ദ്യമായി അമ്മയാവുന്ന സ്ത്രീകളുടെ ഏറ്റവും വലിയ ആശങ്ക മുലയൂട്ടുന്നതിനെ കുറിച്ചാവും. ആറ് മാസം കഴിയുന്നതു വരെ കുഞ്ഞിന്റെ പ്രധാന ആഹാരം മുലപ്പാല്‍ മാത്രമാണെന്നിരിക്കെ മുലയൂട്ടല്‍ സംബന്ധിച്ച് പലവിധ സംശയങ്ങളും ആകുലതകളും അമ്മമാര്‍ക്കുണ്ടാവുന്നത് തീര്‍ത്തും സ്വാഭാവികം മാത്രമാണ്. കുഞ്ഞിന് മാത്രമല്ല, അമ്മയ്ക്കും ആരോഗ്യം നല്‍കാന്‍ മുലയൂട്ടലിലൂടെ സാധിക്കും. കുഞ്ഞിനെ മുലയൂട്ടുന്ന അമ്മമാര്‍ക്കുണ്ടാവുന്ന പൊതു സംശയങ്ങള്‍ ഇതാ..

കുഞ്ഞിനെ മുലയൂട്ടേണ്ടതെപ്പോള്‍?

പ്രസവം കഴിഞ്ഞ് കഴിയുന്നതും നേരത്തെ മുലയൂട്ടല്‍ തുടങ്ങണം. സാധാരണ പ്രസവം കഴിഞ്ഞ് അരമണിക്കൂറിനുള്ളിലും സിസേറിയനുശേഷം മയക്കം വിട്ടു കഴിഞ്ഞും പാല്‍ കൊടുത്തു തുടങ്ങാം. ആദ്യത്തെ രണ്ടുദിവസം കൊഴുത്ത മഞ്ഞ നിറത്തിലുള്ള പാലാണ് ഉണ്ടാകുന്നത്. ഇതിന് കൊളോസ്ട്രം എന്നു പറയും. ഇതില്‍ കുഞ്ഞിന് പ്രതിരോധശക്തി ഉണ്ടാക്കുന്ന ഘടകങ്ങളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.

മുലയൂട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ടത്?

വ്യക്തിശുചിത്വവും ഒപ്പം സ്തനങ്ങളുടെ ശുചിത്വവും പാലിക്കുക. രണ്ടു സ്തനങ്ങളില്‍ നിന്നും മാറിമാറി പാലു കൊടുക്കണം. കുഞ്ഞിന്റെ ആവശ്യമനുസരിച്ച് പാല് കൊടുക്കുന്നതാണ് നല്ലത്. ചില കുഞ്ഞുങ്ങള്‍ എപ്പോഴും ഉറങ്ങും. ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ ഉണര്‍ത്തി പാല് കുടിപ്പിക്കണം. മുലഞെട്ട് ഉള്ളിലേക്ക് വലിഞ്ഞിരിക്കുകയാണെങ്കില്‍ പുറത്തേക്കു കൊണ്ടുവരാന്‍ ശ്രദ്ധിക്കണം. ചിലപ്പോള്‍ മുലഞെട്ട് വിണ്ടുകീറിയേക്കാം. ഇതിനുള്ള ലേപനങ്ങള്‍ മുലയൂട്ടലിനുശേഷം പുരട്ടാം. ഓരോ തവണയും പാല്‍ കൊടുത്തുകഴിഞ്ഞ് കുഞ്ഞിനെ തോളത്ത് കമിഴ്ത്തിക്കിടത്തി പതുക്കെത്തട്ടി ഉള്ളിലുള്ള വായു കളയണം. മടിയില്‍ കമിഴ്ത്തിക്കിടത്തിയും ഇങ്ങനെ തട്ടിക്കൊടുക്കാം.

പാല് കൊടുക്കുമ്പോള്‍..

