കോവിഡ് കാലം തുടരുകയാണ്. കുട്ടികളും അധ്യാപകരും വിദ്യാലയങ്ങള്‍ കാണാതെ രണ്ട് വര്‍ഷമായി . സമ്പൂര്‍ണ ഓണ്‍ലൈന്‍ പഠനമാണിപ്പോള്‍. വാക്‌സിനേഷന്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ കോളേജുകള്‍ അടുത്ത മാസം തുറക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. 

ഓണ്‍ലൈന്‍ ക്ലാസുകള്‍ പഠനത്തിന് സഹായിക്കുന്നുണ്ടെങ്കിലും കുട്ടികളില്‍ കാഴ്ചാപ്രശ്‌നങ്ങള്‍ കൂടി വരുകയാണ്. ഹ്രസ്വദൃഷ്ടി, തലവേദന, കണ്ണ് വരള്‍ച്ച എന്നിവയെല്ലാം ഈ കാലയളവില്‍ കുട്ടികളില്‍ കൂടി വരുന്നതായി നേത്രരോഗവിദഗ്ധര്‍ പറയുന്നു. 

ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗിക്കുന്ന ഡിജിറ്റല്‍ സ്‌ക്രീനുകളാണ് ഇതിന് കാരണമായി പറയുന്നത്. കംപ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍, ടാബ്‌ലറ്റുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയെല്ലാമാണ് ഓണ്‍ലൈന്‍ പഠനസഹായികള്‍. ഇതില്‍ തന്നെ എല്ലാവര്‍ക്കും എളുപ്പത്തില്‍ ലഭ്യമാകുന്ന മൊബൈല്‍ ഫോണ്‍ ആണ് ഓണ്‍ലൈന്‍ പഠനത്തിനായി കൂടുതല്‍ പേരും തിരഞ്ഞെടുക്കുന്നത്. ഇത്തരത്തില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പഠനം കുട്ടികളില്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്ന് എസ്.സി. ഇ. ആര്‍.ടി. നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത്. 36 ശതമാനം കുട്ടികള്‍ക്ക് തലവേദന, കഴുത്തുവേദന, 28 ശതമാനം പേര്‍ക്ക് കണ്ണിന് ആരോഗ്യപ്രശ്‌നങ്ങള്‍, മാനസികപിരിമുറുക്കം എന്നിവ ശ്രദ്ധയില്‍പ്പെട്ടതായി പഠനത്തില്‍ പറയുന്നുണ്ട്. 

ഡിജിറ്റല്‍ പഠനത്തിനിടെ കുട്ടികള്‍ക്ക് ആവശ്യമായ വ്യായാമം, പരിചരണം എന്നിവ രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്നും ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം സംബന്ധിച്ച് അടുത്തമാസം രക്ഷിതാക്കള്‍ക്ക് പരിശീലനം നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നേരത്തെ നിയമസഭയിലെ ചോദ്യത്തിന് മറുപടി നല്‍കിയിരുന്നു. 

ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുമ്പോള്‍ കണ്ണിന്റെ ആരോഗ്യത്തിന് എന്താണ് സംഭവിക്കുന്നത്?

ഓണ്‍ലൈന്‍ ക്ലാസുകളെ കൂടുതലായി ആശ്രയിക്കേണ്ടി വരുമ്പോള്‍ കുട്ടികളുടെ കണ്ണിന് സമ്മര്‍ദം ഏറുകയാണ്. 

ഓണ്‍ലൈന്‍ ക്ലാസിന് കൂടുതലും കുട്ടികള്‍ ഉപയോഗിക്കുന്നത് മൊബൈല്‍ ഫോണുകളാണ്. ലാപ്‌ടോപ്പുകള്‍, ഡെസ്‌ക്ടോപ്പുകള്‍ എന്നിവയെ അപേക്ഷിച്ച് സ്‌ക്രീന്‍ വലുപ്പം കുറവാണെന്നതിനാല്‍ മൊബൈല്‍ ഫോണ്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഉപയോഗിക്കുന്നത് കുട്ടികളുടെ കണ്ണുകള്‍ക്കും കഴുത്തിന്റെ പേശികള്‍ക്കും സ്‌ട്രെയിന്‍ വളരെ കൂടാന്‍ ഇടയാക്കുന്നുണ്ട്. അതിനാല്‍ തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് മൊബൈല്‍ഫോണുകളുടെ ഉപയോഗം വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നില്ല.

