കോഴിക്കോട്: കോവിഡ് കാലത്ത് കുഞ്ഞുങ്ങളിൽ മാനസിക വളർച്ച കുറയുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തരം പ്രശ്നങ്ങളുമായി ഒട്ടേറെ രക്ഷിതാക്കളാണ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററുകളെ സമീപിക്കുന്നത്.

വളർച്ചയ്ക്കനുസരിച്ചുള്ള സംസാരശേഷിയില്ലാത്തതാണ് കുട്ടികളിലെ പ്രധാന പ്രശ്നമായി ഡോക്ടർമാർ പറയുന്നത്. അടച്ചിടലിനു മുമ്പ് സമൂഹവുമായി ഇടപഴകിയ കുട്ടികളുടെ സംസാരശേഷി കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്.

സ്വന്തം പേര് കേൾക്കുമ്പോൾ പ്രതികരിക്കാതിരിക്കുക, ഒരേ പ്രായത്തിലുള്ള കുട്ടികളെ കാണുമ്പോൾ സംസാരിക്കാതിരിക്കുക, വികൃതി, എപ്പോഴും അമ്മ അടുത്തുവേണമെന്നു വാശിപിടിക്കുക, സാമൂഹിക ഇടപെടൽ സാരമായി കുറയുക എന്നിവയാണ് മറ്റു ലക്ഷണങ്ങൾ.

ഓട്ടിസം സ്പെക്‌ട്രം ഡിസോർഡേഴ്സിന്റെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാൽ നേരത്തേ കണ്ടെത്തി പരിഹരിച്ചില്ലെങ്കിൽ ഈ അവസ്ഥ കുട്ടികളെ ഓട്ടിസം പോലുള്ള ന്യൂറോളജിക്കൽ പ്രശ്നങ്ങളിലേക്കെത്തിക്കാൻ സാധ്യതയുണ്ട്.

കാരണങ്ങൾ

പുറംലോകവുമായുള്ള ഇടപെടലിലൂടെയാണ് മൂന്നുവയസ്സുവരെയുള്ള കുട്ടികളിൽ മസ്തിഷ്ക വികാസം സംഭവിക്കുന്നത്. എന്നാൽ, കോവിഡും അടച്ചിടലും കാരണം കുട്ടികൾക്ക് മറ്റുള്ളവരുമായി ഇടപഴകാനുള്ള അവസരങ്ങളില്ലാതായി. വീടുകളിലകപ്പെട്ട കുഞ്ഞുങ്ങൾ തന്നിലേക്കുതന്നെ ചുരുങ്ങുകയും അവരിൽ മസ്തിഷ്ക വികാസം സംഭവിക്കാതെ വരുകയും ചെയ്യുന്നു. മറ്റുള്ളവരോട് എങ്ങനെ സംസാരിക്കണം, സ്വയം എങ്ങനെ സംസാരിക്കണം തുടങ്ങിയ പ്രാഥമിക അറിവുകൾപോലും ഇല്ലാതെ വരുന്നു.

മൊബൈൽ ഫോണും വില്ലൻ

കോവിഡ് കാലത്ത് കുഞ്ഞുങ്ങൾ അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നു. പിച്ചവെക്കാൻ തുടങ്ങുന്ന പ്രായത്തിൽത്തന്നെ ഇവ കിട്ടുന്നതോടെ കുഞ്ഞ് ആ ലോകത്തിലേക്ക് ഒതുങ്ങിപ്പോകും. മസ്തിഷ്ക ഉത്തേജനം നടക്കാതെവരും. ഓടിനടക്കാനോ മറ്റുള്ളവരോട് ഇടപഴകാനോ മൊബൈലിൽ മുഴുകിയ കുഞ്ഞുങ്ങൾക്ക് താത്‌പര്യം കാണില്ല.

ധാരാളം പേരാണ് സമീപിക്കുന്നത്

കുഞ്ഞുങ്ങൾക്ക് അവരുടെ വയസ്സിന് ആനുപാതികമായ മാനസിക വളർച്ചയില്ലെന്ന പരാതിയുമായി ഒട്ടേറെ പേരാണെത്തുന്നത്. കൃത്യമായ എണ്ണം പറയാനാവില്ലെങ്കിലും മുൻവർഷങ്ങളെ അപേക്ഷിച്ച് വർധിച്ചിട്ടുണ്ട്. മൂന്നുവയസ്സിനു താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കളാണ് കൂടുതലും. സാധാരണ ഇത്തരം പ്രശ്നങ്ങളുമായി വരുന്നവരെ സ്പീച്ച് തെറാപ്പിക്കു വിധേയരാക്കുകയാണു പതിവ്. പക്ഷേ, നിലവിൽ അത്തരം കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുന്നതു വെല്ലുവിളിയാണ്. ഭാവിയിൽ ഇത് വലിയ പ്രശ്നമാവുമോ എന്ന് കൂടുതൽ പഠനങ്ങൾക്കു ശേഷമേ പറയാനാവൂ. ഇന്ത്യയിൽ പലയിടത്തും നടത്തിയ പഠനങ്ങളിൽ കോവിഡ് കാലം കുട്ടികളുടെ മാനസിക വളർച്ചയെ ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

-ഡോ. പി. കൃഷ്ണകുമാർ

ഡയറക്‌ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ്, കോഴിക്കോട്‌

Content Highlights: