'ഈ ക്രിസ്തുമസ്സിന് എനിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിത്തരണം', 'ഇപ്രാവശ്യം പിറന്നാള്‍ സമ്മാനമായി എനിക്ക് ഫോണ്‍ മതി'- നമ്മുടെ വീടുകളിലെല്ലാം ഇപ്പോള്‍ കുഞ്ഞുങ്ങളുടെ ആവശ്യങ്ങളിലൊന്നായി സ്മാര്‍ട്ട് ഫോണ്‍ മാറിക്കഴിഞ്ഞു.

പരീക്ഷയ്ക്ക് മാര്‍ക്ക് വാങ്ങിച്ചാലും, പറഞ്ഞതനുസരിച്ചാലും കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിക്കൊടുക്കാന്‍ മടിക്കാത്തവരായി രക്ഷിതാക്കളും മാറിത്തുടങ്ങി. പക്ഷെ വളരുന്ന പ്രായത്തില്‍ ആ കുഞ്ഞിക്കൈകള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ സമ്മാനിക്കുന്നത് എത്രമാത്രം സുരക്ഷിതമാണ്? തെറ്റും ശരിയും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ മാനസികമായി പക്വത കൈവരിക്കാത്ത പ്രായത്തില്‍ മൊബൈല്‍ ഫോണ്‍ സമ്മാനിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ്  പഠനങ്ങള്‍ പറയുന്നത്. ഇതിന് കാരണങ്ങളും നിരവധിയാണ്. 

ഒരിക്കല്‍ സ്മാര്‍ട്ട് ഫോണ്‍ പരിചിതമായിക്കഴിഞ്ഞാല്‍ പിന്നീട് അത് ഉപേക്ഷിക്കാന്‍ കഴിയാത്ത തരത്തില്‍ കുഞ്ഞുങ്ങളുടെ വ്യക്തിത്വം മാറുമെന്നാണ് സൈബര്‍വൈസ് ഫൗണ്ടേഷന്‍ മേധാവി ഡയാന ഗ്രാബറിന്റെ നിര്‍ദ്ദേശം. ഇത്തരത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ഫോണ്‍ സമ്മാനിക്കുന്ന രക്ഷിതാക്കളിലേറെപ്പേരും അത്തരമൊരു തീരുമാനം വരുത്തിവെക്കുന്ന പ്രത്യാഘാതത്തെക്കുറിച്ച് ബോധവാന്‍മാരല്ലെന്നും ഗ്രാബര്‍ അഭിപ്രായപ്പെട്ടു.

'പെട്ടെന്നൊരു ദിവസം അവര്‍ക്ക് മുന്നില്‍ വലിയൊരു ലോകം തുറന്നുകൊടുക്കുകയാണ്. എന്നാല്‍ അതിലെ തെറ്റും ശരിയും തിരിച്ചറിയാനുളള പക്വത കുട്ടികള്‍ക്കില്ല. അതുകൊണ്ട് തന്നെ ഏത് വയസ്സിലാണ് കുഞ്ഞുങ്ങള്‍ക്ക് ഫോണ്‍ സമ്മാനിക്കേണ്ടതെന്ന് മാതാപിതാക്കള്‍ ഏറെ ചിന്തിക്കണം', ഗ്രാബര്‍ പറഞ്ഞു

ഇത്തരമൊരു തീരുമാനം എടുക്കുന്നതിന് മുന്‍പ് ചിന്തിക്കേണ്ട കാര്യങ്ങള്‍ നിരവധിയാണ്. ഒന്നാമതായി കുട്ടികളുടെ വയസ്സും പക്വതയും. കുട്ടികള്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്നതും ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതും ഒരിക്കലും പക്വതയുടെ അളവുകോലായി പരിഗണിക്കരുത്. അവര്‍ വ്യക്തിജീവിതത്തില്‍ സ്വയം തീരുമാനമെടുക്കാനും തെറ്റും ശരിയും തിരിച്ചറിയാനുമുളള കഴിവ് നേടിയതാണ് പരിഗണിക്കേണ്ടത്.   

