ഡോക്ടറേ, എന്റെ കുട്ടിക്ക് മൂന്നു വയസ്സായി. തൂക്കം 12 കിലോയേയുള്ളൂ. ഇത് കുറവല്ലേ? ഈ വയസ്സില്‍ എത്ര തൂക്കം വേണം?'' ഒ.പി.യില്‍ കേള്‍ക്കുന്ന സര്‍വസാധാരണമായ ചോദ്യം. അതുകൊണ്ടുതന്നെ ഇന്ന് നമ്മള്‍ ചര്‍ച്ചചെയ്യുന്നതും അതാണ്.

ഓരോ പ്രായത്തിലും കുട്ടികള്‍ക്ക് എത്ര തൂക്കംവേണം?

ഒരു കുട്ടിയുടെ തൂക്കം വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. കുട്ടി ജനിച്ച സ്ഥലം, പാരമ്പര്യം, ഭക്ഷണരീതികള്‍, താമസിക്കുന്ന ചുറ്റുപാട്, മാനസിക വ്യതിയാനങ്ങള്‍ അങ്ങനെ പലതും. ജനിക്കുമ്പോഴുള്ള തൂക്കംതന്നെ വിവിധ ദേശങ്ങളില്‍ വ്യത്യസ്തമാണ്. പാശ്ചാത്യരാജ്യങ്ങളില്‍ നമ്മുടെ കുട്ടികളെക്കാള്‍ തൂക്കത്തോടെയാണ് ജനിക്കുന്നത്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഉപയോഗിക്കാന്‍ പാകത്തില്‍ ലോകാരോഗ്യസംഘടന കുട്ടികളുടെ തൂക്കം സംബന്ധിച്ച് ഒരു ചാര്‍ട്ട് തയാറാക്കിയിട്ടുണ്ട്. ഇതില്‍ ഒരു പ്രായത്തില്‍ ഒരു കുട്ടിക്കുവേണ്ട ഏറ്റവും കുറഞ്ഞ തൂക്കവും ഏറ്റവും കൂടിയ തൂക്കവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ശിശുരോഗവിദഗ്ധരുടെ സംഘടനയായ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് (IAP) ഈ ചാര്‍ട്ടിനെ നമ്മുടെ രാജ്യത്തുള്ള കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ 2016-ല്‍ പരിഷ്‌കരിച്ചു. ഈ ചാര്‍ട്ട് ഉപയോഗിച്ചാണ് ഡോക്ടര്‍മാര്‍ കുട്ടിയുടെ തൂക്കം നോര്‍മലാണോ കുറവാണോ എന്നൊക്കെ പറയുന്നത്.

എന്താണ് സാധാരതൂക്കം

ഒരേ വയസ്സുള്ള രണ്ടു കുട്ടികളുടെ തൂക്കം വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന്, മൂന്നുവയസ്സുള്ള രണ്ടുകുട്ടികളെ എടുക്കുക. ഒരാള്‍ക്ക് 12 കിലോയും മറ്റെയാള്‍ക്ക് 15 കിലോയും. നമുക്ക് തോന്നും ആദ്യത്തെ ആള്‍ക്ക് തൂക്കം പോരെന്നും രണ്ടാമത്തെ കുട്ടി ആവശ്യത്തിന് തൂക്കമുള്ളയാളാണെന്നും. എന്നാല്‍ ഇവര്‍ രണ്ടുപേരും മൂന്നുവയസ്സിനു വേണ്ട തൂക്കമുള്ളവരാണ്. ഒരു വയസ്സിനു വേണ്ട തൂക്കം ഇത്ര കിലോ എന്ന് കൃത്യമായി പറയാന്‍ കഴിയില്ല. അത് ഒരു റെയ്ഞ്ച് ആണ്. മിനിമത്തിന്റെയും മാക്‌സിമത്തിന്റെയും ഇടയിലുള്ള തൂക്കമാണ് സാധാരണതൂക്കമെന്ന് പറയുന്നത്. വികസിതരാജ്യങ്ങളെയും വികസ്വരരാജ്യങ്ങളെയും ചേര്‍ത്താണ് ചാര്‍ട്ട് ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ മൂന്നുവയസ്സുള്ള കുട്ടിക്ക് നോര്‍മല്‍ ആയുള്ള തൂക്കം 15 ആണെങ്കില്‍ അമേരിക്കയിലെ കുട്ടിക്ക് അത് 18 ആകും. എന്നാല്‍ ഇന്ത്യയെക്കാള്‍ പിന്നാക്കം വരുന്ന രാജ്യത്ത് അത് ഒരുപക്ഷേ, 12 കിലോ ആയിരിക്കാം. ഈ ചാര്‍ട്ട് പ്രകാരം മൂന്നുവയസ്സുള്ള കുട്ടികളുടെ തൂക്കം 11 മുതല്‍ 18 വരെയാണ്.

bmi

ആണ്‍ പെണ്‍ വ്യത്യാസമുണ്ടോ?

