മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നതില്‍ നിന്ന് കുട്ടികളെ വിലക്കാന്‍ കഴിയാത്ത കാലമാണിത്. പുറത്തിറങ്ങാനോ മറ്റ് പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനോ കഴിയാത്ത സാഹചര്യത്തില്‍ കുട്ടികള്‍ ഓണ്‍ലൈന്‍ ഗെയിമുകളില്‍ രസം കണ്ടെത്തുന്നു. 

ഗെയിമിങ്ങിനോട് അമിതമായി ഉണ്ടാകുന്ന അഭിനിവേശം അഡ്ക്ഷനിലേക്ക് എത്തിയോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഗെയിമിങ് ഡിസോര്‍ഡര്‍ എന്ന അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ടോ എന്നതാണ് അറിയേണ്ടത്. 

എന്താണ് അഡിക്ഷന്‍?

ചില വസ്തുക്കളോടോ പ്രവൃത്തിയോടോ നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തില്‍ ആസക്തി തോന്നുകയും അതുമൂലം ദൈനംദിന പ്രവൃത്തികള്‍ ഉള്‍പ്പടെ താറുമാറാവുകയും ചെയ്യുന്ന അവസ്ഥയാണ് അഡിക്ഷന്‍. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയോട് അഡിക്ഷന്‍ ഉണ്ടാകുന്നതു പോലെ തന്നെ ചില പ്രവൃത്തികളോടും തോന്നാം. അതിനെ ബിഹേവിയറല്‍ അഡിക്ഷന്‍ എന്നാണ് വിളിക്കുന്നത്. സ്‌ക്രീന്‍ അഡിക്ഷന്‍ എന്നത് ഇത്തരത്തിലുള്ളതാണ്. ഒരു പ്രവൃത്തിയില്‍ കൂടുതല്‍ സമയം ഏര്‍പ്പെട്ടുവെന്ന് കരുതി മാത്രം അത് ബിഹേവിയറല്‍ അഡിക്ഷനാകുന്നില്ല. 

സൂചനകള്‍

എപ്പോഴാണ് മൊബൈല്‍ഫോണ്‍ ഉപയോഗവും ഗെയിമിങ്ങും അഡ്ക്ഷനാകുന്നത്? ശ്രദ്ധിക്കേണ്ട സൂചകങ്ങള്‍:

  • ഗെയിം കളിക്കുന്നതു മൂലം പഠനവും വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ പാലിക്കുന്നതും താളംതെറ്റുന്ന അവസ്ഥ. 
  • കളിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ അസ്വസ്ഥത. കളിനിര്‍ത്താന്‍ ആവശ്യപ്പെട്ടാല്‍ ക്ഷോഭിക്കുകയോ അക്രമാസക്തരാവുകയോ ചെയ്‌തേക്കാം. 
  • ഓണ്‍ലൈന്‍ ഗെയിമില്‍ ഏര്‍പ്പെടുന്നതു മൂലം സുഹൃത്തുകളോടും ബന്ധുക്കളോടും ഇടപഴകുന്നതില്‍ താത്പര്യമില്ലാതാവുക.
  • മുന്‍പുണ്ടായിരുന്ന ഹോബികളില്‍ താത്പര്യമില്ലാതാവുക. 
  • ഗെയിമിങ്ങില്‍ ഏര്‍പ്പെടുമ്പോള്‍ വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ മുതലായവ.
  • ഓണ്‍ലൈന്‍ ഗെയിമില്‍ ഏര്‍പ്പെടുന്ന സമയം ക്രമേണ കൂടിക്കൂടി വരുക. ഒരുപാട് നേരം കളിച്ചാല്‍ മാത്രമേ സന്തോഷം കിട്ടൂ എന്ന അവസ്ഥ. 

