മ്മമാരുടെ ഉറക്കം നഷ്ടപ്പെടുന്നതിന്റെ ഒരു പ്രധാന കാരണം കുഞ്ഞുങ്ങളുടെ രാത്രിയിലുള്ള മൂത്രമൊഴിക്കലും അതിനുശേഷമുള്ള കരച്ചിലുകളുമാണ്. എന്നാല്‍ അഞ്ചുവയസ്സിനുശേഷവും കുഞ്ഞുങ്ങള്‍ അറിയാതെ ഉറക്കത്തില്‍ മൂത്രമൊഴിക്കുന്നത് തുടരുന്നുണ്ടെങ്കില്‍ അത് എന്യൂറസിസ് എന്ന അവസ്ഥയാണ്. 

ശാരീരിക മാനസിക കാരണങ്ങളൊന്നുമില്ലാതെ തന്നെ കുട്ടികള്‍ അഞ്ചുവയസ്സിന് ശേഷവും ഉറക്കത്തില്‍ അറിയാതെ മൂത്രം പോകുന്ന അവസ്ഥയാണ് പ്രൈമറി എന്യൂറസിസ്. സെക്കന്‍ഡറി എന്യൂറസിസില്‍ മൂത്രസഞ്ചിക്ക് നിയന്ത്രണശേഷി വന്ന് കുറഞ്ഞത് ആറുമാസത്തിനുശേഷം മറ്റു ശാരീരികമോ മാനസികമോ ആയ കാരണങ്ങള്‍ മൂലം അറിയാതെ മൂത്രം പോകുന്നു. 

കാരണങ്ങള്‍

 • രാത്രിയില്‍ മൂത്രം പിടിച്ചുവെക്കാനുള്ള കഴിവില്ലായ്മ, മൂത്രസഞ്ചി നിറഞ്ഞത് തിരിച്ചറിയാനാവാതെ പോകുന്ന അവസ്ഥ, മൂത്രസഞ്ചിയുടെ അനിയന്ത്രിത സങ്കോചങ്ങള്‍.
 • കുടുംബപശ്ചാത്തലം/ മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും കുട്ടിക്കാലത്ത് എന്യൂറസിസ് ഉണ്ടായിരുന്ന അവസ്ഥ.
 • ജനിതകപരമായ കാരണങ്ങള്‍/ബുദ്ധി വികാസക്കുറവ്, പ്രമേഹം, അപസ്മാരം തുടങ്ങിയവ.
 • മാതാപിതാക്കളുടെ വിവാഹമോചനം, വേര്‍പാട്, അവഗണന, കുറ്റപ്പെടുത്തല്‍, ലൈംഗികാതിക്രമങ്ങള്‍.
 • കുട്ടികളിലെ അമിതമായ ഉത്കണ്ഠ, മാനസിക സമ്മര്‍ദം, വിഷാദം.
 • സ്‌കൂളിലെ വേദനാജനകമായ ഒറ്റപ്പെടല്‍, കഠിനമായ ശിക്ഷാനടപടികള്‍.
 • എ.ഡി.എച്ച്.ഡി., വിഷാദം, ഉത്കണ്ഠ, സ്വഭാവവൈകല്യങ്ങള്‍ എന്നിവയുള്ള കുട്ടികളില്‍ രാത്രി മാത്രമല്ല പകല്‍സമയങ്ങളിലും മൂത്രം അറിയാതെ പോകാറുണ്ട്. എന്യൂറസിസ് ഉള്ള കുട്ടികളില്‍ അപകര്‍ഷബോധം, നാണക്കേട്, അസ്വസ്ഥത, ഒറ്റപ്പെടല്‍ എന്നിവയും കാണപ്പെടാറുണ്ട്.

ചികിത്സിച്ച് മാറ്റാം

കുട്ടിക്കും മാതാപിതാക്കള്‍ക്കും ഈ അവസ്ഥയെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും അറിവുപകരുക എന്നതാണ് പ്രധാനം.

 • പ്രൈമറി എന്യൂറസിസ് ഉള്ള ചെറിയ കുട്ടികള്‍ക്ക് മാനസിക പിന്തുണയും സ്വയം മാറിക്കോളുമെന്ന ഉറപ്പും നല്‍കുക.
 • കുറ്റബോധം കുറയ്ക്കാന്‍ കുട്ടികളെ സഹായിക്കുക. മാനസിക പിന്തുണ നല്‍കുക.
 • മൂത്രമൊഴിക്കാത്ത രാത്രികള്‍ കലണ്ടറില്‍ രേഖപ്പെടുത്തുകയും അങ്ങനെയുള്ള ഓരോ രാത്രിക്കും പ്രോത്സാഹന വാക്കുകളോടൊപ്പം ഭംഗിയുള്ള ഓരോ നക്ഷത്ര സ്റ്റിക്കറും സമ്മാനിക്കുക.
 • തുടര്‍ച്ചയായി അഞ്ച് രാത്രികളില്‍ മൂത്രമൊഴിച്ചില്ലെങ്കില്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട സമ്മാനം നല്‍കുക. 
 • മനശ്ശാസ്ത്ര ചികിത്സകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക. പ്രധാനമായും സ്വഭാവരൂപീകരണ മാര്‍ഗങ്ങള്‍(ബിഹേവിയര്‍ മോഡിഫിക്കേഷന്‍), ഹിപ്പ്‌നോസിസ് മുതലായ ചികിത്സകള്‍ ഇതിനായി അവലംബിക്കാവുന്നതാണ്. മുതിര്‍ന്ന കുട്ടികള്‍ക്ക് മരുന്നുചികിത്സ ഉപയോഗപ്പെടുത്താവുന്നതാണ്. 
arogyamasika feb
പുതിയ ലക്കം
ആരോഗ്യമാസിക വാങ്ങാം

വിവരങ്ങള്‍ക്ക് കടപ്പാട്: 
ഡോ. പി.ടി. സന്ദീഷ്
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
ഗവ. മെന്റല്‍ ഹെല്‍ത്ത് സെന്റര്‍
കോഴിക്കോട്

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: kids care, kids health, health, sleep