കുട്ടിക്കാലത്തു വിരശല്യം അനുഭവിക്കാത്തവര്‍ കുറവായിരിക്കും. രാത്രികാലങ്ങളില്‍ വിര കാരണമുള്ള ചൊറിച്ചില്‍ കൊണ്ട് കരയാത്ത കുട്ടികള്‍ വിരളം. എന്നാല്‍പോലും പലപ്പോഴും അച്ഛനമ്മമാര്‍ ഇതിനു കാര്യമായ പ്രാധാന്യം കൊടുക്കുന്നതായി കാണാറില്ല. ''ഇതൊക്കെ കുട്ടികളില്‍ സാധാരണമല്ലേ, വലുതാവുമ്പോള്‍ അങ്ങ് മാറിക്കോളും'' എന്ന് പറയുന്നവരാണ് അധികവും. ഈ പറയുന്നപോലെ ഇതിത്ര നിസ്സാരമാണോ?

എന്താണ് വിരകള്‍ ഉണ്ടാക്കുന്ന പ്രശ്നം?

വിരകള്‍ നമ്മുടെ ശരീരത്തിലേക്ക് ക്ഷണിക്കപ്പെടാതെ എത്തുന്ന അതിഥികളാണ്. ദോഷങ്ങള്‍ ധാരാളമുണ്ട്. ഇവരെ 'പരാന്നഭോജികളുടെ' ഗണത്തില്‍ പെടുത്താം. അതായത് ഒരാളുടെ ശരീരത്തില്‍ കയറിക്കൂടി അയാളുടെ ശരീരത്തില്‍നിന്നുതന്നെ പോഷകഘടകങ്ങള്‍ വലിച്ചെടുത്തു സ്വന്തം വയര്‍ നിറയ്ക്കുന്ന ആള്‍ക്കാര്‍! അതുകൊണ്ട് നമുക്കുണ്ടാകുന്ന ദോഷമോ? പോഷകക്കുറവ് തന്നെ ! നമ്മുടെ ശരീരത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ആവശ്യമായ ഭക്ഷണത്തിലെ പോഷകഘടകങ്ങള്‍ ആശാന്‍ അടിച്ചുമാറ്റും. അപ്പോള്‍ കുട്ടികളുടെ കാര്യം പറയണോ? അവരെ ഭക്ഷണം കഴിപ്പിക്കാന്‍ പെടുന്നപാട് നമുക്കറിയാം, അല്ലേ? അപ്പോള്‍ അതില്‍നിന്ന് പോഷകങ്ങള്‍ ഇങ്ങനെ ചോര്‍ന്നു പോയാലോ? പ്രശ്‌നമാണ്! അതവരുടെ വളര്‍ച്ചയെത്തന്നെ ബാധിക്കും.

ഇത് മാത്രമാണോ പ്രശ്‌നം? അല്ല. ഇവര്‍ നമ്മുടെ കുടലില്‍ കടിച്ചുകടിച്ചു ചെറിയ വ്രണങ്ങള്‍ ഉണ്ടാക്കുന്നു. തത്ഫലമായി ഇതിലൂടെ രക്തസ്രാവമുണ്ടാകുകയും ഈ രക്തം മലം വഴി നഷ്ടമാവുകയും ചെയ്യുന്നു. ഈ നഷ്ടമാകുന്ന രക്തം പലപ്പോഴും നമുക്ക് നഗ്നനേത്രങ്ങള്‍കൊണ്ട് മലത്തില്‍ കാണാന്‍ സാധിക്കണമെന്നില്ല. എന്നാല്‍ മലം പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. കുറെ നാളുകള്‍ ഇങ്ങനെ നഷ്ടപ്പെടുന്ന രക്തം നമ്മുടെ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയ്ക്കുകയും വിളര്‍ച്ച ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇവരെ നിസ്സാരക്കാരായി കാണാന്‍ പറ്റില്ല. കാരണം വികസ്വരരാജ്യമായ ഇന്ത്യയില്‍ വിളര്‍ച്ച കുട്ടികളില്‍ അത്രകണ്ടു കൂടുതലാണ്. അതില്‍തന്നെ നല്ലൊരു ശതമാനം വിരശല്യം കാരണവും !

