ജീവ ശാസ്ത്രപരമായി അച്ഛനോ അമ്മയോ ആകുന്നത് താരതമ്യേന എളുപ്പമുള്ള കാര്യമാണ്.(അനപത്യ ദു:ഖം പേറി ഒരു കുഞ്ഞിക്കാല്‍ കാണാന്‍ പെടാപ്പാട് പെടുന്ന നിരവധി പേരെ മറന്നു കൊണ്ടല്ല ഈ ലളിതവത്കരണം) എന്നാല്‍ ഒരു നല്ല Parent ആവുക എന്നത് നല്ല മല്ല് പിടിച്ച പണിയാണ് താനും!

നമ്മുടെ പിള്ളേര്‍ എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാല്‍ മുതിര്‍ന്നവരുടെ ആദ്യത്തെ ഡയലോഗ് ' പറഞ്ഞിട്ടെന്താ ,വളര്‍ത്തുദോഷം തന്നെ 'എന്നായിരിക്കും. അത് കേട്ട് നമുക്കരിശം കയറുമെങ്കിലും കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയിലും സ്വഭാവ രൂപീകരണത്തിലും മാതാപിതാക്കളുടെ പങ്ക് നിസ്തുലമാണ്.

പാരന്റിംഗ് സംബന്ധിച്ച് നിരവധി പുസ്തകങ്ങളുണ്ട്. കൂട്ടത്തില്‍ അനുഭവപരിചയം വിളമ്പി നമ്മെ വഴിതെളിക്കാന്‍ നിരവധി പ്രായമായവരുമുണ്ടാകും ബന്ധുമിത്രാദികളായി. നല്ലതേത് ചീത്തയേത് എന്നറിയാതെ നട്ടം തിരിയുന്ന പുതു മാതാപിതാക്കള്‍ ശാസ്ത്രീയമായി യാതൊരു അടിസ്ഥാനവുമില്ലാത്ത മാമൂലുകള്‍ക്ക് വശംവദരാകുന്നതും സമ്മര്‍ദത്തിനടിമപ്പെടുന്നതും സ്ഥിരം കാഴ്ചയാണ്.

ധാര്‍മ്മികവും മാനുഷികവുമായ മൂല്യങ്ങള്‍ കുട്ടികളില്‍ ഊട്ടിയുറപ്പിക്കേണ്ട മാതാപിതാക്കള്‍ ക്ലേശിച്ച് പോകുന്നത് സമൂഹത്തിന്റെ അളവുകോലുകള്‍ക്കനുസരിച്ച് അവ സമരസപ്പെടുത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുമ്പോഴാണ്.

ശ്രീനിവാസന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട് ' ഒരു അച്ഛന്‍ എങ്ങനെ ആയിരിക്കരുത് എന്ന് ഞാന്‍ പഠിച്ചത് എന്റെ അച്ഛനില്‍ നിന്നാണ് 'എന്ന്.

സമുദ്രം പോലെയുള്ള പാരന്റിംഗ് എന്ന വിഷയം! ഞാന്‍ നല്ല ഒരു അച്ഛനാണോ എന്ന് എനിക്ക് പോലും തീര്‍ച്ചപ്പെടുത്താനാവുന്നില്ല. ഭാവിയില്‍ മക്കള്‍ അവരുടെ അച്ഛനെ എങ്ങനെ രേഖപ്പെടുത്തുന്നു എന്ന് കാത്തിരുന്നു കാണുകയേ വഴിയുള്ളൂ ..

? എപ്പോള്‍ വേണം കുഞ്ഞാവ ?

