കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹിക അകലം പാലിച്ച് വീട്ടില്‍ കഴിയുമ്പോള്‍ പഠനവൈകല്യം പോലുള്ള പ്രശ്‌നങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന കുട്ടികള്‍ക്ക് വിദഗ്ധരുടെ പരിശീലനം അപ്രാപ്യമാകുന്നു. സാധാരണയായി വേനലവധിക്കാലത്താണ് മാതാപിതാക്കള്‍ അവരുടെ കുട്ടികളുമായി പരിശീലനം ലഭിക്കാന്‍ ആശുപത്രികളിലോ ക്ലിനിക്കുകളിലോ കൂടുതലായും എത്തിച്ചേരാറുള്ളത്. എന്നാല്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് പലര്‍ക്കും ഇത് പറ്റില്ല. ഇത്തരം സാഹചര്യങ്ങളില്‍ അവരുടെ നൈപുണ്യങ്ങള്‍ വികസിപ്പിക്കാന്‍ വീട്ടിലും നമുക്ക് പലതും ചെയ്യാനാകും. നേരത്തെ പ്രശ്‌നങ്ങള്‍ കണ്ടുപിടിച്ചു നല്ല പരിശീലനം നല്‍കിയാല്‍ പ്രശ്‌നങ്ങളുടെ തീവ്രത കുറയ്ക്കാനാകും.
എന്താണ് പഠനവൈകല്യം
ശരാശരിയോ അതിലധികമോ ബുദ്ധിവികസമുണ്ടായിട്ടും വായന, എഴുത്ത്, ഗണിതം എന്നീ മേഖലകളില്‍ മാത്രം ഏറെ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെയാണ് പഠനവൈകല്യമുള്ളവരായി കണക്കാക്കുന്നത്. ജന്മനാ സംഭവിക്കുന്ന ഇത്തരം പ്രശ്‌നങ്ങളുള്ളവര്‍ക്ക് പഠിക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധക്കുറവ്, ഓര്‍മക്കുറവ് (പഠിക്കുന്ന കാര്യങ്ങള്‍ വേഗത്തില്‍ മറന്നു പോകല്‍), വേണ്ടത്ര വേഗത്തില്‍ കാര്യങ്ങള്‍ ചെയ്യാനുള്ള പ്രയാസം, സ്ഥൂലചലനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള പ്രയാസം (difficulty in fine-motor skills) എന്നിവ പ്രധാനമായും കണ്ടുവരുന്നു. ഇത്തരം ബൗദ്ധിക നൈപുണികളുടെ (Cognitive skills) കുറവാണ് പഠന വൈകല്യത്തിന്റെ പ്രധാന സവിശേഷതകള്‍.
തീരെ ചെറിയ കുട്ടികള്‍ ആയിരിക്കുമ്പോള്‍ തന്നെ (അഞ്ച് വയസ്സിനും താഴെ) ഇത്തരം പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്താവുന്നതാണ്. കുട്ടികളില്‍ ശരിയായ രീതിയില്‍ സംസാരിച്ചു തുടങ്ങുന്നത് വൈകിപ്പോകുന്നതും (speech delay), ഇടത്-വലത് കൈകള്‍ പരസ്പരം മാറിപ്പോകുന്നതും, ചെരിപ്പിടുമ്പോള്‍ കാലുകള്‍ പരസ്പരം മാറിപ്പോകുന്നതും, ചെറിയ കാര്യങ്ങള്‍ തന്നെ വേണ്ടത്ര വേഗത്തില്‍ (Poor Processing speed) ചെയ്തു തീര്‍ക്കാനാകാത്തതും പഠന വൈകല്യത്തിന്റെ ലക്ഷണമായേക്കാം.
മുഴുവന്‍ സമയവും കാര്‍ട്ടൂണ്‍ കണ്ടും മൊബൈല്‍ ഗെയിം കളിച്ചും അതിനു അടിമപ്പെടാതെ പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് പല കഴിവുകളും ഈ അവസരത്തില്‍ കുട്ടികള്‍ക്ക് നേടിയെടുക്കാനാകും. പഠനവൈകല്യമുള്ളവരിലും ഇല്ലാത്തവരിലും നൈപുണികള്‍ വികസിപ്പിക്കാന്‍ ഇത് ഏറെ പ്രയോജനകരമാണ്.
പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്കും അതിന് താഴെ വരുന്ന കുട്ടികള്‍ക്കും എന്തെല്ലാം കാര്യങ്ങള്‍ ചെടികളിലൂടെ പഠിക്കാനാകും? പ്രത്യേകിച്ചു പഠന വൈകല്യമുള്ള കുട്ടികളിലും (Learning disabilities) പഠനം എളുപ്പവും രസകരമാക്കാനും നമുക്ക് ചെടികളുമായി ബന്ധപെട്ട പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കും. അവധിയും കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണുമോക്കെയല്ലേ? വീട്ടുമുറ്റത്തും വീട്ടിലെ ഗാര്‍ഡനിലും ഒന്ന് കറങ്ങിയാലോ? (മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ വേണം) വീട്ടുമുറ്റത്തിറങ്ങി ചെടികളെ പരിചയപ്പെടാന്‍ ഒന്ന് ശ്രമിച്ചു നോക്കൂ. എത്ര ചെടികളുടെ പേരറിയാം?
കുട്ടികളുടെ ബൗദ്ധിക നൈപുണികളും (Cognitive skills) മറ്റു കഴിവുകളും വികസിപ്പിക്കാന്‍ ചെടികളിലൂടെ എന്തെല്ലാം ചെയ്യാന്‍ സാധിക്കും? എന്തെല്ലാമാണ് പഠനത്തിനു വേണ്ട ബൗദ്ധിക നൈപുണികള്‍? ശ്രദ്ധ, ഓര്‍മശക്തി, സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്യുവാനുള്ള കഴിവ്, സ്ഥൂല ചലനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള കഴിവ് തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് ആവശ്യമാണ്. അത് എന്തൊക്കെ എന്ന് നമുക്ക് നോക്കാം.
ശ്രദ്ധ എങ്ങനെ വികസിപ്പിക്കാം?
പഠനവൈകല്യമുള്ള കുട്ടികളില്‍ (Learning disabilities) ശ്രദ്ധക്കുറവ് പൊതുവേ കാണാറുണ്ട്. ഇത്തരം കുട്ടികള്‍ക്ക് രണ്ട് ചെടികള്‍ കാണിച്ച് വ്യത്യാസം കണ്ടുപിടിക്കാന്‍ ആവശ്യപ്പെട്ടാലോ? എത്ര വ്യത്യാസങ്ങള്‍ കണ്ടുപിടിക്കാനാകുമെന്ന് നോക്കാം. തീരെ ചെറിയ കുട്ടികളാണെങ്കില്‍ (അഞ്ചു വയസിന് താഴെ) ചെടികള്‍ കാണിച്ച് പൂക്കളുടെ എണ്ണം എത്രയെന്ന് ചോദിക്കാം. പൂക്കളുടെ നിറങ്ങള്‍ പറയാന്‍ ആവശ്യപ്പെടാം. ചെടികളുടെ വിത്തുകള്‍ അല്ലെങ്കില്‍ ഇലകള്‍ കൂട്ടിക്കലര്‍ത്തി നല്‍കി വേര്‍തിരിക്കാന്‍ ആവശ്യപ്പെടാം. വേഗത വികസിപ്പിക്കുന്നതിന് നിശ്ചിത സമയം നല്‍കി പൂര്‍ത്തീകരിക്കാന്‍ ആവശ്യപ്പെടാം.
ഓര്‍മശക്തി എങ്ങനെ വികസിപ്പിക്കാം
ഓര്‍മശക്തി എത്രത്തോളമുണ്ടെന്ന് മനസിലാക്കാനും വികസിപ്പിക്കാനും എന്തെല്ലാം ചെയ്യാമെന്ന് നോക്കാം. കുട്ടികളോട് ഒരു പത്തു ചെടികളുടെ പേരുകള്‍ പറയാം. അതിനു ശേഷം അവര്‍ക്ക് എത്രത്തോളം ഓര്‍ത്തു പറയാന്‍ കഴിയുമെന്ന് നോക്കാം. ഓര്‍ത്തു പറയുന്നതിനുള്ള കഴിവിന്റെ അടിസ്ഥാനത്തില്‍ എണ്ണത്തില്‍ വ്യത്യാസം വരുത്താം. ചെടികളുടെ ഇലകള്‍ എടുത്തു കാണിച്ച് അവയുടെ പേരുകള്‍ പറയാന്‍ ആവശ്യപ്പെടാം. അടുത്തതായി മണത്തു കണ്ടുപിടിക്കാന്‍ പറയാം. കുട്ടികള്‍ കണ്ണടച്ചതിനു ശേഷം ചെടികളുടെ ഇലകള്‍ ഓരോന്നായി മണത്തു നോക്കാന്‍ നല്‍കാം. ഏതെല്ലാം മണത്തു കണ്ടുപിടിക്കാനാകും? ഇതിനായി പനികൂര്‍ക്ക, തുളസി, വേപ്പ് തുടങ്ങി മറ്റു മണമുള്ള സസ്യങ്ങളും നല്‍കാം.