online class
ഫോട്ടോ: ലതീഷ് പൂവത്തൂര്‍

എന്നാല്‍, ലഭ്യതയും ഉയര്‍ന്ന വിലയും പരിഗണിക്കുമ്പോള്‍ കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളും എല്ലാവര്‍ക്കും വാങ്ങാനുമാകില്ല. അതിനാല്‍ ഭൂരിഭാഗം കുട്ടികളും മൊബൈല്‍ഫോണുകള്‍ വഴിയാണ് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത്. അപ്പോള്‍ മൊബൈല്‍ ഫോണുകളെ പഠനത്തില്‍ നിന്ന് ഒഴിവാക്കാതെ അവ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം എന്നാണ് അറിയേണ്ടത്. 

ഓണ്‍ലൈന്‍ ക്ലാസിലൂടെ പഠിക്കുന്ന കുട്ടികളുടെ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട  കാര്യങ്ങള്‍

 • രണ്ടുവയസ്സിന് താഴെയുള്ള കുട്ടികള്‍ ഡിജിറ്റല്‍ സ്‌ക്രീനുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ലോകാരോഗ്യസംഘടനയുടെ നിര്‍ദേശങ്ങളില്‍ പറയുന്നത്. അതിനാല്‍ സ്മാര്‍ട്ട്ഫോണ്‍ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ സ്‌ക്രീനുകള്‍ ആ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കരുത്.
 • അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ദിവസം ഒരു മണിക്കൂറില്‍ കൂടുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്. 

ഡിജിറ്റല്‍ സ്‌ക്രീനുകളുടെ ഉപയോഗം കൂടിയാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെ?

കണ്ണിന് സ്‌ട്രെയിന്‍ 

ഡിജിറ്റല്‍ സ്‌ക്രീനുകളില്‍, പ്രത്യേകിച്ച് സ്മാര്‍ട്ട്‌ഫോണില്‍ ദീര്‍ഘനേരം സൂക്ഷ്മമായി നോക്കിയിരിക്കുമ്പോഴാണ് കണ്ണിന് ആയാസം (സ്‌ട്രെയിന്‍) അനുഭവപ്പെടുന്നത്. ഇത് അസ്‌തെനോപ്പിയ എന്ന് അറിയപ്പെടുന്നു. കാഴ്ച മങ്ങല്‍, വസ്തുക്കളെ രണ്ടായി കാണല്‍, ക്ഷീണം, അകലത്തിലുള്ള കാഴ്ചകള്‍ വ്യക്തമാവാതിരിക്കല്‍, തലവേദന, കണ്ണിന് വേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. 

തലവേദനയും കണ്ണ് വേദനയും ചേര്‍ന്ന് ഡിജിറ്റല്‍ ഐ സ്‌ട്രെയിന്‍

സ്ഥിരം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരില്‍ തലവേദനയും കണ്ണുവേദനയും വലിയ തോതില്‍ അനുഭവപ്പെടുന്നത് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം അമിതമാവുന്നു എന്നതിന്റെ സൂചനയാണ്. ഇത് ഡിജിറ്റല്‍ ഐ സ്‌ട്രെയിന്‍ എന്ന രോഗാവസ്ഥയ്ക്ക് ഇടയാക്കും. ഡിജിറ്റല്‍ സ്‌ക്രീനുകളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ഒരു കൂട്ടം കാഴ്ചാപ്രശ്‌നങ്ങളെയാണ് ഡിജിറ്റല്‍ ഐ സ്‌ട്രെയിന്‍ എന്നു പറയുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇപ്പോള്‍ നടക്കുന്നത് തുടര്‍ച്ചയായാണ്. നോട്ട്‌സുകളും ഹോംവര്‍ക്കുകളും ആക്ടിവിറ്റികളുമെല്ലാം വാട്‌സ്അപ്പിലൂടെയാണ് ലഭിക്കുന്നത്. ഇതുമൂലം കണ്ണിന് വിശ്രമം ഇല്ലാത്ത അവസ്ഥയാണ്. 