ഇന്നത്തെ അണുകുടുംബ വ്യവസ്ഥിതിയില്‍ ഏറെ പ്രസക്തമാണിക്കാര്യം. മധുവിധുവിന്റെ പുതുമോടി തീരുംമുമ്പേ കേള്‍ക്കാന്‍ തുടങ്ങും എവിടെത്തിരിഞ്ഞാലും വിശേഷം ഒന്നും ഇല്ലേ എന്ന ചോദ്യം നാനാ ഭാഗത്തു നിന്നും. മറ്റ് കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ യാതൊന്നും ഉപയോഗിക്കാതെ ഒരു വര്‍ഷത്തോളം ഒന്നിച്ച് താമസിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടും കുഞ്ഞുവാവയുണ്ടായില്ലെങ്കിലേ infertility  അഥവാ വന്ധ്യത എന്ന ഗണത്തില്‍ പെടുത്താന്‍ കഴിയൂ. ഇന്നത്തെക്കാലത്ത് ഭാര്യാ ഭര്‍ത്താക്കന്മാര്‍ പരസ്പരം പരിചയപ്പെട്ട് ,സങ്കോചമകന്ന് ഒന്നിടപെട്ട് വരുമ്പോഴേയ്ക്കും വന്ധ്യതാ ചികിത്സാ നിവാരണ കേന്ദ്രത്തിലെ വരിയില്‍ നില്‍ക്കാന്‍ തുടങ്ങും!

നിങ്ങളുടെ സാഹചര്യങ്ങള്‍ വിലയിരുത്തി സുരക്ഷിതമായ സന്താന നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിച്ച് ,ഒരു കുഞ്ഞ് എന്ന് വേണം എന്ന് നിശ്ചയിക്കുക. റിഥം മെത്തേഡ്, ഗര്‍ഭനിരോധന ഉറകള്‍ എന്നിവയോടൊപ്പം തന്നെ ഗര്‍ഭനിരോധന ഗുളികകളും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇത്തരം ഗുളികകള്‍ കഴിക്കുന്നതിന് മുമ്പ് ഡോക്ടറുടെയോ ആരോഗ്യ പ്രവര്‍ത്തകരുടേയോ ഉപദേശ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നത് നന്നായിരിക്കും.

? ഫോളിക് ആസിഡ്

ഒരു കുഞ്ഞാവാം എന്ന് തീരുമാനിച്ച് കഴിഞ്ഞാല്‍ ഗര്‍ഭധാരണത്തിന് മുമ്പ് തന്നെ ഫോളിക് ആസിഡ് ഗുളികകള്‍ കഴിച്ചു തുടങ്ങാം. ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ന്യൂറല്‍ ട്യൂബ് ഡിഫക്ട്‌സ് തടയുന്നതിനും , ഗര്‍ഭപാത്രത്തില്‍ നിന്ന് മറുപിള്ള നേരത്തേ തന്നെ വിട്ടു പോകുന്ന Abruptio Placenta തടയുന്നതിനും ഗര്‍ഭിണികളിലെ വിളര്‍ച്ച (ഫോളിക് ആസിഡ് അപര്യാപ്തത മൂലമുള്ളവ) തടയുന്നതിനും ഇത് സഹായിക്കുന്നു.

? ഗര്‍ഭിണിയായാല്‍..

എടുത്തു പറയേണ്ട ഒരു കാര്യമുണ്ട്. ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭര്‍ത്താവിന് ഒത്തിരി കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഏറെ കഷ്ടപ്പാടുള്ള ഒരു കാര്യമാണ് ഗര്‍ഭകാലം. ഭാര്യയെ ചേര്‍ത്തു പിടിച്ച്, സ്‌നേഹ സാന്ത്വനമേകി കൂടെ ചരിക്കുക. ഭാര്യയുടെ വയറില്‍ മുഖം ചേര്‍ത്ത് കിന്നാരം പറയുന്ന ഭര്‍ത്താവ് പതിവ് സിനിമാ പൈങ്കിളി ദൃശ്യം ആണെങ്കിലും സംഗതി അനുകരിക്കേണ്ട ഒന്നാണ്. ഗര്‍ഭസ്ഥ ശിശുവിന് സംഗീതവും പുറത്തെ ശബ്ദങ്ങളും മനസ്സിലാക്കാന്‍ സാധിക്കും എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സമ്മര്‍ദങ്ങളില്ലാത്ത സ്‌നേഹം നിറഞ്ഞ ഒരന്തരീക്ഷം ഗര്‍ഭിണിയായ ഭാര്യയ്ക്ക് ഒരുക്കിക്കൊടുക്കാന്‍ ഭര്‍ത്താവ് ഏറെ ശ്രദ്ധ ചെലുത്തണം. ഗര്‍ഭിണികളുടെ ചാക്കോളുകള്‍ ('എനിക്ക് മസാല ദോശ തിന്നാനാണിഷ്ടം' എന്ന ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലെ പാര്‍വതീടെ ഡയലോഗ് ഓര്‍മയില്ലേ? ) നിവര്‍ത്തിച്ചു കൊടുക്കലും പ്രസവത്തിന് കൂട്ടിക്കൊണ്ട് പോകലും ഒക്കെ നാട്ടു നടപ്പായി തീര്‍ന്നതും ഈ ഗര്‍ഭിണിയുടെ മാനസികോല്ലാസത്തിനും സമ്മര്‍ദ്ദ ലഘൂകരണത്തിനും വേണ്ടാത്തന്നെയാവാം.

? പ്രസവം എവിടെ വെച്ച്?

നിങ്ങള്‍ നല്ലൊരു അച്ഛനോ അമ്മയോ എന്ന് തീരുമാനിക്കുന്ന ഒരു പ്രധാന ഘടകമാണിത്.ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ വൈദ്യശാസ്ത്രം ഏറെ വളര്‍ന്ന്, ഗര്‍ഭ കാലത്തും ,പ്രസവശേഷമുള്ള 42 ദിവസത്തിനകവും മരിക്കുന്ന സ്ത്രീകളുടെ നിരക്ക് ( Maternal mortality rate) ഒരു ലക്ഷം സജീവ പ്രസവങ്ങളില്‍ (live births) 46 ആണ് കേരളത്തില്‍. പ്രകൃതമായ രീതിയില്‍ വീട്ടില്‍ പ്രസവം ആസൂത്രണം ചെയ്ത് ദയവു ചെയ്ത് ഈ സംഖ്യ ഉയര്‍ത്താതിരിക്കുക.

? വന്നല്ലോ കുഞ്ഞാവ !

കുഞ്ഞാവ ഉണ്ടായാല്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം മുലപ്പാല്‍ എത്രയും വേഗം നല്‍കുക എന്നതാണ്. സാധാരണ പ്രസവമാണെങ്കില്‍ ജനിച്ച് അര മണിക്കൂറിനകവും സിസേറിയനാണെങ്കില്‍ നാല് മണിക്കൂറിനകവും കുഞ്ഞിന് പാലു കൊടുക്കണം എന്ന നിര്‍ദ്ദേശങ്ങളൊക്കെ പഴങ്കഥയായിക്കഴിഞ്ഞു. കുഞ്ഞ് ജനിച്ചാലുടന്‍ തന്നെ മുലപ്പാല്‍ കൊടുക്കണം എന്നാണിപ്പോള്‍. ഗര്‍ഭപാത്രം ചുരുങ്ങുന്നതിനും ,മറുപിള്ള വേര്‍പെട്ട് പോരുന്നതിനും പ്രസവാനന്തര രക്തസ്രാവം കുറയ്ക്കുന്നതിനുമെല്ലാം ഇത് സഹായിക്കും.

? മുലപ്പാലിന് മുമ്പ് മറ്റൊന്നും വേണ്ട

നേരത്തേ പറഞ്ഞതുപോലെ ജനിച്ച ഉടനെത്തന്നെ മുലയൂട്ടുന്നത് സാര്‍വത്രികമായി നടപ്പില്‍ വന്നിട്ടില്ല. അതു കൊണ്ട് തന്നെ മുലപ്പാല്‍ കൊടുക്കുന്നതിന് മുമ്പ് മറ്റൊന്നും കുഞ്ഞിന് കൊടുക്കരുത് എന്നത് ഉറപ്പാക്കേണ്ടത് അച്ഛന്റെ ചുമതലയാണ്. മതവും സമുദായവും ആചാരവുമായുള്ള അടി കലശല്‍ തുടങ്ങുന്നു എന്നര്‍ത്ഥം. നേരത്തേ തന്നെ ഇതു സംബന്ധിച്ച അറിയിപ്പ് വീട്ടുകാര്‍ക്ക് നല്‍കുന്നത് നന്നായിരിക്കും.

ഓതിയ വെള്ളം, തേനും വയമ്പും, സ്വര്‍ണം ഉരച്ച വെള്ളം ഇതൊക്കെ കുഞ്ഞുങ്ങള്‍ക്ക് നല്‍കപ്പെടുന്ന സംഗതികളാണ്.

