''കുട്ടിക്ക് കളിയും ചിരിയും കുറവാണ്. സംസാരം തീരെയില്ല. ഒറ്റക്കിരുന്ന് കളിക്കാനാണ് ഇഷ്ടം''.

കുഞ്ഞുമക്കളിൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ശാസ്ത്രീയമായ അവലോകനത്തിന് മാതാപിതാക്കൾ തയ്യാറാകണം. ഓ, അതൊന്നും സാരമില്ലെന്നേ. കുറച്ചുകഴിയുമ്പോൾ ശരിയായിക്കോളും എന്ന് കരുതി കാത്തിരിക്കരുത്. 

ഓട്ടിസത്തിന്റെ ആദ്യ സൂചനകൾ കുട്ടി ജനിച്ച മാസങ്ങൾക്കുള്ളിൽ തന്നെ പ്രകടമാകും. ഇത് തിരിച്ചറിഞ്ഞ്, മാതാപിതാക്കളെ കൂടി ഉൾപ്പെടുത്തി(Early Parent Training Interventions) പരിശീലനം നൽകിയാൽ കുട്ടിയുടെ സാമൂഹ്യ, ആശയവിനിമയ ശേഷി വർധിപ്പിക്കാനും പെരുമാറ്റ പ്രശ്നങ്ങൾ ഒരുപരിധി വരെ പരിഹരിക്കാനും കഴിയും. എന്നാൽ പലപ്പോഴും ആദ്യലക്ഷണങ്ങൾ അവ​ഗണിക്കപ്പെടുന്നു. 

ഓട്ടിസമുള്ള ഓരോ കുട്ടിയുടെയും ലക്ഷണങ്ങളും പെരുമാറ്റങ്ങളും വലിയ അളവിൽ വ്യത്യാസപ്പെട്ടിരിക്കാം. ചെറിയ പെരുമാറ്റ വെെകല്യങ്ങൾ മുതൽ അക്രമണോത്സുകത വരെയുണ്ടാകാം. അതുകൊണ്ട് ഈ അവസ്ഥയെ ഓട്ടിസം സ്പെക്ട്രം ഡിസോർർ എന്നാണ് വിളിക്കുന്നത്. യു.എസിലെ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ കണക്ക് പ്രകാരം 60 കുട്ടികളിൽ ഒരാൾ ഓട്ടിസം ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു. 

തുടക്കത്തിലേ തിരിച്ചറിയണം

സാമൂഹിക ഇടപെടലിലും ആശയവിനിമയത്തിലും(Social Communication) ഉണ്ടാകുന്ന ​ഗൗരവകരമായ അപര്യാപ്തത, നിയന്ത്രിതമായ പെരുമാറ്റ പ്രശ്നങ്ങൾ(Restricted Repetitive Behaviour) എന്നിവയാണ് ഓട്ടിസത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ബാല്യത്തിന്റെ തുടക്കത്തിൽ തന്നെ ഈ സൂചനകൾ തിരിച്ചറിയാനാകും. 

ഉദ്ദാഹരണത്തിന് രണ്ട് വയസ്സുള്ള ഒരു കുട്ടി അർഥമുള്ള വാക്കുകളൊന്നും പറയുന്നില്ല, പകരം നിരർഥകമായ ചില ശബ്ദങ്ങൾ മാത്രം ഉണ്ടാക്കുന്നു. കേൾവിക്ക് പ്രശ്നമൊന്നുമില്ലെങ്കിലും പേര് വിളിച്ചാൽ പ്രതികരിക്കില്ല. ആരെങ്കിലും കണ്ണിലേക്ക് നോക്കാൻ ശ്രമിച്ചാൽ മുഖം തിരിക്കും. ഒറ്റയ്ക്കിരുന്ന് കളിക്കാനാണ് ഇഷ്ടം. കെെകാലുകൾ അസ്വാഭാവികമായി ചലിപ്പിക്കും. ഇത്തരം സാഹചര്യങ്ങളിൽ തീർച്ചയായും കുട്ടികളെ വിദ​ഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണം. 

സാധാരണ കുട്ടികൾ രണ്ടുമാസം പ്രായമാകുമ്പോഴേക്കും രക്ഷിതാക്കളുടെ മുഖത്ത് നോക്കി ചിരിക്കാൻ(Social Smile) തുടങ്ങും. ആറുമാസമാകുമ്പോഴേക്കും പ്രതികരണശേഷി നന്നായി വർധിക്കും. ശെെശവത്തിൽ ഇത്തരം പ്രതികരണങ്ങൾ കുറവാണെങ്കിൽ, ഭാവിയിൽ ഓട്ടിസത്തിന്റെ സാധ്യത ഉൾക്കൊണ്ട്, കുട്ടിയുടെ സാമൂഹിക, വെെകാരിക വികാസത്തിന് വേണ്ട പരിശീലനങ്ങൾ നൽകേണ്ടതാണ്. 

