രോഗ പ്രതിരോധ കുത്തിവെപ്പുകളെ (വാക്‌സിൻ ) പറ്റി പറഞ്ഞു തുടങ്ങും മുമ്പ് ഒരു സംഭവകഥ പറഞ്ഞു കൊണ്ട് കുറിപ്പ് ആരംഭിക്കട്ടെ..

നാല് വർഷങ്ങൾക്കു മുൻപ് കടുത്ത തൊണ്ടവേദനയും കൊണ്ടാണ് മുഹമ്മദ് അമൻ (പേര് സാങ്കൽപ്പികം) എന്ന പതിമൂന്ന് വയസുകാരൻ എന്റെ പരിശോധന മുറിയിലേക്ക് എത്തുന്നത്. ടോർച്ചിന്റെ വെളിച്ചത്തിൽ ഞാൻ അവനു തൊണ്ടമുള്ള് (ഡിഫ്തീരിയ) എന്ന രോഗനിർണയം നടത്തുകയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യുകയും ചെയ്തു. വാക്‌സിൻ വിരുദ്ധനായ അവന്റെ പിതാവ് തന്റെ കുഞ്ഞിന് കൊടുത്തിരിക്കേണ്ട പ്രതിരോധ കുത്തിവെപ്പുകൾ ഒന്നും തന്നെ നൽകിയിട്ടില്ലായിരുന്നു. അവിടെവച്ച് അമൻ മരണപ്പെട്ടു. യഥാസമയം പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിരുന്നെങ്കിൽ തടയാൻ കഴിയുമായിരുന്ന ഒരു മരണത്തിനു കൂടി ഞാൻ  സാക്ഷി ആവേണ്ടി വന്നു!

ആരോഗ്യരംഗത്ത് ഏറെ പുരോഗതി കൈവരിച്ച മലയാളികളിൽ പോലും കുറച്ചധികം പേര് ഇന്നും വാക്‌സിനുകളോട് മുഖം തിരിച്ചു നിൽക്കുന്നു!! പ്രതിരോധ കുത്തിവെപ്പുകൾക്കു പിന്നിൽ മരുന്ന് / വാക്‌സിൻ മാഫിയ ബന്ധങ്ങൾ ഇല്ലേ? മാനവരാശിയുടെ ക്രമാതീതമായ പെറ്റ്  പെരുകൽ തടയുന്നതിനായി ആഗോളതലത്തിൽ നടക്കുന്ന ഗൂഢാലോചന അല്ലേ ഇത്? പോളിയോ തുള്ളി മരുന്ന് നൽകിയിട്ടും തളർവാതം വന്നു, കുത്തിവെപ്പുകൾ ഗുരുതരമായ സൈഡ് എഫക്ട് ഉണ്ടാക്കുന്നു.. എന്നിങ്ങനെ ഉന്നയിക്കപ്പെട്ടിട്ടുള്ള ആശങ്കകൾക്ക് ഓരോന്നായി മറുപടി തരാം. അതിനു മുമ്പ് നമുക്ക് കുറച്ചു ശാസ്ത്രം മനസിലാക്കാം. 

ആദ്യമേ പറയട്ടെ, ശാസ്ത്രത്തെ മനസിലാക്കാൻ മനുഷ്യ സഹജമായ ബുദ്ധിയും മുൻവിധികൾ ഇല്ലാത്ത ഒരു മനസും മാത്രം മതി.

എന്താണ് വാക്‌സിനുകൾ ശരീരത്തിൽ ചെയ്യുന്നത് ?

