പ്ലേ ടൈം കുട്ടികളെ സംബന്ധിച്ച് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഹോംവര്‍ക്ക് ലോഡുകളുടെ പിരിമുറക്കത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഈ കളിസമയം കുട്ടികള്‍ക്ക് പ്രയോജനപ്പെടും. പുസ്തകപ്പുഴുക്കളായി മാറാതെ കായികക്ഷമത കൂടി കൈവരുന്നതിന് ഈ പ്ലേ ടൈം കുട്ടികളെ സഹായിക്കുമെന്നാണ് പഠനങ്ങള്‍. 

കളിക്കുന്നതില്‍ നിന്നും കുട്ടികളെ തടയേണ്ട കാര്യമില്ല. ശരീരത്തിന്റെ കായികക്ഷമത വര്‍ദ്ധിപ്പിക്കാനും ബുദ്ധിവികാസത്തിനും ക്രിയേറ്റിവിറ്റി വളര്‍ത്താനും ഈ പ്ലേ ടൈമുകളാവും കുഞ്ഞുങ്ങളെ സഹായിക്കുക. എന്നാല്‍ കുട്ടികള്‍ എന്ത് കളിക്കുന്നുവെന്നത് കര്‍ശനമായും രക്ഷിതാക്കള്‍ ശ്രദ്ധിച്ചിരിക്കണം. 

കൂട്ടുകൂടി കളിക്കാം, വളരാം

കൂട്ടുകൂടി കളിക്കുന്നതിലൂടെ സാമൂഹികമായി ഇടപെടാനുള്ള കുട്ടികളുടെ കഴിവാണ് വികസിക്കുന്നത്. ഒരു സംഘത്തെ എങ്ങനെ അഭിസംബോധന ചെയ്യണം, ഏത് രീതിയില്‍ സംസാരിക്കണം, ഇടപെടണം തുടങ്ങിയ നിരവധി കാര്യങ്ങളില്‍ മാനസിക വികാസം പ്രാപ്തമാക്കാന്‍ ഇതിലൂടെ കുട്ടികള്‍ക്ക് സാധിക്കും. പുസ്തകത്തിനു മുന്നില്‍ മാത്രം ഇരുന്നാല്‍ കിട്ടുന്നതല്ല ഇത്തരം കഴിവുകള്‍. എന്നാല്‍ പഠനമികവും ഒഴിവാക്കാന്‍ സാധിക്കില്ല. 

കളിച്ച് വര്‍ധിപ്പിക്കാം ചിന്തയും ബുദ്ധിയും

മൊബൈല്‍ ഫോണും ടാബ് ലെറ്റും മാറ്റി വച്ച് കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ച് അവര്‍ കളിക്കുന്നത് തടയേണ്ടതില്ല. ക്രിയേറ്റിവിറ്റിയും ചിന്താശേഷിയും വര്‍ധിപ്പിക്കാന്‍ തക്കവണ്ണമുള്ള പല ട്രിക്കുകളും ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന പല കളിപ്പാട്ടങ്ങളിലുമുണ്ട്. ഐ.ക്യു ലെവല്‍ വര്‍ദ്ധിപ്പിക്കാനുള്ള തന്ത്രങ്ങളും കളിപ്പാട്ടങ്ങളിലുണ്ട്. 

കുഞ്ഞുങ്ങളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ വര്‍ധിപ്പിക്കാനായി ക്രയോണ്‍സ്, പെയിന്റിംഗ് ടൂള്‍സ്, റൈമിംഗ് ടോയ്‌സ്, വോക്കാബലറി വര്‍ധിപ്പിക്കാനുള്ള ടോയ്‌സ് തുടങ്ങിയവയും കളിപ്പാട്ടങ്ങളില്‍ ഉള്‍പ്പെടുത്താം. സംഗീതം ഇഷ്ടപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് മ്യൂസിക്കല്‍ ഇന്‍സ്ട്രമെന്റല്‍ ടോയ്‌സ് നല്‍കുന്നതും ഗുണം ചെയ്യും. 

ഐ.ക്യു വര്‍ധിപ്പിക്കാന്‍ മൊബൈല്‍ ഗെയിംസ്

മൈതാനങ്ങളിലും മണ്ണിലും ചവുട്ടി കളിച്ച് നടന്നിരുന്ന കുട്ടികളുടെ ജനറേഷന്‍ മാറി. കളിസ്ഥലം ഇപ്പോള്‍ ഒരു കസേരയിലേക്കും കളി ഒരു മൊബൈല്‍ ഫോണിലേക്കും ചുരുങ്ങി. മൊബൈല്‍ ഫോണുകളോടും ടാബ് ലെറ്റുകളോടും പ്രിയമുള്ള കുട്ടികളാണ് വീട്ടിലുള്ളതെങ്കില്‍ അവര്‍ക്ക് വേണ്ടി ഐ.ക്യു വര്‍ധിപ്പിക്കുന്ന ഗെയിമുകള്‍ തെരഞ്ഞെടുക്കാം. എന്നാല്‍ അത് രക്ഷിതാക്കള്‍ തെരഞ്ഞെടുത്ത് നല്‍കണം. പരിധി കടക്കുന്നുവെന്ന് തോന്നിയാല്‍ സ്‌റ്റോപ്പ് പറയാനും മടിക്കരുത്. 

കളിച്ച് കളിച്ച് പഠനത്തിലേക്ക്..

കളിക്കുന്നതിനായ് കുട്ടികള്‍ തെരഞ്ഞെടുക്കുന്നത് വീടിനു പുറത്താണെങ്കിലും നിരുത്സാഹപ്പെടുത്തേണ്ടതില്ല. കായികക്ഷമത വര്‍ധിക്കാന്‍ ഇത് സഹായിക്കും. എന്നാല്‍ അപകടങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ രക്ഷിതാക്കളുടെ നിരീക്ഷണം നിര്‍ബന്ധമാണ്. വീടിനു പുറത്ത് രക്ഷിതാക്കളുടെ കണ്ണെത്തും ദൂരത്ത് ഒരു കളിസ്ഥലം ഒരുക്കുന്നത് നല്ലതായിരിക്കും. വൈകുന്നേരങ്ങളില്‍ ചെറിയ കളികളിലേര്‍പ്പെട്ട് അവര്‍ സന്തോഷം വീണ്ടെടുക്കട്ടെ.. പിന്നെ മടുപ്പില്ലാതെ പഠനത്തിലേക്ക് മടങ്ങട്ടെ..

Content Highlight: Kids and play time, childhood,let them play