പോഷകാഹാരക്കുറവും വിളര്‍ച്ചയും ആണ് നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രധാന വില്ലന്മാര്‍. അപ്പോള്‍ ഇതിനു കാരണമാകുന്ന വിരശല്യത്തെ നേരിടേണ്ടത് ആവശ്യമല്ലേ? നിശ്ചയമായും. ഇത് വഴി നാം നമ്മുടെ കുട്ടികളുടെയും തത്ഫലമായി നമ്മുടെ രാജ്യത്തിന്റെ ഭാവിയെയുമാണ് കാക്കുന്നത്.

ഏതൊക്കെയാണ് ഈ വിരകള്‍?

എണ്ണിയാലൊടുങ്ങാത്തതരം വിരകളുണ്ട്. എന്നാല്‍ മനുഷ്യശരീരത്തില്‍ കയറിക്കൂടി മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് പ്രധാനമായും മൂന്നുതരം വിരകളാണ്.

 1.  Pin worm/ seat worm
 2. Hook worm
 3.  Round worm

എന്തൊക്കെയാണ് ലക്ഷണങ്ങള്‍?

 • മലദ്വാരത്തിലെ ചൊറിച്ചില്‍: സാധാരണയായി കുട്ടികളില്‍ കാണപ്പെടുന്ന വിരകളില്‍ പ്രധാനികള്‍ PIN WORMS ആണ്. ചെറിയ നൂല് പോലെ വെളുത്തിരിക്കുന്നവര്‍. കൂടിപ്പോയാല്‍ ഒരു സെന്റിമീറ്റര്‍ നീളം കാണും. പലപ്പോഴും കുട്ടികളുടെ മലത്തില്‍ ഇവയെ നഗ്നനേത്രങ്ങള്‍ കൊണ്ടുതന്നെ കാണാറുണ്ട്. അല്ലെങ്കില്‍ രാത്രിസമയങ്ങളില്‍ അവരുടെ മലദ്വാരത്തിലൂടെ ഇവര്‍ പുറത്തേക്കു വരുന്നതും കാണാം. കുട്ടികളില്‍ ഇവര്‍ മലദ്വാരത്തിനു ചുറ്റും അസഹ്യമായ ചൊറിച്ചില്‍ ഉണ്ടാക്കും. അതും രാത്രികാലത്ത്. ഇതിനുകാരണം പെണ്‍വിരകളാണ്. ഇവര്‍ രാത്രിയാകുന്നതോടെ കുടലില്‍നിന്ന് മലദ്വാരത്തിലേക്കെത്തുന്നു. എന്നിട്ട് അവരുടെ കൂര്‍ത്ത വാല്‍ഭാഗംകൊണ്ട് അവിടെ കുത്താന്‍ തുടങ്ങും. ഇതാണ് കുട്ടികളില്‍ ഈ ചൊറിച്ചില്‍ ഉണ്ടാക്കുന്നത്.
 • മലത്തില്‍ കാണപ്പെടുന്ന വിരകള്‍
 • വിരകള്‍ ഛര്‍ദിലില്‍ കാണപ്പെടുക
 • വിളര്‍ച്ച കാരണമുള്ള തളര്‍ച്ചയും ഉഷാറില്ലായ്മയും
 • പോഷകാഹാരക്കുറവ്
 • തൂക്കക്കുറവ്
 • മലബന്ധം - ഇതുണ്ടാക്കുന്നത് ആണ്. ഇവര്‍ തമ്മില്‍ കൂടിപ്പിണഞ്ഞ് ഒരു പന്ത് പോലെയായി ബ്ലോക്കുണ്ടാക്കി മലബന്ധം ഉണ്ടാക്കുന്നു.
 • വയറുവേദന
 • മലത്തില്‍ രക്തം കാണുക

എങ്ങനെ ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരുന്നു?

