രീക്ഷാക്കാലമടുത്താല്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ടെന്‍ഷന്‍ ആണ്. ആര്‍ക്കാണ് കൂടുതല്‍ ടെന്‍ഷന്‍ എന്നും ആര്‍ക്കാണ് പരീക്ഷയെന്നു പോലും ചിലപ്പോള്‍ സംശയിച്ചു പോകും. എത്ര പഠിച്ചാലും മനസ്സില്‍ നില്‍ക്കുന്നില്ലെന്നാവും കുട്ടികളുടെ ആശങ്കയെങ്കില്‍ പഠിച്ചത് പരീക്ഷാഹാളിലെത്തുമ്പോള്‍ കുട്ടികള്‍ മറന്നു പോകുമോ, ഉത്തരങ്ങള്‍ മാറിപ്പോകുമോ എന്നൊക്കെയാവും രക്ഷിതാക്കളുടെ പേടി. സ്‌കൂള്‍ കാലഘട്ടത്തില്‍ പരീക്ഷകളെയും പഠനത്തേയും പേടിക്കാന്‍ കുട്ടികള്‍ക്ക് കാരണങ്ങള്‍ പലതാണ്. പരീക്ഷപേടിയുടെ കാരണങ്ങളെ കുറിച്ചും പേടി ഒഴിവാക്കാന്‍ സ്വീകരിക്കാവുന്ന വഴികളെ കുറിച്ചും വിശദീകരിക്കുകയാണ് തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ മെന്റല്‍ ഹെല്‍ത്ത് കണ്‍സള്‍ട്ടന്റ് ആയ ഷീന ജി സോമന്‍. 

പരീക്ഷകളെ ആര്‍ക്കാണ് ഭയം? ജനനം മുതല്‍ ഇഴഞ്ഞു വീണു എഴുന്നേറ്റു നടക്കാന്‍ പഠിച്ചതും ഭാഷ പഠിച്ചതുമെല്ലാം പഠിക്കാനുള്ള നമ്മുടെ കഴിവിന്റെ തുടക്കം മാത്രം. എന്നാല്‍ വിദ്യാഭ്യാസ കാലത്തെ പഠനവും പരീക്ഷകളും പലര്‍ക്കും അത്ര ഇഷ്ടമല്ല.അതിന് കാരണങ്ങള്‍ പലതാണ്.

 • തോല്‍വികളെ ഭയക്കുന്നത്
 • പഠനം ബുദ്ധിമുട്ടായി കരുതുന്നത്
 • പഠിച്ചത് മറന്നു പോകുമോയെന്ന ഭയം
 • മറ്റുള്ളവര്‍ക്കൊപ്പം എത്താന്‍ കഴിയില്ല എന്ന ആത്മവിശ്വാസക്കുറവ്,
 • മറ്റുള്ളവരുമായി താരതമ്യം ചെയ്യപ്പെടുമോ എന്ന ആശങ്ക
 • മാതാപിതാക്കള്‍ക്ക് നാണക്കേട് ആകും എന്നുള്ള അങ്കലാപ്പ്
 • ചിലര്‍ക്ക് പഠിക്കുന്നതേ ഇഷ്ടമല്ല. അല്ലലില്ലാതെ, ഓളങ്ങളില്ലാതെ, പോകുന്ന വഴിയ്ക്ക് ജീവിതം പോകട്ടേ എന്ന അലസഗമനചിന്താഗതി, മിനക്കെടാന്‍ വയ്യ എന്നുള്ളത് തന്നെ. പരീക്ഷകളെ പറ്റിയുള്ള മിഥ്യാ ധാരണങ്ങളും കുറവല്ല.
 • പരീക്ഷയില്‍ കിട്ടുന്ന മാര്‍ക്ക് ആണ് ബുദ്ധി, കഴിവ് എന്ന് അളക്കുന്നത്.
 • പരീക്ഷ വിജയം എന്നാല്‍ ജീവിത വിജയം എന്നുള്ള ധാരണ.
 • നല്ല മാര്‍ക്ക് കിട്ടിയാല്‍ അതു കൊണ്ട് മാത്രം നല്ല ജോലി കിട്ടും എന്ന ധാരണ.
 • പരീക്ഷയില്‍ തോറ്റാല്‍ ജീവിതത്തില്‍ തോറ്റു എന്ന് കരുതുന്നത്.
 • തോല്‍വികള്‍ മരണതുല്യം എന്ന് പര്‍വതീകരീക്കുന്നത്.

വെറുതെ ആണോ പരീക്ഷാകാലം ഉത്കണ്ഠകളുടെ കാലമാകുന്നത്. പരീക്ഷാകാലത്ത് കേള്‍ക്കുന്ന ചില ആകുലതകള്‍ ആണ്

 • നെഞ്ചിടിപ്പ്
 • കൈകാല്‍ തളരുന്നത്
 • വയറ്റില്‍ പൂമ്പാറ്റ പറക്കുന്നത് പോലെ അനുഭവപ്പെടല്‍
 • തലമരവിപ്പ്
 • മറവി
 • ശ്രദ്ധ കുറവ്
 • ഉറക്കമില്ലായ്മ
 • പരീക്ഷ ഹാളില്‍ എത്തുമ്പോള്‍ എല്ലാം മറന്നു പോകുമോ എന്നൊക്കെയുള്ള ഭയം.
 • ചിലര്‍ക്ക് ദേഷ്യവും കരച്ചിലുമൊക്കെ വരും.
 • ഭക്ഷണത്തിനോട് വെറുപ്പ്, തലവേദന, ശാരീരിക അസ്വസ്ഥത, മുടികൊഴിച്ചില്‍ ഒക്കെ ഈ സംഘര്‍ഷാവസ്ഥയുടെ ഭാഗം തന്നെ.

ഈ ഉത്കണ്ഠ എങ്ങനെ കുറയ്ക്കാം എന്നതാണ് ഈ പരീക്ഷാക്കാലത്തും വിദ്യാര്‍ത്ഥികളുടെയും മുതിര്‍ന്നവരുടെയും ചിന്ത.

ആദ്യ കടമ്പ പരീക്ഷകളില്‍ നിന്നും പരീക്ഷണങ്ങളില്‍ നിന്നും ഒളിച്ചോടാതിരിക്കുകയെന്ന നിലപാട് കൈകൊള്ളുക എന്നതാണ്. യുദ്ധത്തിനെ അഭിമുഖീകരിക്കുമ്പോള്‍ തന്നെ പകുതി യുദ്ധം ജയിച്ചെന്നല്ലേ...? പിന്നെ ഉത്കണ്ഠ കുറയ്ക്കാന്‍ വേണ്ടതുപോലെ തയ്യാറെടുക്കുക എന്നതാണ്. ആ തയ്യാറെടുപ്പില്‍ ഏറ്റവും പ്രധാനം പഠിക്കുക എന്നത് തന്നെ. വേറെ കുറുക്ക് വഴികളില്ല. സ്വന്തം ബുദ്ധിയിലും ഓര്‍മ്മ ശക്തിയിലും അമിത വിശ്വാസമുള്ളവര്‍ പരീക്ഷയ്ക്ക് തലേന്ന് ബുക്കെടുക്കുമായിരിക്കും. പക്ഷേ നല്ല തയ്യാറെടുപ്പോടെ പരീക്ഷയെ അഭിമുഖീകരിക്കുന്നതാണ് നല്ലത്.

ഇത്തരം തയ്യാറെടുപ്പുകള്‍ കൃത്യമായ പാഠ്യക്രമം വഴിയും പഠിച്ചത് ഓര്‍ത്തു വയ്ക്കാനുള്ള കുറുക്ക് വഴികള്‍ കൊണ്ടുമാകാം.. എത്ര പഠിച്ചാലും ചിലത് മറക്കാം. തയ്യാറെടുപ്പുകള്‍ പോരാത്തതിനാല്‍, പുനര്‍വായന ഇല്ലാത്തതിനാല്‍, ആവശ്യത്തിന് വിശ്രമിക്കാതിരിയ്ക്കുന്നതിനാല്‍, മനസ്സിനെ അലട്ടുന്ന ചിന്തകള്‍ ഉണ്ടെങ്കില്‍പഠിച്ചത് മറന്നത് തന്നെ. അപ്പോള്‍ എങ്ങനെ ആണ് പഠിക്കേണ്ടത്, എവിടെയാണ് പഠിക്കേണ്ടത്, എപോഴാണ് പഠിക്കേണ്ടത്?