അതിനു മുൻപ് ഒരു രോഗം ഉണ്ടായാൽ  നമ്മുടെ ശരീരം എങ്ങനെ ആണ് രോഗമുക്തി കൈവരിക്കുന്നത് എന്ന് അറിയണം. ഒരു രോഗാണു ശരീരത്തിൽ കടന്നു കഴിയുമ്പോൾ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കുന്നു. തത്ഫലമായി ആ രോഗാണുവിനെ നേരിടാനായുള്ള ആന്റിബോഡികൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നു. ശരിയായ അളവിൽ ആന്റിബോഡികൾ നിർമിക്കപെട്ടാൽ ശരീരത്തിന് രോഗാണു പെറ്റു പെരുകുന്നത് തടയാൻ കഴിയുകയും ആ രോഗബാധയിൽ നിന്ന് മുക്തി നേടാനും സാധിക്കുന്നു. ഈ ഒരു തത്വം ഉപയോഗിച്ചാണ് വാക്‌സിനുകൾ പ്രവർത്തിക്കുന്നത്. ചത്തതോ നിർവീര്യമാക്കപ്പെട്ടതോ ആയ രോഗാണുവാണ് വാക്‌സിനിൽ അടങ്ങിയിരിക്കുന്നത്. ചില  അവസരങ്ങളിൽ രോഗാണുവിന്റെ ഏതെങ്കിലും ഒരു ഘടകം മാത്രവും ആവും. വാക്‌സിനിൽ അടങ്ങിയിരിക്കുന്ന രോഗാണു  നിർജീവമായതോ രോഗമുണ്ടാക്കാൻ ശേഷിയില്ലാത്തതോ ആയതിനാൽ തന്നെ അവയ്ക്കു ശരീരത്തിൽ കയറി പെറ്റ്  പെരുകാനോ രോഗമുണ്ടാക്കാനോ സാധിക്കയില്ല. മറിച്ചു വാക്‌സിനിലെ ഈ രോഗാണുവിന്‌ എതിരെയും നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കുകയും ആ രോഗത്തെ ചെറുക്കാനായുള്ള ആന്റിബോഡികൾ ശരീരം നിർമിച്ചെടുക്കുകയും ചെയ്യുന്നു.

ഭാവിയിൽ ഒറിജിനൽ രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ ശരീരത്തിൽ ആ രോഗത്തിനെതിരെ നേരത്തെ തന്നെ നിർമിച്ചുവെച്ചിരിക്കുന്ന ആന്റിബോഡികളുടെ സഹായത്താൽ രോഗമുണ്ടാകുന്നത് തടയാനും പറ്റുന്നു. അങ്ങനെ  ഒരു പ്രത്യേക തരം രോഗം ഭാവിയിൽ ബാധിക്കുന്നത് തടയാൻ കുത്തിവെപ്പുകൾ എടുക്കുന്നത് വഴി നമുക്ക് സാധിക്കുന്നു. ചില അവസരങ്ങളിൽ കുത്തിവെപ്പ് എടുത്തവരിലും രോഗം ഉണ്ടായി എന്ന് വരാം. പക്ഷേ അവരിൽ ആ രോഗലക്ഷണങ്ങൾ വളരെ ലഘുവായി കടന്നു പോവുകയും എളുപ്പത്തിൽ രോഗമുക്തി ലഭിക്കുകയും ചെയ്യുന്നു. ഇങ്ങനെ സമൂഹത്തിലെ നല്ലൊരു  ശതമാനം പേരെ ഒരു പ്രത്യേക രോഗത്തിനെ നേരിടാൻ  വാക്‌സിൻ എടുപ്പിച്ചു സന്നദ്ധർ ആക്കുന്നത്  വഴി ആ രോഗാണുവിന്‌ ആ സമൂഹത്തിലെ ജനങ്ങൾക്കിടയിൽ പെറ്റു പെരുകാൻ സാധിക്കാതെ വരുന്നു. അപ്പോൾ ആ സമൂഹം ആ ഒരു രോഗത്തിന് ഇതിനെ ആർജിത പ്രതിരോധ ശേഷി (ഹേർഡ് ഇമ്മ്യൂണിറ്റി) കൈവരിക്കുകയും ചെയ്യുന്നു .

