കവിതകള്‍ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. നല്ല ഈണവും താളവുമുളള കവിതകള്‍ ചൊല്ലുന്നതും കേള്‍ക്കുന്നതും മനസ്സിന് ആനന്ദവും ശാന്തിയും പകരും. എന്നാല്‍ ദിവസേന കവിതയെഴുതുന്നത് മുതിര്‍ന്നവരിലെ സര്‍ഗാത്മകതയെ ഉത്തേജിപ്പിക്കുമെന്നാണ് ന്യൂസിലന്‍ഡിലെ ഗവേഷകരുടെ കണ്ടെത്തല്‍.

കവിതയോ രുചിക്കൂട്ട് പോലെയുളളവയോ ദിവസേന എഴുതുന്നത് മനസ്സിന് കൂടുതല്‍ ഊര്‍ജം പകരുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഒട്ടാഗോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ ടാംലിന്‍ കൂനര്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റിയിലെ 658 വിദ്യാര്‍ത്ഥികളെ 13 ദിവസം ഡയറിക്കുറിപ്പ് എഴുതിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് പഠനസംഘം അവകാശപ്പെട്ടു. 

ഡയറിയില്‍ അനുഭവങ്ങള്‍ക്കൊപ്പം കവിതകളെഴുതിയ കുട്ടികള്‍ സര്‍ഗാത്മകതയും പ്രതീക്ഷാപരമായ ചിന്തകളും കൂടുതലായി കാണപ്പെട്ടതായി കൂനര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ഡയറി എഴുതുന്നതിനും മുമ്പും ശേഷവുമുളള പഠനരീതികള്‍ അപഗ്രന്ഥനം ചെയ്താണ് കൂനറും സംഘവും ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.

അലങ്കാരത്തുന്നല്‍, പെയിന്റിങ്, ചിത്രംവര, ,സംഗീതഉപകരണങ്ങളുടെ ഉപയോഗം എന്നിവയും മുതിര്‍ന്നവരിലെ സര്‍ഗാത്മകതയെ കൂടുതല്‍ ഉണര്‍ത്തുമെന്നാണ് കൂനറിന്റെയും സഹപ്രവര്‍ത്തകരുടേയും കണ്ടെത്തല്‍.