പഠിക്കുന്നത് ഓര്‍മ്മയില്‍ നിലനിര്‍ത്താന്‍ വേണ്ടി എന്തൊക്കെ ചെയ്യാം?

 • ഉള്ള സമയം ഏറ്റവും നന്നായി ഉപയോഗിക്കുക എന്നുള്ളതാണ് പ്രധാനം. തയ്യാറെടുപ്പിനുള്ള സമയവും പഠിക്കാനുള്ള വിഷയങ്ങള്‍ക്ക് അനുസരിച്ച് ഒരു സമയക്രമം ഉണ്ടാക്കണം.
 • പരീക്ഷാകാലത്ത് 24 മണിക്കൂറില്‍ 8 മുതല്‍ 12 മണിക്കൂര്‍ എങ്കിലും പഠനത്തിനായി കണ്ടെത്താം. 6 മണിക്കൂര്‍ എങ്കിലും ഉറക്കത്തിനായി മാറ്റിവച്ചാലും ഭക്ഷണം കഴിക്കാനും, കുളിക്കാനും, റിലാക്‌സ് ചെയ്യാനും പിന്നെയും കിടക്കുന്നു 6 മണിക്കൂര്‍. പാഠ്യവിഷയങ്ങളെ തരംതിരിക്കുക എന്നതാണ് അടുത്ത ലക്ഷ്യം.
 • പ്രാധാന്യമുള്ള വിഷയങ്ങള്‍, ഭാഗങ്ങള്‍, മുന്‍ വര്‍ഷത്തെ ചോദ്യപ്പേപ്പറുകളില്‍ ചോദിച്ചിട്ടുള്ളവ എന്ന് തരംതിരിക്കാം. ഒരിക്കലെങ്കിലും പഠിച്ചത്, ഒട്ടും അറിയാത്തത്, വീണ്ടും റിവൈസ് ചെയേണ്ടവ എന്ന രീതിയില്‍ ക്രമീകരിക്കാം. ഉള്ള സമയം കൊണ്ട് കൂടുതല്‍ ഉള്‍ക്കൊള്ളുകയെന്നതാണ് ഈ പരീക്ഷകാലത്തെ ലക്ഷ്യം.
 • പഠിക്കാനുള്ള സ്ഥലം ശ്രദ്ധ നിലനിര്‍ത്താന്‍ പാകത്തിനുള്ള സ്ഥലമായിരിയ്ക്കണം. ആവശ്യത്തിന് കാറ്റും വെളിച്ചവും ഇരുന്നു വായിക്കാനും നടക്കാനുമൊക്കയുള്ള സ്ഥലം ആയാല്‍ നല്ലത്.
 • ഏറ്റവും ശ്രദ്ധിച്ചു വായിക്കാന്‍ കഴിയുന്ന സമയത്ത് പഠിച്ചു തുടങ്ങാം. അത് അതിരാവിലെ ഉണര്‍ന്ന് ശീലമുള്ളവരാണെങ്കില്‍ അങ്ങനെ തുടരാം, ഉറക്കം ആവശ്യത്തിന് ലഭിച്ചു പഠിക്കുന്നതാണ് ഉറക്കമൊഴിഞ്ഞിരുന്ന് പഠിക്കുന്നതിനെക്കാള്‍ നല്ലത്. കാരണം നല്ല ഉറക്കമാണ് പഠിച്ചത് പലതും ഓര്‍മ്മകളില്‍ ഉറപ്പിക്കുന്നത്. അതായത് ഉറങ്ങി തന്നെ പഠിക്കണം എന്ന് സാരം.
 • വലിച്ചു വാരിയുള്ള ഭക്ഷണം ഒഴിവാക്കാം. ഇടക്കിടക്ക് വെറുതെ കൊറിക്കുന്നതും നല്ലതല്ല. ആവിയിലുള്ള ഭക്ഷണം തന്നെയാണ് പ്രാതലിന് നല്ലത്. സമയത്തിന് ഭക്ഷണം കഴിക്കുക. ചെറുപഴം,പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ക്ഷീണം തോന്നാതിരിക്കാനും സഹായിക്കും.
 • ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതും ക്ഷീണം തോന്നാതിരിക്കാന്‍ വേണ്ടത് തന്നെ.
 • അയഞ്ഞ വസ്ത്രം ധരിക്കുന്നതും, ചെറു വ്യായാമം ചെയ്യുന്നതും, ശ്വാസത്തിലേക്ക് ശ്രദ്ധിച്ചു അല്‍പം നേരം ശാന്തമായിരിക്കുന്നതും ഉത്കണ്ഠ കുറയ്ക്കാനും ഏകാഗ്രത വര്‍ധിപ്പിക്കാനും സഹായിക്കും.
 • ഈ ചൂട് കാലത്ത് കുളി ഒഴിവാക്കാന്‍ പാടില്ല എന്ന് പറയേണ്ടതില്ലല്ലോ.
 • എഴുതിയും വരച്ചും പഠിക്കാനുള്ള സാധനസാമഗ്രികള്‍ ഒരുക്കികഴിഞ്ഞാല്‍ ഇനി പഠിച്ചു തുടങ്ങാം. ഏറ്റവും ഫ്രഷായിരിക്കുമ്പോള്‍ ഏറ്റവും ഏകാഗ്രത വേണ്ട വിഷയങ്ങള്‍ പഠിക്കാം. എല്ലാ ഇന്ദ്രിയങ്ങളും ഉപയോഗിച്ച് പഠിച്ചാല്‍ പെട്ടെന്ന് മറക്കില്ലായെന്ന ഗുണമുണ്ട്.