online class
File Photo

ഇത് മാത്രമല്ല, പുറത്തിറങ്ങല്‍ കാര്യമായി ഇല്ലാത്തതിനാല്‍ പകല്‍ മുഴുവന്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഇരിക്കുന്ന കുട്ടികള്‍ വിനോദത്തിനായും വീണ്ടും കൈയിലെടുക്കുന്നത് സ്മാര്‍ട്ട്ഫോണുകള്‍ തന്നെയാണ്. ഇത് ഈ പ്രശ്നത്തിന്റെ തീവ്രത കൂട്ടും. വെളിച്ചം അധികം ഇല്ലാത്ത സമയങ്ങളിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം, സ്‌ക്രീനും കണ്ണുകളും തമ്മില്‍ ആരോഗ്യകരമായ അകലം പാലിക്കാത്തത്, കാഴ്ചാപ്രശ്‌നങ്ങള്‍ യഥാസമയം പരിഹരിക്കാത്തത് തുടങ്ങിയവയൊക്കെ ഇതിന് കാരണമാകാം.

കണ്ണിന് അസ്വസ്ഥത, വിങ്ങല്‍, കണ്ണില്‍ ചുവപ്പ്, കണ്ണില്‍ വെള്ളം നിറയല്‍, തലവേദന, മങ്ങിയ കാഴ്ച, കണ്ണിന് വരള്‍ച്ച, അസ്വസ്ഥത എന്നിവയൊക്കെയാണ് ഡിജിറ്റല്‍ ഐ സ്‌ട്രെയിനിന്റെ ലക്ഷണങ്ങള്‍.
 
ഡിജിറ്റല്‍ ഐ സ്‌ട്രെയിന്‍ പരിഹരിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

 
a) 20-20-20 നിയമം

ഓണ്‍ലൈന്‍ ക്ലാസുകളില്‍ കാര്യമായ ഇടവേളകളുണ്ടാകാറില്ല. തുടര്‍ച്ചയായിരിക്കും ക്ലാസുകള്‍ എല്ലാം. ഇതുപോലെ തന്നെയാണ് വിനോദത്തിനായി ഫോണ്‍ ഉപയോഗിക്കുമ്പോഴും. യുട്യൂബിലും ഫെയ് സ്ബുക്കിലുമൊക്കെ വീഡിയോകള്‍ ഒന്നിന് പിന്നാലെ ഒന്നായി പ്ലേ ആയിക്കൊണ്ടിരിക്കും. ഇത് ഇടവേളകളില്ലാതെ ദീര്‍ഘനേരം സ്മാര്‍ട്ട്‌ഫോണിന് മുന്നില്‍ കാഴ്ചക്കാരനെ പിടിച്ചിരുത്തും. കണ്ണിന് ക്ഷീണമുണ്ടാക്കുന്നവയാണ് ഇതെല്ലാം. കാഴ്ച തുടര്‍ച്ചയായി അടുത്തുള്ള സ്ഥലത്ത് ഫോക്കസ് ചെയ്യുന്നത് കണ്ണിന് ആയാസം കൂട്ടും. ഇത് പരിഹരിക്കാനാണ് 20-20-20 നിയമം ഉപയോഗിക്കുന്നത്. 

20 മിനിറ്റ് തുടര്‍ച്ചയായി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചാല്‍ ഏകദേശം 20 അടി അകലെയുള്ള വസ്തുവിലേക്ക് 20 സെക്കന്‍ഡ് നേരം നോക്കിയിരിക്കണം. ഇതാണ് 20-20-20 നിയമം. ഇത് കണ്ണിന്റെ ആയാസം കുറയ്ക്കും. 

