തെറ്റ് ചെയ്ത കുട്ടികളെ മറ്റുള്ളവരുടെ മുന്‍പില്‍ വെച്ച് രക്ഷിതാക്കള്‍ വഴക്ക് പറയുന്നത് പലപ്പോഴും കണ്ടുവരാറുണ്ട്. എന്നാല്‍ ഇത് ഗുണം ചെയ്യില്ല എന്നതാണ് സത്യം. കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ വലിയ പ്രതിസന്ധികളാണ് ഇതുണ്ടാക്കുക. 

മറ്റുള്ളവരുടെ മുന്‍പില്‍ നാണം കെടുന്ന അവസ്ഥ നേരിടേണ്ടി വരുന്ന കുട്ടികള്‍ പിന്നീട് ഒരു വഴക്കാളിയായി തീരും. കുട്ടികളുടെ മനസ്സില്‍ പതിയുന്നത് പിന്നീട് മാറാനും ബുദ്ധിമുട്ടാണ്. 

പൊതുജനമധ്യത്തില്‍ കുട്ടിയെ വഴക്ക് പറയുമ്പോള്‍ അവര്‍ ആകെ നാണംകെടും. അത് അവരുടെ തുടര്‍ജീവിതത്തില്‍ ഉണങ്ങാത്ത മുറിവായി നിലനില്‍ക്കും. അതിനാല്‍ ആളുകള്‍ക്കിടയില്‍ വെച്ച് കുട്ടിയെ വഴക്ക് പറയരുത്. 

വിശ്വാസമാണ് ഏതൊരു ബന്ധത്തിലെയും പ്രധാനപ്പെട്ടത്. അത് മാതാപിതാക്കളും മക്കളുമെന്ന ബന്ധത്തിലെത്തുമ്പോള്‍ വളരെ ശ്രദ്ധാപൂര്‍വം വേണം പരിപാലിക്കാന്‍. നിങ്ങള്‍ കുട്ടികളെ പൊതുജനമധ്യത്തില്‍ വഴക്ക് പറയുമ്പോള്‍, അത് എത്ര ചെറിയ കാര്യത്തിനായാലും അതോടെ നിങ്ങളിലുള്ള വിശ്വാസം കുട്ടിക്ക് നഷ്ടപ്പെട്ട് തുടങ്ങും. അവര്‍ പിന്നീട് പല കാര്യങ്ങളും നിങ്ങളില്‍ നിന്ന് മറച്ചുവെച്ചു തുടങ്ങും. റിബല്‍ ആകാന്‍ നോക്കും. നിങ്ങളോട് തിരിച്ച് പ്രതികരിക്കാന്‍ തുടങ്ങും. 

ഇനി ഈ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കണമെന്ന് കുട്ടിയോട് ആവശ്യപ്പെടാം. ആളുകള്‍ക്കിടയില്‍ നിന്ന് മാറി സ്വകാര്യതയുള്ള സമയത്ത് വഴക്ക് പറയാം. ആളുകള്‍ക്കിടയില്‍ വഴക്ക് പറയുന്നത് കുട്ടികളില്‍ സങ്കടവും നിരാശയും അസ്വസ്ഥതയും ഉണ്ടാക്കും. കുട്ടിക്കും സ്വന്തം അഭിമാനം ഉണ്ടെന്ന് മനസ്സിലാക്കുക. അതിനെ മുറിവേല്‍പ്പിക്കരുത്. വഴക്ക് പറയാനുള്ളതെല്ലാം സ്വകാര്യ സമയങ്ങളില്‍ പറയുക. 

കുട്ടിയെ വഴക്ക് പറയുന്ന നേരത്ത് നിങ്ങളും കടുത്ത ദേഷ്യത്തിലായിരിക്കും. ആ ദേഷ്യത്തില്‍ പറഞ്ഞതിനെല്ലാം പിന്നീട് നിങ്ങള്‍ ഖേദിക്കേണ്ടി വരും. അതിനാല്‍ കുട്ടി തെറ്റ് ചെയ്ത് കണ്ടാലും ആ സമയത്ത് വികാരാധീനനാകരുത്. ദേഷ്യത്തോടെ പ്രതികരിക്കരുത്. കാര്യങ്ങള്‍ പക്വതയോടെ മനസ്സിലാക്കി പെരുമാറുക.  

Content Highlights: what will happen you shame your kids publicly Do you scold your children in front of others, Health, Kids Health