മറക്കാതിരിക്കാന്‍ എങ്ങനെ പഠിക്കണം? 

 • ഉറക്കെ വായിച്ചു, അക്ഷരങ്ങളില്‍ വിരലോടിച്ചു, വര്‍ണ്ണപേനകള്‍ കൊണ്ട് അടിവരയിട്ട്, കുറിപ്പുകള്‍ തയ്യാറാക്കി, എഴുന്നേറ്റ് നടന്നു എങ്ങനെ വേണമെങ്കിലും പഠിക്കാം.
 • മറ്റൊരാളെ പഠിപ്പിക്കുന്നതായി സങ്കല്‍പിച്ചു പഠിക്കാം.
 • ചിത്രങ്ങളുണ്ടാക്കി അതിലേക്ക് വിവരങ്ങള്‍ സംയോജിപ്പിച്ച് പഠിയ്ക്കാം.
 • Mnemonics, Acronym ഓര്‍ത്തു വയ്ക്കാനുള്ള കുറുക്ക് വഴികളാണ്. വാക്കുകള്‍ കൂട്ടിയോജിപ്പിച്ചും കൊച്ചു വാക്യങ്ങള്‍ ഉണ്ടാക്കിയും കൂടുതല്‍ വിവരങ്ങള്‍ സംഗ്രഹിച്ച് ഓര്‍ത്തു വയ്ക്കാം.
 • പണ്ട് പഠിച്ച കാര്യങ്ങളിലേക്ക് പുതിയ കാര്യങ്ങള്‍ കൂട്ടി യോജിപ്പിച്ച് ഓര്‍ത്തു വയ്ക്കുന്നതിനെയാണ് pegging എന്ന് പറയുന്നത്. പഴയ ഓര്‍മകളില്‍ പുതിയ വിവരങ്ങള്‍ തൂക്കിയിടുന്നത് (വസ്ത്രങ്ങള്‍ തൂക്കുന്നപോലെ).
 • വലിയ അക്കങ്ങള്‍/പാഠഭാഗങ്ങള്‍ കഷണങ്ങള്‍ ആയി മുറിച്ചു ഓര്‍ക്കുന്നതിനെ Chunking എന്ന് പറയുന്നു
 • ഒരൊറ്റ പേജില്‍ ഒരു പടത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ഒരു പാഠഭാഗം മുഴുവന്‍ കൂട്ടിയോജിപ്പിച്ച് പഠിക്കുന്നതിനെ mind mapping എന്ന് പറയുന്നു. കൊച്ചു കുറിപ്പുകള്‍ ആയി flash cards, flow chart, Notes ഒക്കെ പഠിക്കാന്‍ സഹായിക്കുന്ന കുറുക്കു വഴികളാണ്. നോട്‌സ് പിന്‍ ചെയ്തു വായിക്കുന്ന ബോര്‍ഡുകളുണ്ടാക്കുന്നതും പഠനത്തിന് സഹായിക്കും.
 • ഇത്തരം പഠനരീതികളോടൊപ്പം ഒരു റിവിഷന്‍ പ്ലാനും തയ്യാറാക്കാം. സമയക്രമവും പ്ലാനും അനുസരിച്ച് പഠിയ്ക്കാന്‍ മാനസികമായി തയ്യാറാവുക. മാതാപിതാക്കളുടെയും, സഹോദരങ്ങളുടെയും, സുഹൃത്തുക്കളുടെയും അധ്യാപകരുടെയും സഹായം സ്വീകരിക്കാം. സംശയം തീര്‍ക്കാനും, താങ്ങാകാനും ഇവരൊക്കെ തന്നെയാണ് ബെസ്റ്റ്. 