ഇത്തരം ലക്ഷണങ്ങള്‍ കുട്ടികളില്‍ പ്രകടമായാല്‍ മാതാപിതാക്കള്‍ തീര്‍ച്ചയായും പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കുകയും മനശ്ശാസ്ത്ര സേവനം തേടുകയും ചെയ്യേണ്ടതാണ്.  

മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്

  • കുട്ടികളുമായി ഇടപഴകാനും അവരോടൊപ്പം കളിക്കാനും ജോലികളില്‍ അവരെ ഒപ്പം കൂട്ടാനും ശ്രദ്ധിക്കുക. 
  • കുട്ടികളില്‍ മാത്രമല്ല, മുതിര്‍ന്നവരിലും മൊബൈല്‍ഫോണ്‍, ഇന്റര്‍നെറ്റ് അഡിക്ഷന്‍ ധാരാളമായി കാണുന്നുണ്ട്. മാതാപിതാക്കള്‍ക്ക് ഇത്തരം പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് തീര്‍ച്ചയായും പരിഹരിക്കുക. 
  • മറ്റ് വിനോദമാര്‍ഗങ്ങള്‍ക്കുള്ള അഭാവം മൊബൈല്‍ഫോണ്‍ ഉപയോഗവും ഗെയിമിങ്ങും കൂട്ടാം. അതിനാല്‍ പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ട് ചെയ്യാവുന്ന, മറ്റ് വിനോദങ്ങള്‍ കണ്ടെത്തി നിര്‍ദേശിക്കുക. 
  • പൂര്‍ണമായും ഇലക്ട്രോണിക് ഗെയിമുകളില്‍ നിന്ന് അകറ്റി നിര്‍ത്തുക പലപ്പോഴും സാധ്യമല്ല. അതിനാല്‍ സമയപരിധി നിശ്ചയിച്ച് മാത്രം ഇത്തരം ഗെയിമുകള്‍ അനുവദിക്കുക. 
  • എന്ത് ഗെയിമാണ് കുട്ടികള്‍ കളിക്കുന്നതെന്നും അവരുടെ പ്രായത്തിനനുസരിച്ചുള്ള ഘടകങ്ങള്‍ മാത്രമാണോ അതിലുള്ളതെന്നും മാതാപിതാക്കള്‍ പരിശോധിക്കണം. 
  • ഗൂഗിള്‍ ഫാമിലി ലിങ്ക് പോലുള്ള പേരന്റിങ് ആപ്ലിക്കേഷനുകള്‍ സ്വന്തം ഫോണിലും കുട്ടികളുടെ ഫോണിലും ഇന്‍സ്റ്റാള്‍ ചെയ്യുന്നതു വഴി കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാം. 
  • വിനോദത്തിന്റെ അതിര്‍വരമ്പ് കടന്ന് അഡിക്ഷനിലേക്ക് കുട്ടികളുടെ ഗെയിമിങ് പോകുന്നുണ്ടോ എന്ന് നിരീക്ഷിക്കുക. അത്തരത്തിലുള്ള ഒരു സ്വയം നിരീക്ഷമത്തിന് കുട്ടികളെയും പ്രാപ്തരാക്കുക. 
  • ശരീരചലനങ്ങള്‍ കൂടി ആവശ്യമുള്ള വീഡിയോ ഗെയിമുകള്‍ ഇപ്പോള്‍ ലഭ്യമാണ്. അതുപോലെ ശ്രദ്ധ, പ്രോബ്ലം സോള്‍വിങ് മുതലായ കഴിവുകള്‍ മെച്ചപ്പെടുന്ന തരത്തിലുള്ള ഗെയിമുകളും ഉണ്ട്. അത്തരം ഗെയിമുകള്‍ തരിഞ്ഞെടുക്കാന്‍ നിര്‍ദേശിക്കാവുന്നതാണ്. 

(ആലപ്പുഴയില്‍ കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റാണ് ലേഖിക)

Content Highlights: Online games and kids, Is online gaming dangerous for kids, Health, Kids Health

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