Representative Image | Photo: Gettyimages.in
കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവും ആയ വളര്‍ച്ചയില്‍ കളികള്‍ക്കുള്ള പങ്ക് സുപ്രധാനമാണ്. അവര്‍ ചുറ്റുമുള്ള ലോകത്തെ അറിയുന്നതും പഠിക്കുന്നതും കളികളിലൂടെയാണ്. തലച്ചോറിന്റെ ഉയര്‍ന്ന തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കളികള്‍ സഹായിക്കുന്നുണ്ട്. തീരുമാനങ്ങള്‍ എടുക്കുക, പ്രശ്‌നങ്ങള്‍ പരിഹരിക്കുക, ചിന്തകള്‍, സര്‍ഗാത്മകത, ഭാഷാ വികസനം, നേതൃത്വപാടവം, സാമൂഹികമായി ഇടപെടാനുള്ള കഴിവ്, വൈകാരിക പക്വത തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടുന്നവയാണ്. കൂടാതെ സ്‌കൂളില്‍ പഠിക്കുന്ന കണക്ക്, സയന്‍സ്, സാമൂഹികശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ ആശയങ്ങള്‍ മനസ്സിലാക്കുന്നതിനും കളികളിലൂടെ സാധിക്കാറുണ്ട്. കുട്ടികളിലെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും തലച്ചോറില്‍ ഉണ്ടാകുന്ന വികസനത്തിനനുസരിച്ച് അവരുടെ കളികളിലും മാറ്റങ്ങള്‍ ഉണ്ടാകുന്നതായി കാണാം. ശൈശവം മുതല്‍ത്തന്നെ കളിക്കാനുള്ള അന്തര്‍ലീനമായ പ്രചോദനങ്ങള്‍ കുഞ്ഞുങ്ങളില്‍ കാണാറുണ്ട്. കുട്ടികളുടെ കളികള്‍ നിരീക്ഷിച്ചാല്‍ തലച്ചോറിന്റെ വികസനവും സാമൂഹിക വളര്‍ച്ചയുടെ ഘട്ടങ്ങളുമൊക്കെ പ്രതിഫലിക്കുന്നത് കാണാം.
അണ്‍ ഒക്യുപ്പൈഡ് പ്ലേ
കളിയുടെ ഏറ്റവും അടിസ്ഥാനരൂപമാണ് അണ്‍ ഒക്യുപ്പൈഡ് പ്ലേ (Un Occupied Play) എന്ന് പറയാം. ജനിച്ച് ദിവസങ്ങള്‍ മാത്രമായ കുഞ്ഞുങ്ങള്‍ കട്ടിലില്‍ കിടന്നുകൊണ്ട് വെറുതെ കൈകാലിട്ടടിക്കുന്നതും ശരീരഭാഗങ്ങള്‍ ചലിപ്പിക്കുന്നതും അവ്യക്തമായ ശബ്ദങ്ങള്‍ ഉണ്ടാക്കുന്നതും ഒക്കെ കളികള്‍തന്നെയാണ്. ചുറ്റുമുള്ള വസ്തുക്കളെ നിരീക്ഷിക്കുകയും കണ്ടും കേട്ടും തൊട്ടും മനസ്സിലാക്കുന്നതും ഒക്കെ ഇത്തരം കളികളിലൂടെയാണ്. ഈ പ്രായത്തില്‍ പല നിറങ്ങളിലും വിവിധ തരത്തില്‍ ഉള്ളതും (ഉദാ: പരുപരുത്തത്, മൃദുലമായത്) വ്യത്യസ്ത ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതുമായ (റാറ്റില്‍, ഞെക്കുമ്പോള്‍ കരയുന്ന പാവകള്‍) കളിപ്പാട്ടങ്ങള്‍ നല്‍കാവുന്നതാണ്. കൂടാതെ പല വലുപ്പത്തിലും ആകൃതിയിലുമുള്ള കളിപ്പാട്ടങ്ങളും വസ്തുക്കളും കുഞ്ഞിന്റെ ശരീരചലനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള മെത്തകളുമൊക്കെ (ഉദാ: മുകളില്‍ പലനിറത്തിലുള്ള കളിക്കോപ്പുകള്‍ ഘടിപ്പിച്ചിട്ടുള്ളവ) നല്‍കുന്നത് ഈ ഘട്ടത്തിലെ തലച്ചോറിന്റെ വികസനത്തിന് സഹായിക്കുന്നവയാണ്.
