കഴിഞ്ഞ ആഴ്ചയായിരുന്നു എന്റെ പ്രസവം. ഇനിയുള്ള ദിവസങ്ങളില്‍ ആഹാരകാര്യങ്ങളില്‍ പ്രത്യേകിച്ച് എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ?


സുരജ, എടക്കാട്ഗര്‍ഭകാലത്ത് അമ്മയ്ക്കും കുഞ്ഞിനും കിട്ടിയിരുന്ന കരുതലും ശുശ്രൂഷയും പ്രസവശേഷം കുഞ്ഞിലേക്കു മാത്രം തിരിയുന്നു. യഥാര്‍ത്ഥത്തില്‍ ഗര്‍ഭ, പ്രസവ പൂര്‍വകാലഘട്ടത്തിലെന്നപോലെ ആരോഗ്യം വീണ്ടെടുക്കാന്‍ പ്രസവശേഷം അമ്മയ്ക്കു വേണ്ട പരിചരണം ഏറ്റവും അത്യാവശ്യമാണ്.


ആദ്യ ദിവസങ്ങളില്‍


പ്രസവത്തിനു ശേഷമുള്ള ആദ്യത്തെ 24 മണിക്കൂര്‍ വളരെ പ്രധാനമാണ്. ഗര്‍ഭപാത്രം ചുരുങ്ങി അമിത രക്തപ്രവാഹം തടയപ്പെടുന്ന സമയമാണ്. മാത്രമല്ല അപകടകരമായ പല പ്രശ്‌നങ്ങളും ഉണ്ടാവാന്‍ സാധ്യതയുള്ള സമയവുമാണ് ആദ്യത്തെ ഒന്നുരണ്ടു ദിവസം. ഒപ്പം മുലയൂട്ടാനുള്ള പ്രധാന സമയവുമാണ്.

പ്രസവിച്ച ഉടനെതന്നെ മുലയൂട്ടല്‍ തുടങ്ങണം. ആദ്യ പ്രസവമാവുമ്പോള്‍ പലപ്പോഴും മുലയൂട്ടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടാം. ആദ്യ ദിവസങ്ങളില്‍ പാല് അധികം ഉണ്ടായി എന്നു വരില്ല. കുഞ്ഞു വലിച്ചു കുടിച്ചാല്‍ മാത്രമേ കൂടുതല്‍ പാല് ഉണ്ടായിവരികയുള്ളു. കുഞ്ഞിനെ ഇടക്കിടയ്ക്ക് കുടിപ്പിക്കുന്നത് വളരെ പ്രധാനമാണ്.

മുലയൂട്ടുമ്പോഴുള്ള വസ്ത്രധാരണം വളരെ പ്രധാനമാണ്. ഇന്ന് സര്‍വസാധാരണമായ 'നൈറ്റി' അമ്മയ്ക്കു സൗകര്യപ്രദമാവാം. പക്ഷേ, അതില്‍ക്കൂടിയുള്ള മുലയൂട്ടല്‍ കുഞ്ഞിന് വളരെ അസൗകര്യമാണ്. കാരണം ചെറിയ ഭാഗം മാത്രം തുറന്ന ഈ വസ്ത്രത്തിലൂടെ മുലക്കണ്ണു മാത്രം കുഞ്ഞിന്റെ വായിലേക്കു തിരുകികയറ്റിയുള്ള ഇന്നത്തെ മുലയൂട്ടല്‍ രീതി ഒട്ടും ശരിയല്ല. കുഞ്ഞിന് ശരിക്കും വലിച്ചു കുടിക്കാന്‍ പറ്റാതെയാവുമ്പോള്‍ വീണ്ടും പാലുണ്ടാവുന്നത് തടസ്സപ്പെടുന്നു. മാത്രമല്ല, അമ്മയുടെ മാറോടു ചേര്‍ത്തു പിടിച്ച് കുഞ്ഞിന് അമ്മയുടെ ശരീരസ്പര്‍ശനവും ചൂടും വളരെ പ്രധാനമാണ്. മുലയൂട്ടലിന്റെ മറ്റൊരു തലമായ അമ്മയും കുഞ്ഞുമായുള്ള വൈകാരിക ബന്ധം ഈ ശരീരസ്പര്‍ശനത്തിലൂടെയാണ് ലഭിക്കുന്നത്. കുഞ്ഞിന് സുരക്ഷിതത്വബോധമുണ്ടാവാനും ഇത് അതിപ്രധാനമാണ്. ഈയൊരു യീിറശിഴ ആണ് പുതിയതരം നൈറ്റിയിലൂടെ നാം കുഞ്ഞിനു നിഷേധിക്കുന്നത്.


