'കുട്ടികള്‍ ഒന്നും ചെയ്യുന്നില്ല' എന്ന് പരാതിപ്പെടുന്ന മാതാപിതാക്കളാണോ നിങ്ങള്‍? എങ്കില്‍ ഇതറിയണം


ഗംഗ കൈലാസ്

സ്വയം പര്യാപ്തരാകാന്‍ കുട്ടികളെ ശീലിപ്പിക്കേണ്ടത് അവരുടെ ജീവിതവിജയത്തിന് അത്യാവശ്യമാണ്. കൊച്ചുകൊച്ചു പ്രവൃത്തികളിലും കളികളിലും അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കാം

Representative Image| Photo: GettyImages

മുതിര്‍ന്ന കുട്ടികള്‍ക്കുപോലും മിക്ക കാര്യങ്ങളും ചെയ്തു കൊടുക്കേണ്ടിവരുന്നു എന്നത് പല രക്ഷിതാക്കളുടെയും പരാതിയാണ്. യൂണിഫോം തേക്കുന്നതും കിടപ്പുമുറി വൃത്തിയാക്കുന്നതും സ്‌കൂളിലെ ടൈംടേബിള്‍ അനുസരിച്ച് പുസ്തകങ്ങള്‍ എടുത്തുവെക്കുന്നതുപോലും മാതാപിതാക്കളുടെ ഉത്തരവാദിത്വങ്ങള്‍ ആകുന്നു. 'കുട്ടികള്‍ ഒന്നും ചെയ്യുന്നില്ല' എന്ന് പറയുന്നവര്‍' എന്തെങ്കിലും അവരെക്കൊണ്ട് ചെയ്യിച്ചിട്ടുണ്ടോ' എന്നുകൂടി ചിന്തിക്കേണ്ടതാണ്.

കുട്ടികളുടെ പഠനഭാരവും സമയക്കുറവും കാരണം മറ്റെല്ലാം ഞങ്ങള്‍ ചെയ്തുകൊടുക്കേണ്ടിവരുന്നു എന്നതാണ് പല മാതാപിതാക്കളുടെയും ന്യായം. എന്നാല്‍, പഠിച്ച് മിടുക്കരായാല്‍ മാത്രംപോര, എല്ലാ കാര്യങ്ങളിലും സ്വയം പര്യാപ്തത നേടുകയാണ് ജീവിതവിജയത്തിന് വേണ്ടതെന്ന് തിരിച്ചറിയണം. കൃത്യമായ ആസൂത്രണമില്ലാതെ കാര്യങ്ങള്‍ ചെയ്യുന്നതിനാലാണ് കുട്ടികള്‍ക്ക് സമയം ലഭിക്കാതെ പോകുന്നതെന്നും മനസ്സിലാക്കണം.

അമിത ലാളന, മാതാപിതാക്കളുടെ ധൃതി എന്നിവയൊക്കെ കുട്ടികളെക്കൊണ്ട് കാര്യങ്ങള്‍ സ്വയം ചെയ്യിക്കാത്തതിന്റെ കാരണങ്ങളാണ്. മാത്രമല്ല, ഇന്നത്തെ അണുകുടുംബത്തില്‍ ഒന്നോരണ്ടോ കുട്ടികളുടെ മുഴുവന്‍ കാര്യങ്ങളും ചെയ്തുകൊടുത്താല്‍പോലും മാതാപിതാക്കള്‍ക്ക് അതൊരു വലിയ ബാധ്യതയായി തോന്നാറുമില്ല. എന്നാല്‍ വീട്ടില്‍നിന്നും മാറി നില്‍ക്കേണ്ട സാഹചര്യങ്ങളിലും പിന്നീട് വിവാഹ ജീവിതത്തില്‍പോലും ഈ ശീലം കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വെല്ലുവിളിയാകാറുണ്ട്. കുട്ടിക്കാലം മുതല്‍കാര്യങ്ങള്‍ ചെയ്തുശീലിച്ചാലേ മുതിര്‍ന്നുകഴിയുമ്പോഴും മടികൂടാതെയും ആത്മവിശ്വാസത്തോടെയും അവര്‍ക്കത് ചെയ്യാന്‍ കഴിയൂ.

മക്കള്‍ എത്ര വളര്‍ന്നാലും മാതാപിതാക്കളെ സംബന്ധിച്ച് അവര്‍ 'കുഞ്ഞുങ്ങള്‍' തന്നെയാണ്. എന്നാല്‍ ഒരു സമൂഹത്തില്‍ ജീവിക്കാനായി അവരെ സ്വയം പര്യാപ്തരാക്കുക എന്നതാണ് മാതാപിതാക്കളുടെ ഏറ്റവും പ്രധാന ഉത്തരവാദിത്വം.