വാക്‌സിൻ വരവിന്റെ കഥ: മാനവരാശിക്ക് ജെന്നർനോടുള്ള കടപ്പാടിന്റെ കണക്കും

വസൂരി നൂറ്റാണ്ടുകളായി മനുഷ്യ ജീവനുകൾ എടുക്കുകയും അസുഖം വന്നു ബാക്കി യായവരുടെ ജീവിതം ദുരിത പൂർണം ആവുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു ഈ ഭൂമിയിൽ. പതിനേഴാം നൂറ്റാണ്ടിൽ ആയിരുന്നു സാറ തെല്മസ് എന്ന കറവക്കാരി പശുവിനെ കറന്നതുമൂലം തൊലിപ്പുറത്തു ചെറിയ കുമിളകൾ പ്രത്യക്ഷപ്പെട്ടതു കാരണം അവിടെ കമ്മ്യൂണിറ്റി ഡോക്ടർ ആയിരുന്ന എഡ്വേർഡ് ജെന്നർനെ സമീപിച്ചത്. അവൾക്ക് ഗോവസൂരി (പശുക്കളിൽ നിന്ന് മനുഷ്യരിലേക് പകരുന്ന ഈ രോഗം പൊതുവെ തീവ്രത കുറഞ്ഞതും കുഴപ്പങ്ങൾ ഉണ്ടാക്കാത്തതും ആണ്) ആണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. എന്നാൽ ഈ രോഗം ഉണ്ടാക്കുന്ന കൗപോക്സ് വെെറസ് (cow pox virus) എന്ന രോഗാണുവും അതിതീവ്രമായ വസൂരി ഉണ്ടാക്കുന്ന സ്മോൾപോക്സ് (small pox virus) രോഗാണുവും ഒരേ വൈറസ് കുടുംബത്തിലെ അംഗങ്ങൾ ആണ് താനും. സാറയെ പരിശോധിച്ച് കൊണ്ടിരിക്കുമ്പോൾ ജെന്നറിൽ ഉദിച്ച ഈ ചിന്ത തന്നെയാണ് പിന്നീട് മാനവ രാശിയെ ഒരു പാടൊരുപാട് രോഗങ്ങളിൽ നിന്നും സംരക്ഷിച്ചു ജീവിപ്പിക്കുന്ന വാക്‌സിനുകളുടെ കണ്ടു പിടിത്തത്തിനു കാരണമാവുന്നത്.

സാറയുടെ കുമിളകളിൽ നിന്നും അദ്ദേഹം ചലം  ശേഖരിച്ചു. അദ്ദേഹത്തിന്റെ തോട്ടക്കാരന്റെ മകൻ ആയിരുന്ന ജെയിമിംസ്‌ ഫിപ്പിന്റെ തൊലിപ്പുറം ചുരണ്ടി ഗോവസൂരി ബാധിച്ച സാറയുടെ ചലം അതിൽ കോറിയിട്ടു. പ്രതീക്ഷിച്ചതു പോലെ ഫിപ്പിനു ഗോവസൂരിയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. ഗോവസൂരി  പ്രത്യേകിച്ച് കുഴപ്പക്കാരനും അല്ലല്ലോ. കുറച്ചു ദിവസങ്ങൾക്കു ശേഷം ഫിപ്പിന്റെ ദേഹത്ത് വസൂരി രോഗിയിൽ നിന്നുള്ള ചലം കുത്തിവച്ചു. ജെന്നർ കാത്തിരുന്ന ഫലം തന്നെ ആയിരുന്നു. ഫിപ്പിന്റെ ശരീരം മാരകമായ വസൂരി രോഗത്തിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെ കാണിച്ചില്ല .ഇത് തന്നെയാണ് വാക്‌സിനുകളുടെ നിർമിതിയുടെ അടിസ്ഥാന തത്വവും.
പൊതുവെ നിർജീവമായ രോഗാണുവിനെ അകത്തേക്ക് കടത്തിവിട്ട് ആക്രമണകാരിയായ രോഗാണുവിനെ നേരിടാൻ ശരീരത്തെ സജ്ജമാക്കുക എന്നുള്ളത്.

