആകാം.

പനി, വയറുവേദന, മൂത്രം തരിപ്പ്, കൂടെക്കൂടെ മൂത്രം പോക്ക് - മൂത്രത്തില്‍ പഴുപ്പിന്റെ ലക്ഷണം, തലവേദന, കാഴ്ച മങ്ങല്‍ (പ്രസവിച്ച് 72 മണിക്കൂറിനകം) - അമിത രക്തസമ്മര്‍ദം മൂലമാകാം.

കാല്‍വണ്ണയില്‍ വേദനയും നീരും (പ്രത്യേകിച്ചും ഒരു കാലില്‍ മാത്രം) - കാലിലെ ഞരമ്പുകളില്‍ രക്തം കട്ടപിടിച്ചു കിടക്കുന്ന അവസ്ഥ മൂലമാകാം.

പെട്ടെന്നുള്ള ശ്വാസം മുട്ടല്‍ അല്ലെങ്കില്‍ നെഞ്ചുവേദന - ശ്വാസകോശത്തിലേക്കുള്ള രക്തക്കുഴലിന്റെ ബ്ലോക്ക് ആവാം.
മേല്‍പ്പറഞ്ഞ എന്തെങ്കിലും ലക്ഷണം കണ്ടാല്‍ ഉടന്‍ ആസ്പത്രിയില്‍ എത്തി വിദഗ്ധ ചികിത്സ എടുക്കേണ്ടതാണ്.


ഏതൊക്കെ അവസരങ്ങളിലാണ് കൂടുതല്‍ ദിനങ്ങള്‍ ആസ്പത്രിയില്‍ കിടക്കേണ്ടത്?


പ്രസവം കഴിഞ്ഞ് അമ്മയ്ക്ക് അമിത രക്തസ്രാവം, പനി, മുറിവില്‍ പഴുപ്പ്, ബ്ലഡ് പ്രഷര്‍, ഹൃദ്രോഗം, വിളര്‍ച്ച തുടങ്ങിയ സങ്കീര്‍ണതകള്‍ ഉള്ളപ്പോഴും കുഞ്ഞിനെ മാസം തികയാതെയുള്ള പ്രസവം, തൂക്കക്കുറവ്, മഞ്ഞപ്പിത്തം, ശ്വാസംമുട്ടല്‍, രോഗാണുബാധ തുടങ്ങിയ അവസരങ്ങളിലും കൂടുതല്‍ ചികിത്സയ്ക്കായി ഹോസ്പിറ്റലില്‍ തങ്ങേണ്ടിവരും. ഇങ്ങനെയുള്ള അവസരങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമേ വീട്ടില്‍ പോകാവൂ.


വീട്ടില്‍ വന്ന ശേഷം വീണ്ടും പരിശോധിക്കേണ്ടതുണ്ടോ?


തീര്‍ച്ചയായും ആറാഴ്ച കഴിഞ്ഞ് പരിശോധന അത്യാവശ്യമാണ്. ഈ സമയം കൊണ്ട് അമ്മയുടെ ഗര്‍ഭപാത്രം പൂര്‍വസ്ഥിതിയില്‍ ആയോ, അണുബാധ വല്ലതും ഉണ്ടോ, കുഞ്ഞിന് ആവശ്യത്തിന് പാല്‍ കിട്ടുന്നുണ്ടോ എന്നൊക്കെ ഡോക്ടര്‍ പരിശോധിച്ചുറപ്പാക്കും.

ഗര്‍ഭാവസ്ഥയില്‍ പ്രമേഹം, പ്രഷര്‍, വിളര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നവരുടെ ബ്ലഡ് ഷുഗര്‍, പ്രഷര്‍, ഹീമോഗ്ലോബിന്‍ തുടങ്ങിയവ ഇപ്പോള്‍ നോര്‍മലാണോ എന്ന് പരിശോധിക്കണം. സാധാരണ പ്രസവം കഴിഞ്ഞ് ആറാഴ്ചയ്ക്കുള്ളില്‍ രക്തസമ്മര്‍ദം നോര്‍മലാകും. രക്തസമ്മര്‍ദം കൂടുതലുണ്ടെങ്കില്‍ വിദഗ്ധ പരിശോധന ആവശ്യമാണ്.

ഗര്‍ഭാവസ്ഥയില്‍ പ്രമേഹം ഉണ്ടായിരുന്ന 50% പേര്‍ക്കും ഭാവിയില്‍ പ്രമേഹം വരാനുള്ള സാധ്യതയുണ്ട്. ഇവര്‍ക്കുള്ള കൗണ്‍സലിങ് ഡോക്ടര്‍ നല്‍കും.


കുഞ്ഞിനെ മുലയൂട്ടേണ്ടതെപ്പോള്‍?


