കൊറോണ വൈറസ് ബാധയിൽ നിന്ന് ലോകത്തെ സംരക്ഷിക്കാൻ കോവിഡ് വാക്സിനുകൾ ലഭ്യമായി തുടങ്ങിയ ഈ ഘട്ടത്തിലാണ് വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിരിക്കുന്നു എന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്.

ഇത്തരത്തിൽ ജനിതകവ്യതിയാനം സംഭവിച്ചിരിക്കുന്ന വൈറസിന്റെ പുതിയ സ്ട്രെയിൻ ബ്രിട്ടണിലാണ് കണ്ടെത്തിയിരിക്കുന്നത്.

വൈറസിന്റെ ഈ ജനിതകവ്യതിയാനത്തിന് കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്ര ലോകം. ഇതിനിടയിലാണ് പുതിയ ഈ വൈറസ് കുട്ടികൾക്കും അപകടഭീഷണിയുയർത്തുന്നു എന്ന റിപ്പോർട്ടുകൾ വന്നിരിക്കുന്നത്.

വി.യു.ഐ. 202012/01 എന്ന് പേരിട്ടിരിക്കുന്ന ഈ ജനിതകമാറ്റം വന്ന വൈറസിന് പതിനേഴ് ജനിതകവ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് യു.കെ. ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. വൈറസിന് മനുഷ്യശരീരത്തിലെ കോശങ്ങളിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്ന അഗ്രഭാഗമായ സ്പൈക്ക് പ്രോട്ടീനിലാണ് ഈ മാറ്റങ്ങൾ ഉണ്ടായിരിക്കുന്നത്. അതാണ് വൈറസ് വളരെ വേഗത്തിൽ വ്യാപിക്കാൻ കാരണമാകുന്നത്.

പുതിയ വൈറസും കുട്ടികളും

ജനിതകവ്യതിയാനം വന്നതു മൂലം വൈറസിന് മനുഷ്യശരീരത്തിൽ പ്രവേശിക്കാൻ എളുപ്പമായിരിക്കുകയാണ്. അതിനാൽ മുതിർന്നവരെപ്പോലെ കുട്ടികളെയും വൈറസ് എളുപ്പത്തിൽ ബാധിക്കാൻ ഇടയുണ്ടെന്നാണ് ലണ്ടൻ ഇംപീരിയൽ കോളേജിലെ വൈറോളജിസ്റ്റും ന്യൂ ആൻഡ് എമേർജിങ് റെസ്പിറേറ്ററി വൈറസ് ത്രെട്ട്സ് അഡ്വൈസറി ഗ്രൂപ്പിലെ പ്രൊഫസറുമായ വെൻഡി ബാർക്ലേയ് പറയുന്നു.

വൈറസ് മുതിർന്നവരെ ബാധിക്കുന്നതിന്റെ പാറ്റേണുകളിൽ വ്യത്യാസം വരുന്നതിനാൽ കൂടുതൽ കുട്ടികൾ വൈറസ് ബാധിതരാകാൻ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു. നേരത്തെയുള്ള വൈറസിനേക്കാൾ എഴുപത് ശതമാനത്തോളം വ്യാപനശേഷി കൂടുതലുള്ള വൈറസിനെയാണ് നിലവിൽ തിരിച്ചറിഞ്ഞിട്ടുള്ളത്. അതാണ് കുട്ടികളിൽ രോഗവ്യാപനത്തിന് സാധ്യത കൂടാനുള്ള കാരണം.

Content Highlights:Uks new Corona Virus strain poses serious risks to children, Covid19, Corona Virus, Health