ചെറിയ കുട്ടികളെയും കൂട്ടി യാത്ര ചെയ്യുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. കുട്ടികൾക്ക് ഇടയ്ക്കിടെ ടോയ്ലറ്റിൽ പോകേണ്ടി വരും. ഇടയ്ക്കിടെ ഭക്ഷണം കഴിപ്പിക്കേണ്ടി വരും. അങ്ങനെ നിരവധി കാര്യങ്ങളുണ്ടാകും. പക്ഷേ, കോവിഡ് വ്യാപിക്കുന്ന ഈ കാലത്ത് കുട്ടികളെയും ഒപ്പം കൂട്ടി ഒരു യാത്ര പോകാൻ മാതാപിതാക്കൾ ഭയപ്പെടുകയാണ്. എന്നാൽ, യാത്ര പോകുമ്പോൾ ഇക്കാര്യങ്ങളിൽ അല്പം ശ്രദ്ധിച്ചാൽ കൊറോണ വൈറസിൽ നിന്നും സുരക്ഷിതമായി രക്ഷ നേടാനാകും. അതിനാൽ തന്നെ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാം.

ഇപ്പോഴത്തെ പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളോട് വിശദമാക്കുക

കോവിഡ് മഹാമാരി ഉയർത്തുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കുട്ടികൾക്ക് വേണ്ടത്ര അവബോധം ഉണ്ടാകണമെന്നില്ല. അതിനാൽ തന്നെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് കുട്ടികളോട് നന്നായി കാര്യങ്ങൾ വിശദമാക്കുക. ഇത് സ്വന്തം സുരക്ഷയ്ക്ക് വേണ്ടിയാണെന്നും അതിനാൽ നമ്മൾ നന്നായി ശ്രദ്ധിക്കണമെന്നും പറഞ്ഞു മനസ്സിലാക്കണം. രോഗം ബാധിക്കുന്നത് ഒഴിവാക്കാൻ കൃത്യമായി മാസ്ക് ധരിക്കണമെന്നും കൈകൾ കൃത്യമായി കഴുകുന്നത് ഉൾപ്പടെ വ്യക്തിശുചിത്വം പാലിക്കുന്നതിനെക്കുറിച്ചും കുട്ടികളോട് വിശദമായി തന്നെ പറഞ്ഞുകൊടുക്കണം. അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവർക്ക് അവബോധം നൽകണം.

പ്രതിരോധ കിറ്റ് നൽകണം

കുട്ടികളുടെ കൈവശം അവർക്ക് എളുപ്പത്തിൽ കൈവശം വെക്കാൻ കഴിയുന്ന തരത്തിൽ ഒരു പ്രതിരോധ കിറ്റ് നൽകണം. ആവശ്യത്തിന് ഉപയോഗിക്കാവുന്ന തരത്തിൽ സാനിറ്റൈസർ, ഫെയ്സ് മാസ്ക്, ടിഷ്യു എന്നിവ ഈ കിറ്റിൽ ഉണ്ടായിരിക്കണം. ഇവ ഉപയോഗിക്കേണ്ട രീതികൾ എങ്ങനെയെന്നും മനസ്സിലാക്കിക്കൊടുക്കണം. കുട്ടികളിൽ ഉത്തരവാദിത്ത ബോധം വളരാനും യാത്ര ചെയ്യുമ്പോൾ സ്വയം ശ്രദ്ധിക്കാനും ഇതുവഴി അവർ പഠിക്കും.

ഭക്ഷണം വീട്ടിൽ നിന്നാകട്ടെ

പൊതുവേ യാത്രാവേളകളിൽ ഭക്ഷണം പല ഹോട്ടലുകളിൽ നിന്നും മറ്റുമാണ് കഴിക്കാറുള്ളത്. എന്നാൽ ഇന്ന് പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത്ഒരു റിസ്ക്കാണ്. ഹോട്ടലിൽ ഉള്ള ആരെങ്കിലുമോ അല്ലെങ്കിൽ ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ വന്ന ആരെങ്കിലുമോ കൊറോണ വാഹകരാണെങ്കിൽ അത് അപകടകരമാകും. കാരണം, കുട്ടികൾക്ക് പൊതുവേ ദുർബലമായ പ്രതിരോധവ്യവസ്ഥയാണ് ഉള്ളത്. അതിനാൽ തന്നെ അവർ മുതിർന്നവരേക്കാൾ എളുപ്പത്തിൽ കൊറോണവൈറസ് ബാധിതരാവും. അതിനാൽ സാധിക്കുന്ന അത്രയും ഭക്ഷണം വീട്ടിൽ നിന്ന് കൊണ്ടുപോകുന്നതാണ് നല്ലത്.

പ്ലാൻ പ്രകാരം യാത്ര ചെയ്യാം

യാത്ര ചെയ്യുമ്പോൾ നിരവധി കാര്യങ്ങൾ വേണ്ടിവരും. അതിനാൽ കൃത്യമായി പ്ലാൻ ചെയ്ത് അതിന് അനുസരിച്ച് മുന്നോട്ട് പോകണം. യാത്രയ്ക്ക് വേണ്ടതെല്ലാം കൈവശമുണ്ടെന്ന് ഉറപ്പാക്കണം. സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങൾ, അവിടുത്തെ നിലവിലെ അവസ്ഥ, താമസ സൗകര്യങ്ങൾ തുടങ്ങിയവയെക്കുറിച്ചെല്ലാം കൃത്യമായ ധാരണയുണ്ടായിരിക്കണം. ഇതെല്ലാം രോഗസാധ്യത കുറയ്ക്കാൻ സഹായിക്കും.

കുട്ടിക്ക് നല്ലൊരു ഇരിപ്പിടം നൽകുക

യാത്ര പോകുന്നത് കാറിലോ ബസ്സിലോ ട്രെയിനിലോ വിമാനത്തിലോ എന്തിലുമാകട്ടെ, കാഴ്ചകൾ കാണാൻ കുട്ടിക്ക് നല്ലൊരു ഇരിപ്പിടം നൽകണം. ജനാലയ്ക്കരികിൽ തന്നെ ഒരു ഇരിപ്പിടം നൽകാം. അതുവഴി കാഴ്ചകളും കാണാം, മറ്റുള്ളവരിൽ നിന്ന് പരമാവധി അകലം പാലിച്ച് സുരക്ഷിതരാവുകയും ചെയ്യാം.

Content Highlights:what to do when traveling with children during the Covid 19 Corona Virus outbreak, Health