ആഹാരക്രമം


പ്രസവത്തിനു ശേഷമുള്ള ആഹാരം വളരെ പ്രധാനമാണ്. ഗര്‍ഭകാലത്തു കഴിയുന്നതുപോലെയുള്ള പോഷകസമൃദ്ധമായ ആഹാരമാണ് ഈ സമയത്തും നല്‍കേണ്ടത്. ആഹാരം ഒരുതരത്തിലും നിയന്ത്രിക്കയുമരുത്. ചോറ്, പയര്‍വര്‍ഗങ്ങള്‍, മീന്‍, ഇറച്ചി മുതലായവ ഉള്‍പ്പെടുത്തണം. മുട്ട കഴിക്കുന്നതും നല്ലതാണ്. നാരുകള്‍ അടങ്ങിയിട്ടുള്ള ഭക്ഷണമായ പച്ചക്കറികളും പ്രത്യേകിച്ച് ചീര, മുരിങ്ങ തുടങ്ങിയ നാടന്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളം ഉപയോഗിക്കണം. മൂന്നു നേരമായി ആഹാരം കഴിക്കുന്നതിനേക്കാള്‍ ചെറിയ അളവിലുള്ള ഇടവിട്ടുള്ള ആഹാരരീതിയാണ്; വേണ്ട ആഹാരം 5 പ്രാവശ്യമായി നല്‍കുന്നതാണ്, നല്ലത്.


വെള്ളം ധാരാളം കുടിക്കണം


പ്രസവശേഷമുള്ള കാലയളവില്‍ വെള്ളം കുടിക്കുന്നതുമായി ബന്ധപ്പെട്ട ധാരാളം അബദ്ധധാരണകളുണ്ട്. പ്രസവശേഷം വെള്ളം കഴിച്ചാല്‍ വയറ് ചാടുമെന്നും കുടല്‍ വീര്‍ക്കുമെന്നുള്ള തെറ്റിദ്ധാരണകള്‍ക്ക് അടിസ്ഥാനമില്ല. ധാരാളം വെള്ളം കുടിക്കുന്നത് മൂത്രം ശരിയായി പോകുന്നതിന് സഹായിക്കുന്നു, മൂത്രത്തില്‍ പഴുപ്പുണ്ടാകുന്നത് തടയുകയും ചെയ്യുന്നു.


വിശ്രമം, വ്യായാമം


പ്രസവത്തിന്റെ ബുദ്ധിമുട്ടില്‍ നിന്ന് ശരിയായ ആരോഗ്യം വീണ്ടെടുക്കാന്‍ വിശ്രമം വളരെ അത്യാവശ്യമാണ്. പ്രത്യേകിച്ച് ആദ്യത്തെ ഒരു മാസമെങ്കിലും വിശ്രമിക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ലതാണ്.

വയറിനും യോനിക്കു ചുറ്റുമുള്ള പേശികളുടെ ശരിയായ ബലത്തിന് വ്യായാമം ആവശ്യമാണ്. വയറിലെ പേശികള്‍ ദൃഢമാകുന്നതിനുള്ള ലഘുവായ എക്‌സര്‍സൈസ്. ഉദാ: ശ്വാസം ഉള്ളിലേക്കു വലിച്ച് വയറിലെ പേശി ബലവത്താക്കുന്ന രീതി പ്രസവം കഴിഞ്ഞ് എന്നു വേണമെങ്കിലും തുടങ്ങാം. ഒരാഴ്ച കഴിഞ്ഞുടനേ തുടങ്ങുന്നതാണ് നല്ലത്.


ഡോ. നിര്‍മ്മല സുധാകരന്‍