മുലപ്പാലിനേക്കാള്‍ യാതൊരു മഹത്വവും ദിവ്യത്വവും ഇവയ്ക്കില്ല എന്നു മാത്രമല്ല ഗുരുതരമായ അണുബാധയ്ക്ക് ഇവ വഴിതെളിക്കുകയും ചെയ്യും.

ഒരിയ്ക്കല്‍ ഒരു വല്യമ്മാവന്‍ ഇടതു കയ്യിലെ മോതിരവിരലിലെ സ്വര്‍ണമോതിരമൂരി വെള്ളത്തില്‍ ഉരയ്ക്കുന്നത് കണ്ട് എന്റെ കണ്ട്രോള്‍ പോയി.നേരാം വണ്ണം അപ്പിയിട്ട് കഴുകി, കൈ വൃത്തിയായിട്ടില്ലെങ്കില്‍, ആ കുഞ്ഞാവയ്ക്ക് വല്യമ്മാവന്‍ ആദ്യമായി പകര്‍ന്നു നല്‍കുന്നത് മലത്തിലെ അണുക്കളെയാവും!

? ആറു മാസം വരെ മുലപ്പാല്‍ മാത്രം

കുഞ്ഞിന് ദാഹി്ക്കും എന്നു പറഞ്ഞ് തിളപ്പാച്ചാറിയ വെള്ളവും ജ്യൂസും നല്‍കുന്ന അച്ഛമ്മയും കൂട്ടരുമുണ്ടാവും.എന്നാല്‍ കുഞ്ഞിന്റെ ദാഹവും വിശപ്പും ശമിപ്പിക്കാനും ,സമ്പൂര്‍ണ വളര്‍ച്ചയ്ക്കും ഉതകുന്ന അമൃത് തന്നെയാണ് മുലപ്പാല്‍ എന്നത് മറന്നു പോവരുത്.

'ഞാന്‍ പെറ്റു കിടക്കുമ്പോള്‍ ഗോദാവരി പോലെ ശറേന്ന് പാല്‍ ഒഴുകുകയായിരുന്നു ' എന്ന് ഡയലോഗടിക്കുന്ന അമ്മച്ചിമാര്‍ ആദ്യമായി അമ്മയായതിന്റെ അന്ധാളിപ്പിലിരിക്കുന്ന പെണ്‍കുട്ടിയ്ക്ക് ഏല്‍പ്പിക്കുന്ന മാനസിക സമ്മര്‍ദ്ദം ചെറുതല്ല.

ദയവ് ചെയ്ത് മുലപ്പാല്‍ കുറവ് എന്ന് സ്വയം തീരുമാനിച്ച് പൊടിപ്പാല്‍ തുടങ്ങരുത്. ആവശ്യമെങ്കില്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഫോര്‍മുല ഫീഡ്‌സ് തുടങ്ങുക. അത് തുടങ്ങിയാലും മുലക്കുപ്പികള്‍ ഒഴിവാക്കുക.

? ആറു മാസം കഴിഞ്ഞാല്‍ കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് മുലപ്പാല്‍ മാത്രം മതിയാകാതെ വരും. 

? കുഞ്ഞാവകളുടെ വളര്‍ച്ചാ വികാസങ്ങള്‍ കൃത്യമായി വിലയിരുത്തുന്നതിന് ഇമ്മ്യൂണൈസേഷന്‍ കാര്‍ഡിലെ ഗ്രോത്ത് ചാര്‍ട്ടുകള്‍ ഉപയോഗിക്കുക.

? ഒരു വയസ്സ് കഴിഞ്ഞാല്‍ കുഞ്ഞിന് വീട്ടിലെ മറ്റുള്ളവര്‍ക്കായി ഉണ്ടാക്കുന്ന ഭക്ഷണം തന്നെ മതി. എരിവ് മാത്രം കുറച്ച് കൊടുക്കണം.

? നിര്‍ബന്ധിച്ചുള്ള ഭക്ഷണം കൊടുക്കല്‍ ഒഴിവാക്കുക.

? പ്രതിരോധ കുത്തിവെപ്പുകള്‍ യഥാസമയം കുഞ്ഞുങ്ങള്‍ക്ക് നല്‍കുക. അവരുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് നിങ്ങളല്ലാതെ മറ്റാരാണ്.

Content Highlights: New Born Health and Kids Care