തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൽപഠനം ആരംഭിച്ചശേഷം വിദ്യാർഥികളിൽ വിഷാദരോഗലക്ഷണങ്ങൾ കൂടുന്നു. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികളിൽ 23.44 ശതമാനം പേർക്ക് വിഷാദരോഗ ലക്ഷണങ്ങളുണ്ടെന്നാണ് പഠനം പറയുന്നത്.

ഇന്റർനെറ്റിന്റെയും മൊബൈൽഫോണിന്റെയും തുടർച്ചയായ ഉപയോഗം കുട്ടികളിൽ വിഷാദരോഗലക്ഷണങ്ങൾ, ഏകാന്തത, ഉത്കണ്ഠ, വൈകാരികനിയന്ത്രണത്തിനുള്ള ബുദ്ധിമുട്ടുകൾ തുടങ്ങിയവയുണ്ടാക്കുന്നതായി എസ്.സി.ഇ.ആർ.ടി.യും തിരുവനന്തപുരം ഗവ. വനിതാകോളേജിലെ സൈക്കോളജിക്കൽ റിസോഴ്‌സ് സെന്ററും സംയുക്തമായി നടത്തിയ പഠനം കണ്ടെത്തിയിരുന്നു. 2020 സെപ്റ്റംബർമുതൽ ഡിസംബർവരെയുള്ള കാലയളവിലാണ് പഠനം നടന്നത്.

68 ശതമാനത്തോളം പ്രൈമറി സ്കൂൾവിദ്യാർഥികൾക്ക് ഡിജിറ്റൽക്ലാസുകളിലൂടെ പഠിക്കാൻ താത്പര്യമില്ലെന്നും പഠനത്തിലുണ്ട്. കൗമാരക്കാരായ വിദ്യാർഥികളിൽ വ്യായാമം നന്നേ ചുരുങ്ങി.

കോവിഡ്കാലത്ത് 75 ശതമാനത്തിലധികം രക്ഷിതാക്കൾക്കും വരുമാനംകുറഞ്ഞു. ഇതിൽ 51 ശതമാനം പേരുടെ വരുമാനം പകുതിയോ അതിൽത്താഴെയോ ആയി. ജോലി നഷ്ടമായവരുടെ എണ്ണം 36.05 ശതമാനമാണ്. വീടുകളിൽവന്ന ഈ മാറ്റങ്ങൾ കുട്ടികളുടെ മാനസികനിലയിലും മാറ്റങ്ങൾ വരുത്തി.

 • ഗണ്യമായ ഉത്കണ്ഠയുള്ളവർ- 11.16 %
 • കടുത്ത ഏകാന്തത- 6.6%
 • വൈകാരിക നിയന്ത്രണത്തിന് ബുദ്ധിമുട്ട്- 10.9%
 • ഇന്റർനെറ്റിന്റെ അമിേതാപയോഗം- 4.39% (ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികളിൽ)
 • മൊബൈൽ കിട്ടിയില്ലെങ്കിൽ അസ്വസ്ഥരാകുന്നവർ -8.76%
 • മൊബൈൽ ഉപയോഗം കൂടിയത് -78.48%
 • ഒരിക്കലെങ്കിലും ആത്മഹത്യയെപ്പറ്റി ചിന്തിച്ചിട്ടുള്ള കൗമാരക്കാർ -10.13%
 • ആത്മഹത്യാശ്രമം നടത്തിയിട്ടുള്ളവർ -2.03%
 • കൗൺസലറുടെ സഹായംവേണമെന്നു തോന്നിയവർ -7.49%
 • വീട്ടിലെ അന്തരീക്ഷം മോശമായെന്നു വ്യക്തമാക്കിയവർ -27.5%

ശാരീരിക പ്രശ്നങ്ങളുള്ളവർ

 • തലവേദന -36% 
 • കണ്ണിനു ക്ഷീണം -28.25% 
 • കഴുത്തുവേദന -36% 
 • പുറംവേദന -24.7% 
 • മങ്ങിയ കാഴ്ച -15%

പഠനത്തിലെ പ്രധാന നിർദേശങ്ങൾ

 • ഡിജിറ്റൽപഠനം നീളുമ്പോൾ വിദ്യാർഥികളുടെ താത്പര്യത്തിനനുസരിച്ച് ക്ലാസുകൾ ക്രമീകരിക്കണം.
 • വ്യായാമം ഉറപ്പാക്കണം. കണ്ണിനും നടുവിനും വിശ്രമം ഉറപ്പുവരുത്തണം.
 • കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ടൈംടേബിളിൽ ഒരു പിരീഡ് കൗൺസലിങ്ങിനു മാറ്റിവെക്കണം.
 • വിദ്യാർഥികളിലെ ആത്മഹത്യാപ്രവണതയെപ്പറ്റി അധ്യാപകർക്കും കൗൺസലർമാർക്കും ബോധ്യമുണ്ടാക്കണം.
 • മാതാപിതാക്കളുടെ പെരുമാറ്റം കുട്ടികളിലെ ആത്മവിശ്വാസം തകർക്കുന്നതാകരുത്.

Content Highlights: Online classes cause depression in children study, Health, Kids Health, Depression