മ്മമാര്‍ക്ക് അറിയാം കുഞ്ഞുങ്ങളെ ഭക്ഷണം കഴിപ്പിക്കാനുള്ള ബുദ്ധിമുട്ട്. കഴിക്കാന്‍ നല്‍കുന്ന ഭക്ഷണത്തേക്കാള്‍ ചുറ്റുമുള്ള കാര്യങ്ങളിലേക്കായിരിക്കും കുഞ്ഞുങ്ങളുടെ ശ്രദ്ധ പോകുന്നത്. അതുകൊണ്ടു തന്നെ കുഞ്ഞുങ്ങളുടെ വയറ്റിലേക്ക് അധികം ഭക്ഷണം എത്തിയെന്നും വരില്ല. ഈ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ എന്തുചെയ്യാനാകുമെന്ന് നോക്കാം. 

1) ബലംപിടുത്തം വേണ്ട, സമാധാനത്തോടെ മതി
എത്ര കഴിക്കണമെന്നത് കുഞ്ഞിന്റെ തീരുമാനത്തിന് വിടാം. കുഞ്ഞിനെ ഇത്ര ഭക്ഷണം കഴിപ്പിക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടാകും. പക്ഷേ, അതു നടപ്പിലായിക്കൊള്ളണമെന്നില്ല എന്നോര്‍ക്കുക. ഈ സമയത്ത് കുഞ്ഞിനെ നിര്‍ബന്ധിച്ച് ബലപ്രയോഗത്തിലൂടെ ഭക്ഷണം കഴിപ്പിക്കാന്‍ ശ്രമിച്ച് നിങ്ങളുടെ ഊര്‍ജം പാഴാക്കേണ്ട. കാരണം, ഭക്ഷണം കഴിപ്പിക്കാന്‍ നിങ്ങള്‍ ബഹളം വെക്കുകയോ ബലംപിടിക്കുകയോ ചെയ്യുമ്പോള്‍ നിങ്ങളും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന് ഒരു നെഗറ്റീവ് അനുഭവം വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ അവരുടെ വിശപ്പിന്റെ തീവ്രതയ്ക്ക് അനുസരിച്ച് അവര്‍ ഭക്ഷണം കഴിക്കട്ടെ. അതാണ് നല്ലത്. 

2) സ്‌നാക്ക്‌സ് നല്‍കുന്നത് കുറയ്ക്കണം
രണ്ടു പ്രധാന ഭക്ഷണങ്ങള്‍ക്കിടയ്ക്കുള്ള സ്‌നാക്ക്‌സിന്റെ അളവ് വളരെ കുറവും ആരോഗ്യകരവുമായിരിക്കാന്‍ ശ്രദ്ധിക്കണം. അതായത്, പഴത്തിന്റെ ഒരു ചെറിയ കഷ്ണമോ അല്പം ചീസോ യോഗര്‍ട്ടോ തുടങ്ങിയവ. അമിതമായി സ്‌നാക്ക്‌സ് കഴിച്ചാല്‍ കുഞ്ഞിന് കാര്യമായ വിശപ്പുണ്ടാവില്ല. അപ്പോഴാണ് ഭക്ഷണം കഴിപ്പിക്കാന്‍ മാതാപിതാക്കള്‍ക്ക് അവര്‍ക്ക് പിന്നാലെ ഓടേണ്ടി വരുന്നത്. 

3) ഭക്ഷണം പുതുമയോടെ അവതരിപ്പിക്കാം
ഭക്ഷണം കഴിക്കാന്‍ മടിയുള്ള കുട്ടിക്ക് അതേ ഭക്ഷണം തന്നെ വേറൊരു രൂപത്തിലാക്കി നല്‍കാം. ഇതു വേണ്ട എന്ന് പറഞ്ഞ് വാശിപിടിച്ച കുഞ്ഞുങ്ങള്‍ തന്നെ, ഇത് പഴയതാണെന്ന് മനസ്സിലാക്കാതെ പുതിയ ആകൃതിയിലും നിറത്തിലും രൂപത്തിലും നല്‍കിയാല്‍ പഴയ ഐറ്റം തന്നെ രുചിയോടെ കഴിച്ചുകൊള്ളും. കുട്ടികള്‍ക്ക് കാഴ്ചയില്‍ പെട്ടെന്ന് ശ്രദ്ധകിട്ടുന്ന രീതിയിലുള്ള ഭക്ഷണമാക്കി നല്‍കിയാല്‍ മതി. അവര്‍ കഴിച്ചോളും. 