ജെന്നർ സ്വന്തം ജീവിതം തന്നെ വാക്‌സിൻ പരീക്ഷണത്തിനും അത് ജനങ്ങളിലേക്ക് എത്തിക്കുന്നതിനായും മാറ്റി വച്ചു. എങ്കിലും അക്കാലത്തും വാക്‌സിൻ വിരുദ്ധർ അദ്ദേഹത്തിനെതിരായി അശാസ്ത്രീയമായ വാദങ്ങൾ ഉയർത്തി വാളോങ്ങുകയും ചെയ്തു. എന്നാൽ ശാസ്ത്രത്തിലെ സത്യം കാലം തെളിയിച്ചു. ലോകജനതയെ മൊത്തം നിർബന്ധിതമായും അല്ലാതെയും മൊത്തമായി (mass vaccination campaigne) വസൂരിക്കെതിരെ കുത്തിവെപ്പ് എടുപ്പിച്ചത്തിന്റെ ഭാഗമായി ഈ ഭൂമുഖത്തു നിന്ന് തന്നെ വസൂരിയെ തുടച്ചു നീക്കാൻ നമുക്ക് പറ്റി. പതിനേഴാം നൂറ്റാണ്ടിൽ ജെന്നർ വാക്‌സിൻ കണ്ടുപിടിച്ചിട്ടും പത്തൊമ്പതാം നൂറ്റാണ്ട് ആവേണ്ടി വന്നു രോഗത്തെ തുടച്ചു നീക്കാൻ. ഇന്ന് ലോകം വാക്‌സിൻ വഴി കോവിഡിനെ നേരിടാൻ ഒരുങ്ങുമ്പോൾ  ജെന്നറിന്റെ കണ്ടെത്തലുകളുടെ അതേ അടിസ്ഥാന തത്വങ്ങൾ ആണ് പിന്തുടരുന്നത്.

വാക്‌സിൻ വിരുദ്ധതയും ആരോപണങ്ങളും
 
വാക്‌സിൻ കണ്ടെത്തിയ കാലം മുതൽ ഈ ലോകത്ത് വാക്‌സിൻ വിരുദ്ധരും ഇടം പിടിച്ചു. വാക്‌സിനുകൾക്ക് എതിരെ അശാസ്ത്രീയമായ വാദങ്ങൾ പടച്ചു വിട്ടു. നിഷ്കളങ്കരായ മറ്റൊരു വിഭാഗം ജനങ്ങൾ ഇതൊക്കെ വിശ്വസിച്ചു  ഇവർക്കു സ്തുതിപാഠകർ ആയി. വാക്‌സിൻ വിരുദ്ധരുടെ ആരോപണങ്ങളെ നമുക്ക് ഒന്ന് പരിശോധിച്ച് നോക്കാം .

ആരോപണം 1:
കുഞ്ഞുങ്ങൾക്ക് ഇത്രയധികം വാക്‌സിനുകൾ നൽകുന്നതിന് പിന്നിൽ മരുന്ന് മാഫിയ പ്രവർത്തിക്കുന്നു

വസൂരിയെ നിർമാർജനം ചെയ്തത് വാക്‌സിനേഷൻ വഴി ആണെന്ന് പറഞ്ഞുവല്ലോ. അതുപോലെ തന്നെ നാം ഇന്ന് പ്രതിരോധ കുത്തിവെപ്പുകൾ എടുക്കുന്നത് വഴി തടയുന്ന രോഗങ്ങൾ എല്ലാം തന്നെ ഒരു കാലത്ത് മനുഷ്യ ജീവനുകളെടുത്തതും ആരോഗ്യത്തെ ഹാനികരമായി ബാധിച്ചതും ആണ്. തലമുറകൾ ആയി വാക്‌സിൻ നൽകി സുരക്ഷിതരാക്കുന്നത് കൊണ്ട് തന്നെയാണ് പോളിയോ, ഡിഫ്ത്തീരിയ, വില്ലൻചുമ, അഞ്ചാം പനി, റൂബെല്ല തുടങ്ങിയ രോഗങ്ങൾ പടർന്നു പിടിക്കുന്നത് നമുക്ക് തടയിടാൻ ആയത്. മരുന്ന് കമ്പനികൾ ലാഭം ഉണ്ടാക്കുമെന്ന് കരുതി എന്റെ കുഞ്ഞിന് പനി  വരുമ്പോൾ ഞാൻ പാരസെറ്റമോൾ ഗുളിക നൽകാതിരിക്കാറില്ല. അതേ പോലെ തന്നെയാണ് കുത്തിവെപ്പിന്റെ കാര്യവും.നമ്മുടെ കുഞ്ഞുങ്ങളെ രോഗം വരാതെ പ്രതിരോധിക്കുന്നതിൽ ഒട്ടും പിന്നിലാവരുത് നാം.