ഇത് പലപ്പോഴും പാലിക്കാന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. പലപ്പോഴും ഇക്കാര്യം സമയത്തിന് ഓര്‍ക്കണമെന്നും ഇല്ല. ഓരോ 20 മിനിറ്റ് കൂടുമ്പോഴും ഒരു അലാം സെറ്റ് ചെയ്ത് വെക്കുകയാണ് ഈ പ്രശ്‌നം മറികടക്കാന്‍ നമുക്ക് ചെയ്യാവുന്നത്. അലാം അടിച്ചാല്‍ 20 സെക്കന്‍ഡ് സമയം മറ്റെവിടേക്കെങ്കിലും നോക്കിയിരിക്കാം. ഇത് പരിശീലിച്ചാല്‍ കണ്ണിന്റെ ആയാസം വളരെയധികം കുറയും. 

b) കുറയരുത് കണ്ണ് ചിമ്മല്‍

സ്വാഭാവികമായി സംഭവിക്കാറുള്ള ഒന്നാണ് ഇടയ്ക്കിടെ കണ്ണ് ചിമ്മുന്നത്. എന്നാല്‍ ഡിജിറ്റല്‍ മോണിറ്ററുകളില്‍ ദീര്‍ഘനേരം നോക്കിയിരിക്കുമ്പോള്‍ കണ്ണ് ചിമ്മുന്നതിന്റെ നിരക്ക് കുറയാറുണ്ട്. സാധാരണമായി ഒരു മിനിറ്റില്‍ കുറഞ്ഞത് 16 തവണയെങ്കിലും കണ്ണ് ചിമ്മണം. ഇത് കണ്ണില്‍ ജലാംശം നിലനിര്‍ത്തി കണ്ണിനെ ഫ്രെഷാക്കാന്‍ സഹായിക്കും. കണ്ണ് ചിമ്മിയില്ലെങ്കില്‍ കണ്ണുകള്‍ക്ക് വരള്‍ച്ച ഉണ്ടാകും. അതിനാല്‍ ഇടയ്ക്കിടെ ഓര്‍ത്ത് കണ്ണ് ചിമ്മണം. 

c) തണുത്ത വെള്ളത്തില്‍ കണ്ണ് കഴുകുക

രക്തചംക്രമണം മെച്ചപ്പെടുത്തി നീര്‍ക്കെട്ടും വീര്‍പ്പും കുറച്ച് കണ്ണിന് സുഖം നല്‍കാനും ഉന്‍മേഷം വീണ്ടെടുക്കാനും ഇത് സഹായിക്കും. 

കണ്ണിന് വരള്‍ച്ച

ദീര്‍ഘനേരം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുമ്പോള്‍ കണ്ണിലെ ജലാംശം നഷ്ടപ്പെടും. അപ്പോഴാണ് കണ്ണിന് വരള്‍ച്ച (Dry Eye) ഉണ്ടാകുന്നത്. എ.സി, ഫാന്‍ എന്നിവയുടെ സാന്നിധ്യം കണ്ണിലെ ഈര്‍പ്പം വറ്റുന്നതിന്റെ (evaporative loss) തോത് കൂട്ടും. കണ്ണില്‍ പുകച്ചില്‍, ചൊറിച്ചില്‍, ചുവപ്പ്, കണ്ണില്‍ കരുകരുപ്പ്, ക്ഷീണം, വരണ്ട പോലെ തോന്നല്‍, മങ്ങിയ കാഴ്ച എന്നിവയാണ് ലക്ഷണങ്ങള്‍.  

കണ്ണിന്റെ വരള്‍ച്ച​ പരിഹരിക്കാന്‍ ചെയ്യേണ്ടത് 

സ്മാര്‍ട്ട്‌ഫോണ്‍ കണ്ണിനോട് അടുപ്പിച്ച് പിടിച്ച് നോക്കുന്നതും കിടന്ന് വീഡിയോ കാണുന്നതും ഒഴിവാക്കണം. 
20 മിനിറ്റ് കൂടുമ്പോഴെങ്കിലും ഇടവേളയെടുക്കണം. ഇടയ്ക്കിടെ കണ്ണ് ചിമ്മാന്‍ മറക്കരുത്. കണ്ണട ഉപയോഗിക്കുന്നവര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുമ്പോഴും കണ്ണട വയ്ക്കണം. ഡോക്ടറുടെ സഹായത്തോടെ കണ്ണിനെ ആര്‍ദ്രമാക്കാനുള്ള ഐ ഡ്രോപ്പുകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്. അണുബാധയോ മറ്റോ കണ്ടെത്തിയാല്‍ എത്രയും പെട്ടെന്ന് ചികിത്സ തേടണം. 

