ഗര്‍ഭിണികളാവുന്ന രണ്ടു ശതമാനം സ്ത്രീകള്‍ക്ക് ഹൃദയസംബന്ധമായ രോഗങ്ങളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഹൃദ്രോഗമുണ്ടെങ്കിലും നല്ലൊരു ശതമാനം സ്ത്രീകള്‍ക്ക് ഏറെ സങ്കീര്‍ണതകളില്ലാതെ ഗര്‍ഭധാരണവും പ്രസവവും നടത്താം. പക്ഷേ, ഗര്‍ഭധാരണത്തിനുമുമ്പ് ഉചിതമായ തയ്യാറെടുപ്പുകളും പരിശോധനകളും വേണമെന്നുമാത്രം.
പല സ്ത്രീകളിലും അജ്ഞാതമായിക്കിടക്കുന്ന ഹൃദ്രോഗം ഗര്‍ഭധാരണ സമയത്തു ലക്ഷണങ്ങളോടെ പ്രകടമാവാം. ഗര്‍ഭാവസ്ഥയില്‍ വര്‍ധിച്ച ശാരീരികാവശ്യങ്ങള്‍ക്കായി കൂടുതലായി അധ്വാനിക്കേണ്ടിവരുന്ന 'മെട്രല്‍ സ്റ്റിനോസിസ്' എന്ന വാല്‍വിന്റെ ചുരുക്കമുള്ള സ്ത്രീകളില്‍ പലര്‍ക്കും രോഗമുണ്ടെന്ന് ആദ്യമറിയുന്നത് ഗര്‍ഭധാരണം കഴിഞ്ഞ് നാലോ അഞ്ചോ മാസങ്ങള്‍ക്കുശേഷമാണ്. ആ സമയത്തെ അധികരിച്ച രക്തപ്രവാഹവും സ്പന്ദനവേഗവും വാല്‍വിന്റെ പ്രവര്‍ത്തനത്തെ വല്ലാത്തൊരവസ്ഥയില്‍ കൊണ്ടെത്തിക്കുന്നു.

ഈ സമയങ്ങളില്‍ മാതാവിന്റെ ജീവന്‍ രക്ഷിക്കണമെങ്കില്‍ കൃത്യമായ രോഗനിര്‍ണയവും ഉചിതമായ ചികിത്സയും പ്രാവര്‍ത്തികമാക്കണം.
ജനിതകപരിശോധനയും എക്കോ കാര്‍ഡിയോഗ്രാഫി ടെസ്റ്റുംകൊണ്ട്, ഗര്‍ഭിണികളില്‍ ഹൃദ്രോഗമുണ്ടോയെന്ന് ഒരു പരിധിവരെ കണ്ടെത്താം. ഇക്കൂട്ടരില്‍ ഹൃദ്രോഗസാധ്യതയും തീവ്രതയും തിരിച്ചറിയാന്‍ 'കനേഡിയന്‍ റിസ്‌ക് ഇന്‍ഡക്‌സ്' പ്രകാരം നാലു മുന്‍കൂര്‍ നിര്‍ദേശങ്ങളാണ് പരിഗണിക്കപ്പെടുന്നത്.

ഒന്ന്:
ഗര്‍ഭം ധരിക്കുന്നതിനുമുമ്പ് ഹൃദയപരാജയം, സ്‌ട്രോക്ക്, അകൃത്യമായ ഹൃദയസ്പന്ദനഗതി.
രണ്ട്:
വര്‍ധിച്ച ശ്വാസംമുട്ടലും ചര്‍മത്തിന്റെ നീലിച്ച നിറവും.
മൂന്ന്:
ഇടതുഭാഗത്തുള്ള ഹൃദയ അറകളിലെ വാല്‍വുകളിലുണ്ടായ ചുരുക്കം.
നാല്:
സമൂലമായ ഹൃദയസങ്കോചനക്ഷയം (സങ്കോചനശക്തി 40 ശതമാനത്തില്‍ കുറവ്). വ്യത്യസ്തങ്ങളായ നാലു രോഗവസ്ഥകളിലേതെങ്കിലുമുള്ളവര്‍ക്ക് ഗര്‍ഭാവസ്ഥയില്‍ കാതലായ രോഗലക്ഷണങ്ങളും മാരകമായ പ്രത്യാഘാതങ്ങളും പ്രതീക്ഷിക്കാം.