തീര്‍ച്ചയായും ഉണ്ട്. ആദ്യവര്‍ഷങ്ങളില്‍ ഈ വ്യത്യാസം ഒട്ടും പ്രകടമല്ല. എന്നാല്‍ കൗമാരപ്രായമാകുമ്പോഴേക്കും ഇത് കണ്ടുതുടങ്ങും. ആണ്‍കുട്ടികളുടെ എല്ലിന്റെ തൂക്കം പെണ്‍കുട്ടികളെക്കാള്‍ കൂടുതലാണ്. അതുകൊണ്ടുതന്നെ അവരുടെ ശരീരഭാരവും കൂടുതലാകും.

പൊണ്ണത്തടിയും സാധാരണ തൂക്കവും

തൂക്കക്കുറവ് പ്രശ്‌നംതന്നെയാണ്. പക്ഷേ, അതിലും വലിയ വിപത്താണ് പൊണ്ണത്തടി. വികസിത രാജ്യങ്ങളില്‍ മാത്രമല്ല ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യങ്ങളെയും പൊണ്ണത്തടിയന്മാരായ കുട്ടികളുടെ എണ്ണം കൂടുന്നുണ്ട്. മാറുന്ന ജീവിതരീതികളും ഭക്ഷണരീതികളും തന്നെ കാരണം! മുകളില്‍ പറഞ്ഞ ചാര്‍ട്ട് ഉപയോഗിച്ച് തൂക്കക്കുറവ് കണ്ടുപിടിക്കാന്‍ വളരെ എളുപ്പമാണ്, എന്നാല്‍ ഇതുകൊണ്ടുമാത്രം പൊണ്ണത്തടി കണ്ടുപിടിക്കാന്‍ പറ്റിക്കൊള്ളണം എന്നില്ല.

പൊണ്ണത്തടി കണ്ടുപിടിക്കാന്‍ തൂക്കംമാത്രം പോരാ, ഉയരവുംകൂടി വേണം. ഒരാളുടെ ഉയരത്തിനനുസരിച്ച് തൂക്കമുണ്ടോയെന്നു നോക്കുന്നത് ആങക ഉപയോഗിച്ചാണ്. കുട്ടികളിലും അങ്ങനെ തന്നെ. അതിനാല്‍ ഇങ്ങനെയുള്ള കുട്ടികളെ കണ്ടുപിടിക്കാന്‍ BMI യുടെ ചാര്‍ട്ടുകളും ലഭ്യമാണ്.

BMI = WEIGHT IN KG/(HEIGHT IN METER) * (HEIGHT IN METER)

ഉദാഹരണത്തിന്, 15 വയസ്സുള്ള രണ്ടു ആണ്‍കുട്ടികളുടെ തൂക്കം 65 കിലോ ആണെങ്കില്‍ ചാര്‍ട്ട് പ്രകാരം നോര്‍മല്‍ തൂക്കമാണ്. എന്നാല്‍ ഇതില്‍ ഒരാളുടെ ഉയരം 140 CM-ഉം മറ്റേയാളുടെ ഉയരം 170 CM-ഉം ആണെന്ന് വെക്കുക. അപ്പോള്‍ ആദ്യത്തെ ആളുടെ BMI = 33.1, രണ്ടാമത്തെ ആളുടെ BMI = 22.5 ആണ്. BMI ചാര്‍ട്ട് പ്രകാരം ഇതില്‍ ആദ്യത്തെ ആള്‍ പൊണ്ണത്തടിയുള്ള കുട്ടിയും രണ്ടാമത്തെ കുട്ടി നോര്‍മല്‍ തൂക്കമുള്ള കുട്ടിയുമാണ്.

Content Highlights: Kids health, Baby growth chart, baby weight by month