ഒറ്റയ്ക്കുള്ള കളികള്‍
സാമൂഹികമായ വളര്‍ച്ച എത്തിയിട്ടില്ലാത്തതിനാല്‍ ജനനംമുതല്‍ ഏകദേശം രണ്ട് വയസ്സുവരെയുള്ള കാലഘട്ടത്തില്‍ കൂടുതലും ഒറ്റയ്ക്ക് (Solitary Play) കളിക്കുന്നവരാണ് കുട്ടികള്‍. അതിനാല്‍ അവര്‍ ചുറ്റുമുള്ളവരെപ്പറ്റി ശ്രദ്ധിക്കണമെന്നില്ല. വളരെ സ്വതന്ത്രമായിരുന്ന് കളിക്കുന്നതിനാല്‍ ഇന്‍ഡിപെന്‍ഡന്റ് പ്ലേ എന്നും ഇതറിയപ്പെടുന്നു. ഏകാഗ്രതയും സര്‍ഗാത്മകതയും സ്ഥിരോത്സാഹവുമൊക്കെ മെച്ചപ്പെടുത്താന്‍ സോളിറ്ററി പ്ലേ സഹായിക്കുന്നുണ്ട്. സ്വന്തം കളിപ്പാട്ടങ്ങളും വീട്ടിലെ പല വസ്തുക്കളും പാത്രങ്ങളുമൊക്കെയെടുത്ത് സ്വന്തം ഇഷ്ടത്തിനനുസരിച്ചാണ് ഇവര്‍ ഇത്തരം കളികളിലേര്‍പ്പെടുക.
നിരീക്ഷണ താത്പര്യം
ഏകാന്തമായിരുന്നുള്ള കളികള്‍ക്കൊപ്പംതന്നെ മറ്റുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും കളികള്‍ നിരീക്ഷിക്കാനും (Onlooker Play) കുട്ടികള്‍ ഇഷ്ടപ്പെടുന്നു. ഏകദേശം രണ്ട് വയസ്സിനകംതന്നെ ഇത്തരം ഇഷ്ടങ്ങള്‍ കുഞ്ഞുങ്ങളില്‍ കാണാവുന്നതാണ്. നിരീക്ഷണത്തിലൂടെ പുതിയ വാക്കുകളും കളികള്‍ക്കാവശ്യമായ ചലനങ്ങളും പഠിക്കാനും അനുകരിക്കാനും കുട്ടികള്‍തമ്മിലുള്ള ഇടപെടലുകള്‍ മനസ്സിലാക്കാനുമൊക്കെ ഓണ്‍ലുക്കര്‍ പ്ലേയിലൂടെ സാധിക്കുന്നു. സംഗീതോപകരണങ്ങള്‍ വായിക്കുന്നതു കാണിക്കുക, പാര്‍ക്കുകളില്‍ കൊണ്ടുപോയി മറ്റ് കുട്ടികള്‍ കളിക്കുന്നത് കാണിക്കുക തുടങ്ങിയവയൊക്കെ മാതാപിതാക്കള്‍ക്ക് ചെയ്യാവുന്നതാണ്.
അടുത്തിരുന്നുള്ള കളികള്‍
കുഞ്ഞുങ്ങള്‍ സംസാരിക്കാനും ഇടപഴകാനും തുടങ്ങുന്നതോടെ അവര്‍ മറ്റുള്ള കുട്ടികളുടെ അടുത്തിരുന്ന് കളിക്കാന്‍ തുടങ്ങുന്നു. എന്നാല്‍ അവരോട് ചേര്‍ന്ന്, ആശയങ്ങള്‍ പങ്കുവെച്ച് കളിക്കുകയുമില്ല. 'എന്റേത്', 'നിന്റേത്' തുടങ്ങിയ ആശയങ്ങളൊക്കെ ഈ ഘട്ടത്തിലാണുണ്ടാകുന്നത്. രണ്ടുവയസ്സ് കഴിയുന്നതോടെ കുട്ടികളില്‍ സമാന്തരമായിരുന്നുള്ള കളികള്‍ (Parallel play) കാണാം.