online class
ഫോട്ടോ: രാമനാഥപൈ

കണ്ണിലെ പേശികളുടെ ചുരുക്കം 

അടുത്തുള്ള ഒരു ദൃശ്യം വ്യക്തമായി കാണാന്‍ കണ്ണുകള്‍ അവയുടെ പവര്‍ സ്വയം ക്രമീകരിക്കുന്ന സംവിധാനത്തെയാണ് അക്കമഡേഷന്‍ എന്നു പറയുന്നത്. ഒരു കാമറയിലെ ലെന്‍സിന്റെ പ്രവര്‍ത്തനം പോലെയാണിത്. അമിതമായി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ചിലപ്പോള്‍ ഈ അക്കമഡേഷന്‍ റിലീസ് ചെയ്യാതെ കണ്ണിലെ സീലിയറി പേശികള്‍ ചുരുങ്ങിയ അവസ്ഥയില്‍ (സ്പാസം) തന്നെ നിലനില്‍ക്കും. നിരന്തര ഉപയോഗം മൂലം കണ്ണിലെ പേശികള്‍ സ്ഥിരമായി ഇത്തരത്തില്‍ ക്രമീകരിക്കുന്നതാണ് ഇതിന് കാരണം. ഈ അവസ്ഥയാണ് അക്കമഡേറ്റീവ് സ്പാസം. 

കണ്ണിലെ പേശികളുടെ ചുരുക്കം പരിഹരിക്കാന്‍ ചെയ്യേണ്ടത്
 
കൃത്യമായ അളവിലുള്ള കണ്ണട/കോണ്‍ടാക്റ്റ് ലെന്‍സ്, കാഴ്ചയെ സഹായിക്കുന്ന വ്യായാമങ്ങള്‍ എന്നിവയാണ് പരിഹാരം. ഇതിന് ഡോക്ടറുടെ സഹായം തേടാം. 

കണ്ണട വെക്കുന്ന കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

 • കാഴ്ചാവൈകല്യങ്ങളെത്തുടര്‍ന്ന് സ്ഥിരമായി കണ്ണട വെക്കുന്ന കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുമ്പോഴും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുമ്പോഴും കണ്ണട വെക്കണം. ഇല്ലെങ്കില്‍ കാഴ്ചാപ്രശ്നങ്ങളുണ്ടാകും. 
 • വര്‍ഷത്തിലൊരിക്കല്‍ ഡോക്ടറെ കണ്ട് കണ്ണ് പരിശോധിപ്പിക്കണം. 
 • ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുന്നതിന് മുന്‍പായി കുട്ടികളുടെ കണ്ണ് പരിശോധിപ്പിച്ച് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കണം. ഉണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള കാര്യങ്ങള്‍ ചെയ്യണം. 
 • രാത്രിയിലെ/ വെളിച്ചമില്ലാത്ത സമയങ്ങളിലെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം വേണ്ട
online class
File Photo

കൂടുതല്‍ കുട്ടികളും ഓണ്‍ലൈന്‍ ക്ലാസിനായി സ്മാര്‍ട്ട്‌ഫോണുകള്‍ ആണ് ഉപയോഗിക്കുന്നത്. അതിനാല്‍ പകല്‍ മുഴുവനുമുള്ള ഓണ്‍ലൈന്‍ ക്ലാസിന് ശേഷം സിനിമ കാണാനും ഗെയിം കളിക്കാനും വീണ്ടും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നത് കണ്ണിന് കൂടുതല്‍ ദോഷം ചെയ്യും. 

ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന ബ്ലൂലൈറ്റുകള്‍ 

സ്മാര്‍ട്ട് ഫോണുകള്‍, ടാബ്‌ലെറ്റുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയില്‍ നിന്നും പുറപ്പെടുവിക്കുന്ന ബ്ലൂലൈറ്റ് (High Energy Visible) രാത്രിയില്‍ കണ്ണിന് ബുദ്ധിമുട്ടുണ്ടാക്കും. 

അള്‍ട്രാവയലറ്റ് രശ്മികളെപ്പോലെ സൂര്യപ്രകാശത്തില്‍ അടങ്ങിയിരിക്കുന്നവയാണ് എച്ച്.ഇ.വി. ലൈറ്റ്((High Energy Visible). തരംഗദൈര്‍ഘ്യം കുറഞ്ഞതും ഉയര്‍ന്ന ഫ്രീക്വന്‍സിയും ഉയര്‍ന്ന ഊര്‍ജനിലയുമുള്ള ഇത് 400-450 nm വയലറ്റ്/ബ്ലൂ സ്‌പെക്ട്രം ബാന്‍ഡിലുള്ളതാണ്. പകല്‍വെളിച്ചമാണെന്ന് മസ്തിഷ്‌കത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇത് ചെയ്യുന്നത്. അതോടെ ഉറക്കത്തിന് സഹായിക്കുന്ന മെലാട്ടോണിന്‍ എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നതിനെ മസ്തിഷ്‌കത്തിലെ പീനിയല്‍ ഗ്രന്ഥി തടയുന്നു. സ്ഥിരമായി ഇത് തുടരുന്നത് ശരീരത്തിന്റെ ജൈവഘടികാരത്തിന്റെ താളം തെറ്റിക്കുകയും ഉറക്കമില്ലായ്മയ്ക്ക് ഇടയാക്കുകയും ചെയ്യും. ഇത് പതിവായാല്‍ കണ്ണില്‍ ചുവപ്പും വിങ്ങലും, മാനസിക അസ്വസ്ഥതകള്‍ ഉള്‍പ്പടെയുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു. വെളിച്ചം കുറവുള്ള നേരങ്ങളില്‍ വീട്ടില്‍ ആവശ്യത്തിന് വെളിച്ചമുള്ള സ്ഥലത്ത് ഇരുന്ന് മാത്രമേ ക്ലാസ്സില്‍ പങ്കെടുക്കാവൂ. 