കുഞ്ഞ് മുലക്കണ്ണില്‍ കഷ്ടപ്പെട്ട് എത്തിപ്പിടിക്കുന്ന രീതിയില്‍ കുഞ്ഞിനെ പിടിക്കരുത്. കുഞ്ഞിനു സൗകര്യപ്രദമായ അകലത്തില്‍ അമ്മയുടെ ശരീരത്തില്‍ ചേര്‍ത്തുപിടിച്ചുവേണം മുലയൂട്ടുന്നത്. എന്നാല്‍ കുഞ്ഞിന്റെ മൂക്കൂം മുഖവും മാറിടത്തില്‍ അമര്‍ന്ന് ശ്വാസോഛാസം തടസ്സപ്പെടരുത്. (വലിയ സ്തനമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം). മുലക്കണ്ണില്‍ മാത്രമായി കടിച്ചുതൂങ്ങാന്‍ കുഞ്ഞിനെ അനുവദിക്കരുത്. അത് മുലക്കണ്ണിനു ക്ഷതവും വിള്ളലും ഉണ്ടാക്കും. മറിച്ച് മുലക്കണ്ണിന് ചുറ്റമുള്ള കറുത്ത വൃത്തം വായിലേക്ക് എത്തുന്ന തരത്തിലാവണം പാല്‍ കൊടുക്കേണ്ടത്. പാല്‍കൊടുക്കുമ്പോള്‍ രണ്ട് സ്തനങ്ങളും മാറി മാറി കൊടുക്കാന്‍ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം മാറിടങ്ങളില്‍ കടുത്ത വേദന ഉണ്ടാവാന്‍ ഇത് കാരണമാവും. 

കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെ?

കുഞ്ഞിന് ആവശ്യമായ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് മുലപ്പാല്‍. മുലയൂട്ടുന്ന കുട്ടികള്‍ക്ക് ഉയര്‍ന്ന ഐക്യു ഉണ്ടാവുമെന്ന് പല ആധികാരിക പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. തലച്ചോറിന്റെ വളര്‍ച്ചയെ സഹായിക്കുന്ന ഡോകാസ ഹെക്‌സോണിക് ആസിഡ് (ഡിഎച്ച്എ) എന്ന ഒമേഗ 3 ഫാറ്റി ആസിഡ് കൊഴുപ്പ് ഘടകം മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. വളര്‍ച്ചയ്ക്കും തലച്ചോറിലെ കോശങ്ങളുടെ തകരാറുകള്‍ പരിഹരിക്കുന്നതിനുമുള്ള പോഷകമാണ് ഡിഎച്ച്എ. മുലപ്പാലിലെ കൊളസ്‌ട്രോള്‍, ഗാലക്ടോസ് എന്നിവയും തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് പ്രധാനപ്പെട്ടതാണ്. ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കാനും മുലപ്പാലിന് സാധിക്കും. 

മുലകുടിക്കുമ്പോള്‍ കുട്ടിയുമായി സംവദിക്കുന്നത് ശിശുവിന്റെ വൈകാരിക, ബൗദ്ധിക വളര്‍ച്ചയ്ക്ക് പ്രധാനപ്പെട്ടതാണ്. ഗര്‍ഭാവസ്ഥയ്ക്കുശേഷം കുട്ടിയുടെ തലച്ചോറിന്റെ വളര്‍ച്ചയുടെ ഭൂരിഭാഗവും ആദ്യത്തെ ആറാഴ്ചകളിലാണ്. മുലയൂട്ടുമ്പോള്‍ സംസാരിക്കുക, പാടുക, വായിച്ചുകൊടുക്കുക എന്നിവ കുട്ടിയില്‍ പഠനത്തോടുള്ള സ്‌നേഹം വര്‍ധിപ്പിക്കുകയും ഭാഷാനൈപുണ്യം പെട്ടെന്ന് വികസിക്കാന്‍ സഹായിക്കുകയും ചെയ്യും.

മുലയൂട്ടുമ്പോള്‍ കുട്ടിയുടെ ശരീരത്തില്‍ തഴുകുന്നത് തലച്ചോറിലെ ന്യൂറോണുകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുകയും വൈകാരികമായ സമര്‍ദം താങ്ങാന്‍ കുട്ടിയെ സഹായിക്കുകയും ചെയ്യും.

breast feedingഅമ്മമാരുടെ സ്തനങ്ങളില്‍ വേദനയുണ്ടാകുന്നത് എന്തുകൊണ്ടാണ്?