മറ്റുള്ളവരുമായി സഹകരിക്കാനുള്ള കഴിവിന്റെ ആദ്യപടിയാണിതെന്ന് പറയാം. മറ്റുള്ളവരുടെ കാഴ്ചപ്പാടുകള്‍ മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് ഈ പ്രായത്തില്‍ കഴിയുന്നില്ല. മറ്റുള്ളവരെ അനുകരിച്ചുള്ള കളികള്‍ (അച്ഛനുമമ്മയും കളിക്കുക, ടീച്ചറായി അഭിനയിക്കുക), സൃഷ്ടിപരമായ കളികള്‍, ക്രിയാത്മകമായ കളികള്‍ (ഉദാ: ബ്ലോക്‌സ് ഉപയോഗിച്ച് കെട്ടിടത്തിന്റെ മോഡലുകള്‍ ഉണ്ടാക്കുക) തുടങ്ങിയവയൊക്കെ ഈ ഘട്ടത്തില്‍ കാണാവുന്നതാണ്.
പാവകള്‍, ബില്‍ഡിങ് ബ്ലോക്‌സ്, പടങ്ങളുള്ള ബുക്കുകള്‍, പെന്‍സില്‍, ക്രയോണ്‍സ് ഒക്കെ ഈ പ്രായത്തില്‍ നല്‍കാവുന്നതാണ്.
ചേര്‍ന്നുള്ള കളികള്‍
മൂന്ന്‌നാല് വയസ്സാകുന്നതോടെ കളികള്‍ക്കിടയില്‍ മറ്റ് കുട്ടികളുമായി അത്യാവശ്യം സംസാരിച്ചും സഹകരിച്ചും (Associated Play) തുടങ്ങുന്നതാണ്. ഒരേ കളിസ്ഥലത്ത് കളിക്കുകയാണെങ്കില്‍ പോലും ഒരേ ലക്ഷ്യത്തോടുകൂടി കളിക്കാന്‍ ഇവര്‍ പ്രാപ്തരായിട്ടുണ്ടാകില്ല. എന്നാലും തമ്മില്‍ ചോദ്യങ്ങള്‍ ചോദിക്കാനും സഹായിക്കാനുമൊക്കെ ഇവര്‍ മുതിരാറുണ്ട്.
സഹകരിച്ചുള്ള കളികള്‍
നാല്അഞ്ച് വയസ്സ് പൂര്‍ത്തിയാകുന്നതോടെ പൂര്‍ണമായും മറ്റുള്ളവരുമായി സഹകരിച്ച് കളിക്കാന്‍ താത്പര്യമുള്ളവരായി കുട്ടികള്‍ മാറുകയും കളിപ്പാട്ടങ്ങളും ആശയങ്ങളും പങ്കുവെക്കാന്‍ തുടങ്ങുകയും (Cooperative Play) ചെയ്യുന്നു.
ഏഴുവയസ്സാകുന്നതോടെ യുക്തിപരമായി ചിന്തിക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമൊക്കെ തുടങ്ങുന്നതിന്റെ ഭാഗമായി, ചെറിയ നിയമങ്ങള്‍ ഉള്ള കളികളിലേക്കും ഹോബികള്‍, ചെസ്സ് പോലുള്ള ബോര്‍ഡ് ഗെയിമുകളിലേക്കുമൊക്കെ കുട്ടികള്‍ താത്പര്യം കാണിക്കും. 11-12 വയസ്സാകുന്നതോടെ പ്രയാസമേറിയ കണക്കുകള്‍ ചെയ്യാനും സര്‍ഗാത്മകമായി ചിന്തിക്കാനും ശാസ്ത്രീയമായ ആശയങ്ങള്‍ മനസ്സിലാക്കാനുമൊക്കെ തുടങ്ങുന്നതോടെ സങ്കീര്‍ണമായ നിയമങ്ങളുള്ള കളികളിലും കുട്ടികള്‍ ഏര്‍പ്പെടുന്നു. മത്സരബുദ്ധിയോടെ ഒരേ ലക്ഷ്യത്തിനായി ഒരു ടീമായി ഒരുമിച്ച് കളിക്കാന്‍ അവര്‍ അപ്പോഴേക്കും പ്രാപ്തരാകാറുണ്ട്.
ഈ കാലഘട്ടങ്ങളില്‍ റുബിക്‌സ് ക്യൂബ് (Rubik's Cube), ചെസ്സ്, സുഡോകു തുടങ്ങിയവയൊക്കെ ചെയ്യാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കാവുന്നതാണ്. (മില്‍ഡ്രെഡ് പാര്‍ട്ടണ്‍ (Mildred Parten) എന്ന അമേരിക്കന്‍ സോഷ്യോളജിസ്റ്റാണ് ഇങ്ങനെയൊരു തരംതിരിവ് കളികള്‍ക്ക് നല്‍കിയത്)
Content Highlights: play impacts early brain development, importance of play in childhood
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..