ഇനി കുറച്ചു സസ്യങ്ങളെ കാണിച്ചതിന് ശേഷം കണ്ണുകളടച്ച് കണ്ട സസ്യങ്ങളുടെ പേരുകള്‍ പറയാന്‍ ആവശ്യപ്പെടാം.
സമയക്രമം പാലിക്കുന്നതിന്
നല്‍കുന്ന ടാസ്‌കുകള്‍ക്ക് നിശ്ചിത സമയം നല്‍കുകയാണെങ്കില്‍ വേഗത്തില്‍ കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവുകള്‍ വികസിപ്പിക്കാം. ഓരോ ദിവസവും ഏകദേശം ടാസ്‌കുകള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി വരുന്ന സമയത്തിനെക്കാള്‍ കുറച്ച് സമയം ചുരുക്കി നല്‍കിയാല്‍ വേഗത മെച്ചപ്പെടുത്താം. ഉദാഹരണമായി എതാനും ചെടികളുടെ പേരുകള്‍ പറഞ്ഞ് അവയുടെ ഇലകള്‍ എടുത്തുകൊണ്ടുവരാന്‍ പറയാം. ഇതിനു ഒരു സമയപരിധി വയ്ക്കുകയും ചെയ്യാം.
സ്ഥൂല ചലനങ്ങളുടെ വികാസത്തിന്
നമുക്ക് പേന അല്ലെങ്കില്‍ പെന്‍സില്‍ ശരിയായ രീതിയില്‍ പിടിച്ച് ശരിയായ സമ്മര്‍ദം നല്‍കി ശരിയായ വലുപ്പത്തില്‍ അക്ഷരങ്ങളെ ഏകോപിപ്പിച്ച് എഴുതുന്നതിന് സ്ഥൂലചലനങ്ങളുടെ വികാസം (Fine motor skil-ls) ആവശ്യമാണ്.
സാധാരണയായി അക്ഷരങ്ങള്‍ പഠിച്ച് എഴുതാന്‍ തുടങ്ങുന്ന കുട്ടികളിലാണ് ഇത്തരം പ്രയാസങ്ങള്‍ കാണപ്പെടുന്നത്. ഫൈന്‍ മോട്ടോര്‍ സ്‌കില്‍സ് എങ്ങനെ വികസിപ്പിക്കാമെന്ന് നോക്കാം. നമ്മള്‍ ഇതിനോടകം ചെടികളെ ഒരു വിധം പരിചയപ്പെട്ടല്ലോ? ഇനി ചെടികള്‍ നട്ടു നോക്കിയാലോ? ഗ്രോ ബാഗ് അല്ലെങ്കില്‍ ചെടിച്ചട്ടികളില്‍ മണ്ണ് നിറച്ച് ചെടികള്‍ നടാം. ചെടികള്‍ നടുന്നതിന് വേണ്ടി കൈ കൊണ്ട് മണ്ണ് നിറയ്ക്കുന്നതും ടൂള്‍സ് ഉപയോഗിച്ച് നിറയ്ക്കുന്നതും ഫൈന്‍ മോട്ടോര്‍ സ്‌കില്‍സിന്റെ വികാസത്തിന് സഹായിക്കും. വിത്തുകള്‍ എല്ലാം കൂടിക്കലര്‍ന്നിരിക്കുകയാണെങ്കില്‍ കുട്ടികള്‍ക്ക് നല്‍കി വേര്‍തിരിക്കാന്‍ ആവശ്യപ്പെടാം. വിത്തുകള്‍ വേര്‍തിരിച്ച് നടാം. നട്ടാല്‍ മാത്രം മതിയോ? നനയ്‌ക്കേണ്ടേ? എഴുതി തുടങ്ങാറായ അഞ്ചു വയസിനു താഴെയുള്ള കുട്ടികള്‍ക്കും, ഫൈന്‍ മോട്ടോര്‍ സ്‌കില്‍സ് വേണ്ടത്ര ഇല്ലാത്ത കുട്ടികള്‍ക്കും തുണി കഷണം അല്ലെങ്കില്‍ സ്‌പോഞ്ച് നനച്ച് ചെടികള്‍ അല്ലെങ്കില്‍ വിത്തുകള്‍ നട്ടതിന് മീതെ പിഴിഞ്ഞ് നനയ്ക്കാന്‍ ആവശ്യപ്പെടാം. ഇതും ഫൈന്‍ മോട്ടോര്‍ സ്‌കില്‍ വികാസത്തിന് ഉത്തമമാണ്.