online class
Photo: PTI

ഓണ്‍ലൈന്‍ ക്ലാസില്‍ കണ്ണിന്റെ സംരക്ഷണത്തിന് ഇക്കാര്യങ്ങള്‍ ചെയ്യാം

 • തുടര്‍ച്ചയായി ഒരേ ഇരുപ്പ് ഇരിക്കാതെ ചെറിയ ഇടവേളകള്‍ ഇടയ്ക്കിടെ എടുക്കുക.
 • ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്ന കുട്ടികളുടെ കണ്ണുകള്‍ ഇടയ്ക്ക് ഡോക്ടറെ കാണിച്ച് പരിശോധിപ്പിക്കണം. ഇതുവഴി എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് നേരത്തെ തിരിച്ചറിയാം. 
 • ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്ന കുട്ടികളുടെ ഒപ്പം മാതാപിതാക്കളോ അല്ലെങ്കില്‍ മറ്റ് വേണ്ടപ്പെട്ടവര്‍ ആരെങ്കിലുമൊക്കെ ഇരിക്കുന്നത് നല്ലതാണ്. കുട്ടിക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുമ്പോള്‍ കണ്ണിന് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ടോ എന്നെല്ലാം ശ്രദ്ധിക്കാന്‍ ഇതുവഴി സാധിക്കും. കുട്ടികള്‍ക്ക് അക്കാര്യങ്ങള്‍ സ്വയം തിരിച്ചറിയാന്‍ സാധിച്ചെന്നു വരില്ല. 
 • കണ്ണട ഉപയോഗിക്കുന്ന കുട്ടികള്‍ നിര്‍ബന്ധമായും ഓണ്‍ലൈന്‍ ക്ലാസിന്റെ സമയത്ത് കണ്ണട വെക്കണം. 
 • പവര്‍ഗ്ലാസ് ഉപയോഗിക്കുന്ന കുട്ടികള്‍ ഇടയ്ക്ക് ഡോക്ടറെ കണ്ട് കണ്ണ് പരിശോധിപ്പിക്കുന്നത് നല്ലതാണ്. തുടര്‍പരിശോധനകള്‍ ഒരിക്കലും മുടക്കരുത്. 
 • വളരെ ചെറിയ സ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണില്‍ ദീര്‍ഘനേരം നോക്കുന്നത് കണ്ണിന് സ്ട്രെയിന്‍ കൂട്ടും. അതിനാല്‍ വലിയ സ്‌ക്രീനുള്ള ഫോണുകള്‍ ഹൊറിസോണ്ടല്‍ മോഡിലിട്ട് ഓണ്‍ലൈന്‍ ക്ലാസില്‍ അറ്റന്‍ഡ് ചെയ്യുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ ടി.വിയോ ലാപ്ടോപ്പോ ഡെസ്‌ക് ടോപ്പ് കംപ്യൂട്ടറോ ഉപയോഗിക്കുക. 
 • ഡിജിറ്റല്‍ സ്‌ക്രീനുകള്‍ ഉപയോഗിക്കുമ്പോള്‍ കണ്ണില്‍ നിന്നും നിശ്ചിത അകലം പാലിക്കുക. 
 • സ്മാര്‍ട്ട്ഫോണ്‍ ഉപയാഗിക്കുമ്പോള്‍ വലിയ ഫോണ്ട് ഉപയോഗിക്കുക. 
 • കുട്ടികളുടെ കണ്ണും സ്മാര്‍ട്ട്ഫോണും തമ്മിലുള്ള ദൂരം ആരോഗ്യകരമായി ക്രമീകരിക്കണം. 
 • മുഖത്തോട് വളരെ അടുപ്പിച്ചുകൊണ്ടും കിടന്നുകൊണ്ടും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കരുത്. 
 • കൈ അകലത്തില്‍ സ്മാര്‍ട്ട്ഫോണ്‍ വെക്കുന്നതാണ് നല്ലത്. 
 • വെളുത്ത പ്രതലത്തിലെ കറുത്ത അക്ഷരങ്ങളാണ് കണ്ണിന് നല്ലത്. പിക്‌സലുകളിലെ ഏറ്റക്കുറച്ചിലുകളും പശ്ചാത്തല നിറങ്ങളിലെ തുടരെയുള്ള മാറ്റങ്ങളും കണ്ണിന് അസ്വസ്ഥതയുണ്ടാക്കും. 
 • ഫോണ്‍ കൈയില്‍ പിടിച്ചിരുന്ന് ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യരുത്. ഫോണ്‍ ക്യത്യമായി കാണുന്ന തരത്തില്‍ വെക്കാവുന്ന ചെറിയ സ്റ്റാന്‍ഡുകള്‍ ഇന്ന് ലഭ്യമാണ്. അവയില്‍ ഉറപ്പിച്ച് ഹൊറിസോണ്ടല്‍ മോഡില്‍ ഫോണ്‍ സ്‌ക്രീന്‍ വെച്ച ശേഷം ക്ലാസുകള്‍ കാണാം. ടാബുകളും ഇതേ രീതിയില്‍ സ്റ്റാന്‍ഡുകളില്‍ ഉറപ്പിച്ച് ഉപയോഗിക്കാം. 
 • ഓരോ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കിടയിലും അല്‍പസമയം ഇടവേളയെടുക്കണം. തുടര്‍ച്ചയായി ഓണ്‍ലൈന്‍ ക്ലാസില്‍ ഇരിക്കേണ്ട അവസ്ഥ ഉണ്ടാകരുത്. 