 • സങ്കീര്‍ണമായ വിഷയങ്ങള്‍ കൂടിച്ചേര്‍ന്ന് പഠിക്കുന്ന Combined Study രീതിയും നല്ലത് തന്നെ. എന്നാല്‍ കൂടെ പഠിയ്ക്കുന്നവര്‍ ശ്രദ്ധ കളയുന്നവരോ ഉത്കണ്ഠ കൂട്ടുന്നവരോ ആകാന്‍ പാടില്ല. പോസിറ്റീവ് എനര്‍ജി തരുന്നവരുമായുള്ള സമ്പര്‍ക്കം പഠനത്തിന് ആവേശം കൂട്ടുന്നതാകണം.
 • ഫോണും ടാബ്‌ലറ്റുമെല്ലാം മാറ്റി വെയ്ക്കാം, ഒരു മണിക്കൂറില്‍ കൂടുതല്‍ ശ്രദ്ധ വഴിമാറ്റുന്ന ശീലങ്ങളും വേണ്ടെന്ന് വയ്ക്കാം.
 • 40 മുതല്‍ 50 മിനിറ്റ് വരെ പഠിച്ചിട്ട് ഒരു 10 മിനിറ്റ് വിശ്രമം എന്ന കണക്കിലാകാം പഠിത്തം.
 • വിശ്രമം എന്നാല്‍ ടി.വി കാണലും, കളിക്കാന്‍ പോകുന്നതോ, ഭക്ഷണം കഴിയ്ക്കലോ അല്ല. ശാന്തമായി ഉലാത്തുന്നതോ, കണ്ണുകള്‍ അടച്ചു കുറച്ചു നേരം ഇരിയ്ക്കുന്നതും, പ്രകൃതി ഭംഗി ആസ്വദിക്കുന്നതൊക്കെ ആകാം.

പഠനത്തിനിടെ റിലാക്‌സ് ചെയ്യാന്‍..

 • ശ്വസനക്രിയകള്‍ ആകാം
 • പാട്ട് കേള്‍ക്കാം
 • പ്രാര്‍ത്ഥിക്കാം
 • കുടുംബാംഗങ്ങളുമായി സമയം ചിലവഴിക്കാം
 • കണ്ണാടി നോക്കി സ്വയം പോസിറ്റീവ് ആയി കരുതുന്ന കാര്യങ്ങള്‍ പറയാം.

കുടുംബാംഗങ്ങള്‍ക്കും പരീക്ഷാസമയത്ത് ഉത്തരവാദിത്തങ്ങള്‍ ഉണ്ട്.

 • കുട്ടികളെ കുറ്റപ്പടുത്താതിരിക്കുക,
 • മറ്റു കുട്ടികളുമായി താരതമ്യം ചെയ്യാതിരിക്കുക,
 • ഉത്കണ്ഠ വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ പറയാതിരിക്കുക,
 • വേണ്ട നിയന്ത്രണങ്ങള്‍ നിഷ്‌ക്കര്‍ഷിക്കാം, അവ സ്വയവും പാലിക്കുക,
 • ശ്വാസംമുട്ടിക്കുന്ന രീതിയില്‍ നിര്‍ദ്ദേശങ്ങള്‍ നല്കി പുറകേ നടക്കാതിരിക്കാം.
 • കുട്ടി ആര്‍ജിക്കുന്ന വിവരവും മൂല്യങ്ങളുമാണ് മാര്‍ക്കുകളേക്കാള്‍ പ്രധാനം എന്ന് പരീക്ഷകാലത്തെ അഭിമുഖീകരിക്കുന്ന മാതാപിതാക്കള്‍ മനസ്സിലാക്കണം, കുട്ടികളേയും മനസ്സിലാക്കിക്കുക.
 • പരീക്ഷാദിനം ഒരല്‍പ്പം ചിട്ടകളാകാം. പരീക്ഷാ ദിവസങ്ങളില്‍ കൊണ്ടു പോകേണ്ട ഹാള്‍ടിക്കറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എടുത്തു തയ്യാറാക്കി വയ്ക്കുക.

