Parentingമാശയ്ക്കായെങ്കിലും ചെറുപ്പത്തില്‍ നുണപറയാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ നുണ പറയുന്ന കുട്ടികളെ തല്ലാനും ഇനി നുണപറഞ്ഞാല്‍ നല്‍കാന്‍ പോകുന്ന ശിക്ഷകളെക്കുറിച്ച് പറഞ്ഞ് പേടിപ്പിക്കാനുമായിരിക്കും മിക്ക രക്ഷിതാക്കളുടെയും ശ്രമം.

എന്നാല്‍ രക്ഷിതാക്കളുടെ ഇത്തരം പെരുമാറ്റ രീതി കുട്ടികളെ നുണ പറയുന്നതില്‍ നിന്ന് പിന്തിരിപ്പിക്കില്ലെന്നും മറിച്ച് വീണ്ടും നുണപറയുന്നതിലേക്കും മുതിര്‍ന്നു കഴിഞ്ഞാല്‍ കുററകൃത്യങ്ങളിലേക്കും നയിക്കുമെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. 

നുണ പറയുക എന്നത് തെറ്റ് എന്നതിനപ്പുറം കുഞ്ഞിന്റെ മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയുടെ സൂചനയാണ്. സത്യം പറഞ്ഞാല്‍ അച്ഛനോ അമ്മയോ ശിക്ഷിക്കും എന്ന ഉപബോധതലത്തിലുണ്ടാകുന്ന ബോധമാണ് ഒരു കുട്ടിയെ നുണ പറയാന്‍ പ്രേരിപ്പിക്കുന്നത്.

വളര്‍ന്നു വരുന്ന പ്രായമായതിനാല്‍ ശിക്ഷ അതെത്ര ചെറുതായാലും അത് നേരിടാനുളള മാനസിക പക്വതയും കുഞ്ഞുങ്ങള്‍ക്കുണ്ടാകില്ല. അതുകൊണ്ട് കുട്ടിയുടെ മുന്നില്‍ പ്രശ്‌നപരിഹാരത്തിനുളള ഏകമാര്‍ഗം നുണപറയലാണ്. തെറ്റായ കാര്യം ചെയ്യരുത് എന്ന ബോധത്തെക്കാള്‍ ആരും തങ്ങളോട് കര്‍ക്കശമായ രീതിയില്‍ പെരുമാറരുത് എന്നായിരിക്കും കുട്ടികളുടെ ചിന്ത.

കയ്യില്‍ നിന്ന് ഗ്ലാസ് വീണ് പൊട്ടിയാലോ, സൂഹൃത്തുക്കളിലാരെങ്കിലും രക്ഷിതാക്കളോട് പരാതിയുമായി എത്തിയാലോ, നീയാണോ ചെയ്തത്? എന്ന ചോദ്യത്തിന് മിക്ക കുട്ടികളുടേയും പെട്ടെന്നുളള ഉത്തരം 'അല്ല ' എന്നായിരിക്കും. ശിക്ഷ ലഭിക്കില്ലെന്ന് ഉറപ്പായാലോ രക്ഷിതാക്കളുടെ മാനസിക പിന്തുണയുണ്ടെങ്കിലോ ഒരു പക്ഷെ കുട്ടി സത്യം പറഞ്ഞേക്കാം.

ഈയടുത്ത കാലത്ത് ബി.ബി.സി സംപ്രേഷണം ചെയ്ത ' the truth about children who lie' എന്ന ഡോക്യുമെന്ററിയില്‍  കാനഡയിലെ മോണ്‍ട്രിയല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. വിക്ടോറിയ തല്‍വാര്‍ എന്ന ഗവേഷക കുട്ടികളിലെ ഈ പെരുമാറ്റ രീതിയെക്കുറിച്ച് നടത്തിയ പഠനം വിശദീകരിക്കുന്നുണ്ട്. പഠനത്തിനായി ഇവര്‍ നടത്തിയ പരീക്ഷണം ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നായിരുന്നു. 

ഇതിനായി വിക്ടോറിയ തല്‍വാര്‍ രണ്ട് സ്‌കൂളുകളെ തിരഞ്ഞെടുത്തു. ഇതില്‍ ഒന്നാമത്തെ സ്‌കൂള്‍ കുട്ടികളുടെ പെരുമാറ്റത്തിനും അച്ചടക്കത്തിനും വളരെ പ്രാധാന്യം നല്‍കുന്നതും എന്നാല്‍ രണ്ടാമത്തെ സ്‌കൂള്‍ കുട്ടികളോടുളള സൗഹൃദ നിലപാടിന് പ്രാമുഖ്യം നല്‍കുന്ന ഒന്നുമായിരുന്നു. 

കുട്ടികളെ വിളിച്ച് ഒരുപാട് സാധനങ്ങള്‍ നിറഞ്ഞിരിക്കുന്ന ഒരു മുറിയിലേക്ക് തല്‍വാര്‍ ചെന്നു. അതിനുശേഷം കുട്ടികളെല്ലാവരും ഇനി പുറത്തുപോകണമെന്നും താന്‍ മുറിക്കകത്തെ വ്യത്യസ്ത വസ്തുക്കള്‍ എടുത്ത് ശബ്ദമുണ്ടാക്കുമെന്നും മുറിക്ക് പുറത്തുപോയി നിന്ന് നോക്കാതെ ഏത് വസ്തുവിന്റെ ശബ്ദമാണ് കേട്ടതെന്ന് പറയണമെന്നും വിക്ടോറിയ കുട്ടികളോട് പറഞ്ഞു.

