ഞാന്‍ മൂന്നു മാസം ഗര്‍ഭിണിയാണ്. ഗര്‍ഭപാത്രത്തില്‍ ചെറിയ മുഴകളുള്ളതായി സ്‌കാന്‍ റിപ്പോര്‍ട്ടില്‍ കണ്ടു. കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് പ്രശ്‌നമില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. എനിക്കാകെ ടെന്‍ഷനാണ്. കുഞ്ഞിന് അംഗവൈകല്യം ഉണ്ടാവുമോ?

സാജിത, മാള, തൃശ്ശൂര്‍

ഗര്‍ഭിണികളില്‍ സാധാരണയായി ഗര്‍ഭാശയമുഴകള്‍ കാണാറില്ലെങ്കിലും ഇതത്ര അപൂര്‍വമല്ല. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയും മറ്റും അറിയാനായി സ്‌കാന്‍ ചെയ്യുമ്പോഴാണ് ഇത്തരം മുഴകളുണ്ടെന്നുള്ള കാര്യമറിയുക. മിക്കവാറും ഇത്തരം ഗര്‍ഭാശയമുഴകള്‍ നിര്‍ദോഷമായവയാണ്. അപൂര്‍വമായി മാത്രമേ ഇവ ഗര്‍ഭസ്ഥശിശുവിനും അമ്മയ്ക്കും പ്രശ്‌നങ്ങളുണ്ടാവാന്‍ കാരണമാവാറുള്ളൂ. ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല. ചില മുന്‍കരുതലുകളെടുത്താല്‍ യാതൊരു പ്രശ്‌നവുമില്ലാതെ സുഖമായി പ്രസവിക്കാനാകും. ഗര്‍ഭാശയഭിത്തിയിലും ഉള്ളിലും സ്ഥിതിചെയ്യുന്ന മുഴകള്‍, മാസം തികയാതെയുള്ള പ്രസവത്തിനു കാരണമായേക്കാം. കൃത്യമായ ഇടവേളകളില്‍ സ്‌കാന്‍ പരിശോധനയിലൂടെ ഇത് മുന്‍കൂട്ടി മനസ്സിലാക്കി, ചികിത്സകള്‍ ചെയ്താല്‍ മാസം തികയാതെയുള്ള പ്രസവം തടയാനാവും. ഗര്‍ഭാശയത്തിനുള്ളിലേക്ക് വളരുന്ന മുഴകള്‍ മറുപിള്ള യുടെ സ്ഥാനം, പ്രവര്‍ത്തനം എന്നിവയെ ബാധിക്കാം. ഗര്‍ഭാശയമുഴകള്‍ കുഞ്ഞിന് അംഗവൈകല്യം ഉണ്ടാക്കുമോ എന്നുള്ളത് പലരുടെയും സംശയമാണ്. ഗര്‍ഭാശയമുഴകള്‍ അംഗവൈകല്യത്തിനു കാരണമാവാറില്ല. എന്നാല്‍ വന്ധ്യതാചികിത്സയിലൂടെ ഗര്‍ഭിണിയാവുന്നവര്‍, 35 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങിയവരില്‍ ഗര്‍ഭസ്ഥശിശുവിന്റെ അംഗവൈകല്യം കൂടുതലായി കണ്ടുവരുന്നു. പക്ഷേ, ഗര്‍ഭാശയത്തിന്റെ ആകൃതിയില്‍ മാറ്റം വരത്തക്കവണ്ണം സ്ഥിതി ചെയ്യുന്ന മുഴയുള്ളവരില്‍, ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച കുറയാനുള്ള സാധ്യതയുണ്ട്. ഗര്‍ഭസ്ഥശിശുവിന്റെ കിടപ്പിനെ ഇത് ബാധിക്കുന്നതുമൂലം സിസേറിയന്‍ ആവശ്യമാവുന്നു. എന്നാല്‍ ഒട്ടുമുക്കാല്‍ പേര്‍ക്കും പ്രശ്‌നങ്ങളില്ലാതെ സുഖപ്രസവം നടക്കാറുണ്ട്. ഗര്‍ഭാശയപേശികള്‍ ചുരുങ്ങാനാവശ്യമായ ശക്തി കുറയുന്നതുമൂലം പ്രസവസമയം നീണ്ടുപോയേക്കാം. എന്നാല്‍ പ്രതിവിധിക്കുള്ള മരുന്നുകള്‍ ലഭ്യമായതിനാല്‍ വേദന അനുഭവിക്കേണ്ടതായി വരാറില്ല.

മുന്‍കരുതലുകള്‍, ചികിത്സ

ഗര്‍ഭാശയത്തില്‍ മുഴയുണ്ടെന്നു കണ്ടാല്‍ അതെത്ര ചെറുതാണെങ്കില്‍കൂടി വിദഗ്ധ ചികിത്സ ലഭിക്കാന്‍ എല്ലാ സൗകര്യങ്ങളുമുള്ള മെഡിക്കല്‍കോളേജുപോലുള്ള വലിയ ആസ്പത്രിയില്‍ ഗര്‍ഭകാല പരിരക്ഷ തുടങ്ങുന്നതാണ് നല്ലത്. പ്രസവസമയത്തോ ഓപ്പറേഷന്‍ സമയത്തോ രക്തം ആവശ്യമായി വന്നേക്കാം. അതുകൊണ്ട് മൂന്നോ നാലോ രക്തദാതാക്കളെ മുന്‍കൂട്ടി കണ്ടുപിടിച്ച് രക്തം കരുതേണ്ടതാണ്. ഗര്‍ഭകാലത്ത് യാതൊരു കാരണവശാലും മുഴ മാറ്റാനാവില്ല. എന്നാല്‍ സിസേറിയന്‍ ഓപ്പറേഷന്‍ ചെയ്യുമ്പോള്‍ ചില മുഴകള്‍ മാറ്റാനാവും. എല്ലാത്തരം മുഴകളും മാറ്റാനാവില്ല. മുഴകളുടെ സ്ഥാനം, എണ്ണം, വലുപ്പം തുടങ്ങിയ പല ഘടകങ്ങളും അനുസരിച്ചാണ് മാറ്റാനാവുമോ എന്നു തീരുമാനിക്കുക. പ്രസവശേഷം ഗര്‍ഭാശയമുഴകള്‍ മിക്കവാറും ചുരുങ്ങാറുണ്ട്. അതുകൊണ്ട് പ്രസവശേഷം ആറാഴ്ച കഴിഞ്ഞ് സ്‌കാന്‍ ചെയ്തു നോക്കിയിട്ട് ചികിത്സിക്കുന്നതാണ് നല്ലത്. വളരെ അപൂര്‍വമായി പ്രസവശേഷം മുഴയുടെ ഉള്ളിലുണ്ടാവുന്ന മാറ്റങ്ങള്‍മൂലം വയറുവേദന, പനി എന്നിവ ഉണ്ടാവാന്‍ സാധ്യതയുണ്ട്. മറ്റു പ്രശ്‌നങ്ങളില്ലെങ്കില്‍ പ്രസവം കഴിഞ്ഞ് ആറു മാസമോ ഒരു വര്‍ഷത്തിനു ശേഷമോ മുഴ മാറ്റുന്ന ഓപ്പറേഷന്‍ ചെയ്യാം. അത് വയറു കീറിയോ, ലാപ്രോസ്‌കോപ് വഴിയോ, മുഴയുടെ സ്ഥിതിയനുസരിച്ച് തീരുമാനിക്കാനാവും.