കേശുവിനെ പരിചരിച്ച അനുഭവങ്ങള്‍. അതാണ് ഈ സ്ഥാപനത്തിന്റെ മൂലധനം. ഓട്ടിസമുള്ള കേശുവിന്റെ അച്ഛനമ്മമാര്‍ തുടങ്ങിയ പരിചരണകേന്ദ്രം ഇപ്പോള്‍ നിരവധി കുഞ്ഞുങ്ങള്‍ക്കും ആശ്വാസമാകുന്നു. എട്ടരവയസ്സുകാരന്‍ ശ്രീകേശവ് എന്ന് കേശുവിന്റെ അച്ഛനമ്മമാരായ രാജീവിന്റെയും ലക്ഷ്മിയുടെയും ജീവിതമേറെയും മകന്റെ പരിചരണത്തിനായിരുന്നു. ഇന്നലകളെ പഴിക്കാതെ സമാനപ്രശ്‌നക്കാര്‍ക്ക് അവര്‍ വഴിവിളക്കായി.

ഒരിക്കലും പ്രവചിക്കാന്‍ പറ്റാത്ത സ്വഭാവമാണ് കേശുവിന്റേത്. ചിരിക്കും, ചിലപ്പോള്‍ കണ്ണീര്‍പൊഴിക്കും. അവന് വേണ്ടതെന്തെന്ന് തിരിച്ചറിഞ്ഞ് ചെയ്യാന്‍ രാജീവും ലക്ഷ്മിയും സ്വയം ഒരുങ്ങി.

അതിനായി പരിശീലന കേന്ദ്രങ്ങളില്‍ മാറിമാറി പോയി. ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ രക്ഷിതാക്കളില്‍ ഒരാളെങ്കിലും വേണമെന്ന ഘട്ടത്തില്‍ രാജീവ് ജോലി ഉപേക്ഷിച്ചു. സ്പീച്ച് ലാംഗ്വേജ് തെറാപ്പിസ്റ്റായ ഭാര്യ ലക്ഷ്മിയുടെ വരുമാനംകൊണ്ടുമാത്രമായി ഇളയ മകന്‍ രുദ്രാക്ഷ് (4) അടക്കമുള്ളവരുടെ ജീവിതം.

പീഡിയാട്രിക് ന്യൂറോളജിസ്റ്റിന്റെ ചികിത്സ, പ്രത്യേകം ഫുഡ് സപ്ലിമെന്റുകള്‍, പരിശീലനകേന്ദ്രത്തിലെ ഫീസ് തുടങ്ങി മാസം 40,000 രൂപ വരുന്ന ചെലവുകള്‍. ബാധ്യത കൂടിയതോടെ വീടും സ്ഥലവും വിറ്റു. താമസം വാടകവീട്ടിലാക്കി. ബുദ്ധിമുട്ടുകള്‍ക്കിടയിലും ചികിത്സ, പരിശീലനം, ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ഭക്ഷണം എല്ലാം തുടര്‍ന്നു. കടം കൂടിവന്നു. സമാനമായ പ്രയാസം അനുഭവിക്കുന്ന ഒട്ടേറെപ്പേരുണ്ടെന്ന അറിവാണ് ഇവരെ ഒരു സ്ഥാപനം നടത്തണമെന്ന ചിന്തയിലേക്ക് എത്തിച്ചത്.

രണ്ടുവര്‍ഷം മുന്‍പ് കഞ്ഞിക്കുഴിക്ക് സമീപം സ്വന്തമായി ഓട്ടിസം പരിശീലനകേന്ദ്രം തുടങ്ങി. വാടക കെട്ടിടത്തിലാണ് 'ലൈഫ് സെന്റര്‍ ഫോര്‍ ഓട്ടിസം ആന്‍ഡ് ചൈല്‍ഡ് ഡെവലപ്മെന്റി'ന്റെ പ്രവര്‍ത്തനം. ലാഭത്തിനുവേണ്ടി ഇത്തരം കേന്ദ്രം നടത്താനാകില്ലെന്ന ബോധ്യത്തോടെയായിരുന്നു തുടക്കം. ഇതിനോടകം നിരവധി കുട്ടികളുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കാനായെന്ന് രക്ഷിതാക്കള്‍ നവമാധ്യമങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുന്നു.

ഓട്ടിസം ബാധിച്ച കുട്ടികളുടെ സ്വഭാവവും കഴിവുകളും പോരായ്മകളും വ്യത്യസ്തമായിരിക്കും. ഓരോ കുട്ടിയുടെയും പ്രശ്‌നങ്ങള്‍ വിലയിരുത്തി ഒക്കുപ്പേഷണല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, ഇന്‍ഡിവിജ്വല്‍ എജ്യൂക്കേഷന്‍ പ്രോഗ്രാം എന്നിവ നല്‍കുന്നു. മൂന്നുമാസം കൂടുമ്പോള്‍ കുട്ടികളുടെ പ്രകടനം വിലയിരിത്തി തെറാപ്പികളില്‍ മാറ്റം വരുത്തും.

രക്ഷിതാക്കളുടെ നല്ലവാക്കുകളാണ് സെന്ററിന്റെ പരസ്യം. www.lifeautismcentre.com എന്നതാണ് വൈബ്‌സൈറ്റ് വിലാസം.

Content Highlights: World Autism Awareness Day, This is how the Life Autism Center started, Health, Autism