ഗര്‍ഭധാരണം ഒരു രോഗമായി കരുതുന്നവര്‍ പലരുമുണ്ട്. എന്നാല്‍, തികച്ചും സാധാരണമായ ഒരു ശാരീരികാവസ്ഥയാണത്. പക്ഷേ, ഗര്‍ഭിണിയാകുന്നത് ഇപ്പോള്‍ മുമ്പെത്തെക്കാളധികം പരിചരണവും ശ്രദ്ധയും ആവശ്യമുള്ള ഒരു പ്രതിഭാസമായി മാറി. ഒരുമാസം ഏകദേശം 130 മുതല്‍ 150 വരെ സങ്കീര്‍ണമായ ഗര്‍ഭാവസ്ഥയുള്ള സ്ത്രീകള്‍ വിദഗ്ധ ചികിത്സ തേടിയെത്തുന്നു. കേരളത്തില്‍ ഈ അവസ്ഥ കൂടിവരുന്നതിന്റെ വലിയൊരു തെളിവാണിത്.

'ജീവിത രീതിയിലുണ്ടായ മാറ്റമാണ് ഇതിന് പ്രധാനകാരണം. ഇന്ന് സ്ത്രീകള്‍ക്ക് മാനസിക സമ്മര്‍ദവും പിരിമുറുക്കവും മുമ്പത്തെക്കാളേറെയാണ്. ഇത് ഗര്‍ഭിണികളുടെയും ഗര്‍ഭസ്ഥ ശിശുക്കളുടെയും ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നുണ്ട്'.

ഫാസ്റ്റ്ഫുഡിന്റെ ഉപയോഗം കൂടുന്നതുമൂലമുണ്ടാകുന്ന ആര്‍ത്തവ സംബന്ധമായ തകരാറുകള്‍ ഗര്‍ഭാവസ്ഥയിലെ പ്രശ്‌നങ്ങള്‍ക്കിടയാക്കും. ഇപ്പോള്‍ യുവതികളില്‍ ഡയബറ്റിക്‌സ് രോഗം വര്‍ധിക്കുന്നതും സങ്കീര്‍ണതകള്‍ക്കിടയാക്കും.


'ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളുടെ എണ്ണം നാട്ടില്‍ പെരുകുന്നതും ഗര്‍ഭസംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ദമ്പതിമാര്‍ സ്വാഭാവിക രീതിയിലൂടെ ഒരുവര്‍ഷം പരിശ്രമിച്ചശേഷവും ഗര്‍ഭധാരണം നടക്കുന്നില്ലെങ്കില്‍ മാത്രമേ ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കാവൂ. ഇന്ന് ചെറിയൊരു പ്രശ്‌നത്തിന്റെ പേരില്‍ പോലും ആളുകള്‍ ഐ.വി.എഫ്. ക്ലിനിക്കുകളെ സമീപിക്കുകയാണ്.

സങ്കീര്‍ണമായ ഗര്‍ഭാവസ്ഥ രണ്ടുതരമുണ്ട്. ഗര്‍ഭധാരണത്തിനു മുമ്പുള്ള രോഗങ്ങള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും ഗര്‍ഭിണിയായതിനുശേഷമുള്ള സങ്കീര്‍ണതകളും. തൈറോയ്ഡ് പ്രശ്‌നങ്ങളുമുള്ളവര്‍, പ്രഷര്‍, ഷുഗര്‍ എന്നിവയുള്ള സ്ത്രീകള്‍, കിഡ്‌നി മാറ്റിവെച്ചവര്‍, പലതവണ അബോര്‍ഷന്‍ സംഭവിച്ചവര്‍ ഇവരുടെയൊക്കെ ഗര്‍ഭധാരണം ആദ്യത്തെ വിഭാഗത്തില്‍പ്പെടും. ഒരേ പ്ലാസന്റ പങ്കിടുന്ന ഇരട്ടക്കുട്ടികളോ, അതിലധികമോ ഗര്‍ഭത്തിലുണ്ടാകുക, ഗര്‍ഭിണിയായതിനുശേഷം ഷുഗറോ പ്രഷറോ ഉണ്ടാകുക, രക്തസ്രാവം, അപസ്മാരം തുടങ്ങിയ രോഗങ്ങള്‍ ഇവയൊക്കെ രണ്ടാമത്തെ തരത്തിലുള്ളതാണ്.

