'ഡോക്ടര്‍, എന്റെ കുട്ടിയെന്താ തൂക്കം വെക്കാത്തത് ?' ഇത് എല്ലാദിവസവും ഏറ്റവും കൂടുതല്‍ തവണ കേള്‍ക്കുന്ന ഒരു ചോദ്യമാണ്. കുട്ടി തൂക്കം കൂടാത്തതിനുള്ള ഏക കാരണം ആഹാരം ശരിക്കു കഴിക്കാത്തതാണെന്ന് പൊതുവേ തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ എനിക്കുണ്ടായ ഒന്നുരണ്ട് അനുഭവങ്ങള്‍ പറയാം.

രണ്ടു വയസ്സായ ഒരു ആണ്‍കുട്ടിയുമായാണ് ഒരിക്കല്‍ അമ്മ എന്നെ കാണാന്‍ വന്നത്. പരാതി മേല്‍പറഞ്ഞതു തന്നെ. ''കുട്ടി തൂക്കം വെക്കുന്നില്ല. ഇടയ്ക്കിടയ്ക്ക് കഫക്കെട്ടും പനിയുമാണ്. ഒരു ഉന്മേഷവുമില്ല. കുറച്ചു കളിക്കുമ്പോഴേക്കും ക്ഷീണിക്കും. വിശപ്പിനും തൂക്കം കൂടാനുമുള്ള എന്തെങ്കിലും മരുന്നുണ്ടോ.'' എല്ലാവരെയുംപോലെ അവരും പറഞ്ഞു നിര്‍ത്തി. ഞാനവനെ നോക്കി, ശരിയാണ്. തൂക്കം വളരെക്കുറവ്, ക്ഷീണിച്ചിരിക്കുന്നു. പരിശോധിക്കാനായി സ്റ്റെതസ്‌കോപ്പ് അവന്റെ നെഞ്ചില്‍ വെച്ചതും ഞാന്‍ അപകടം മണത്തു. അവന്റെ ഹൃദയമിടിപ്പ് ആകെ താളംതെറ്റിയ അവസ്ഥയിലാണ്. കേള്‍ക്കാന്‍ പാടില്ലാത്ത പല ശബ്ദങ്ങളും കേള്‍ക്കാം. ഞാന്‍ ആ മാതാപിതാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ കൂട്ടി വായിച്ചു. അതെ, ഹൃദയമാണ് പ്രതി! പ്രശ്‌നം വാല്‍വിനോ അല്ലെങ്കില്‍ ഭിത്തിയിലെ സുഷിരങ്ങളോ ആവാം. ഞാന്‍ അവരെ കാര്യങ്ങള്‍ ധരിപ്പിച്ചു. കേട്ടപാടെ അവര്‍ പറഞ്ഞത്: ''ഏയ്, ഇല്ല ഡോക്ടറെ... അതൊന്നും ആവില്ല. കൂടെക്കൂടെ വരുന്ന കഫക്കെട്ടല്ലാതെ അവനു വേറെ പ്രശ്‌നങ്ങളൊന്നുമില്ല. തൂക്കക്കുറവ് ആഹാരം കുറവായതുകൊണ്ടാണ്. ഈ പ്രായത്തില്‍ ഹൃദ്രോഗമോ?'' അവരെ പറഞ്ഞു മനസ്സിലാക്കി കാര്‍ഡിയോളജിസ്റ്റിന്റെ അടുത്തേക്ക് എക്കോ ടെസ്റ്റിന് വിടാന്‍ ഞാന്‍ നന്നേ പണിപ്പെട്ടു. എല്ലാ ടെസ്റ്റുകളും കഴിഞ്ഞപ്പോള്‍ ഞാന്‍ സംശയിച്ച പോലെതന്നെ അവനു ഹൃദയഭിത്തിയില്‍ വലിയ സുഷിരങ്ങള്‍ ഉണ്ടായിരുന്നു. ജന്മനാ ഉള്ളതാണ്. പിന്നെയും വീണ്ടും വീണ്ടും ചോദിച്ചപ്പോഴാണ് അവര്‍ പറഞ്ഞത്, ''ഒന്ന് രണ്ടു ഡോക്ടര്‍മാര്‍ ഈ സംശയം പറഞ്ഞിരുന്നു, ഞങ്ങള്‍ അത്ര കാര്യമാക്കിയില്ല.'' അവനെ ഉടന്‍തന്നെ ഓപ്പറേഷനുവേണ്ടി റഫര്‍ ചെയ്തു, ഇപ്പോള്‍ അവന്‍ സുഖമായിരിക്കുന്നു. തൂക്കം കൂടിവരുന്നു, ഇടയ്ക്കിടെ വരുന്ന കഫക്കെട്ടുകളില്ല, ഉഷാറായി സ്‌കൂളില്‍ പോവാന്‍ തുടങ്ങിയിരിക്കുന്നു. ഇത്രയും പറഞ്ഞത് ഒരൊറ്റക്കാര്യം വ്യക്തമാക്കാനാണ്. തൂക്കം കൂടാത്തതിന് കാരണങ്ങള്‍ പലതാകാം. പോഷകാഹാരക്കുറവ് അതിലൊന്ന് മാത്രം!.

