കുട്ടികള്‍ പിച്ചവെച്ചു തുടങ്ങുമ്പോള്‍ വീഴുന്നത് സാധാരണമാണ്. അതുപോലെ തന്നെയാണ് സംസാരിച്ചു തുടങ്ങുമ്പോഴും പിഴവുകള്‍ സംഭവിക്കുന്നത്. സംസാരിച്ച് തുടങ്ങിയതിന്റെയും ഭാഷ വികസിക്കുന്നതിന്റെയും ഭാഗമായി കുട്ടികള്‍ സംസാരിക്കുമ്പോള്‍ അല്പം നിര്‍ത്തി നിര്‍ത്തിയും തിരുത്തിയും ആലോചിച്ചും സമയമെടുത്തും ഒക്കെയാവും സംസാരിക്കുക. എന്നാല്‍ അഞ്ച് വയസ് വരെയുള്ള പ്രായം കഴിഞ്ഞിട്ടും സംസാരം സാധാരണ രീതിയിലേക്ക് എത്തുന്നില്ലെങ്കില്‍ അത് സംസാര വൈകല്യങ്ങളുടെ പ്രശ്‌നമാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

എന്താണ് വിക്ക്

വിക്ക് (Stuttering) എന്നത് ഒരു രോഗമല്ല. വിക്കി വിക്കി പറയുന്നതായ അവസ്ഥയാണ്. അതായത് പലതരത്തിലുള്ള തടസ്സങ്ങള്‍മൂലം സാധാരണ സംസാരത്തിനുണ്ടാകേണ്ട സ്വാഭാവിക ഒഴുക്ക് ഇല്ലാതെ വരുന്നതാണ് വിക്ക് എന്ന അവസ്ഥ.

വിക്കിനെ കുറിച്ച് സമൂഹത്തില്‍ പലര്‍ക്കും തെറ്റായ പല ധാരണകളുമുണ്ട്. സാധാരണ രണ്ടര വയസ്സെത്തുമ്പോഴാണ് കുട്ടികളിലെ വിക്ക് തിരിച്ചറിയാന്‍ സാധിക്കുക. 95 ശതമാനം കുട്ടികളിലേയും സംസാരവൈകല്യങ്ങള്‍ അഞ്ച് വയസ്സിനു മുന്‍പേ തിരിച്ചറിയാനാവും.  പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളില്‍ വിക്കിന്റെ തോതു മൂന്നു മുതല്‍ നാല് മടങ്ങാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

വിക്ക് എന്തുകൊണ്ട് ഉണ്ടാവുന്നു

എന്തുകൊണ്ടാണ് വിക്ക് ഉണ്ടാവുന്നതെന്ന് വൈദ്യശാസ്ത്രത്തിനു പോലും അവ്യക്തമാണ്. പലപ്പോഴും പാരമ്പര്യമായും വിക്ക് കാണപ്പെടാറുണ്ട്. പൊതുവായ കാരണങ്ങള്‍ ഇവയൊക്കെയാവാം.

പാരമ്പര്യം: വിക്ക് ഉള്ളവരുടെ കുടുംബങ്ങളിലും അത്തരം ഇരട്ടക്കുട്ടികളിലും മറ്റും നടത്തിയ പഠനങ്ങള്‍ 'വിക്ക്' പാരമ്പര്യമായി ഉണ്ടാകാം എന്നു കാണിക്കുന്നു.

ശാരീരികമായ വ്യത്യാസങ്ങള്‍: സാധാരണ ആളുകളില്‍ നിന്ന് വ്യത്യസ്തമാണ് വിക്കുള്ളവര്‍ സംസാരിക്കുമ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ എന്ന് ചില പഠനങ്ങള്‍ പറയുന്നു.

സാഹചര്യങ്ങളുടെ സമ്മര്‍ദം: കുട്ടികള്‍ വളരുന്ന സാഹചര്യങ്ങള്‍ അവന്റെ സംസാരത്തെ ഏറെക്കുറെ ബാധിക്കും. വളരെ സമ്മര്‍ദം ചെലുത്തുന്ന സാഹചര്യങ്ങളില്‍ വളരുന്ന കുട്ടികള്‍ക്ക് വിക്ക് വരാനുള്ള സാധ്യത ഏറെയാണ്.

ലക്ഷണങ്ങള്‍

വിക്കിന്റെ ലക്ഷണങ്ങളെ രണ്ടായി തിരിക്കാം.

പ്രൈമറി ബിഹേവിയേര്‍സ് (primary bhaviors): ഏകാക്ഷര പദമായ മുഴുവന്‍ പദം ആവര്‍ത്തിച്ചു പറയുക. (ഉദാ: പേ.. പേ.. പേര് അര്‍ജുന്‍) ശബ്ദങ്ങളെ ദീര്‍ഘിപ്പിച്ചുകൊണ്ടോ നീട്ടി കൊണ്ടോ സംസാരിക്കുക. സംസാരിക്കുമ്പോള്‍ ടെന്‍ഷനടിക്കുക അഥവാ സംസാരിക്കുമ്പോള്‍ വിക്ക് വരുമോയെന്ന് പേടിക്കുക. സംസാരിക്കുകമ്പോള്‍ താത്കാലികമായി നിര്‍ത്തുക (pause in speech)

സെക്കണ്ടറി ബിഹേവിയേര്‍സ് (secondary behaviors): സംസാരിക്കുന്ന സന്ദര്‍ഭങ്ങള്‍ പരമാവധി ഒഴിവാക്കുക. സംസാരിക്കുമ്പോള്‍ കണ്ണു ചിമ്മുക, താടി ഇറുക്കുക. സംസാരിക്കുമ്പോള്‍ കാലടിക്കുക, കൈ ചുരുട്ടി പിടിക്കുക. സംസാരിക്കുമ്പോള്‍ തലയാട്ടുക. സാമൂഹ്യമായ സാഹചര്യങ്ങളില്‍ സംസാരം ഒഴിവാക്കുക. ശബ്ദങ്ങളെ വ്യതിചലിപ്പിക്കുക അതായത് തൊണ്ട ശുഭ്രമാക്കുക.