ആരോപണം 2: 
വാക്‌സിനുകളിൽ ലോക ജന സംഘ്യയെ നിയന്ത്രിക്കാനുള്ള നിഗൂഢ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്

വാക്‌സിനുകളുടെ പ്രവർത്തനം എങ്ങനെ ആണെന്ന് ഞാൻ നേരത്തെ പറഞ്ഞുവല്ലോ. വാക്‌സിനിൽ അടങ്ങിയിരിക്കുന്ന നിർവീര്യമാക്കപ്പെട്ട ആ പാവം രോഗാണു എങ്ങനെയാണു  നമ്മുടെ ശരീരത്തിലെ പ്രത്യുല്പാദന അവയവങ്ങളെ കടന്ന് ആക്രമിക്കുന്നത്? ദേശീയ പ്രതിരോധ കുത്തിവെപ്പ് പട്ടികയിലെ കുത്തിവെപ്പുകൾ എടുത്ത് ആർക്കു വേണെമെങ്കിലും പരിശോധിക്കാം. അതിൽ ഈ പറഞ്ഞ ഘടകങ്ങൾ അല്ലാതെ വേറെ ഒന്നും ഇല്ല. ഇനി അവർ ഉന്നയിക്കുന്നപോലെ വാക്‌സിനിൽ ഏത് ഘടകങ്ങൾ ചേർത്താൽ ആണ് സ്ഥിരമായി ഗർഭധാരണം തടയാൻ പറ്റുന്നത് ആവോ. പറഞ്ഞു തന്നാൽ കൊള്ളാം.  എങ്കിൽ കുടുംബാസൂത്രണം നടപ്പിലാക്കാൻ മെഡിക്കൽ സയൻസിനു കൂടി ഉപകാരപ്രദം ആയിരുന്നു.

ആരോപണം 3:
വാക്‌സിനുകൾ ഗുരുതരമായ സൈഡ് എഫക്ട് ഉണ്ടാക്കുന്നു

വാക്‌സിനുകൾ എടുക്കുമ്പോൾ അതിലടങ്ങിയിരിക്കുന്ന നിർജീവമായ രോഗാണുവിനെതിരെ ശരീരം പ്രതിപ്രവർത്തിക്കുന്നത് കൊണ്ടാണ് പനിയും തൊലിപ്പുറത്തെ തടിപ്പ്, മറ്റു ചെറിയ അസ്വസ്ഥതകളും അനുഭവപ്പെടുന്നത്. ഓരോ വാക്‌സിനുകളും ഉണ്ടാക്കിയേക്കാവുന്ന പാർശ്വഫലങ്ങൾ തലനാരിഴ കീറി പഠനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്. വാക്‌സിനുകൾ ഗുരുതരമായ പാർശ്വഫലങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ല. അതായത് വാക്‌സിനുകൾ വഴി പ്രതിരോധിക്കാവുന്ന രോഗത്തെക്കാൾ അപകടകരം അല്ല വാക്‌സിനുകൾ ഉണ്ടാക്കുന്ന ചെറിയ ചെറിയ പാർശ്വ ഫലങ്ങൾ എന്ന് സാരം. എന്നാൽ പൊതുവിൽ അലർജി/ അനാഫിലാക്സിസ് എന്നിവയ്ക്ക് സാധ്യയുള്ള ഒരു വ്യക്തിക്ക് വാക്‌സിൻ എടുക്കുമ്പോഴും അത് സംഭവിക്കാം. എന്നാൽ അങ്ങനെ ഉള്ള  വ്യക്തികൾക്ക്  വാക്‌സിൻ എടുക്കുമ്പോൾ മാത്രമല്ല പാരസെറ്റമോൾ ഗുളിക കഴിച്ചാൽ പോലും അലർജി വരാൻ അതേ സാധ്യതകൾ നിലനിൽക്കുന്നുമുണ്ട്. പത്ത് ലക്ഷത്തിൽ ഒരാൾക്കോ മറ്റോ സംഭവിച്ചേക്കാവുന്ന ഈ സാധ്യത മാത്രം പെരുപ്പിച്ചു കാട്ടി വാക്‌സിൻ മൊത്തത്തിൽ സമൂഹത്തതിന് നൽകുന്ന ഗുണങ്ങളെ തേജോവധം ചെയ്യുന്നത് തീർച്ചയായും  ജനദ്രോഹപരമായ പ്രവർത്തനം തന്നെയാണ്. എന്റെ കുഞ്ഞിന് കുത്തിവെപ്പ് എടുക്കാൻ പോവുമ്പോൾ എന്റെ കോമൺ സെൻസ് എന്നെ ചിന്തിക്കാൻ പഠിപ്പിച്ചത്, ആ ഒരു അതിവിദൂരമായ സാധ്യതയിൽ എന്റെ കുഞ്ഞു പെടില്ല എന്നത് തന്നെയായിരുന്നു.

ആരോപണം 4:  
പോളിയോ തുള്ളി മരുന്ന് നൽകിയിട്ടും തളർവാതം വരുന്നുണ്ട് 

കുഞ്ഞുങ്ങളിൽ  ഉണ്ടാവുന്ന തളർവാതം പോളിയോ കാരണമോ അല്ലാതെയോ ആവാം. നമ്മുടെ രാജ്യത്ത് 2011 ഇൽ  ആണ് അവസാനമായി  പോളിയോ കേസ് റിപ്പോർട്ട് ചെയ്യുന്നത്. തളർവാതങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിൽ അത് പോളിയോ കാരണം അല്ലെന്ന് ഇതിൽ പരം തെളിവ് വേറെ എന്താണ് വേണ്ടത് . പോളിയോ കാരണം അല്ലാത്ത തളർവാതങ്ങൾ (acute flacid paralysis) പോളിയോ ആണെന്ന് പറഞ്ഞു നിങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് വാക്‌സിൻ വിരുദ്ധർ ചെയ്യുന്നത്.

വാർത്തകൾ വരുന്ന വഴി

ഏറെ ചർച്ച ചെയ്യപ്പെട്ട മരണം ആയിരുന്നു രൂപിഷയുടേത്. വട്ടോളി ഗവണ്മെന്റ് സ്കൂളിലെ വിദ്യാർത്ഥിനി ആയ രൂപിഷ  കുത്തിവെപ്പ് എടുത്ത് കുറച്ചധികം ദിവസങ്ങൾക്കു ശേഷം മരണപെട്ടു. മരണകാരണം ഇൻജെക്ഷൻ എടുത്തതിനെ തുടർന്നാണെന്ന് ആരോപിച്ചു നാട്ടുകാർ സ്കൂളിന് എതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടം പരിശോധനയിലൂടെ അവളുടെ മരണ കാരണം ടി.ടി. ഇൻജെക്ഷൻ എടുത്തത് അല്ലെന്നും മറിച്ച് ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിച്ച Reyes syundrome എന്ന രോഗം ബാധിച്ചത് കാരണം ആയിരുന്നു എന്ന് കണ്ടെത്തപ്പെടുകയും ഉണ്ടായി. അതുപോലെ വയനാട്ടിൽ നിന്നുള്ള പിഞ്ചു കുഞ്ഞു മരിച്ചത് പെന്റാവാലന്റ് കുത്തിവെപ്പ് എടുത്തതിനെ തുടർന്ന് ആണെന്ന് മാധ്യമങ്ങളും നാട്ടുകാരും വിധിയെഴുതി.