വിരകള്‍ മലദ്വാരത്തിനടുത്ത് ചൊറിച്ചില്‍ ഉണ്ടാക്കുന്നതെങ്ങനെ എന്ന് നമ്മള്‍ കണ്ടല്ലോ. സ്വാഭാവികമായും കുട്ടികള്‍ അവരുടെ നഖമുപയോഗിച്ചു ചൊറിയും. ഈ സമയം ആ ഭാഗത്തു ചെറിയ ചെറിയ മുറിവുകള്‍ പ്രത്യക്ഷപ്പെടും. പെണ്‍വിരകള്‍ക്ക് ആവശ്യവും അതുതന്നെ. ഈ മുറിവുകളില്‍ അവര്‍ മുട്ടയിട്ടു വെക്കും. ഈ മുട്ടകള്‍ വിരിഞ്ഞ് പുതിയവിരകള്‍ ഉണ്ടാവുകയും ചെയ്യും. ഇവിടെ സംഭവിക്കുന്ന വേറൊരു കാര്യവുമുണ്ട്. കുട്ടികള്‍ നഖങ്ങളുപയോഗിച്ച് ചൊറിയുമ്പോള്‍ അവിടെയുള്ള മുട്ടകളും പുതിയവിരകളും ഈ നഖങ്ങള്‍ക്കുള്ളിലേക്കു കയറിക്കൂടും. കുട്ടികള്‍ ഇതറിയാതെ ഈ നഖങ്ങള്‍ വായിലിടുകയോ അല്ലെങ്കില്‍ ആ കൈയുപയോഗിച്ചു ഭക്ഷണം കഴിക്കുകയോ ചെയ്യും. അങ്ങനെ വീണ്ടും ഈ മുട്ടകളും പുതിയ വിരകളും അവരുടെ വയറില്‍ത്തന്നെ എത്തിച്ചേരും. ഈ പ്രക്രിയ ഇങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കും.

ഇത് മാത്രമല്ല സംഭവിക്കുന്നത്, വിരയുള്ള കുട്ടികള്‍ പൊതുസ്ഥലത്തു മലമൂത്രവിസര്‍ജനം ചെയ്താലോ? ഈ മലത്തിലും ഉണ്ടാകുമല്ലോ ഈ മുട്ടകളും വിരകളും. അത് മണ്ണില്‍ കലരുന്നു. ഈ മണ്ണില്‍ കളിക്കുന്ന കുട്ടികള്‍ കൈ കഴുകാതെയും മറ്റും ആഹാരസാധനങ്ങള്‍ ഭക്ഷിക്കുന്നതിലൂടെയും കുട്ടികളുടെ ദേഹത്തേക്ക് വീണ്ടും ഇവ കടന്നുകൂടുന്നു.

പിന്നെ പകരുന്നത് ഈച്ചകളിലൂടെയാണ്. മലത്തില്‍ വന്നിരിക്കുന്ന ഈച്ചകള്‍ നമ്മുടെ ഭക്ഷണസാധനങ്ങളിലും വന്നിരിക്കും. അവരുടെ കാലുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വിരകളും മുട്ടകളും അങ്ങനെ നാം കഴിക്കുന്ന ആഹാരത്തിലും കലരുന്നു. അതുവഴി നമ്മുടെ വയറ്റിലേക്കും.

ഈ മലംകൊണ്ട് അശുദ്ധമായ ജലം തിളപ്പിക്കാതെ ഉപയോഗിക്കുന്നത് ഒരു കാരണമാണ്. പ്രത്യേകിച്ച് മഴക്കാലങ്ങളില്‍.