മറ്റുള്ളവരെ ആശ്രയിക്കാതെ കാര്യങ്ങള്‍ ചെയ്യേണ്ടത് വളര്‍ച്ചയുടെ ഭാഗംകൂടിയാണ്. മിക്ക കുട്ടികളും വളരെ ചെറിയ പ്രായത്തില്‍തന്നെ പല പ്രവൃത്തികളും സ്വയം ചെയ്യാന്‍ സന്നദ്ധരാവുന്നതും മുതിര്‍ന്നവരെ ജോലികളില്‍ സഹയിക്കാന്‍ താത്പര്യപ്പെടുന്നതും കാണാവുന്നതാണ്. എന്നാല്‍ മുതിര്‍ന്നവര്‍ പലപ്പോഴും അതനുവദിക്കാറില്ല എന്നതാണ് വാസ്തവം.

ഉദാഹരണത്തിന്, തനിയെ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുന്ന കുട്ടിയെ, ചുറ്റും വൃത്തികേടാക്കും അല്ലെങ്കില്‍, വയറുനിറച്ച് കഴിക്കില്ല എന്നൊക്കെ പറഞ്ഞ് അതിനനുവദിക്കാത്ത മുതിര്‍ന്നവര്‍ ഏറെയുണ്ട്.

സ്വയം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കുട്ടികളുടെ ആത്മവിശ്വാസവും ആത്മാഭിമാനവും വര്‍ധിക്കും. തന്റെ കഴിവുകളില്‍ മാതാപിതാക്കള്‍ വിശ്വസിക്കുന്നു എന്ന ബോധം കുട്ടികള്‍ക്ക് ലഭിക്കുന്നു. ചുറ്റുമുള്ള വസ്തുക്കളെ നിരീക്ഷിക്കാനും മനസ്സിലാക്കാനും സര്‍ഗാത്മകമായ ആശയങ്ങള്‍ ഉണ്ടാകാനും സഹായിക്കും.

കൊച്ചുകുട്ടികളിലെ ഭാഷാവികസനത്തിനും സ്വന്തമായി കാര്യങ്ങള്‍ ചെയ്യുന്നത് സഹായിക്കുന്നുണ്ട്. മുതിര്‍ന്നവര്‍ പറയുന്നതുകേട്ട് പിന്തുടരുന്നതിലൂടെയും എങ്ങനെ ചെയ്യണം എന്ന് ചോദിച്ച് മനസ്സിലാക്കുന്നതിലൂടെയും ഓരോ സാധനങ്ങളുടെയും ഉപയോഗം മനസ്സിലാക്കുന്നതിലൂടെയും അവരുടെ ഭാഷാനൈപുണ്യം വര്‍ധിക്കുകയാണ്.

മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്

സ്വയം പഠിക്കട്ടെ​: മുഴുവന്‍ സമയം കൂടെ ഇരുത്തി പഠിപ്പിക്കുന്ന ശീലം ഉണ്ടെങ്കില്‍ അതൊഴിവാക്കുക. സ്വയം പഠിക്കാനും ഹോംവര്‍ക്ക് ചെയ്യാനും സ്‌കൂളിലെ ഉത്തരവാദിത്വങ്ങള്‍ ഓര്‍ത്ത് ചെയ്തുതീര്‍ക്കാനും കുട്ടികള്‍ ശീലിക്കണം. 'സഹായിക്കുക' എന്നതിനര്‍ഥം 'ചെയ്തുകൊടുക്കുക' എന്നതല്ല എന്ന് മനസ്സിലാക്കുക. ഒപ്പം പുസ്തകം പൊതിയാനും പ്രോജക്ട് വര്‍ക്കുകള്‍ മനോഹരമാക്കാനും ഒക്കെ കുട്ടികളെ പഠിപ്പിക്കുക.

കളികളില്‍ ഇടപെടേണ്ട: മുതിര്‍ന്നവരുടെ ഇടപെടലുകളില്ലാതെ കുട്ടികള്‍ക്ക് ഇഷ്ടമുള്ളതുപോലെ കളിക്കാന്‍ അവസരങ്ങള്‍ നല്‍കുക. മറ്റുള്ളവരോട് സ്വതന്ത്രമായി ഇടപഴകുമ്പോള്‍ ഉണ്ടാകാവുന്ന കൊച്ചുകൊച്ച് പ്രശ്നങ്ങളുംമറ്റും സ്വയം അഭിമുഖീകരിക്കാനും പരിഹരിക്കാനും ആത്മവിശ്വാസത്തോടെ മറ്റുള്ളവരോട് ഇടപഴകാനും ഒക്കെ ഇതിലൂടെ സാധിക്കും.

