കോവിഡിനെ തുടർന്നുള്ള പുതിയ ജീവിത സാഹചര്യങ്ങളിൽ കുട്ടികൾ നേരിടുന്ന മാനസികവും സാമൂഹികവുമായ ബുദ്ധിമുട്ടുകൾ വളരെയേറെയാണ്. പതിവ് പഠനരീതികളിൽ നിന്ന് പൊടുന്നനെ ഓൺലൈൻ വിദ്യാഭ്യാസത്തിലേക്കുള്ള മാറ്റവും വലിയ രീതിയിൽ തടയപ്പെട്ടിട്ടുള്ള സാമൂഹിക ഇടപെടലുകളും കുട്ടികളുടെ മാനസിക, വൈകാരിക വളർച്ചകളെ ബാധിക്കുന്നു. അത് എങ്ങനെയൊക്കെ എന്ന് മനസ്സിലാക്കുന്നത് ആവശ്യമായ കരുതലുകൾ കൈക്കൊള്ളാൻ സഹായിക്കും.

പങ്കാളിത്തം കുറയുമ്പോൾ

കുട്ടികൾ അവരുടെ വളർച്ചയ്ക്കനുസരിച്ച് നേടേണ്ട പല സാമൂഹികമായ കഴിവുകളും ഇന്നത്തെ സാഹതര്യത്തിൽ നേടാൻ കഴിയാതെ വരുന്നുണ്ട്. ഡിജിറ്റൽ മീഡിയ വഴിയുള്ള പഠനവും സംഭാഷണവും നേരിട്ടുള്ള ആശയവിനിമയവുമായി താരതമ്യം ചെയ്യുമ്പോൾ ഒരുപാട് പരിധികളുള്ളതും സ്വാഭാവിക രീതിയിലുള്ള സാമൂഹിക വികാസത്തിന് തടസ്സം സൃഷ്ടിക്കുന്നതുമാണ്. നമ്മുടെ നാട്ടിലെ ഓൺലൈൻ പഠനത്തിൽ പലപ്പോഴും ഒരാൾ മാത്രം ആശയം കൈമാറുന്നതാണ് കാണുന്നത്. പരസ്പരമുള്ള സംഭാഷണങ്ങൾ വളരെ ചുരുങ്ങിയതാണ്. അങ്ങനെ നോക്കുമ്പോൾ, ഒരു കുട്ടിക്ക് ആവശ്യമുള്ള ആശയ കൈമാറ്റം നടത്താനോ പഠനത്തിൽ നല്ല രീതിയിൽ പങ്കാളികളാവാനോ സാധിക്കുന്നില്ലെന്ന് മനസ്സിലാക്കാം.

നേരിട്ടുള്ള സംഭാഷണങ്ങളിലും മാസ്ക് ധരിക്കുന്നതിനാൽ മറ്റൊരാളുടെ വൈകാരിക പ്രതികരണം മനസ്സിലാക്കാതെയുള്ള ആശയവിനിമയമാണ് നടക്കുന്നത്. നല്ല സംഭാഷണത്തിന് കേൾവിക്കാരന്റെ ശരീരഭാഷ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. അതിന് മുഖത്തെ ഭാവപ്രകടനങ്ങൾക്ക് വലിയൊരു പങ്കുണ്ട്. ഇവയൊന്നും ഇല്ലാതെ പോവുന്ന സാഹചര്യത്തിൽ ഒരു കുട്ടിയുടെ സാമൂഹിക പെരുമാറ്റങ്ങളുടെ വികാസം വലിയ രീതിയിൽ തടയപ്പെടുന്നു. ചെറിയ കുട്ടികളുടെ കാര്യത്തിലാണെങ്കിൽ അവർക്ക് സാമൂഹികമായ കഴിവുകൾ കൈവരിക്കുന്നതിന് കാലതാമസം വരുകയോ അന്യരുമായി സംസാരിക്കാൻ ആത്മധൈര്യം ആർജിച്ചെടുക്കാൻ കഴിയാതെ പോവുകയോ ചെയ്തെന്നും വരാം.