പിന്നെ പകരുന്നത് കുട്ടികളുടെ അടിവസ്ത്രങ്ങളിലൂടെയാണ്. മലദ്വാരത്തില്‍നിന്ന് ഈ വിരകളും മുട്ടകളും അവരുടെ അടിവസ്ത്രങ്ങളില്‍ പറ്റിപ്പിടിച്ചിട്ടുണ്ടാകും. അവര്‍ ഇരിക്കുന്ന സ്ഥലങ്ങളിലൊക്കെ ഇവയും പറ്റിപ്പിടിക്കും. പിന്നീട് അവിടെ ഇരിക്കുന്നവരുടെ വസ്ത്രത്തിലേക്കും ക്രമേണ അവരുടെ ശരീരത്തിലേക്കും കയറിപ്പറ്റും.

ഇങ്ങനെ പലരീതികളില്‍ ഇവ ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകര്‍ന്നുകൊണ്ടിരിക്കും. ഒരു വീട്ടില്‍ പലപ്പോഴും പല ആളുകള്‍ക്ക് ഈ പ്രശ്‌നം കാണാറുണ്ട്. ആ വീട്ടില്‍ മൂന്നു കുട്ടികളുണ്ടെങ്കില്‍ തൊണ്ണൂറു ശതമാനവും മൂന്നുപേര്‍ക്കും വിരശല്യമുണ്ടാകും.

എങ്ങനെ ചികിത്സിച്ചു ഭേദമാക്കാം?

എല്ലാ ആറുമാസവും വിരകള്‍ക്കുള്ള മരുന്നുകള്‍ രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് കൊടുക്കേണ്ടതാണ്. ഇത് നമ്മള്‍ മുന്‍കരുതലെന്ന രീതിയില്‍ കൊടുക്കുന്നതാണ്. ഈ മരുന്ന് കൊടുത്താല്‍ വയറിളക്കം, ഛര്‍ദി എന്നിവ വരുമെന്നത് തെറ്റിദ്ധാരണയാണ്. വിരകളുണ്ടെങ്കില്‍ അവ വിസര്‍ജിച്ചുപോകുന്നതാണ്. അത് പലപ്പോഴും നമ്മള്‍ നഗ്നനേത്രങ്ങള്‍കൊണ്ട് കാണാറില്ല.

ഇനി വിരയുള്ള കുട്ടിയാണെങ്കില്‍, ആ കുട്ടിക്ക് ഒരു ശിശുരോഗവിദഗ്ധനെ കണ്ട് മരുന്ന് ശരിയായ ഡോസില്‍ കൊടുക്കേണ്ടതാണ്. പല മരുന്നുകളും വിപണികളില്‍ ലഭ്യമാണ്. പക്ഷേ, ഒരു ഡോക്ടറെ കണ്ടു അവ ഉപയോഗിക്കുന്നതാണ് അഭികാമ്യം.

കുട്ടിക്ക് മരുന്ന് കൊടുത്തിട്ടും ഫലം കാണുന്നില്ലെങ്കില്‍, ആ കുടുംബത്തിലെ എല്ലാവരും ഒരുമിച്ചു ചികിത്സ എടുക്കേണ്ടതാണ്. മുമ്പ് പറഞ്ഞ പോലെ കുടുംബത്തിലെ മുതിര്‍ന്ന ആരിലെങ്കിലുമായിരിക്കാം വിരകളുള്ളത്. അവരില്‍ നിന്നായിരിക്കും കുട്ടികള്‍ക്ക് അത് കിട്ടുന്നത്. സ്രോതസ്സിനെ കണ്ടുപിടിക്കല്‍ ബുദ്ധിമുട്ടായത് കൊണ്ട് എല്ലാവരും അതിനുള്ള മരുന്ന് കഴിക്കുകയാണ് നല്ലത്.

ഒരു കാര്യം ഒന്നുകൂടി പറയട്ടെ, വ്യക്തിശുചിത്വം ആണ് വിരയെ ഓടിക്കാനുള്ള ഏക ഒറ്റമൂലി. 

Content Highlights: worm problem in child, Kids Health, Kids Health Care