വ്യായാമം പോലെത്തന്നെ ഗര്‍ഭിണികള്‍ വിശ്രമത്തിന്റേയും ഉറക്കത്തിന്റേയും കാര്യത്തില്‍ ശ്രദ്ധിക്കണം. നല്ല ഉറക്കം ആരോഗ്യത്തിന്റെ ലക്ഷണമാണ്. ദിവസവും 8-10 മണിക്കൂര്‍ സുഖമായി ഉറങ്ങണം. ഇങ്ങനെ ഉറങ്ങുന്നവരുടെ പ്രസവം അനായാസം നടക്കുമെന്നും അവരുടെ കുഞ്ഞുങ്ങള്‍ മനസ്സിന് ശാന്തിയും ശക്തിയും ഉള്ളവരായിരിക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.

മനുഷ്യരൊഴികെയുള്ള ജീവജാലങ്ങള്‍ സന്താനോല്പാദനത്തിനും അതുവഴി വംശത്തിന്റെ നിലനില്‍പ്പിനുംവേണ്ടി മാത്രമാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്. എന്നാല്‍, മനുഷ്യന്‍ ലൈംഗികമായ ആനന്ദത്തിനുവേണ്ടിയും ഇണചേരുന്നുണ്ട്. സസ്തനികളായ മറ്റു ജീവജാലങ്ങള്‍ ഒന്നും ഗര്‍ഭിണികളുമായി ഇണചേരുന്നില്ല. മനുഷ്യരും ഗര്‍ഭകാലത്ത് ലൈംഗിക ബന്ധം ഒഴിവാക്കുകയാണ് നല്ലത്.

ഗര്‍ഭിണികള്‍ എപ്പോഴും സന്തോഷപ്രദമായ അന്തരീക്ഷത്തില്‍വേണം ജീവിക്കാന്‍. മാനസികമായ സ്വസ്ഥത അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യം പ്രദാനം ചെയ്യും. പ്രകൃതിഭംഗി ആസ്വദിക്കുക, പാട്ടുകേള്‍ക്കുക തുടങ്ങിയ വിനോദങ്ങള്‍ക്ക് സമയംകണ്ടെത്തുന്നത് നല്ലതാണ്.