പഠിക്കുന്നതെല്ലാം ഒാർത്തെടുക്കണമെങ്കിൽ പഠനത്തിന് അടുക്കും ചിട്ടയും വേണം. കുട്ടികളലെ ഓർമശക്തി മെച്ചപ്പെടുത്താനും പഠനം എളുപ്പമാക്കാനും ചില സൂത്രവിദ്യകളുണ്ട്. ഈ സൂത്രവിദ്യകൾ അറിയാം.

ആവര്‍ത്തിച്ച് പഠിക്കാം: ആവര്‍ത്തിച്ച് ഉരുവിട്ട് പഠിക്കുന്നത് ഒരുതരത്തില്‍ അധികപഠനം ആണ്. ഇത് കാര്യങ്ങള്‍ ഓര്‍മയില്‍ നില്‍ക്കാന്‍ സഹായിക്കും. ആവര്‍ത്തിച്ച് എഴുതുന്നതും നല്ലതാണ്. പഠിച്ച കാര്യങ്ങള്‍ സ്വന്തം ഭാഷയില്‍ സുഹൃത്തിന് പറഞ്ഞുകൊടുക്കുന്നതുപോലെ ആവര്‍ത്തിച്ചുനോക്കൂ. പഠിച്ച കാര്യങ്ങളെക്കുറിച്ച് ആഴ്ച്ചയില്‍ ഒരിക്കലെങ്കിലും റിവിഷന്‍ ചെയ്യുകയും വേണം. 
വിഭജിക്കാം, കൂട്ടങ്ങളാക്കാം: പഠിക്കേണ്ട കാര്യങ്ങള്‍ പല ഭാഗങ്ങളാക്കിമാറ്റുന്നത് ഓര്‍മയില്‍ നിലനില്‍ക്കാന്‍ സഹായിക്കും. അക്കങ്ങളുടെ കാര്യത്തിലും ഇത് പിന്തുടരാം. എട്ടോ പത്തോ അക്കങ്ങള്‍ ക്രമമായി ഓര്‍ക്കുന്നതിന് പകരം ചെറിയ കൂട്ടങ്ങളായി തിരിക്കാം. ഉദാഹരണത്തിന് 12546722 എന്നുള്ളത് 12, 54, 67,22 എന്നിങ്ങനെ വിഭജിക്കാം. 
ബന്ധപ്പെടുത്താം, കൂട്ടിച്ചേര്‍ക്കാം: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് 1947 - ലാണെന്ന് ആരും മറക്കില്ല. ഒന്നാം സ്വാതന്ത്ര്യസമരം 90 കൊല്ലം മുന്‍പ് 1857 ലായിരുന്നു എന്ന് പരസ്പരം ബന്ധപ്പെടുത്തി പഠിക്കാവുന്നതാണ്. എവറസ്റ്റിന്റെ ഉയരം 8848 മീറ്ററാണെന്ന് ഓര്‍ത്തുവെയ്ക്കാന്‍ ആ സംഖ്യകളെ പരസ്പരം ബന്ധപ്പെടുത്തിയാല്‍ മതി. രണ്ട് എട്ടുകള്‍, ഒരെട്ടിന്റെ പകുതി, വീണ്ടും ഒരെട്ട് എന്നിങ്ങനെ. 
അക്രോനിം: ചുരുക്കെഴുത്തുകളും എളുപ്പവഴികളും ഓര്‍മകള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. മഴവില്ലിലെ ഏഴുനിറങ്ങളെ VIBGYOR  എന്നും ഗണിതക്രിയകളെ മുന്‍ഗണനയുടെ അടിസ്ഥാനത്തില്‍ BODMAS എന്ന് വിഭജിച്ചു പഠിക്കുന്നത് ഉദാഹരണമാണ്. 
ക്രമീകരണം: പഠനവിഷയങ്ങള്‍ അതിന്റെ പ്രാധാന്യമനുസരിച്ച് ക്രമത്തില്‍ എഴുതി സൂക്ഷിക്കണം. ആവശ്യമുള്ള കാര്യങ്ങള്‍ പോയിന്റുകളായി കുറിച്ചുവെയ്ക്കാം. പരീക്ഷാസമയത്ത് ഇവ വായിച്ചുനോക്കുന്നത് പാഠഭാഗങ്ങള്‍ എളുപ്പത്തില്‍ ഓര്‍മയിലെത്താന്‍ സഹായിക്കും. 
ടൈം മാനേജ്‌മെന്റ്: ഏതെല്ലാം വിഷയങ്ങള്‍ക്ക് എത്രസമയം നീക്കിവെയ്ക്കണമെന്ന് ആദ്യമേ തീരു മാനിക്കണം. കൃത്യമായ സമയക്രമം പാലിക്കാതെ വാരിവലിച്ചു പഠിക്കുന്നത് ഓര്‍മയില്‍ നില്‍ക്കില്ല. 
സങ്കല്‍പിച്ച് പഠിക്കാം: പഠിക്കാനുള്ള കാര്യങ്ങള്‍ മനസ്സില്‍ സങ്കല്‍പ്പിക്കാന്‍ ശ്രമിക്കാം. ദൃശ്യരൂപത്തില്‍ മനസ്സില്‍ പതിയുന്ന കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ എളുപ്പമാണ്. 
കാണാം, ഓര്‍ത്തെടുക്കാം: നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന കുറച്ചു വസ്തുക്കള്‍ മുന്നില്‍ നിരത്തുക. ഒരുമിനിറ്റ് നിരീക്ഷിച്ചശേഷം അവ മാറ്റിവെയ്ക്കുക. തുടര്‍ന്ന് അവ ഏതെല്ലാമാണെന്ന് ഒരു പേപ്പറില്‍ എഴുതിനോക്കൂ. തൊട്ടുതലേദിവസം എന്തെല്ലാം നടന്നുവെന്ന് ഓര്‍ത്തുനോക്കുക. ഉണര്‍ന്നതുമുതല്‍ ഉറങ്ങുന്നതുവരെയുള്ള കാര്യങ്ങള്‍ ഒന്നെഴുതിനോക്കൂ. ദിവസവും ഇങ്ങനെ ചെയ്താല്‍ ഓര്‍മശക്തി കൂടും. 

ഉത്കണ്ഠയോ മാനസിക സമ്മര്‍ദമോ ഇല്ലാതെ പഠിച്ചു തുടങ്ങാം. 
ഓര്‍മിക്കേണ്ട കാര്യം പൂര്‍ണമായി മനസ്സിലാക്കുക.
ഓര്‍മിക്കണം എന്ന് മനസ്സിലുറപ്പിച്ചുവേണം പഠിച്ചുതുടങ്ങാന്‍. ഒരു പാരഗ്രാഫ് വായിച്ചശേഷം അത് മനസ്സില്‍പറയുകയോ എഴുതിനോക്കുകയോ ചെയ്യുക. 
ഓര്‍മിക്കേണ്ട വിഷയത്തെ പല ഭാഗങ്ങളായി തിരിക്കുക. അവയ്ക്ക് തലക്കെട്ടുകളോ നമ്പറുകളോ നല്‍കുക. 
വസ്തുതകള്‍ രസകരമായ ചിത്രങ്ങളായോ കാര്‍ട്ടൂണുകളായോ ഓര്‍മിക്കുക. 
പ്രധാനപ്പെട്ട പേരുകളും വാക്കുകളും ഒരു ചുമരില്‍ വലുതായി എഴുതിതൂക്കിയിട്ടപോലെ മനസ്സില്‍ കാണുക. 
ഓര്‍മിക്കേണ്ട കാര്യം പല അവസരങ്ങളിലായി ചെറിയ സമയത്തിനുള്ളില്‍ ഓര്‍ക്കാന്‍ ശ്രമിക്കുക. ഇത് ഒറ്റതവണകൊണ്ട് ഓര്‍ക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ ഫലംചെയ്യും. ഉദാഹരണത്തിന് ഒരു പാഠഭാഗം അഞ്ചുമിനിറ്റ് ദൈര്‍ഘ്യത്തില്‍ പത്തോ പന്ത്രണ്ടോ തവണ ഓര്‍ക്കുന്നത് ഒരുമണിക്കൂറില്‍ ഒറ്റത്തവണ ഓര്‍ക്കുന്നതിനേക്കാള്‍ നല്ലതാണ്. 
പഠിച്ച കാര്യങ്ങള്‍ വീണ്ടും അടുത്തടുത്ത ദിവസങ്ങള്‍, ഒരാഴ്ച, രണ്ടാഴ്ച്ച, ഒരുമാസം എന്നി ഇടവേളകളില്‍ ആവര്‍ത്തിച്ച് 
ഓര്‍ക്കാന്‍ ശ്രമിക്കുക. വായിച്ച കാര്യങ്ങള്‍ മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യുക. കാര്യങ്ങള്‍ കൂടുതല്‍ കാലം ഓര്‍മയില്‍ നിലനില്‍ക്കാന്‍ ഇത് സഹായിക്കും. 

(മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത് )