ഗര്‍ഭിണിയായി ആദ്യ മൂന്നു മാസങ്ങളില്‍ത്തന്നെ ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥയില്‍ വ്യതിയാനങ്ങളുണ്ടാകും. നാലാം മാസത്തിലേക്ക് പ്രവേശിക്കുന്നതോടെ മാതൃശരീരത്തിന്റെ ആകെയുള്ള രക്തത്തിന്റെ 50 ശതമാനംകൂടി വര്‍ധിക്കും. തുടര്‍ന്ന് മാതൃഹൃദയത്തിന്റെ സ്പന്ദനവേഗം 20 ശതമാനം വരെ കൂടുന്നു. ഗര്‍ഭപാത്രത്തിലേക്കുള്ള രക്തപര്യയനം വര്‍ധിക്കുകയും രക്തക്കുഴലുകളുടെ വികസനം സംഭവിക്കുകയും ചെയ്യുമ്പോള്‍ അമ്മയുടെ രക്തസമ്മര്‍ദം സാധാരണയില്‍ കുറയാറുണ്ട്. കാല്‍ ഞരമ്പുകളിലെ സമ്മര്‍ദം വര്‍ധിക്കുന്നതു കാരണം അവിടെ നീര്‍ക്കോളുണ്ടാകുന്നു. അഞ്ചുമാസമാകുന്നതോടെ ഹൃദയം പമ്പ് ചെയ്യുന്ന രക്തത്തിന്റെ അളവ് 30-50 ശതമാനം വരെ വര്‍ധിക്കുന്നു. മാതൃശരീരത്തിലുണ്ടാകുന്ന മേല്പറഞ്ഞ പരിവര്‍ത്തനങ്ങള്‍ ഹൃദയം ദുര്‍ബലമായ രോഗികള്‍ക്ക് ഹൃദയപരാജയത്തിനു കാരണമാകുന്നു.

പ്രസവസമയത്ത് രക്തചംക്രമണ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും ഏറെ സങ്കീര്‍ണതകളുണ്ടാക്കുന്നു. പ്രസവസമയത്തുണ്ടാകുന്ന ഗര്‍ഭപാത്രത്തിന്റെ ചുരുങ്ങല്‍ കാരണം ഏതാണ്ട് 500 മില്ലിലിറ്റര്‍ രക്തം കൂടുതലായി അമ്മയുടെ രക്തചംക്രമണ വ്യവസ്ഥയില്‍ എത്തിച്ചേരുന്നു. ഇതോടെ പ്രഷര്‍ വര്‍ധിക്കുന്നു. പ്രസവം പുരോഗമിക്കുന്നതോടെ മാതൃഹൃദയം പമ്പുചെയ്യുന്ന രക്തത്തിന്റെ അളവില്‍ 50 ശതമാനത്തിലധികം വര്‍ധനയുണ്ടാകുന്നു.

ഒരു സാധാരണ പ്രസവത്തില്‍ അമ്മയുടെ ശരീരത്തുനിന്ന് 400 മില്ലിലിറ്റര്‍ നഷ്ടപ്പെടുന്നു. സിസേറിയന്‍ നടത്തേണ്ടിവന്നാല്‍ ഈ അളവ് 800 മില്ലിലിറ്റര്‍ വരെയാകുന്നു. അമ്മയുടെ വയറുഭാഗത്തുള്ള വലിയ ഞരമ്പുകളില്‍ ഗര്‍ഭസ്ഥശിശു ഏല്പിച്ചിരുന്ന സമ്മര്‍ദം പ്രസവം കഴിയുന്നതോടെ ഇല്ലാതാകുന്നതുകൊണ്ടും കാലുകളില്‍നിന്ന് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം പൊടുന്നനെ വര്‍ധിക്കുന്നു. ഈ സമയത്തും ഹൃദയാഘാതമുള്ളവര്‍ക്ക് ശ്വാസകോശങ്ങളില്‍ നീര്‍ക്കോളുണ്ടായി അമ്മയുടെ മരണംതന്നെ സംഭവിക്കാം.

ജന്മനായുള്ള ഹൃദയത്തിന്റെ ദ്വാരങ്ങള്‍, വാല്‍വുകളുടെ ചുരുക്കം, മയോപ്പതി രോഗങ്ങള്‍, അമിത രക്തസമ്മര്‍ദം, ശ്വാസകോശധമനികളിലെ പ്രഷര്‍... ഈ രോഗാവസ്ഥകള്‍ ഉള്ളവര്‍ക്കെല്ലാം ഗര്‍ഭധാരണവും പ്രസവവും വെല്ലുവിളികളാവാം. സമയോചിതമായ ചികിത്സ നല്‍കപ്പെടാത്ത അവസ്ഥയില്‍ മാതൃമരണം സംഭവിക്കാം.