പ്രസവം കഴിഞ്ഞ് കഴിയുന്നതും നേരത്തെ മുലയൂട്ടല്‍ തുടങ്ങണം. സാധാരണ പ്രസവം കഴിഞ്ഞ് അരമണിക്കൂറിനുള്ളിലും സിസേറിയനുശേഷം മയക്കം വിട്ടു കഴിഞ്ഞും പാല്‍ കൊടുത്തു തുടങ്ങാം. ആദ്യത്തെ രണ്ടുദിവസം കൊഴുത്ത മഞ്ഞ നിറത്തിലുള്ള പാലാണ് ഉണ്ടാകുന്നത്. ഇതിന് കൊളോസ്ട്രം എന്നു പറയും. ഇതില്‍ കുഞ്ഞിന് പ്രതിരോധശക്തി ഉണ്ടാക്കുന്ന ഘടകങ്ങളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.


മുലയൂട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ടത്?


വ്യക്തിശുചിത്വവും ഒപ്പം സ്തനങ്ങളുടെ ശുചിത്വവും പാലിക്കുക. രണ്ടു സ്തനങ്ങളില്‍ നിന്നും മാറിമാറി പാലു കൊടുക്കണം. കുഞ്ഞിന്റെ ആവശ്യമനുസരിച്ച് പാല് കൊടുക്കുന്നതാണ് നല്ലത്. ചില കുഞ്ഞുങ്ങള്‍ എപ്പോഴും ഉറങ്ങും. ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ ഉണര്‍ത്തി പാല് കുടിപ്പിക്കണം. മുലഞെട്ട് ഉള്ളിലേക്ക് വലിഞ്ഞിരിക്കുകയാണെങ്കില്‍ പുറത്തേക്കു കൊണ്ടുവരാന്‍ ശ്രദ്ധിക്കണം. ചിലപ്പോള്‍ മുലഞെട്ട് വിണ്ടുകീറിയേക്കാം. ഇതിനുള്ള ലേപനങ്ങള്‍ മുലയൂട്ടലിനുശേഷം പുരട്ടാം. ഓരോ തവണയും പാല്‍ കൊടുത്തുകഴിഞ്ഞ് കുഞ്ഞിനെ തോളത്ത് കമിഴ്ത്തിക്കിടത്തി പതുക്കെത്തട്ടി ഉള്ളിലുള്ള വായു കളയണം. മടിയില്‍ കമിഴ്ത്തിക്കിടത്തിയും ഇങ്ങനെ തട്ടിക്കൊടുക്കാം.


സ്തനങ്ങളില്‍ വേദനയുണ്ടാകുന്നത് എന്തുകൊണ്ടാണ്?


മൂന്നാം ദിവസം മുതല്‍ പാല്‍ നല്ലതുപോലെ വന്നു തുടങ്ങും. കുഞ്ഞിനെ നന്നായി മുലയൂട്ടിയില്ലെങ്കില്‍ പാല്‍ കെട്ടിനിന്ന് നീരും വേദനയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുപോലെ മുലഞെട്ട് ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്നവരിലും വിണ്ടുകീറിയിരിക്കുന്നവരിലും ഇങ്ങനെ സംഭവിക്കാം. എപ്പോഴും ബ്രസ്റ്റ് സപ്പോട്ടിങ്ങ് ബ്രാ ഉപയോഗിക്കുക. കുഞ്ഞ് കുടിച്ചുകഴിഞ്ഞ് അധികമുള്ള പാല്‍ പിഴിഞ്ഞുകളയുക. ചിലപ്പോള്‍ സ്തനങ്ങളില്‍ പാല്‍ കെട്ടി നില്‍ക്കുന്നതിനോടൊപ്പം നീരും വേദനയും പനിയും വിറയും അനുഭവപ്പെടാം. ഇത് അണുബാധ മൂലമാണ്. ഇതിന് വിദഗ്ധ ചികിത്സ ആവശ്യമാണ്.


മുലയൂട്ടുമ്പോള്‍ ആഹാര രീതി എങ്ങനെയാണ്?


മുലയൂട്ടുമ്പോള്‍ അധിക പോഷണം ആവശ്യമാണ്. ആഹാരത്തില്‍ കൂടുതല്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവ ഉള്‍പ്പെടുത്തി യാല്‍ ഈ സമയത്തെ മലബന്ധവും മാറിക്കിട്ടും. അതുപോലെത്തന്നെ ധാരാളം വെള്ളം കുടിക്കുകയും 4-5 തവണ മൂത്രമൊഴിക്കുകയും വേണം. അയണ്‍ ഗുളികകള്‍ മൂന്നുമാസം വരെ കഴിക്കണം.