എന്നാൽ ആ കുഞ്ഞിന്റെ മരണകാരണം മുലപ്പാൽ ശ്വാസനാളത്തിൽ കുരുങ്ങിയത്‌ കാരണം ആണെന്ന് പിന്നീട് കണ്ടെത്തി. അതുകൊണ്ട് തന്നെ കാള പെറ്റു എന്നു കേൾക്കുമ്പോൾ കയറെടുക്കാൻ ഓടുന്ന ഇന്നാട്ടിലെ ജനങ്ങളും മാധ്യമങ്ങളും ഇത്തരം വാർത്തകൾക്കു പിന്നിലെ നിജസ്ഥിതി കൂടി അന്വേഷിക്കേണ്ടതായിട്ടുണ്ട്. അതുകൊണ്ടു തന്നെ വാക്‌സിൻ വിരുദ്ധരുടെ കെണിയിൽ അകപ്പെടാതെ നമ്മുടെ കുഞ്ഞുങ്ങളോടുള്ള കടമകൾ നമുക് നിറവേറ്റാം. 'എന്റെ കുഞ്ഞിന് കുത്തിവെപ്പ് ഒന്നും എടുത്തിട്ടില്ല. എന്നിട്ടും ഈ പറഞ്ഞ രോഗങ്ങൾ ഒന്നും വന്നിട്ടില്ല' എന്ന് വാദിക്കുന്നവർ ഒന്ന് മനസിലാക്കുക. സമൂഹത്തിലെ ബഹുഭൂരിഭാഗം കുഞ്ഞുങ്ങളും കുത്തിവെപ്പ് എടുത്തത് വഴി ആ പ്രദേശത്തു ഉണ്ടാകുന്ന ആർജിത പ്രതിരോധ ശേഷി വഴിയാണ് നിങ്ങളുടെ കുഞ്ഞിന് സംരക്ഷണം ലഭിക്കുന്നത്. മറ്റുള്ളവർ നൽകുന്ന ഔദാര്യം എന്നും പറയാം! എന്റെ കുഞ്ഞിനെ രോഗം വരുന്നതിൽ നിന്നും ദൈവം സംരക്ഷിച്ചു കൊള്ളും എന്ന് പറയുന്നവരോടും ഇത് തന്നെയാണ് പറയാനുള്ളത്. വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ല എന്നു  അമന്റെ മരണം നമ്മെ പഠിപ്പിക്കുന്നു.

ഇന്ന് നമ്മുടെ ആശുപത്രികളിൽ കോവിഡ് വാക്‌സിൻ എടുക്കാൻ വരുന്നവരുടെ തിരക്കിന്റെ ദൃശ്യങ്ങൾ നാം കണ്ടു കൊണ്ടിരിക്കുകയാണല്ലോ. കോവിഡ് 19 വൈറസ് സംഹാര താണ്ഡവമാടുന്നത് നമ്മുടെ കൺമുൻപിൽ ആണെന്നത് തന്നെയാണ് ഈ തിരക്കിന് കാരണവും.

അതേ പ്രവർത്തനതത്വം വെച്ച് പ്രവർത്തിക്കുന്ന മറ്റു വാക്‌സിനുകൾ എടുക്കാൻ ഒരു കൂട്ടർ  വിമുഖത കാണിക്കുകയും ചെയ്യുന്നു. എന്നാൽ മറ്റു വാക്‌സിനുകളാൽ തടഞ്ഞിരുന്ന രോഗങ്ങൾ ഒക്കെയും ഒരു കാലത്ത്  ലോകത്ത് ഭീതി പടർത്തിയിരുന്നവ തന്നെ ആണെന്നും ഇന്നും തുടരുന്ന രോഗപ്രതിരോധ കുത്തിവെപ്പ് പരിപാടികൾ കൊണ്ട് തന്നെയാണ് നാം സുരക്ഷിതരായിരിക്കുന്നതെന്നും ഓർക്കുക. അതുകൊണ്ട് ദേശീയ രോഗപ്രതിരോധ കുത്തിവെപ്പ് പട്ടികയിൽ ഉള്ള എല്ലാ രോഗ പ്രതിരോധ കുത്തിവെപ്പുകളും നമുക്ക്  തുടർന്നേ മതിയാവൂ.

എന്റെ ജീവിത അഭിലാഷം ജനങ്ങൾക്ക് ആവശ്യമായ എല്ലാ രോഗപ്രതിരോധ കുത്തിവെപ്പുകളും സൗജന്യമായി അവർക്കെത്തിച്ചു കൊടുക്കുന്ന ഒരു കാലമാണ് എന്ന് പ്രത്യാശിച്ച ജെന്നറിനെ ഓർത്തു നമുക്ക്  നമ്മുടെ കുഞ്ഞുങ്ങൾക്ക് രോഗപ്രതിരോധ കുത്തിവെപ്പുകൾ നൽകാം. അവരെ സുരക്ഷിതരാക്കാം.

(മലപ്പുറം ഓമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറാണ് ലേഖിക)

കടപ്പാട്: കെ.ജി.എം.ഒ.എ. അമൃതകിരണം

Content Highlights: World Immunization Week 2021, Kids Health, Why to get the vaccine all you needs to know, Health