4) ഭക്ഷണം നല്‍കാം ചെറിയ അളവില്‍
ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഇതാണ്. കുട്ടികള്‍ക്ക് ഒരിക്കലും വലിയ അളവില്‍ ഭക്ഷണം നല്‍കരുത്. ഒരു കുഞ്ഞിനെ സംബന്ധിച്ചിടത്തോളം അത് അത്യധികമാണ്. അതിനാല്‍ കുഞ്ഞിന് ഭക്ഷണം നല്‍കുമ്പോള്‍ ചെറിയ അളവില്‍ നല്‍കുക. എത്രവേണം എന്ന് കുഞ്ഞിനോട് തന്നെ ചോദിക്കാം. പാത്രത്തില്‍ ഭക്ഷണം നിറച്ച് ഇതു മുഴുവന്‍ കഴിക്കണമെന്ന് കുട്ടിയോട് പറയരുത്. വളരെ ചെറിയ ഒരു പാത്രത്തില്‍ മാത്രം ഭക്ഷണം നല്‍കുക. വ്യത്യസ്ത ഭക്ഷണങ്ങള്‍ വ്യത്യസ്തമായ പാത്രങ്ങളില്‍ നല്‍കുമ്പോള്‍ കുഞ്ഞിന് അതില്‍ താത്പര്യം തോന്നും. 

5) പുതിയ ഭക്ഷണങ്ങള്‍ പരിചയപ്പെടുത്താം
ഇതുവരെ കഴിച്ചിട്ടില്ലാത്ത പുതിയ ഭക്ഷണങ്ങള്‍ എന്തെങ്കിലും നല്‍കിയാല്‍ കുട്ടികള്‍ കഴിക്കണമെന്നില്ല. ഒരു പുതിയ ഭക്ഷണം കുട്ടിക്ക് പരിചയമാകണമെങ്കില്‍ അത് പത്തോ ഇരുപതോ തവണ അവരുടെ പ്ലേറ്റില്‍ തുടര്‍ച്ചയായി കണ്ടുപരിചയിക്കേണ്ടി വരും. അതുപോലെ ആ ഭക്ഷണം നമ്മള്‍ കഴിക്കുന്നതും അവര്‍ക്ക് കണ്ടു പരിചയിക്കേണ്ടി വരും. മാതാപിതാക്കള്‍ കഴിക്കുമ്പോഴാണ് അതില്‍ നിന്നും അല്പമെടുത്ത് കഴിക്കാന്‍ അവര്‍ക്ക് താത്പര്യമുണ്ടാവുക. പുതിയ ഭക്ഷണം അവര്‍ രുചിച്ചുനോക്കട്ടെ. അതിനായി നിര്‍ബന്ധിക്കേണ്ടതില്ല. രുചി ഇഷ്ടപ്പെട്ടാല്‍ അവര്‍ കഴിച്ചോളും. ഭക്ഷണം കഴിക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിക്കുന്തോറും കുട്ടിയുടെ എതിര്‍പ്പ് കൂടും. അതിനാല്‍ ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കുക. കുട്ടിയുടെ വളര്‍ച്ച ശരിയായ വഴിയില്‍ ആണെന്ന് ഉറപ്പുവരുത്തേണ്ടതും അത്യാവശ്യമാണ്. ഇതിനായി ശിശുരോഗവിദഗ്ധരുടെ സഹായം തേടാം. 

Content Highlights: Parenting, Five tips and tricks to help your child eat better Parenting