31 വയസ്സുള്ള വീട്ടമ്മയാണ് ഞാന്‍. ഇപ്പോള്‍ ഗര്‍ഭിണിയാണ്. ഭര്‍ത്താവിനും അച്ഛനും പുകവലിശീലമുണ്ട്. ഇവരുടെ പുകവലി കാരണം എനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുമോ?


കൃപ, പത്തനംതിട്ടപുക വലിക്കാത്തവര്‍ ശ്വസിക്കേണ്ടിവരുന്ന പുക, പുകവലിയുടെ ദൂഷ്യഫലങ്ങളെക്കാള്‍ ദോഷം ഉണ്ടാക്കുന്നു എന്ന് ലോകാരോഗ്യസംഘടന നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. പാസീവ് സ്‌മോക്കിങ് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് സ്ത്രീകള്‍, കുട്ടികള്‍, കൗമാരക്കാര്‍, ഗര്‍ഭസ്ഥശിശുക്കള്‍ എന്നിവരെയാണ്.

'ഞാനല്ലേ പുകവലിക്കുന്നത് അതിന് മറ്റുള്ളവര്‍ക്ക് എന്തു കാര്യം' എന്ന മനോഭാവമാണ് മിക്കവാറും എല്ലാ പുകവലിക്കാര്‍ക്കുമുള്ളത്. ലോകത്തില്‍ മൂന്നിലൊരാള്‍ക്ക് പുക ശ്വസിക്കുന്നതുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ട് എന്നാണ് കണക്കുകള്‍. കേരളത്തില്‍ 50 ശതമാനത്തോളം സ്ത്രീകളും കുട്ടികളും ഇതിന് ഇരയാവുന്നു. സിഗരറ്റ്, ബീഡി എന്നിവയുടെ പുകയിലടങ്ങിയ നൂറിലധികം രാസവസ്തുക്കള്‍ കാന്‍സര്‍ ഉണ്ടാക്കുന്നവയാണ്. 2008-ല്‍ പൊതുസ്ഥലങ്ങളിലുള്ള പുകവലി നിരേ ാധിച്ചപ്പോള്‍ മിക്ക പുരുഷന്മാരും വീട്ടില്‍ പുകവലിക്കുന്നത് ശീലമാക്കി.

പുകവലിക്കുന്ന സ്ഥലത്ത് മണിക്കൂറുകളോളം പുക തങ്ങിനില്‍ക്കുന്നു. ഒരു മുറിയില്‍ നിന്ന് മറ്റൊന്നിലേക്ക് പടരുന്നു. വീട്ടിലെ മറ്റു ഉപകരണങ്ങള്‍, ഫര്‍ണീച്ചറുകള്‍, തുണി, കര്‍ട്ടന്‍ തുടങ്ങിയവയിലെല്ലാം പുക തങ്ങിനില്‍ക്കുന്നു. ഇങ്ങനെ മാസങ്ങളോളം തങ്ങിനില്ക്കാനുള്ള കഴിവുണ്ട് ഈ പുകയ്ക്ക്. നിത്യേന പുകവലിക്കുമ്പോള്‍ ഇവയുടെ തോത് കൂടിക്കൂടി നിക്ഷേപമായി മാറുന്നു. ഫലമോ വീട്ടിനുള്ളിലെ വായു വിഷപ്പുകയാല്‍ മലിനീകരിക്കപ്പെടുന്നു.


പുക ശ്വസിക്കുന്നവര്‍ക്ക് ശ്വാസകോശം, വായ, തൊണ്ട, അന്നനാളം, ആമാശയം, വന്‍കുടല്‍, പാന്‍ക്രിയാസ് എന്നിവിടങ്ങളിലെല്ലാം കാന്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. വിട്ടുമാറാത്ത ചുമയും ജലദോഷവും, തുമ്മല്‍, ശ്വാസംമുട്ടല്‍ (ആസ്ത്മ), ടി.ബി. തുടങ്ങി ധാരാളം രോഗങ്ങള്‍ പുകമൂലം ഉണ്ടാകാറുണ്ട്.
സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തിന് മുന്‍പ് ഹൃദ്രോഗത്തിന് സാധ്യത കുറവാണ്. പക്ഷേ, പുക ശ്വസിക്കുന്ന സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തിനു മുന്‍പേ ഹൃദ്രോഗസാധ്യത കൂടുന്നു. ചെറുപ്പത്തിലേ ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകുന്നു.

പാസ്സീവ് സ്‌മോക്കിങ് മൂലം തലച്ചോറിലെ രക്തക്കുഴലുകള്‍ ചുരുങ്ങുന്നു. പ്രധാന ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും തളര്‍വാതം ഉണ്ടാവുകയും ചെയ്യുന്നു. ഓര്‍മശക്തിയില്ലാതാവുകയും കൈകാല്‍ വിറയല്‍ തുടങ്ങി ധാരാളം പ്രശ്‌നങ്ങള്‍ക്കും ഇടവരുന്നു. വൃക്കയിലെ രക്തയോട്ടം കുറയുന്നതുമൂലം അവയുടെ പ്രവര്‍ത്തനം താളംതെറ്റി വൃക്കരോഗങ്ങള്‍ ഉണ്ടാകുന്നു. കണ്ണുകളുടെ രക്തയോട്ടം കുറഞ്ഞാല്‍ കാഴ്ചശക്തി കുറയാനും നഷ്ടപ്പെടാനും സാധ്യത കൂടുതലാണ്.

സ്ത്രീകളിലുണ്ടാവുന്ന ഗര്‍ഭാശയഗള കാന്‍സര്‍, സ്തനങ്ങളിലെ കാന്‍സര്‍ എന്നിവയുടെയും പ്രധാന കാരണം പുക ശ്വസിക്കുന്നതാണ്.


ശിശുക്കളിലും രോഗങ്ങള്‍


പുകവലിച്ചതിനു ശേഷം നവജാത ശിശുക്കളെ എടുക്കുകയും താലോലിക്കുകയും ചെയ്യരുത്. അച്ഛന്റെ ശരീരത്തില്‍ തങ്ങിനി ല്‍ക്കുന്ന പുക ശ്വസിക്കുന്ന ശിശു മറ്റു കാരണങ്ങള്‍ ഒന്നുമില്ലാതെതന്നെ പെട്ടെന്നു മരിച്ചുപോകാനുള്ള സാധ്യത പതിന്മടങ്ങ് കൂടുതലാണ്.
പുക ശ്വസിക്കുന്ന 12 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കൂടുന്നതായി കണ്ടുവരുന്നു. വിട്ടുമാറാത്ത ജലദോഷം, ചെവിവേദന, ചെവിപഴുപ്പ്, സൈനസൈറ്റിസ് തുടങ്ങി പല രോഗങ്ങള്‍ക്കും ഈ കുട്ടികള്‍ അടിമയാവുന്നു.
നൂറു ശതമാനം പുകവലിരഹിത അന്തരീക്ഷം മാത്രമാണ് പുകയുടെ ദോഷഫലങ്ങളില്‍ നിന്ന് സ്ത്രീകളെയും കുട്ടികളെയും രക്ഷിക്കാനുള്ള ഏക മാര്‍ഗം.