ഈ രണ്ടുതരം സങ്കീര്‍ണതകളും പെരിനെറ്റോളജിയില്‍ ചികിത്സിക്കാനാകും. യഥാസമയം ടെസ്റ്റുകള്‍ നടത്തി പ്രശ്‌നം കണ്ടെത്തണമെന്ന് മാത്രം.
'അബോര്‍ഷന്‍ പരമാവധി ഒഴിവാക്കി ആരോഗ്യമുള്ള കുഞ്ഞുങ്ങളെ ജനിപ്പിക്കുക എന്നതാണ് പെരിനെറ്റോളജിയുടെ ലക്ഷ്യം. ആളുകള്‍ക്ക് ഇതിനെക്കുറിച്ച് വേണ്ടത്ര അറിവില്ലെന്നതാണ് വസ്തുത. നേരത്തേ കണ്ടെത്താനായാല്‍ ഗര്‍ഭാവസ്ഥയിലെ സങ്കീര്‍ണതകളില്‍ ഭൂരിഭാഗവും ഭേദമാക്കി സാധാരണ രീതിയിലുള്ള പ്രസവം സാധ്യമാക്കാവുന്നതാണ്. അതിനാല്‍ ഏതെങ്കിലും തരത്തിലുള്ള കോംപ്ലിക്കേഷന്‍സ് കണ്ടെത്തിയാല്‍ എത്രയുംവേഗം ചികിത്സ തേടണം.

ഗര്‍ഭസ്ഥ ശിശുവിനെ ഒരു വ്യക്തിയായി കണക്കാക്കിയുള്ള ചികിത്സാരീതിയാണ് ഫീറ്റല്‍ മെഡിസിനില്‍ അവലംബിക്കുന്നത്. ഇതിലൊരുപാട് ഘടകങ്ങളുണ്ട്. ഡൗണ്‍സിന്‍ഡ്രോം പോലുള്ള ജനിതക തകരാറുകള്‍ ഫീറ്റല്‍ മെഡിസിനിലെ ടെസ്റ്റുകളിലൂടെ നിര്‍ണയിക്കാം. ഒരു ക്രോമസോം വൈകല്യമായ ഡൗണ്‍സിന്‍ഡ്രോം ബാധിച്ചവരിലേറെയും ബുദ്ധിവികാസം കുറഞ്ഞ കുഞ്ഞുങ്ങളാണ്. ഇവരില്‍ എണ്‍പതുശതമാനവും പ്രായംകുറഞ്ഞ അമ്മമാരില്‍നിന്നാണ് ജനിക്കുന്നത്. അതിനാല്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകളും ഗര്‍ഭാവസ്ഥയില്‍ ഡൗണ്‍സിന്‍ഡ്രോം സ്‌ക്രീനിങ് നിര്‍ബന്ധമായും നടത്തണം.'

ഗര്‍ഭത്തിന്റെ 11 മുതല്‍ 14 വരെയുള്ള ആഴ്ചകളിലെ ആദ്യഘട്ട സ്‌ക്രീനിങ്ങും 16 മുതല്‍ 21 വരെയുള്ള ആഴ്ചകളിലെ രണ്ടാംഘട്ട സ്‌ക്രീനിങ്ങും (ടാര്‍ഗറ്റഡ് അനോമലി സ്‌കാന്‍) വഴി ഇത്തരം വൈകല്യങ്ങള്‍ വലിയൊരളവുവരെ കണ്ടെത്താനാകും.

11 ആഴ്ച മുതല്‍തന്നെ മറുപിള്ളയില്‍നിന്നോ അമ്‌നിയോട്ടിക് ഫ്ലൂയിഡില്‍നിന്നോ കോശങ്ങള്‍ വേര്‍തിരിച്ച് പരിശോധിക്കുന്നതുവഴി മറ്റു ജനിതക തകരാറുകള്‍ പൂര്‍ണമായും കണ്ടെത്താം. കുഞ്ഞിന് വിളര്‍ച്ചയോ ഹൃദയമിടിപ്പില്‍ അപാകതകളോ കണ്ടെത്തിയാല്‍ ഗര്‍ഭാവസ്ഥയില്‍ത്തന്നെ മരുന്നുകള്‍ കൊടുക്കാനും ആവശ്യമെങ്കില്‍ ഗര്‍ഭസ്ഥശിശുവിന് രക്തം നല്‍കാനും കഴിയും. 23 ആഴ്ച പ്രായമാകുമ്പോള്‍ കുട്ടിയുടെ ഫീറ്റല്‍ എക്കോ, ന്യൂറോ സോണോഗ്രാം തുടങ്ങിയവയും സാധ്യമാണ്. ഇതെല്ലാം ഫീറ്റല്‍ മെഡിസിന്റെ പ്രത്യേകതകളാണ്.