'വലിയൊരു ലോകത്തോട് താന്‍ സംവദിക്കുന്ന പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ സ്വകാര്യതയെ എത്രമാത്രം ബാധിക്കുമെന്ന കാര്യം കുട്ടി സ്വയം തിരിച്ചറിയണം. ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുന്നതിലും സോഷ്യല്‍ മീഡിയയില്‍ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിലും വരുന്ന പിഴവുകളെക്കുറിച്ചും കുട്ടികള്‍ ബോധവാന്മാരാകണമെന്നില്ല. കൂടാതെ ഏറെ നേരം ഫോണില്‍ ചെലവഴിക്കുന്നത് പഠനത്തെയും സാരമായി ബാധിക്കും', ഗ്രാബര്‍ പറയുന്നു.

കുഞ്ഞുങ്ങള്‍ക്ക് ഫോണ്‍ സമ്മാനിക്കുന്നെങ്കില്‍ തന്നെ സൈബര്‍ നിയമങ്ങളെക്കുറിച്ചുളള മാര്‍ഗ നിര്‍ദ്ദേശം നല്‍കാനും മാതാപിതാക്കള്‍ മറക്കരുത്. കാറിന്റെ താക്കോലോ, വീടിന്റെ താക്കാലോ കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നത് പോലെത്തന്നെ ഗൗരവമാണ് ഫോണ്‍ സമ്മാനിക്കുമ്പോള്‍ സൈബര്‍ നിയമങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നത്. ഇതിനായി സൈബര്‍ നിയമങ്ങള്‍ക്കായുളള  ക്ലാസുകളോ, പുസ്തകങ്ങളോ കുട്ടികള്‍ക്ക് നല്‍കാമെന്നും ടെക് ഗവേഷക ലോറി കെന്നിംഗ്ഹാം പറയുന്നു.

കുട്ടികളുടെ ഫോണ്‍ ഉപയോഗം വിലയിരുത്താനായി ഒരു നിയമാവലി ഉണ്ടാക്കണമെന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു സുപ്രധാന കാര്യം. കുട്ടികളുടെ ഫോണിന്റെ പാസ്‌വേഡ്, ആപ്ലിക്കേഷനുകള്‍, സന്ദര്‍ശിക്കുന്ന സൈറ്റുകള്‍, ഏത് സമയത്താണ് ഫോണ്‍ ഉപയോഗിക്കുന്നത് എന്നീ കാര്യങ്ങള്‍ക്ക് മാതാപിതാക്കള്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തണം. ഇതിനായി 'apps for parents' പോലുളള സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. ഇതില്‍ സ്വകാര്യത നഷ്ടപ്പെടുമെന്ന് കുഞ്ഞുങ്ങള്‍ പരാതി പറഞ്ഞാല്‍പ്പോലും യാതൊരു വിട്ടുവീഴ്ചയും ചെയ്യരുതെന്നാണ് ഗവേഷകരുടെ നിര്‍ദ്ദേശം.

ഇനി ഫോണ്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തന്നെ ഒരിക്കലും കുട്ടികളുടെ കൈയില്‍ നിന്നും ഫോണ്‍ വാങ്ങിവെക്കരുത്. പകരം തെറ്റിനെക്കുറിച്ച് അവരെ ബോധവാന്‍മാരാക്കുകയും വീണ്ടും തെറ്റാവര്‍ത്തിച്ചാല്‍ മാത്രമെ കര്‍ശനരീതിയില്‍ പെരുമാറാനും ശ്രമിക്കാവൂ. അല്ലെങ്കില്‍ പിന്നീട് മാതാപിതാക്കളുടെ അറിവില്ലാതെ അതേ തെറ്റ് ആവര്‍ത്തിക്കപ്പെടാമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.