ഗര്‍ഭിണികളില്‍ പൊതുവായി ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത മറ്റു ചെറുപ്പക്കാരായ സ്ത്രീകളെ അപേക്ഷിച്ച് 3-4 മടങ്ങാണെന്നാണ് പുതിയ കണ്ടുപിടിത്തം. ഇത് നാല്പതു വയസ്സ് കഴിഞ്ഞ് ഗര്‍ഭം ധരിക്കുന്നവരില്‍ 30 മടങ്ങാണെന്നോര്‍ക്കണം. ഗര്‍ഭധാരണത്തോടെ സ്ത്രീശരീരത്തില്‍ ഘടനാപരമായ പല പരിവര്‍ത്തനങ്ങളും സംഭവിക്കുകയാണ്. രക്തം കട്ടയാകാനുള്ള സാധ്യതയേറുന്നു. കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡുകളും കൂടുന്നു. ഗര്‍ഭാനന്തരപ്രഷറും പ്രമേഹവും നിയന്ത്രണാതീതമാകുന്നു. അകൃത്യവും വേഗംകൂടിയുമുള്ള സ്പന്ദനക്രമങ്ങള്‍ ഉണ്ടാകുന്നു. ഈ പ്രതിഭാസങ്ങളെല്ലാം മാതൃശരീരത്തെ വല്ലാത്തൊരു സന്ദിഗ്ധാവസ്ഥയിലെത്തിക്കുന്നു.

ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന ഹാര്‍ട്ട്അറ്റാക്കിന്റെ രോഗനിര്‍ണയവും ചികിത്സയും ദുഷ്‌കരമാണ്. ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യസ്ഥിതിയെ പരിഗണിച്ചാവണം അത്. അവ്യക്തമായി ലക്ഷണങ്ങള്‍ പ്രകടമാകുന്നത് രോഗനിര്‍ണയത്തെ പ്രതികൂലമായി ബാധിക്കുന്നു. ഓരോ പരിശോധനാക്രമവും ചെയ്യുക ഗര്‍ഭാവസ്ഥയില്‍ അത്ര എളുപ്പമല്ല. എക്‌സ്‌റേ എടുത്താല്‍ ഗര്‍ഭസ്ഥശിശുവിന് ഹാനികരമാവും. ഗര്‍ഭിണികളെ ട്രെഡ്മില്‍ ടെസ്റ്റിന് വിധേയമാക്കുന്നത് തികച്ചും ശ്രമകരമായ ഒരു പ്രക്രിയതന്നെ.

ചികിത്സ അതിനേക്കാളേറെ സങ്കീര്‍ണമാകുന്നു. പല ഔഷധങ്ങളും ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് അപകടമാകുന്നതുകൊണ്ട് ഉപയോഗിക്കാന്‍ സാധിക്കില്ല. രക്തം നേര്‍പ്പിക്കുന്ന ക്ലോപിഡോഗ്രേല്‍, വാര്‍ഫരിന്‍, പ്രഷര്‍ ക്രമീകരിക്കുന്ന എ.സി.ഇ. നിരോധന ഗുളികകള്‍ ഇവയെല്ലാം ഗര്‍ഭസ്ഥശിശുവില്‍ വൈകല്യങ്ങളുണ്ടാക്കാം. ഹൃദയാഘാതത്തിന് നിദാനമായ രക്തക്കട്ട അലിയിച്ചുകളയുന്ന ത്രോംബൊലൈറ്റിക് തെറാപ്പിയും അപകടംതന്നെ.

ഔഷധലേപനം ചെയ്യാത്ത സ്റ്റെന്റുകള്‍ ഉപയോഗിച്ചുള്ള പ്രൈമറി ആന്‍ജിയോപ്ലാസ്റ്റിയാണ് നിര്‍ദിഷ്ട ചികിത്സ. ഇത് ഗുരുതരമായ അറ്റാക്കുള്ളവര്‍ക്ക് മാത്രമാണ് പരിഗണിക്കപ്പെടുന്നത്. ഈ സമയത്തേല്‍ക്കുന്ന എക്‌സ്‌റേ പ്രസരണം കുട്ടിക്ക് ഹാനികരമാണ്. സമയം വൈകാതെയുള്ള രോഗനിര്‍ണയവും ഉചിതമായ ചികിത്സയും ഹൃദയാഘാതത്തിനടിമപ്പെടുന്ന ഗര്‍ഭിണികളുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ പര്യാപ്തമാകും.