പെരിനേറ്റല്‍ ചികിത്സാരീതിക്ക് ഒരുകൂട്ടം ഡോക്ടര്‍മാരുടെ സേവനം ആവശ്യമാണ്. ഗര്‍ഭിണിയുടെ പ്രശ്‌നങ്ങള്‍ക്കനുസരിച്ച് പല വിഭാഗം ഡോക്ടര്‍മാര്‍ പരിശോധിക്കേണ്ടിവരും. 'ഹൃദയത്തിന് തകരാറുള്ളവര്‍ക്ക് കാര്‍ഡിയോളജിസ്റ്റിനെ കാണണം. വൃക്കയിലെ പ്രശ്‌നങ്ങള്‍ക്ക് നെഫ്രോളജിസ്റ്റുണ്ടാകണം. കുഞ്ഞുങ്ങളുടെ തിവ്രപരിചരണ വിഭാഗവും നിയോനേറ്റോളജിസ്റ്റിന്റെ സേവനവും അത്യന്താപേക്ഷിതമാണ്. ഗൈനക്കോളജിസ്റ്റിനൊപ്പം ഇവരും സജ്ജരായാല്‍ മാത്രമേ പെരിനെറ്റോളജി വിഭാഗം വിജയകരമായി പ്രവര്‍ത്തിക്കൂ.

വിവാഹത്തിനു മുമ്പുതന്നെ പെണ്‍കുട്ടികള്‍ക്ക് 'റുബെല്ലാ വാക്‌സിന്‍' കൊടുക്കുന്നതുവഴി ഗര്‍ഭാവസ്ഥയില്‍ റുബെല്ലാ എന്ന വൈറസ്മൂലമുണ്ടാകുന്ന രോഗബാധ ഒഴിവാക്കാം. 'ഗര്‍ഭാവസ്ഥയുടെ ആദ്യത്തെ 12 ആഴ്ചയ്ക്കുള്ളില്‍ റുബെല്ല ഇന്‍ഫെക്ഷന്‍ വന്നാല്‍ കുഞ്ഞിന് ശാരീരിക വൈകല്യമുണ്ടാകും. വാക്‌സിനേഷന്‍ വഴി ഇത് പൂര്‍ണമായും തടയാം. പ്രതിരോധമരുന്നെടുത്തുകഴിഞ്ഞാല്‍ മൂന്നു മാസത്തേക്ക് ഗര്‍ഭധാരണം ഒഴിവാക്കേണ്ടതാവശ്യമാണെന്നുമാത്രം'.

ഗര്‍ഭധാരണമുദ്ദേശിക്കുമ്പോള്‍ രണ്ടു മൂന്നു മാസം തുടര്‍ച്ചയായി ഫോളിക്ആസിഡ് അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കണം. ഇലക്കറികള്‍, തക്കാളി, കാരറ്റ് ഇവയെല്ലാം ഫോളിക് ആസിഡ് ധാരാളമുള്ളവയാണ്. നന്നായി വെള്ളം കുടിക്കുക, ഫാസ്റ്റ്ഫുഡ് ഒഴിവാക്കി ആരോഗ്യകരമായ ഡയറ്റ് ശീലിക്കുക, വ്യായാമം ചെയ്യുക, കഴിയുന്നിടത്തോളം മനസ്സിനെ സമ്മര്‍ദരഹിതമായി സൂക്ഷിക്കുക തുടങ്ങിയ തയ്യാറെടുപ്പുകളിലൂടെ ഗര്‍ഭാവസ്ഥയിലെ സങ്കീര്‍ണതകളെ വലിയൊരളവോളം ചെറുക്കാന്‍ സാധിക്കും.

തയ്യാറാക്കിയത്:


ജെയ്‌സ് മെര്‍ലിന്‍


വിവരങ്ങള്‍ക്ക് കടപ്പാട്:


ഡോ. ആര്‍. വിദ്യാലക്ഷ്മി,


പെരിനെറ്റോളജിസ്റ്റ്, കിംസ് ആസ്പത്രി,
തിരുവനന്തപുരം