വിക്കിന്റെ വിവിധ ഘട്ടങ്ങള്‍

1. ഡെവലെപ്‌മെന്റല്‍ സ്റ്റട്ടറിങ്ങ് (Developmental Stuttering): ഇത് സംഭവിക്കുന്നത് കുട്ടികളിലാണ്. അപ്പോള്‍ അവര്‍ സംസാര ഭാഷ കഴിവ് ഗ്രഹിക്കുന്ന കുട്ടികളില്‍ കണ്ടുവരുന്ന പ്രധാനപ്പെട്ട ഒരുതരം വിക്കാണിത്. കുട്ടികള്‍ സംസാര ഭാഷ പഠിച്ചുകൊണ്ടിരിക്കുന്ന സമയമായതിനാല്‍ നേരത്തെ കണ്ടെത്തി സ്പീച് തെറാപ്പി നല്‍കിയാല്‍ പ്രശ്‌നം പരിഹരിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.

2. ന്യൂറോജനിക് സ്റ്റട്ടറിങ്ങ് (Neurogenic Stuttering): സ്‌ട്രോക്ക്, മസ്തിഷ്‌കത്തിലെ മുറിവ്, തലച്ചോറിന് സംഭവിക്കുന്ന ആഘാതം എന്നിവ കാരണം സംഭവിക്കുന്ന വ്യതിയാനം തലച്ചോറിലെ സംസാരവുമായി ബന്ധപ്പെട്ട മേഖലകളെ ബാധിക്കുകയും അത് വ്യക്തമായി സംസാരിക്കാനുള്ള കഴിവില്ലാതാക്കുകയും ചെയ്യുന്നു.

3. സൈക്കോജനിക് സ്റ്റട്ടറിങ്ങ് (Pychogenic Stuttering): മനസ്സിന് സംഭവിക്കുന്ന ആഘാതം കാരണം വ്യക്തമായി സംസാരിക്കാനുള്ള കഴിവ് ഇല്ലാതാകുന്നു സംസാരിക്കാനുള്ള കഴിവ് ഈ കാലയളവില്‍ കുറഞ്ഞു വരുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

വിക്കിന് ചികിത്സയുണ്ടോ, ചികിത്സയ്ക്ക് ആരെ സമീപിക്കണം?

മൂന്ന് വയസ്സ് കഴിഞ്ഞു കാണുന്ന വിക്കാണെങ്കില്‍ അതിനു പ്രത്യേക ശ്രദ്ധകൊടുക്കേണ്ടത് അനിവാര്യമാണ്. മാതാപിതാക്കള്‍ മിക്കപ്പോഴും തെറ്റായ രീതിയില്‍ പല ചികിത്സാവിഭാഗങ്ങളെയും സമീപിക്കാറുണ്ട്. പക്ഷേ ശരിയായ രീതിയില്‍ ഫലപ്രദമാകാറില്ല. കുട്ടികളില്‍ സംസാരവൈകല്യങ്ങള്‍ ഉള്ളതായി തിരിച്ചറിഞ്ഞാല്‍ സംസാര ചികിത്സാവിദഗ്ധരെ (സ്പീച്ച് പത്തോളജിസ്റ്റ്) സമീപിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശാസ്ത്രീയപരമായ രീതിയില്‍ സംസാര ചികിത്സാവിദഗ്ധര്‍ (സ്പീച്ച് പത്തോളജിസ്റ്റ്) ചെയ്യുന്ന സ്പീച്ച് തെറാപ്പിയില്‍ കൂടി മാത്രമേ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കുകയുള്ളൂ. 

പാരെന്റല്‍  കൗണ്‍സിലിങ്ങും ചൈല്‍ഡ് കൗണ്‍സിലിങ്ങുമൊക്കെ സ്പീച്ച് പത്തോളജിസ്റ്റിനെ സംബന്ധിച്ചിടത്തോളം സ്പീച്ച് തെറാപ്പിയുമായി ബന്ധപ്പെട്ട ലഘുവായൊരു രീതി മാത്രമാണ്. 

വിക്ക് ചികിത്സിച്ചുമാറ്റാനുള്ള മരുന്നുകളൊന്നും ശാസ്ത്രീയമായി കണ്ടുപിടിച്ചിട്ടില്ല. ചികിത്സയുടെ ഭാഗമായി ചൂഷണങ്ങള്‍ക്ക് വിധയരാവാതിരിക്കുക.

(ഇന്ത്യന്‍ സ്പീച്ച് ആന്‍ഡ് ഹിയറിങ് അസോസിയേഷന്‍-കേരള സ്റ്റേറ്റ് ബ്രാഞ്ച് (ISHA-KSB) എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പറാണ് ലേഖകന്‍) 

Content Highlights: Stuttering in Kids all things you needs to know, Health, Kids Health, Parenting