ദിനചര്യകള്‍

സ്വയംചെയ്യണം: പല്ലുതേക്കുക, കുളിക്കുക, തുണി കഴുകുക തുടങ്ങിയവയൊക്കെ പ്രായത്തിനനുസരിച്ച് സ്വയം ചെയ്യിപ്പിച്ചുതുടങ്ങണം.

ഒറ്റയ്ക്ക് ഉറങ്ങാന്‍ ശീലിപ്പിക്കാം: എട്ടുവയസ്സുമുതലെങ്കിലും കുട്ടികളെ മാതാപിതാക്കളുടെ കൂടെനിന്ന് മാറ്റിക്കിടത്തേണ്ടതാണ്.

ചിന്തകള്‍, തീരുമാനങ്ങള്‍: പ്രവൃത്തികളില്‍ മാത്രമല്ല, ചിന്തകളിലും കുട്ടികള്‍ സ്വതന്ത്രരാകേണ്ടതുണ്ട്. ചിന്തിക്കുന്നതിനും സ്വയം തീരുമാനങ്ങള്‍ എടുക്കുന്നതിനും കുട്ടികളെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. എല്ലാ കാര്യങ്ങളും എപ്പോഴും മാതാപിതാക്കള്‍ തീരുമാനിക്കുന്നത് നന്നല്ല.

പ്രായോഗിക ജീവിതത്തിന് ആവശ്യമായവ: കടയില്‍ പോവുക, ഒറ്റയ്ക്ക് യാത്ര ചെയ്യുക, ബാങ്ക് ഇടപാടുകള്‍ നടത്തുക, പാചകം ചെയ്യുക തുടങ്ങിയവയ്ക്കൊക്കെ കുട്ടികളുടെ പ്രായത്തിനനുസരിച്ച് പരിശീലനം നല്‍കേണ്ടതാണ്. വിശക്കുമ്പോള്‍ ആഹാരം സ്വയം എടുത്തുകഴിക്കാനും, തൊട്ടടുത്ത കടയില്‍/ വീട്ടില്‍ ഒറ്റയ്ക്ക് പോകാനും ഒക്കെ ഇതിന്റെ ആദ്യപടി എന്ന നിലയില്‍ തീരെ ചെറിയ കുട്ടികളെ ശീലിപ്പിക്കാവുന്നതാണ്.

  • മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാന്‍ പ്രാപ്തരാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് മാതാപിതാക്കള്‍ മനസ്സിലാക്കുക.
  • നിങ്ങളുടെ അഭാവത്തിലും സ്വന്തമായി കാര്യങ്ങള്‍ ചെയ്ത് ജീവക്കേണ്ടവരാണവര്‍ എന്നോര്‍ക്കുക.
  • കാര്യങ്ങള്‍ ചെയ്യുന്നതിലെ പൂര്‍ണതയ്ക്ക് (Perfection) കൂടുതല്‍ പ്രാധാന്യം നല്‍കാതിരിക്കുക.
  • തെറ്റുകളിലൂടെ അവര്‍ പഠിക്കട്ടെ.
  • ''നീ ചെയ്താല്‍ ശരിയാകില്ല'', ''നിന്നെക്കൊണ്ട് പറ്റില്ല'' തുടങ്ങിയ പ്രയോഗങ്ങള്‍ ഒഴിവാക്കുക.
  • കുട്ടികള്‍ കാര്യങ്ങള്‍ സ്വയം ചെയ്യുമ്പോള്‍ ഉണ്ടാകാവുന്ന പരാജയങ്ങളും അബദ്ധങ്ങളും പൂര്‍ണതയില്ലായ്മയും പറഞ്ഞ് കളിയാക്കുകയോ നിരാശപ്പെടുത്തുകയോ ചെയ്യാതിരിക്കുക.
  • കുട്ടികളുടെ കഴിവുകളില്‍ വിശ്വസിക്കുക.
  • മൊബൈല്‍ ഫോണും കംപ്യൂട്ടറും ഉപയോഗിക്കാനറിയാവുന്ന കുട്ടിക്ക് വാഷിങ് മെഷീനോ മിക്‌സിയോ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല എന്ന് മനസ്സിലാക്കുക.
  • സ്വയം കാര്യങ്ങള്‍ ചെയ്യാനുള്ള കുട്ടിയുടെ ആഗ്രഹത്തെ നിരസിക്കുന്നത് പല സ്വഭാവ പ്രശ്നങ്ങളിലേക്കും നയിക്കാന്‍ സാധ്യതയുണ്ട്.
(കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റാണ് ലേഖിക)

Content Highlights: Tips to raise a responsible child- How to teach a child be responsible

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented