മാതാപിതാക്കള്‍ അനുഭവിക്കുന്ന വലിയൊരു പ്രതിസന്ധിയാണ് കുട്ടികളെ ഉറക്കുകയും ഉണര്‍ത്തുകയും ചെയ്യുക എന്നത്. വീട്ടിലെ മുഴുവ അംഗങ്ങളുടെയും ഉറക്കത്തെയും ജോലിയെയുമൊക്കെ ഇത് ബാധിക്കാറുണ്ട്. ഇതിന് ചെറിയ ചില പ്രതിവിധികള്‍ എന്തൊക്കെയെന്ന് അറിയാം.
- കുട്ടികള്‍ക്ക് ഉറങ്ങാനും ഉണരാനും സ്ഥിരമായി ഒരു സമയം നിശ്ചയിക്കണം. അതിന് അനുസരിച്ച് കുട്ടികളെ ഉറക്കിയും ഉണര്‍ത്തിയും ശീലിപ്പിക്കണം. പതിയെ കുട്ടികള്‍ ആ സമയം ശീലിക്കും.
- കുട്ടികള്‍ക്ക് ഇപ്പോള്‍ സ്ക്രീന്‍ സമയം കൂടുതലാണ്. അതായത് ടി.വി. കാണുന്നതിന്റെയും മൊബൈല്‍ സ്ക്രീന്‍ ഉപയോഗിക്കുന്നതിന്റെയും സമയം. അതിനാല്‍ അതെല്ലാം അവസാനിപ്പിച്ച് അവര്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാം. അങ്ങനെ അവരെ ഉറക്കത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാം.
- രാത്രി അധികം സമയം കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കരുത്. മൊബൈല്‍ ഉപയോഗം അവരെ ഉറക്കത്തില്‍ നിന്നും തടയും.
- കുട്ടികളെ ഉറക്കത്തിലേക്ക് ആകര്‍ഷിക്കുന്ന ഒരു അന്തരീക്ഷം നല്‍കണം. ഉറക്കം വരാന്‍ സഹായിക്കുന്ന തരത്തിലുള്ള മൃദുവായ കിടക്കകളും പുതപ്പുകളും ചെറിയ ലൈറ്റുകളുമെല്ലാം ഒരുക്കാം. ഇതെല്ലാം കുട്ടികള്‍ നന്നായി ഉറങ്ങാന്‍ സഹായിക്കും.
- കുട്ടികളെ ഉറങ്ങാന്‍ നിര്‍ബന്ധിക്കരുത്. അത് അവര്‍ ഉറങ്ങാതിരിക്കാന്‍ കാരണമാകും. ഉറങ്ങാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തു നോക്കൂ. അവര്‍ പതുക്കെ ഉറക്കത്തിന് പിന്നാലെ പോകും.
- സുരക്ഷിതരായാണ് ഉറങ്ങുന്നത് എന്ന അവബോധം കുട്ടികള്‍ക്ക് നല്‍കണം. പേടിയുണ്ടാക്കുന്ന കഥകള്‍ കേട്ട് ഉറങ്ങുമ്പോള്‍ അവരുടെ ഉള്ളില്‍ പേടിയും ആശങ്കയും ഉണ്ടാകും. അതെല്ലാം അകറ്റി തങ്ങള്‍ സുരക്ഷിതരാണെന്നും ഒന്നും ഭയക്കേണ്ടതില്ലെന്നുമുള്ള ആത്മവിശ്വാസം അവര്‍ക്ക് നല്‍കണം.
- ഉറങ്ങാന്‍ പോകുന്നതിന് തൊട്ടുമുന്‍പ് കുട്ടികള്‍ക്ക് വലിയ അളവില്‍ ഭക്ഷണം നല്‍കരുത്. കഫീന്‍ അടങ്ങിയതോ മധുരം അടങ്ങിയതോ ആയ പാനീയങ്ങളും നല്‍കരുത്. ഉറങ്ങുന്നതിന് കുറഞ്ഞത് ആറുമണിക്കൂര്‍ മുന്‍പ് മാത്രമേ മധുരവും കഫീനുമെല്ലാം കഴിക്കാവൂ.
- കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്താല്‍ ചെറിയ സമ്മാനങ്ങള്‍ നല്‍കാം എന്ന് കുട്ടികള്‍ക്ക് വാഗ്ദാനം ചെയ്യുക. അത് കൃത്യമായി പാലിക്കുക. അപ്പോള്‍ അവര്‍ പതിയെ അത് ശീലമാക്കാന്‍ തുടങ്ങും.
Content Highlights: Tips to make your kid sleep faster, Health, Kids Health, Parenting