അപ്രതീക്ഷിത മാറ്റങ്ങൾ

arogyamasika
ആരോഗ്യമാസിക വാങ്ങാം

ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് പെട്ടെന്നുള്ള ചുവടുവെപ്പ് അപ്രതീക്ഷിത മാറ്റങ്ങളോട് പൊരുത്തപ്പെടാൻ കുട്ടികളെ നിർബന്ധിക്കുന്നു. നേരിട്ടുള്ള ആശയവിനിമയത്തിന്റെ അഭാവവും അധ്യാപകരും സഹപാഠികളുമായുള്ള അടുത്തിടപഴകുന്നതിലെ കുറവും കൂടാതെ പുതിയ കഴിവുകൾ (സ്കിൽ) പഠിച്ചെടുക്കേണ്ടതും ചെറുതല്ലാത്ത സമ്മർദം സൃഷ്ടിക്കുന്നു. സംഭാഷണത്തിനിടെ മറ്റുള്ളവരുടെ പ്രതികരണം മനസ്സിലാവാതെ പോവുന്നത് വിഷാദത്തിന് വഴിവെക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ ശരീരഭാഷയിൽ കൂടിയാണ് പ്രത്യേകിച്ച്, കുട്ടുകൾ ഒരു കാര്യത്തിന്റെ സ്വീകാര്യത വിലയിരുത്തുന്നത്. അതിന് അനുസൃതമായി അവരുടെ ആ കാര്യത്തോടുള്ള സമീപനം രൂപപ്പെടുന്നു. ഇതിന് സാമൂഹിക അവലംബം(സോഷ്യൽ റെഫറൻസിങ്) എന്നാണ് പറയുന്നത്. മാസ്ക് കാരണമോ സ്ക്രീൻ കാരണമോ ഒരുപാട് പരിമിതികളിലുള്ള സംഭാഷണങ്ങളിൽ സോഷ്യൽ റെഫറൻസിങ് നടക്കാതെ പോവുകയും കുട്ടികൾക്ക് തീരുമാനങ്ങളെടുക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. നമ്മൾ ചെയ്യുന്നതിന് മറ്റുള്ളവരിൽ നിന്ന് ലഭിക്കുന്ന നല്ല പ്രതികരണം, ആ പ്രവൃത്തിക്കുള്ള പ്രോത്സാഹനമാണ്. മറ്റുള്ളവരുമായുള്ള പെരുമാറ്റക്കുറവ് കാരണം കുട്ടികൾക്ക് ഇത്തരം സ്വഭാവ ദൃഢീകരണം നടക്കാതെ പോവുന്നു.

കൂട്ടുകാരിൽ നിന്ന് നേടേണ്ടത്

കുട്ടികളുടെ വൈജ്ഞാനിക, വൈകാരിക വളർച്ചകളിൽ ഉണ്ടായേക്കാവുന്ന തടസ്സങ്ങളാണ് മറ്റൊരു കാര്യം. വിദ്യാലയങ്ങളിൽ നിന്നും സമപ്രായക്കാരുമായിട്ടുള്ള ഇടപഴകലിൽ നിന്നും സ്വാഭാവികമായി ഒരു കുട്ടിക്ക് ലഭിക്കേണ്ട അവശ്യ വികാസം അഴയുടെ അഭാവം മൂലം പരിമിതപ്പെട്ടെന്നു വരാം. കുട്ടികളുടെ പല വൈദഗ്ധ്യങ്ങളും സമപ്രായക്കാരുടെ അനുകരണങ്ങളിലൂടെ നേടിയെടുക്കുന്നതാണ്. അവ എത്രതന്നെ ശ്രമിച്ചാലും നേരിട്ട് പഠിപ്പിച്ചെടുക്കാൻ വീട്ടുകാർക്ക് കഴിഞ്ഞെന്നു വരില്ല.

പിന്തുണ നൽകാം

പ്രയാസങ്ങൾ നിരവധിയാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ കുട്ടികൾ പഠിച്ചെടുക്കുന്ന പല കഴിവുകളുമുണ്ട്. ഒരു പ്രശ്നം വന്നാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാനും കരകയറാനുമുള്ള കഴിവാണത്. ശരിയായ പിന്തുണയോടുകൂടി മാതൃകകളിലൂടെ ഈ ശേഷിയെ നമുക്ക് വികസിപ്പിച്ചെടുക്കാവുന്ന സമയമാണിത്.

ഓൺലൈൻ പഠനം അനിവാര്യമാണെന്നിരിക്കെ ടി.വി, കംപ്യൂട്ടർ, ഫോൺ തുടങ്ങിയവയുടെ മുൻപിൽ ചെലവഴിക്കുന്നതിന്റെ സമയം ആവുന്നത്ര പരിമിതപ്പെടുത്താൻ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചുകൊണ്ടുള്ള വിനോദങ്ങളിലും കളികളിലും ഏർപ്പെടാനും വീട്ടിലുള്ളവർ പരമാവധി അടുത്തിടപഴകാൻ അവസരങ്ങൾ ഒരുക്കുകയും ചെയ്തുകൊണ്ട് നമുക്ക് ഈ വെല്ലുവിളികളെ നേരിടാൻ ശ്രമിക്കാം.

(കോഴിക്കോട് ഇംഹാൻസിലെ ക്ലിനിക്കൽ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights:mental health and friendship of kids during Covid19 pandemic, Health, Kids Health, Meental Health