പരീക്ഷാഹാളിലെത്തുമ്പോള്‍..

 • അതിവേഗവായനയിലൂടെയുള്ള റിവിഷനാകും ഫലപ്രദം.
 • പുതിയ പാഠങ്ങള്‍ അവസാന നിമിഷം പഠിക്കാന്‍ ശ്രമിയ്ക്കുന്നത് ഫലം ചെയ്‌തേക്കില്ല.
 • മിതഭക്ഷണം, ആവശ്യത്തിനുള്ള ഉറക്കം, കുളി, ചിട്ടയൊടെയുള്ള പ്രഭാതകൃത്യങ്ങള്‍ പരീക്ഷ ദിനത്തിന്റെ തയ്യാറെടുപ്പുകളില്‍ ഉള്‍പ്പെടുത്തുക.
 • കൃത്യസമയത്ത് പരീക്ഷാഹാളിലെത്താനും നിര്‍ദ്ദേശങ്ങള്‍ വേണ്ട വിധം വായിച്ചു മനസ്സിലാക്കി എഴുതി തുടങ്ങുക.
 • അറിയുന്നത് ആദ്യം വെടിപ്പോടുകൂടി എഴുതുക.
 • നെഗറ്റീവ്മാര്‍ക്ക് ഇല്ലെങ്കില്‍ എഴുതേണ്ട എല്ലാ ചോദ്യങ്ങളും അറിയുന്ന വിധം ചിട്ടയോടെ എഴുതുക.
 • അറിയുന്ന വിവരങ്ങള്‍ വലിച്ച് വാരി എഴുതാതിരിയ്ക്കുക.
 • പ്രാക്ടിക്കലിന് തയ്യാറെടുക്കുന്നവര്‍ ആത്മവിശ്വാസം നഷ്ടപ്പെടാത്ത രീതിയില്‍ ചോദ്യങ്ങളെ അഭിമുഖീകരിക്കുക. അറിയാത്ത കാര്യങ്ങള്‍ അവതരിപ്പിച്ചു കുഴിയില്‍ ചാടാതിരിക്കുക.

ഒരു തെറ്റ് പറഞ്ഞെന്നതോ ചെയ്യുന്നതോ ഒരു തോല്‍വിയോ ലോകാവസാനമല്ലായെന്ന് കുട്ടികളും കുടുംബവും തിരിച്ചറിയുക. കാരണം പരീക്ഷകളുടെ മുദ്രാവാക്യം 'Prepare for the worst, Do your best, Forget the rest' എന്നതാണ്. ഒരല്‍പം കഷ്ടപ്പെട്ട് കിട്ടുന്ന വിജയത്തിന് തന്നയല്ലേ മാധുര്യം കൂടുതല്‍?

ഓര്‍ക്കുക, ഈ കാലവും കടന്ന് പോകും. പരീക്ഷയില്‍ കിട്ടുന്ന മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ അല്ല നിങ്ങള്‍ ഓര്‍ക്കപ്പെടാന്‍ പോകുന്നത്. എന്നാല്‍ നിങ്ങളുടെ ആത്മവിശ്വാസത്തിനെയും മനസ്സിനെയും ഉറപ്പിക്കുന്ന വളര്‍ച്ചയുടെ പടവുകളാണ് ഓരോ വിജയവും ഓരോ പരാജയവും. അതിനാല്‍ പരീക്ഷയ്ക്കല്ല, പഠിയ്ക്കുന്നതിന് വേണ്ടി 'ഓള്‍ ദ് ബെസ്റ്റ്'.