പറയാം, എഴുതാം, അറിവുകള്‍ വികസിപ്പിക്കാം
ഇനി ചെടികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കാം. ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്താം. ഏതെല്ലാം ചെടികളാണ് ഔഷധസസ്യങ്ങള്‍? ഏതെല്ലാമാണ് പൂച്ചെടികള്‍? ഏതെല്ലാമാണ് പച്ചക്കറികള്‍? പറഞ്ഞോ എഴുതിയോ നോക്കാം. ഇനി ഓരോ സസ്യങ്ങളുടെയും ഗുണങ്ങള്‍ അല്ലെങ്കില്‍ ഉപയോഗം എന്തെന്ന് നോക്കാം. ഉദാഹരണമായി തുളസിയുടെ ഉപയോഗം എന്തെല്ലാമെന്ന് പറയാനോ എഴുതാനോ ശ്രമിക്കാം.
ഹെര്‍ബേറിയം ഉണ്ടാക്കാം
ഒരു പുസ്തകത്തില്‍ ഇലയോ ചെടിയുടെ മറ്റു ഭാഗങ്ങളോ ഒട്ടിച്ച് പേരുകള്‍ എഴുതി പറ്റുമെങ്കില്‍ ശാസ്ത്രീയ നാമങ്ങളും എഴുതി സൂക്ഷിക്കുന്ന രീതിയാണ് ഹെര്‍ബേറിയം. ഇങ്ങനെ ഇലകള്‍ ഒട്ടിക്കുന്നത് ഫൈന്‍ മോട്ടോര്‍ സ്‌കില്‍സും സസ്യങ്ങളെക്കുറിച്ചുള്ള അറിവുകള്‍ വര്‍ധിപ്പിക്കുന്നതിനും സഹായിക്കും.
ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്യാം
ചെടിയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിച്ച് ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്യുന്നത് കുട്ടികളുടെ ക്രിയേറ്റിവിറ്റി പരിപോഷിപ്പിക്കുന്നതിനും മറ്റ് ബൗദ്ധിക നൈപുണികള്‍ വികസിപ്പിക്കുന്നതിനും സഹായിക്കും.
ഫ്‌ളാറ്റുകളില്‍ കഴിയുന്നവര്‍ എന്ത് ചെയ്യും?
ഫ്‌ളാറ്റുകളില്‍ കഴിയുന്നവര്‍ക്ക് ഗ്രോ ബാഗിലും ചെടിച്ചട്ടികളിലും വിവിധ ചെടികള്‍ നടാം. മുറ്റത്തിറങ്ങി ചെടികളെ കാണാനും പഠിക്കാനും കഴിയാത്തവര്‍ക്കായി ''മൈക്രോ ഗ്രീന്‍'' എന്ന കൃഷി രീതി വീട്ടില്‍ പരീക്ഷിക്കാം. ഇതിനായി ചെറുപയര്‍, വന്‍ പയര്‍, കടല, ഉലുവ അല്ലെങ്കില്‍ ചീര വിത്തുകള്‍ ട്രേയില്‍ നനഞ്ഞ കോട്ടന്‍ തുണി വിരിച്ചോ ചകിരിപ്പൊടി വിതറി അതിന് മുകളിലായോ മുളപ്പിക്കാം. ഓരോ ചെടിയും മുളയ്ക്കാന്‍ എടുത്ത സമയം ഇലകളുടെ എണ്ണം എന്നിവ നിരീക്ഷിക്കാം. മുളച്ച് ഒരാഴ്ച കഴിഞ്ഞാല്‍ സലാഡ് ഉണ്ടാക്കാന്‍ കുട്ടികളെ പഠിപ്പിക്കാം.
ഇവ കൂടാതെ അടിസ്ഥാന ഗണിതങ്ങള്‍ വിത്തുകളും ഇലകളുമൊക്കെ ഉപയോഗിച്ച് രസകരമായി പഠിപ്പിക്കാം. ഇലകളും പൂക്കളുമുപയോഗിച്ചു ചിത്രങ്ങള്‍ക്ക് നിറങ്ങള്‍ നല്‍കാം.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ രസകരമായി അവതരിപ്പിക്കാന്‍ സാധിച്ചാല്‍ ചെടികളും കുട്ടികളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും പ്രകൃതിയോടു ഇണങ്ങി ജീവിക്കാന്‍ പ്രാപ്തരാക്കാനും ഇതിലൂടെ ജീവിത്തില്‍ ആവശ്യമായ നൈപുണ്യങ്ങള്‍ നേടിയെടുക്കന്നതിന് സഹായിക്കുന്നതിനും സാധിക്കും.
(തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് & റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സൈക്കോളജിസ്റ്റും ലേണിങ് ഡിസെബിലിറ്റി കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍)
Content Highlights: How to overcome Kids Learning disability during Lockdown