മുലയൂട്ടുമ്പോള്‍ അമ്മ മരുന്നുകള്‍ ഉപയോഗിക്കാമോ?


അമ്മ കഴിക്കുന്ന മരുന്നുകള്‍ മുലപ്പാല്‍ വഴി കുഞ്ഞിന് ലഭിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഒരു മരുന്നും ഈ സമയം കഴിക്കരുത്.


മുലപ്പാല്‍ കൊടുക്കരുതാത്തത് എപ്പോഴാണ്?


അമ്മയ്ക്ക് ക്ഷയരോഗം, പ്രസവം കഴിഞ്ഞ് മനോരോഗം, കാന്‍സര്‍ ചികിത്സ, ബ്രസ്റ്റ് കാന്‍സര്‍, എയിഡ്‌സ് തുടങ്ങിയ രോഗങ്ങളിലേതെങ്കിലുമുണ്ടെങ്കില്‍ മുലയൂട്ടുന്നത് സുരക്ഷിതമല്ല.


പ്രസവശേഷം ശരീരഭാരം കുറയ്ക്കാനുള്ള നല്ല മാര്‍ഗം ഏതാണ്?


മിക്കവാറും സ്ത്രീകളും പ്രസവം കഴിഞ്ഞ് പെട്ടെന്ന് തൂക്കം കുറച്ച് പഴയ രൂപത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. വളരെ പെട്ടെന്ന് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കരുത്. ഗര്‍ഭാവസ്ഥയില്‍ ഒന്‍പത് മാസം കൊണ്ടാണല്ലോ തൂക്കം കൂടിയത്. ഒരാഴ്ച അരക്കിലോയില്‍ കൂടുതല്‍ തൂക്കം കുറയ്ക്കാന്‍ ശ്രമിക്കേണ്ട. ആദ്യത്തെ ആഴ്ചയില്‍തന്നെ ലഘു വ്യായാമങ്ങള്‍: (ഡീപ് ബ്രീത്തിങ്, കുറേശ്ശെ നടത്തം തുടങ്ങിയവ) ചെയ്യാം. കാലില്‍ രക്തം കട്ടപിടിക്കാതിരിക്കാന്‍ ഇതു നല്ലതാണ്.

പിന്നീട് വയറിലെ പേശികള്‍ മുറുകാനുള്ള വ്യായാമം എല്ലാ ദിവസവും 3- 4 തവണ ചെയ്യാം. പ്രസവംമൂലം അയവു കൂടിയ ഭഗപേശികളുടെ മുറുക്കം വര്‍ധിപ്പിക്കാന്‍ 'കെഗല്‍സ്' വ്യായാമം ചെയ്യാം. ചിലര്‍ക്ക് പ്രസവശേഷം അറിയാതെ മൂത്രം പോകും; ഈ പ്രശ്‌നത്തിന് ഈ വ്യായാമം ഒരു പരിഹാരമാണ്.

മൂന്നു മാസമാകുമ്പോഴേക്കും എയ്‌റോബിക്‌സ്, നീന്തല്‍, എന്നിവയൊക്കെ ചെയ്യാം. യോഗയും നല്ലതാണ്. ഈ സമയം കൊണ്ടേ പേശികളും സന്ധികളും പൂര്‍വസ്ഥിതിയിലാകുകയുള്ളൂ.


കുഞ്ഞിനെ പാലൂട്ടുന്നതിന് മുമ്പ് വ്യായാമം ചെയ്യാമോ?


മുലയൂട്ടുന്നതിനു മുമ്പ് വ്യായാമം ചെയ്യുന്നത് സ്തനങ്ങളില്‍ വേദനയുണ്ടാക്കും. പാലൂട്ടല്‍ കഴിഞ്ഞതിനുശേഷം വ്യായാമം ചെയ്യുന്നതാണ് നല്ലത്. ഈ സമയം സ്‌പോര്‍ട്‌സ് ബ്രാ ഉപയോഗിക്കാനും ശ്രദ്ധിക്കുക.


ഏതുതരം ഗര്‍ഭനിരോധന മാര്‍ഗമാണ് അഭികാമ്യം?


ആസ്പത്രി വിടുന്നതിന് മുമ്പുതന്നെ ഗര്‍ഭനിരോധന മാര്‍ഗങ്ങളെപ്പറ്റി ചോദിച്ചറിയണം. ആവശ്യത്തിന് കുട്ടികളുള്ളവര്‍ക്ക് കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ പ്രസവത്തോടെ നിര്‍ത്തുകയോ, ആറാഴ്ചകള്‍ക്കു ശേഷം പ്രസവം നിര്‍ത്തുകയോ ചെയ്യാം.