Children

അങ്ങനെ വിക്ടോറിയ ഓരോ വസ്ത്തുക്കളുമെടുത്ത് ശബ്ദമുണ്ടാക്കുകയും കുട്ടികള്‍ പുറത്ത് നിന്നും അവ തിരിച്ചറിഞ്ഞ് തങ്ങള്‍ കേട്ടത് ഏത് വസ്തുവിന്റെ ശബ്ദമാണെന്ന് വിക്ടോറിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ വിക്ടോറിയ ഇതിനിടെ നടത്തിയ സൂക്ഷ്മ നിരീക്ഷണത്തില്‍ കുട്ടികളില്‍ മിക്കവരും മുറിക്കകത്തേക്ക് എത്തിനോക്കിയായിരുന്നു ഉത്തരം പറഞ്ഞിരുന്നത്. 

പക്ഷെ നിങ്ങള്‍ മുറിക്കകത്തേക്ക് നോക്കിയല്ലെ ശബ്ദം തിരിച്ചറിഞ്ഞത് എന്ന ചോദ്യത്തിന് കര്‍ക്കശമായ ചിട്ടകള്‍ പിന്തുടരുന്ന സ്‌കൂളിലെ കുട്ടികളുടെ മറുപടി അല്ല എന്നായിരുന്നു. പക്ഷെ സൗഹൃദപരമായ അന്തരീക്ഷത്തില്‍ പഠനമൊരുക്കിയ സ്‌കൂളിലെ കുട്ടികള്‍ അതെ എന്ന് പറയുകയും ചെയ്തു. 

ഇതില്‍ നിന്നും കര്‍ക്കശമായ ചുറ്റുപാടുകള്‍ കുട്ടികളെ സത്യസന്ധരല്ലാതാക്കി തീര്‍ക്കുമെന്ന നിഗമനത്തിലേക്ക് താന്‍ എത്തിച്ചേരുകയായിരുന്നുവെന്ന് വിക്ടോറിയ പറയുന്നു.

സ്‌കൂളുകളെപ്പോലെ അമിതമായി ഭയപ്പെടുത്തി കുട്ടികളെ വളര്‍ത്തുന്ന രക്ഷിതാക്കളും കുട്ടികള്‍ നുണ പറയുന്നതിന് കാരണക്കാരാണ്. മാത്രമല്ല ഇത്തരം ഭയം നിറഞ്ഞ സാഹചര്യങ്ങളാണ് കുട്ടികളില്‍ കുറ്റവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും തല്‍വാര്‍ പറഞ്ഞു. 

parenting

കുട്ടികളെ തെറ്റില്‍ നിന്ന് പിന്തിരിപ്പിക്കുവാന്‍ മാതാപിതാക്കള്‍ക്ക് പൂര്‍ണ്ണ അധികാരമുണ്ട്. അതുപോലെ നുണ പറയുന്ന ശീലം ചെറുപ്പത്തില്‍ തന്നെ തടയേണ്ട ഒന്ന് തന്നെയുമാണ്. പക്ഷെ കുട്ടികളോട് ഇടപഴകുമ്പോഴുളള മാതാപിതാക്കളുടെ സമീപനമാണ് മാറേണ്ടത്. 

ആദ്യത്തെ തവണ തെറ്റ് ചെയ്യുമ്പോള്‍ ഭയപ്പെടുത്തുന്നതിനും ശിക്ഷിക്കപ്പെടുത്തുന്നതിനും പകരം വളരെ സാവധാനം കുട്ടിയെ താന്‍ ചെയ്യുന്നത് തെറ്റാണെന്നും അത് ആവര്‍ത്തിക്കുന്നത് ഗുണം ചെയ്യില്ലെന്നും പറഞ്ഞ്  മനസ്സിലാക്കാന്‍ ശ്രമിക്കണം. നുണ പറയുന്നതിന് പകരം ചെയ്ത കാര്യം തുറന്നുപറയാന്‍ സാധിക്കണം.ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് അറിയാതെ കുഞ്ഞ് വിഷമിക്കുമ്പോള്‍ മാര്‍ഗനിര്‍ദേശത്തിനായി മാതാപിതാക്കളെ സമീപിക്കാന്‍ തോന്നുന്ന തരത്തിലുള്ള അന്തരീക്ഷം വീട്ടിലുണ്ടാകണം.

ഇത് സ്വാഭാവികമായും കുട്ടികളിലെ നുണ പറയാനുള്ള വാസന ഇല്ലാതാക്കുന്നതിനും തെറ്റ് ചെയ്യുന്നതില്‍ നിന്നും അവരെ പിന്തിരിപ്പിക്കാനും സഹായിക്കും. മികച്ച മൂല്യബോധമുള്ളവരായി കുട്ടികളെ വളര്‍ത്താനാണ് മാതാപിതാക്കള്‍ ശ്രമിക്കേണ്ടത്.