താലോലിക്കേണ്ട കൈകള്‍ തന്നെ ഘാതകരാകുന്ന കാഴ്ചയാണ് കേരളത്തിലിപ്പോള്‍. ആദ്യം തൊടുപുഴ, പിന്നെ കളമശ്ശേരി...ഗാര്‍ഹികാന്തരീക്ഷത്തില്‍ മാതാപിതാക്കള്‍ കുട്ടികളോട് ക്രൂരത കാട്ടിയ വാര്‍ത്തകള്‍ ഒറ്റപ്പെട്ടതെന്ന് ആശ്വസിക്കാനാകുമോ? പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ ഡോ. സി.ജെ ജോണ്‍ എഴുതുന്നു

അമ്മമാര്‍ തല്ലിയാലും കുട്ടിക്ക് മുറിവുകള്‍ ഉണ്ടാകും. കോപം കൂടുമ്പോള്‍ തല്ലിന്റെ ആക്കം കൂടും. മാരകമാവുകയും ചെയ്യും. തല്ലുകള്‍ മനസ്സിലുണ്ടാക്കുന്ന മുറിവുകളെല്ലാം പിന്നീടുള്ള തലോടലുകളില്‍ കരിയണമെന്നില്ല. അമ്മയുടെ അധിക്ഷേപ വാക്കുകള്‍ കൊണ്ടും കുട്ടിയുടെ സ്വയം മതിപ്പും ആത്മവിശ്വാസവും തകരാം. ഒരുപക്ഷേ, മറ്റുള്ളവര്‍ ചെയ്യുമ്പോഴുണ്ടാകുന്നതിലും അധികമാകാം അത്. കുട്ടികളെ എങ്ങനെയെങ്കിലും. നന്നാക്കണമെന്ന ആധി കലരുമ്പോള്‍ മാതൃസ്‌നേഹം വിപരീതദിശയില്‍ പോകാനിടയുണ്ട്. വെളിവില്ലാത്ത ദേഹോപദ്രത്തില്‍ എത്തുകയും ചെയ്യാം.

വ്യക്തിത്വ വൈകല്യവും മാനസികാരോഗ്യ പ്രശ്‌നങ്ങളും മറ്റ് സാമൂഹിക ദുരവസ്ഥകളും പീഡനത്തിന്റെ കാഠിന്യത്തില്‍ സ്വാധീനം ചെലുത്താം. ലഹരിയുടെയും മദ്യത്തിന്റെയും പിടിയില്‍ പെടുമ്പോള്‍ പിതാവിന്റെ ക്രൂരതകളും അതിരു വിടാം.

ഓരോ അച്ചടക്ക നടപടിയും ശിക്ഷയും കുരുന്നു മനസ്സിനെ എങ്ങനെ ബാധിക്കുമെന്ന വിശകലന ബുദ്ധി പ്രകടിപ്പിക്കുന്നതും മാതൃത്വത്തിന്റെയും വളര്‍ത്തലിന്റെയും മികവിന്റെ ലക്ഷണമാണ്. അതില്ലാതെ പോകുന്നവര്‍ക്ക് നിയന്ത്രണം വിട്ടുപോകും. കുട്ടികള്‍ അമ്മമാരിലൂടെ ജനിച്ചുവെന്നത് സത്യം. 'നൊന്തു പ്രസവിച്ചു' എന്നതും വാസ്തവം, മാതാ-പിതാക്കളാണ് എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതെന്നതും യാഥാര്‍ഥ്യം. പക്ഷേ, അതുകൊണ്ട് അവരെ തല്ലാനും കൊല്ലാനും വാക്കുകള്‍കൊണ്ട് തളര്‍ത്താനുമുള്ള അവകാശം കിട്ടുന്നില്ല... നന്നായി വളര്‍ത്താന്‍ വേറെ എത്രയോ വഴികള്‍.

മൂന്നര വയസ്സുള്ള കുട്ടിയുടെ മരണം ഏതോ ഒരു ബംഗാളി യുവതി ചെയ്ത ക്രൂരകൃത്യമെന്ന നിലയില്‍ തള്ളിക്കളയാനും അത് മലയാളികളെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന് നിസ്സാരവത്കരിക്കാനും കഴിയുമോ? ഗാര്‍ഹികാന്തരീക്ഷത്തില്‍ മാതാപിതാക്കള്‍ കുട്ടികളോട് ക്രൂരത കാട്ടിയ വാര്‍ത്തകള്‍ ഒറ്റപ്പെട്ടതെന്ന് ആശ്വസിക്കാനാകുമോ?