എന്തുകൊടുത്താലും കുട്ടി കഴിക്കുന്നില്ലേ? വഴിയുണ്ട്.. 

എന്തൊക്കെയാവാം കാരണങ്ങള്‍

1. ഗര്‍ഭാവസ്ഥയിലെ ചില പ്രശ്‌നങ്ങള്‍

ഒരു കുട്ടിയുടെ ആരോഗ്യം നിശ്ചയിക്കുന്നത് അവന്റെ ഗര്‍ഭകാലം കൂടിയാണ്. ആ സമയത്തുണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ ഭാവിയിലെ തൂക്കക്കുറവിലേക്കു നയിക്കാറുണ്ട്. നല്ല തൂക്കത്തോടുകൂടി ജനിക്കുന്ന കുട്ടി ഒരു പരിധിവരെ ആരോഗ്യവാനാണ് എന്ന് നമുക്ക് പറയാം. അപ്പോള്‍ ഗര്‍ഭാവസ്ഥയിലെ എന്തൊക്കെ പ്രശ്‌നങ്ങള്‍ കുഞ്ഞിന്റെ തൂക്കത്തെ ബാധിക്കുമെന്ന് നോക്കാം.

 • അമ്മയിലെ പോഷകാഹാരക്കുറവ്
 • അമ്മയിലെ വിളര്‍ച്ച( അനീമിയ)
 • ഗര്‍ഭകാലത്തുണ്ടാകുന്ന രക്തസമ്മര്‍ദം
 • ഗര്‍ഭകാലത്തു അമ്മയിലുണ്ടാകുന്ന ചില വൈറസ് പനികള്‍ - ഉദാഹരണത്തിന് റൂബെല്ല , സൈറ്റോമെഗാലോ വൈറസ് പനി
 • ഗര്‍ഭകാലത്ത് അമ്മയ്ക്കുണ്ടാകുന്ന ചില അണുബാധകള്‍ - ടോക്‌സോപ്ലാസ്മാ അണുബാധ
 • ചില അസുഖങ്ങളോടുകൂടിയുള്ള അമ്മമാര്‍ - ഹൃദ്രോഗമുള്ളവര്‍, വലിവുള്ളവര്‍.

പ്രസവശേഷമുള്ള കാരണങ്ങള്‍

1. പോഷകാഹാരക്കുറവ് 

ഏറ്റവും കൂടുതലായി കാണുന്ന പ്രശ്‌നം ഇതുതന്നെയാണ്. ഈ വിഷയം വിശദമായി നമ്മള്‍ മുന്‍ലക്കങ്ങളില്‍ ചര്‍ച്ച ചെയ്തതാണ്.

ആദ്യ ആറുമാസം മുലപ്പാലല്ലാത്ത മറ്റുഭക്ഷണങ്ങള്‍ നല്‍കല്‍.

ആറാം മാസത്തില്‍ തുടങ്ങേണ്ട ഭക്ഷണക്രമങ്ങള്‍ വൈകിത്തുടങ്ങല്‍.

വേണ്ട പോഷകഘടകങ്ങള്‍ കുട്ടിയുടെ ഭക്ഷണത്തില്‍ ചേര്‍ക്കാതിരിക്കുക.

അമിതമായി വിപണിയിലെ ഉത്പന്നങ്ങളെ ആശ്രയിക്കുക.

2. കുട്ടികളിലെ ചില അസുഖങ്ങള്‍ - രണ്ടാം സ്ഥാനം ഇതിനാണെന്നു തോന്നുന്നു.

കുട്ടികളിലെ പല അസുഖങ്ങളും അവരുടെ തൂക്കക്കുറവിലേക്കു നയിക്കാറുണ്ട്. ഞാന്‍ തുടക്കത്തില്‍ പറഞ്ഞ കുട്ടിയെപ്പോലെ. അവയെന്തൊക്കെയെന്നു നോക്കാം.

 •  ഇടയ്ക്കിടയ്ക്കുണ്ടാകുന്ന അണുബാധകള്‍
 • വിട്ടുവിട്ടു വരുന്ന കഫക്കെട്ട്
 • ഹൃദ്രോഗങ്ങള്‍
 • ഇടയ്ക്കിടക്ക് വരുന്ന മൂത്രത്തിലെ പഴുപ്പ്.
 •  ആസ്ത്മ
 •  കുട്ടികളിലെ ടി.ബി. രോഗം
 • കുട്ടികളിലെ വിളര്‍ച്ച/ അനീമിയ

ഈ ലിസ്റ്റ് പൂര്‍ണമല്ല, കാരണം നൂറുകണക്കിന് അസുഖങ്ങള്‍ കുട്ടികളിലെ തൂക്കക്കുറവിനു കാരണമാവാറുണ്ട്. ഏറ്റവും കൂടുതലായി കാണുന്നവ പറഞ്ഞെന്നുമാത്രം.

3. ദഹനപ്രശ്‌നങ്ങള്‍ 

ചില കുട്ടികളില്‍ ഭക്ഷണം എത്ര കഴിച്ചാലും അത് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയില്ല. ചെറുകുടലിലെയും വന്‍കുടലിലെയും ചില പ്രശ്‌നങ്ങള്‍ കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇങ്ങനെയുള്ള കുട്ടികളില്‍ വിട്ടുമാറാത്ത വയറു വേദനയും വയറിളക്കവുമൊക്കെ കാണാറുണ്ട്. ഇത് കൂടുതല്‍ ടെസ്റ്റുകള്‍ വഴി കണ്ടുപിടിക്കേണ്ട ഒരവസ്ഥയാണ്.

4. ജനിതക തകരാറുകള്‍

അപൂര്‍വമെങ്കിലും ചില കുട്ടികള്‍ ജന്മനാതന്നെ ക്രോമസോം വൈകല്യങ്ങളുമായാണ് ജനിക്കുന്നത് . അവരിലും തൂക്കക്കുറവ് വളരെ കൂടുതലാണ്. ഇത് ഒരു ശിശുരോഗവിദഗ്ധന് പലപ്പോഴും ജനിച്ച ഉടനെതന്നെ കണ്ടുപിടിക്കാന്‍ സാധിക്കും. എന്നാല്‍ ചില കുട്ടികളില്‍ ഇതിന്റെ ലക്ഷണങ്ങള്‍ വൈകിയാണ് പ്രത്യക്ഷപ്പെടാറുള്ളത്.

5. ജന്മനാ ഉള്ള രാസപ്രവര്‍ത്തനവൈകല്യങ്ങള്‍ 

ശരീരത്തില്‍ നടക്കുന്ന ആയിരക്കണക്കിന് രാസപ്രവര്‍ത്തനങ്ങളുടെ ഫലമായാണ് നാം കഴിക്കുന്ന ഭക്ഷണം നമുക്ക് ദഹിപ്പിക്കാന്‍ സാധിക്കുന്നത്. എന്നാല്‍ ചില കുട്ടികളില്‍ ചില രാസപ്രവര്‍ത്തനങ്ങള്‍ ജന്മനാതന്നെ നടക്കുന്നുണ്ടാകില്ല. തത്ഫലമായി അവരില്‍ പല പ്രശ്‌നങ്ങളും ഉടലെടുക്കും. ഉദാഹരണത്തിന് 'ഗാലക്ടോ സേമിയ' എന്ന അസുഖമുള്ളപ്പോള്‍ പാലോ പാലുത്പന്നങ്ങളോ ദഹിപ്പിക്കാനുള്ള കഴിവുണ്ടാകുകയില്ല. ഇവരില്‍ തൂക്കക്കുറവ് വളരെ കൂടുതലായി കാണപ്പെടുന്നു.

6. പാരമ്പര്യം 

പാരമ്പര്യവും തൂക്കക്കുറവിന്റെ ഒരു കാരണമാണ്. വളരെ മെലിഞ്ഞ ശരീരപ്രകൃതിയുള്ള അച്ഛനും അമ്മയ്ക്കും ഉണ്ടാകുന്ന മക്കളും അങ്ങനെതന്നെ ആവാനുള്ള സാധ്യത വളരെ കൂടുതലാണ്.

പാക്കറ്റ് ചിപ്സും ചോക്ലേറ്റുമല്ല, കുട്ടികൾ പുട്ടും കടലയും കഴിച്ചാൽ എന്താണ് കുഴപ്പം?

അപ്പോള്‍ ഇനിയെന്ത് ചെയ്യണം?

തൂക്കം കൂടാത്തതിനുള്ള പരിഹാരം വൈറ്റമിന്‍ സിറപ്പുകളും വിശപ്പിനുള്ള മരുന്നുകളുമല്ല. കാരണം കണ്ടെത്താന്‍ ഒരു ഡോക്ടറുടെ സഹായം തേടണം. എന്തെങ്കിലും ടെസ്റ്റുകള്‍ പറയുകയാണെങ്കില്‍ അത് എന്തിനാണെന്ന് ചോദിച്ചു മനസ്സിലാക്കി ചെയ്യുക. കാരണം എന്തെങ്കിലും രോഗാവസ്ഥ കാരണമാണ് നിങ്ങളുടെ കുട്ടിക്ക് തൂക്കം കൂടാത്തതെങ്കില്‍ ചികിത്സിക്കേണ്ടത് ആ രോഗത്തെയാണ്, തൂക്കക്കുറവിനെയല്ല! ആ രോഗം ഭേദമാവുന്നതോടെ/ ശരിയായി നിയന്ത്രിക്കുന്നതിലൂടെ തൂക്കക്കുറവും പമ്പ കടക്കും, നാം തുടക്കത്തില്‍ പറഞ്ഞ ആ കുട്ടിയെപ്പോലെ..!

Content Highlights: weight problems in kids