 • ഇടവേളയെടുക്കുന്ന സമയത്ത് കണ്ണ് കഴുകുക, വെള്ളം കുടിക്കുക തുടങ്ങിയവ ചെയ്യാന്‍ കുട്ടിയെ ശീലിപ്പിക്കുക. 
 • കുട്ടി ഓണ്‍ലൈന്‍ ക്ലാസില്‍ ഇരിക്കുന്ന മുറിയിലെ വെളിച്ചം ആരോഗ്യകരമായി ക്രമീകരിക്കണം. ഇതിന് അനുസരിച്ച് സ്മാര്‍ട്ട്‌ഫോണ്‍ സെറ്റിങ്‌സിലെ ബ്രൈറ്റ്‌നെസ് ആവശ്യത്തിന് അനുസരിച്ച് ക്രമീകരിക്കുക. ഇത് ഫോണില്‍ നിന്നുള്ള വെളിച്ചം കണ്ണില്‍ അസ്വസ്ഥതയുണ്ടാകുന്നത് അകറ്റും. 
 • ഫോണിലെ കോണ്‍ട്രാസ്റ്റും ക്രമീകരിക്കണം. ഇത് കൂടിയാല്‍ നിറങ്ങളുടെയും ഫോണ്ടുകളുടെയും ഡെപ്ത്ത് കൂട്ടി കണ്ണില്‍ അസ്വസ്ഥതയുണ്ടാകും. കോണ്‍ട്രാസ്റ്റ് വളരെ കുറഞ്ഞാല്‍ ഫോണ്ടുകള്‍ അവ്യക്തമാക്കി കണ്ണിന് സ്‌ട്രെയിന്‍ കൂട്ടുകയും ചെയ്യും.  
 • സ്മാര്‍ട്ട്‌ഫോണ്‍ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ സ്‌ക്രീനുകള്‍ ഇരുട്ടില്‍ ഉപയോഗിക്കരുത്. മങ്ങിയ വെളിച്ചത്തില്‍ കാഴ്ച സാധ്യമാക്കുന്നത് കണ്ണിലെ ഫോട്ടോറിസപ്റ്ററുകളില്‍ ഒന്നായ റോഡ് (Rods) കോശങ്ങളാണ്. ചുറ്റിലും വെളിച്ചമില്ലാതെ സ്മാര്‍ട്ട്‌ഫോണിലെ നീലവെളിച്ചത്തില്‍ കണ്ണുകള്‍ ജോലിചെയ്യുന്നത് റോഡ് കോശങ്ങള്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കാനിടയാക്കും. ഇത് അവയുടെ സ്‌ട്രെയിന്‍ കൂട്ടി കാഴ്ചാവൈകല്യങ്ങള്‍ക്ക് ഇടയാക്കും.
 • വെളിച്ചത്തിന്റെ ലഭ്യതയ്ക്കനുസരിച്ച് സ്മാര്‍ട്ട്‌ഫോണ്‍ സെറ്റിങ്‌സില്‍ മാറ്റങ്ങള്‍ വരുത്താം. 
 • വിവിധ നിറങ്ങളിലും ഫോണ്ടുകളിലുമുള്ള ഓരോ വെബ്‌പേജുകളും മങ്ങിയ വെളിച്ചത്തില്‍ മാറി മാറി വരുമ്പോള്‍ കണ്ണുകള്‍ തുടര്‍ച്ചയായി വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നത് സ്‌ട്രെയിനുണ്ടാക്കും. 
 • രാത്രിയോ വെളിച്ചം കുറഞ്ഞ സമയത്തോ ആണ് ക്ലാസെങ്കില്‍ ഫോണിലെ നൈറ്റ് മോഡ് ഉപയോഗിക്കുന്നതു നല്ലതാണ്. 
 • ഓണ്‍ലൈന്‍ ക്ലാസിന് ശേഷം രാത്രി വീണ്ടും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ കുട്ടികളെ അനുവദിക്കരുത്. 
 • പഠനശേഷവും ഒഴിവുസമയങ്ങളില്‍ വീഡിയോ കാണുന്നതും വീഡിയോ ഗെയിം കളിക്കുന്നതുമൊക്കെ കണ്ണിന് സ്ട്രെയിന്‍ കൂട്ടും. 
 • പഠനത്തിന് ശേഷമുള്ള ഇത്തരം സമയങ്ങളില്‍ ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ നിന്ന് പൂര്‍ണമായും മാറി നിന്ന് കളികളിലോ മറ്റോ പങ്കെടുക്കാം. ശാരീരിക വ്യായാമം ലഭിക്കുന്ന തരം കളികളില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. 
 • വീടിന്റെ ബാല്‍ക്കണിയിലോ ടെറസിലോ പോലും പോയി കളിക്കാം. 
 • രാത്രി സമയങ്ങളില്‍ വിനോദങ്ങള്‍ക്കായി സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്ന ശീലം കുടുംബാംഗങ്ങളും ഒഴിവാക്കണം. 

വിവരങ്ങള്‍ക്ക് കടപ്പാട്: 

ഡോ. സനിത സത്യന്‍
ചീഫ് ഓഫ്താല്‍മോളജിസ്റ്റ് & മെഡിക്കല്‍ ഡയറക്ടര്‍
വെട്ടം ഐ ക്ലിനിക്, മുളന്തുരുത്തി, എറണാകുളം

Content Highlights: How to prevent eye problems in children during covid19 pandemic lockdown, Health