മൂന്നാം ദിവസം മുതല്‍ പാല്‍ നല്ലതുപോലെ വന്നു തുടങ്ങും. കുഞ്ഞിനെ നന്നായി മുലയൂട്ടിയില്ലെങ്കില്‍ പാല്‍ കെട്ടിനിന്ന് നീരും വേദനയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുപോലെ മുലഞെട്ട് ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്നവരിലും വിണ്ടുകീറിയിരിക്കുന്നവരിലും ഇങ്ങനെ സംഭവിക്കാം. എപ്പോഴും ബ്രസ്റ്റ് സപ്പോട്ടിങ്ങ് ബ്രാ ഉപയോഗിക്കുക. കുഞ്ഞ് കുടിച്ചുകഴിഞ്ഞ് അധികമുള്ള പാല്‍ പിഴിഞ്ഞുകളയുക. ചിലപ്പോള്‍ സ്തനങ്ങളില്‍ പാല്‍ കെട്ടി നില്‍ക്കുന്നതിനോടൊപ്പം നീരും വേദനയും പനിയും വിറയും അനുഭവപ്പെടാം. ഇത് അണുബാധ മൂലമാണ്. ഇതിന് വിദഗ്ധ ചികിത്സ ആവശ്യമാണ്.

മുലയൂട്ടുമ്പോള്‍ അമ്മയുടെ ആഹാര രീതി എങ്ങനെയാണ്?

മുലയൂട്ടുമ്പോള്‍ അധിക പോഷണം ആവശ്യമാണ്. ആഹാരത്തില്‍ കൂടുതല്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാല്‍ ഈ സമയത്തെ മലബന്ധവും മാറിക്കിട്ടും. അതുപോലെത്തന്നെ ധാരാളം വെള്ളം കുടിക്കുകയും 45 തവണ മൂത്രമൊഴിക്കുകയും വേണം. അയണ്‍ ഗുളികകള്‍ മൂന്നുമാസം വരെ കഴിക്കണം.

മുലയൂട്ടുമ്പോള്‍ അമ്മയ്ക്ക് മരുന്നുകള്‍ ഉപയോഗിക്കാമോ?

അമ്മ കഴിക്കുന്ന മരുന്നുകള്‍ മുലപ്പാല്‍ വഴി കുഞ്ഞിന് ലഭിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഒരു മരുന്നും ഈ സമയം കഴിക്കരുത്.

മുലപ്പാല്‍ കൊടുക്കരുതാത്തത് എപ്പോഴാണ്?

അമ്മയ്ക്ക് ക്ഷയരോഗം, പ്രസവം കഴിഞ്ഞ് മനോരോഗം, കാന്‍സര്‍ ചികിത്സ, ബ്രസ്റ്റ് കാന്‍സര്‍, എയിഡ്‌സ് തുടങ്ങിയ രോഗങ്ങളിലേതെങ്കിലുമുണ്ടെങ്കില്‍ മുലയൂട്ടുന്നത് സുരക്ഷിതമല്ല.

കുഞ്ഞിനെ പാലൂട്ടുന്നതിന് മുമ്പ് വ്യായാമം ചെയ്യാമോ?

മുലയൂട്ടുന്നതിനു മുമ്പ് വ്യായാമം ചെയ്യുന്നത് സ്തനങ്ങളില്‍ വേദനയുണ്ടാക്കും. പാലൂട്ടല്‍ കഴിഞ്ഞതിനുശേഷം വ്യായാമം ചെയ്യുന്നതാണ് നല്ലത്. ഈ സമയം സ്‌പോര്‍ട്‌സ് ബ്രാ ഉപയോഗിക്കാനും ശ്രദ്ധിക്കുക.

മുലയൂട്ടല്‍ ഒരു ഗര്‍ഭനിരോധനമാര്‍ഗമായി കരുതാമോ?

മുഴുവന്‍ സമയവും മുലപ്പാല്‍ മാത്രം കുട്ടിക്കു നല്‍കുന്ന ഒരു സ്ത്രീക്ക് ആദ്യത്തെ നാലുമുതല്‍ ആറ് ആഴ്ചവരെ ഗര്‍ഭിണിയാകാനുള്ള സാധ്യത വളരെ കുറവാണ്. എങ്കിലും ഇത് 100 ശതമാനം നല്ല മാര്‍ഗമല്ല.

Content Highlights: Why is breastfeeding important for mother and baby