കുട്ടികൾക്ക് ഒരു വയസ്സാകുമ്പോഴേക്കും ഇഷ്ടപ്പെട്ട വസ്തുക്കൾ ചൂണ്ടിക്കാണിക്കാനും അതിൽ താത്പര്യം പ്രകടിപ്പിക്കാനും തുടങ്ങും. ഒരു വയസ്സ് കഴിഞ്ഞിട്ടും സംയുക്ത ശ്രദ്ധയുടെ(Joint Attention Skills) കഴിവുകൾ കുട്ടി പ്രകടിപ്പിക്കുന്നില്ലെങ്കിൽ ഉടൻതന്നെ രക്ഷിതാക്കളെ ഉൾപ്പെടുത്തിയുള്ള പരിശീലനങ്ങൾ ആരംഭിക്കണം. 

ഒരു വയസ്സ് തികയുമ്പോഴേക്കും സാധാരണ കുട്ടിക്ക് അർഥമുള്ള രണ്ട് വാക്ക് സംസാരിക്കാനാകും. ഒന്നര വയസ്സാകുമ്പോഴേക്കും അർഥമുള്ള പത്ത് വാക്കെങ്കിലും സംസാരിക്കും. അല്ലാത്ത പക്ഷം ഭാഷാപരമായ പ്രശ്നങ്ങൾ മുന്നിൽ കാണണം. ഇത് പരിഹരിക്കാനുള്ള പരിശീലനങ്ങൾ തുടങ്ങുകയും വേണം. കുട്ടികൾ രണ്ടുവയസ്സാകുമ്പോഴേക്കും അർഥമുള്ള ഇരുനൂറോളം വാക്കുകളും രണ്ടുവാക്കുള്ള വാക്യങ്ങളും സംസാരിക്കാൻ പ്രാപ്തരാകേണ്ടതാണ്. 

അനാവശ്യമായി കെെകാലുകൾ ചലിപ്പിക്കുകയോ അകാരണമായി വട്ടംകറങ്ങുകയോ കെെവിരലുകൾ ചലിപ്പിച്ച് വെറുതേ അതിലേക്ക് നോക്കിയിരിക്കുകയോ അലക്ഷ്യമായി ഓടുകയോ ചാടുകയോ ചെയ്യുന്നുണ്ടോ? എങ്കിൽ തുടക്കത്തിൽ തന്നെ പെരുമാറ്റ പരിശീലനം(Early Behavioural Intervention) നൽകണം. 

ഓട്ടിസം ലക്ഷണങ്ങൾക്കുള്ള പരിഹാര പരിശീലനങ്ങൾ ആറുവയസ്സിനുള്ളിൽ നൽകുന്നതാണ് ഏറ്റവും ഫലപ്രദം. പരിശീലനം കിട്ടുന്നതിന് അനുസരിച്ച്‌ കഴിവുകൾ വികസിപ്പിക്കാൻ തലച്ചോറിന് ഏറ്റവും നന്നായി കഴിയുന്നത് (Neuroplasticity ) രണ്ടുവയസ്സുവരെയാണ്. ഈ സാധ്യത നന്നായി ഉപയോ​ഗപ്പെടുത്തിയാൽ ഓട്ടിസമുള്ള കുട്ടികളിലും സാമൂഹിക നെെപുണികൾ വികസിപ്പിക്കാനും അവരെ മുഖ്യധാരയിലേക്ക് നയിക്കാനും സാധിക്കും. 

''കഴിഞ്ഞ പത്തുവർഷമായി ലോകത്ത് ഓട്ടിസമുള്ള കുട്ടികളുടെ എണ്ണം വളരെ വേ​ഗം വർധിക്കുകയാണ്. ഓട്ടിസത്തിന്റെ ആദ്യ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ രക്ഷാകർത്താക്കളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിശീലനപരിപാടികളിലൂടെ വലിയമാറ്റം കൊണ്ടുവരാൻ സാധിക്കും. പ്രായത്തിന് അനുസരിച്ചുള്ള ആശയവിനിമയശേഷിയും സാഹചര്യത്തിന് അനുസരിച്ച് പെരുമാറാനുള്ള കഴിവും കുട്ടികളിൽ വളർത്തിയെടുക്കാം''. 

ഡോ. ബീന ജോൺസൺ
സീനിയർ കൺസൾട്ടന്റ് 
ചെെൽഡ് ​ഗെെഡൻസ്
ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കോഴിക്കോട്

Content Highlights: What Is Autism Symptoms, Causes, Tests, Treatment, Health, Kids Health

ആരോ​ഗ്യമാസിക വാങ്ങാം