ആദ്യത്തെ കുട്ടിയുടെ ജനനത്തിനുശേഷം ഏറ്റവും കുറഞ്ഞത് രണ്ടു വര്‍ഷത്തിനുശേഷം വേണം അടുത്ത കുഞ്ഞ് ജനിക്കാന്‍. ഈ സമയത്ത് പല തരത്തിലുള്ള ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കാം. മുലപ്പാലിന്റെ അളവിനെ ബാധിക്കാത്ത മാര്‍ഗമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കാവുന്ന കോപ്പര്‍ ടി പോലുള്ളവയോ തൊലിക്കടിയില്‍ നിക്ഷേപിക്കാവുന്ന നിരോധന മാര്‍ഗങ്ങളോ ഉപയോഗിക്കാം. ഗര്‍ഭനിരോധന ഉറകളും ഉപയോഗിക്കാം. പക്ഷേ, ഇതിന് പരാജയത്തോത് കൂടുതലാണ്. അതുപോലെ ബീജം ഉള്ളില്‍ പോകാതെ ശാരീരികബന്ധത്തിലേര്‍പ്പെടുന്നതും ഫലപ്രദമായ മാര്‍ഗമല്ല.


മുലയൂട്ടല്‍ ഒരു ഗര്‍ഭനിരോധനമാര്‍ഗമായി കരുതാമോ.


മുഴുവന്‍ സമയവും മുലപ്പാല്‍ മാത്രം കുട്ടിക്കു നല്‍കുന്ന ഒരു സ്ത്രീക്ക് ആദ്യത്തെ നാലുമുതല്‍ ആറ് ആഴ്ചവരെ ഗര്‍ഭിണിയാകാനുള്ള സാധ്യത വളരെ കുറവാണ്. എങ്കിലും ഇത് 100 ശതമാനം നല്ല മാര്‍ഗമല്ല.


പ്രസവശേഷം ആറാഴ്ചയ്ക്കു മുമ്പായി സെക്‌സില്‍ ഏര്‍പ്പെടാമോ.


ആറാഴ്ചയ്ക്കു മുമ്പ് ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നത് അഭികാമ്യമല്ല. മുറിവ് നല്ലവണ്ണം ഉണങ്ങിയിട്ടില്ലെങ്കില്‍ സെക്‌സ് വേദനാജനകമായിരിക്കും. കാലക്രമേണ ലൈംഗികതയോട് ഭയമുണ്ടാകുകയും ചെയ്യും. ഇതുമൂലം അണുബാധയ്ക്കും സാധ്യത ഏറെയാണ്.
മറ്റൊരു പ്രധാന കാര്യം കുട്ടിക്ക് കുപ്പിപ്പാല്‍ കൊടുക്കുന്ന അമ്മയാണെങ്കില്‍ ആറാഴ്ചയ്ക്കു മുമ്പുള്ള ലൈംഗികബന്ധം മൂലം ഗര്‍ഭിണിയാകാനുള്ള സാധ്യതയുമുണ്ട്.


പ്രസവം കഴിഞ്ഞ് ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍ എന്തൊക്കെ.


മലമൂത്ര വിസര്‍ജനത്തിനു ശേഷം മുമ്പില്‍നിന്നും പിറകിലേക്കു വേണം കഴുകാന്‍. ഇത് അണുബാധ കുറയ്ക്കാന്‍ വേണ്ടിയാണ്. ദിവസേന സാനിറ്ററി പാഡുകള്‍ മൂന്നു തവണയെങ്കിലും മാറ്റണം. മുറിവില്‍ ആവി പിടിപ്പിക്കുന്നതും ഉപ്പിട്ട ചെറു ചൂടുവെള്ളത്തില്‍ ഇരിക്കുന്നതും നീരും അസ്വസ്ഥതയും മാറ്റാന്‍ സഹായിക്കും. സാധാരണ മൂന്നാഴ്ചകൊണ്ട് തയ്യല്‍ ഉണങ്ങും.


പ്രസവം കഴിഞ്ഞ് എപ്പോഴാണ് ആര്‍ത്തവം കൃത്യമായി അണ്ഡവിസര്‍ജനം ഉണ്ടാകുന്നത്.


കുഞ്ഞിന് നല്ലവണ്ണം പാല്‍ കൊടുത്തിട്ടില്ലെങ്കില്‍ ആറ് - എട്ട് ആഴ്ചയ്ക്കകം ആര്‍ത്തവം വരും. ചിലര്‍ക്ക് ഒന്നര വര്‍ഷം വരെയും ആര്‍ത്തവം വരാതെയിരിക്കാം. ആറാഴ്ചയ്ക്കുശേഷം അണ്ഡവിസര്‍ജനം നടക്കാനും ഗര്‍ഭിണിയാകാനും സാധ്യതയുണ്ട്.