വളര്‍ത്തലിന്റെ ഭാഗമായി കേരളീയ കുടുംബങ്ങളില്‍ ഒരു 'ചൈല്‍ഡ് അബ്യൂസ്' സംസ്‌കാരം ഒളിഞ്ഞുകിടപ്പുണ്ട്. നല്ലപ്രായത്തില്‍ തല്ലുകിട്ടാതെ വളര്‍ന്നതിന്റെ കേടാണെന്നൊക്കെയുള്ള സ്‌റ്റൈലന്‍ ചൊല്ലുകളുമുണ്ട്. 75 ശതമാനം മാതാപിതാക്കളും കുട്ടികളെ അച്ചടക്കം ശീലിപ്പിക്കാന്‍ ദേഹോപദ്രവത്തെ ആശ്രയിക്കാറുണ്ടെന്ന് കേരളത്തിലെ കൗമാരപ്രായക്കാരില്‍ നടത്തിയ ഒരു പഠനം പറയുന്നു. വളര്‍ത്തലില്‍ ഇങ്ങനെ ഒരു നിലപാട് ഉണ്ട്.

മാതാ പിതാക്കളുടെ ആഗ്രഹത്തിന് അനുസരിച്ചുള്ള നല്ല പെരുമാറ്റം ഉണ്ടാകാനും, മികച്ച മാര്‍ക്ക് നേടാനുമൊക്കെയായി വാക്കാലുള്ള നോവിക്കല്‍ സര്‍വസാധാരണമാണ്. നല്ലൊരു ശതമാനവും ശാരീരികമായും വേദനിപ്പിക്കാറുണ്ട്.

'ഞങ്ങളുടെ കുട്ടിയെ വഴക്കുപറയാനും തല്ലാനുമൊക്കെ ഞങ്ങള്‍ക്ക് അവകാശമുണ്ട്' എന്ന ന്യായീകരണം എല്ലാ മാതാപിതാക്കളും പറയും... കുട്ടികളെയും അങ്ങനെ വിശ്വസിപ്പിക്കും. സോദ്ദേശപരമായ 'ചൈല്‍ഡ് അബ്യൂസ്' എന്നൊരു വേര്‍തിരിവില്ല. മാതാപിതാക്കള്‍ ചെയ്യുന്നതെന്നും മറ്റുള്ളവര്‍ ചെയ്യുന്നതെന്നുമുള്ള തരംതിരിവില്ല.

എല്ലാ ചൈല്‍ഡ് അബ്യൂസുകളും കുറ്റകരമാണ്. ചില കുരുന്നു മനസ്സുകളില്‍ അതുണ്ടാക്കാനിടയുള്ള മുറിവുകള്‍ വലുതാണ്.

കുട്ടികളുടെ മേല്‍ വീഴുന്ന തല്ലും അവരുടെ മേല്‍ ചൊരിയുന്ന നിന്ദാ വാക്കുകളുമൊക്കെ മുതിര്‍ന്നവര്‍ക്ക് അവരോടു തോന്നുന്ന കോപത്തിന്റെ ആവിഷ്‌കാരം മാത്രമാണ്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മൂലമുള്ള ദേഷ്യം കുട്ടികളുടെ മേല്‍ ചൊരിയുന്നവരുമുണ്ട്. മുതിര്‍ന്നവരുടെ കലിതുള്ളലുകള്‍ കൊണ്ട് അവര്‍ക്ക് ആശ്വാസം കിട്ടുന്നതല്ലാതെ, ഇളംമനസ്സില്‍ എന്ത് തിരുത്തലാണ് സംഭവിക്കുന്നത്...? വേദനകള്‍ ഉറപ്പാണ്.

പിന്നീടുള്ള സമാശ്വസിപ്പിക്കലും തലോടലും കൊണ്ട് പരിഹാരമുണ്ടാക്കാമെന്ന് വിശ്വസിക്കുന്നവരുണ്ട്. പക്ഷെ എല്ലാ കുട്ടികളിലും ഇത് സാധ്യമാകില്ല. അങ്ങനെയുള്ള കുട്ടികളുടെ പെരുമാറ്റത്തില്‍ തിരുത്തല്‍ വരാനുള്ള സാദ്ധ്യതകള്‍ കുറവാണ്.

ബാല്യത്തിലും ശൈശവത്തിലും നേരിട്ട അതിരു വിടുന്ന ശിക്ഷണ നടപടികളുടെ ഓര്‍മ്മകളില്‍ നിഷേധികളായി മാറുന്ന എത്രയോ കൗമാര പ്രായക്കാരെയും യുവാക്കളെയും കാണുന്നു. മാതാപിതാക്കള്‍ കാണിച്ചതൊക്കെ സ്‌നേഹത്തിന്റെ ഭാഷയാണെന്ന് ഇവരെ എങ്ങനെ ബോധ്യപ്പെടുത്തും? മക്കളോടൊപ്പം

ചെലവഴിക്കുന്ന ക്വാളിറ്റി സമയത്തില്‍ ശോഷണം വരികയും നല്ലവാക്കുകള്‍ പറയുന്നതില്‍ പിശുക്ക് കാട്ടുകയും ചെയ്യുന്ന ഒരു വളര്‍ത്തല്‍ അന്തരീക്ഷത്തിലെ ഏതൊരു ശിക്ഷണനടപടിക്കും തിരുത്തല്‍ശക്തി കുറയും. ഇത്തരം നോവുകള്‍ ചിലപ്പോള്‍ സ്വഭാവ രൂപവത്കരണത്തെ മറ്റൊരു ദുരന്തമാക്കി മറ്റും. ഇങ്ങനെ വധിക്കപ്പെടുന്ന വ്യക്തിത്വങ്ങള്‍ മാരകമായ ശാരീരിക മുറിവുകള്‍ ഏറ്റിട്ടുള്ള കുഞ്ഞുങ്ങളെക്കാള്‍ എത്രയോ അധികമാണ്.

വളര്‍ത്തലിലും സ്‌നേഹപ്രകടനത്തിലും ഒരു നാട്ടുനടപ്പ് എന്നോണം വീടുകളില്‍ നടപ്പിലാക്കുന്ന ചൈല്‍ഡ് അബ്യൂസ് സംസ്‌കാരത്തിനെതിരേ കൃത്യമായി കേസെടുത്താല്‍ ഒരു മാതിരിപ്പെട്ട എല്ലാവരും പെടും. ഈ സംസ്‌കാരം മാറണം. കുട്ടികളോട് സൗഹാര്‍ദവും ആദരവും നിലനിര്‍ത്തുന്ന മനഃശാസ്ത്ര പരമായ തിരുത്തല്‍ വഴികള്‍ ശീലമാക്കണം. അനഭലഷണീയമായ പെരുമാറ്റം കുട്ടി പ്രകടിപ്പിച്ചാല്‍ അത് തിരുത്തേണ്ടതാണെന്ന ബോധ്യം കുട്ടിയില്‍ ഉണ്ടാക്കുവാനുള്ള പ്രത്യാഘാതങ്ങള്‍ നല്‍കേണ്ടതുണ്ട്. അത് ശാന്തമായി പറഞ്ഞു മനസ്സിലാക്കണം. ഇത് ഓര്‍മ്മപ്പെടുത്താനായി കുട്ടിക്ക് ഇഷ്ടമുള്ള ചില കാര്യങ്ങള്‍ താല്‍ക്കാലികമായി നിഷേധിക്കാം. കളികളും,ടി.വി കാണലുമൊക്കെ ഇതിനായി തെരഞ്ഞെടുക്കാം.

കൈയില്‍ കിട്ടുന്ന വടിയോ ചട്ടുകമോ എടുത്ത് തലയ്ക്ക് അടിച്ചാല്‍. ശരി-തെറ്റുകളെ കുറിച്ച് ബോധം വരില്ല. നിഷേധ സ്വഭാവത്തിന്റെ വിത്ത് വളരാന്‍ സാധ്യത കൂടും. ചിലപ്പോള്‍ തലച്ചോറിന് ക്ഷതമേറ്റ് ബോധം തന്നെ പോകും. കുട്ടികളുടെ കുരുത്തക്കേടുകള്‍ കാണുമ്പോള്‍ വിവേകവും വികാരനിയന്ത്രണവും കൈമോശം വന്ന് അതിക്രമങ്ങളിലേക്ക് പോകാത്ത ഒരു വളര്‍ത്തല്‍രീതി ഉണ്ടാകട്ടെ.

Content Highlight: Parenting, Parenting Right Path, Kids Care, Kids Health, Child Abuse,Violence Against Children, Child Abuse and Parenting Right Path