നവജാത ശിശുക്കളുള്ള അമ്മമാരുടെ ടെന്‍ഷനാണ് കുഞ്ഞിന് ആവശ്യത്തിന് കിട്ടുന്നുണ്ടോ, കുഞ്ഞിന് വിശപ്പ് മാറുന്നുണ്ടോ എന്നൊക്കെ. കുഞ്ഞിന്റെ പ്രതികരണങ്ങള്‍, ശാരീരിക മാറ്റങ്ങള്‍ എന്നിവയിലൂടെ ഇക്കാര്യങ്ങള്‍ മനസ്സിലാക്കാം.
- നവജാത ശിശുക്കള്‍ മുതല്‍ രണ്ടുമാസം വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് രണ്ട്-മൂന്ന് മണിക്കൂര്‍ കൂടുമ്പോള്‍ മുലയൂട്ടണം. കുഞ്ഞ് പൂര്‍ണമായും പാല്‍ കുടിച്ചു കഴിയാന്‍ പത്തു മുതല്‍ 20 മിനിറ്റ് വരെ വേണ്ടിവന്നേക്കാം.
- ജനിച്ച് ആദ്യത്തെ കുറച്ചു ദിവസങ്ങള്‍ കുഞ്ഞിനെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തി പാല്‍ കുടിപ്പിക്കണം. അത് അങ്ങനെ ശീലമാക്കാം.
- മുലയൂട്ടുമ്പോള്‍ കുഞ്ഞ് ആ സമയം മുഴുവന്‍ പാല്‍ ശരിക്ക് കുടിക്കുന്നില്ലേ എന്ന് ഉറപ്പാക്കണം. ചിലപ്പോള്‍ സ്തനങ്ങളില്‍ മുഖമമര്‍ത്തി കുഞ്ഞുങ്ങള്‍ ഉറങ്ങിപ്പോകാറുണ്ട്.
- ആദ്യത്തെ രണ്ടു മാസങ്ങളില്‍ കുഞ്ഞ് പതുക്കെയാണ് പാല്‍ കുടിക്കുക. എന്നാല്‍ അതിന് ശേഷം പാല്‍കുടിക്കുന്നതിന്റെ വേഗത കൂടും. അതിനാല്‍ മൂന്ന്- നാല് മണിക്കൂര്‍ ഇടവേളയില്‍ കുഞ്ഞിന് പാല്‍ കൊടുത്താല്‍ മതി.
- നാലുമാസങ്ങള്‍ക്ക് ശേഷം കുടിക്കുന്ന പാലിന്റെ അളവ് വീണ്ടും കൂടും.
- ആറുമാസം കഴിഞ്ഞാല്‍ നേരത്തെ കുടിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ അളവില്‍ കുഞ്ഞ് പാല്‍ കുടിക്കാന്‍ തുടങ്ങും.
- മുലയൂട്ടുമ്പോള്‍ കുഞ്ഞ് പാല്‍ കുടിക്കുന്നത് മതിയാക്കി സ്തനത്തില്‍ നിന്ന് മുഖം തിരിക്കുന്നത്, പാല്‍ കുടിക്കുന്നതിനിടെ ഉറങ്ങിപ്പോകുന്നത്, തല കുലുക്കുന്നതും വായ് അടച്ചുപിടിക്കുന്നത് എന്നിവ പാല്‍ മതിയായതിന്റെ ലക്ഷണങ്ങളാണ്.
- കുഞ്ഞ് ജനിച്ച് ആദ്യത്തെ ഏതാനും ദിവസങ്ങളില്‍ ദിവസവും ഒന്നോ രണ്ടോ തുണി ഡയപ്പറുകള്‍ മാത്രമേ മാറ്റാനുണ്ടാവുകയുള്ളൂ. എന്നാല്‍ നന്നായി പാല്‍ കുടിക്കാന്‍ തുടങ്ങിയാല്‍ ദിവസവും ആറോ എട്ടോ തുണി ഡയപ്പറുകള്‍ മാറ്റേണ്ടി വരും. ഒപ്പം രണ്ടുമുതല്‍ അഞ്ച് തവണ മലവിസര്‍ജ്ജനം നടത്തുകയും ചെയ്യും.
- ആദ്യത്തെ രണ്ടാഴ്ചയ്ക്ക് ശേഷം ആറുമാസം വരെയുള്ള സമയത്ത് കുഞ്ഞ് ഓരോ ആഴ്ചയും 200 ഗ്രാം വരെ തൂക്കം കൂടാം. അതിനു ശേഷം 18 മാസം വരെ കുഞ്ഞ് ഓരോ ആഴ്ചയും 150 ഗ്രാം വീതവും തൂക്കം കൂടാം. കുഞ്ഞിന് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നുണ്ടെന്നതിന് തെളിവാണ് ഇതെല്ലാം.
- നന്നായി പാല്‍ കുടിക്കുന്ന കുഞ്ഞ് എപ്പോഴും സന്തോഷത്തോടെയും ആക്ടീവായും ഇരിക്കും.
ആവശ്യത്തിന് പാല്‍ ലഭിക്കുന്നില്ലെങ്കില്‍
- ഡയപ്പറില്‍ കടുത്ത നിറത്തില്‍ മൂത്രം കാണുക.
- ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ ഉറക്കം ഉണ്ടാകുന്നത്.
- സ്തനങ്ങളില്‍ പറ്റിച്ചേര്‍ന്ന് കിടക്കുന്നതിന് പകരം അവ തട്ടിമാറ്റുക.
- മുലയൂട്ടലിന് ശേഷവും അസ്വസ്ഥത കാണിക്കുക.
- നനഞ്ഞ ഡയപ്പറുകളുടെ എണ്ണം കുറയുക.
ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ശിശുരോഗവിദഗ്ധനെ കാണാന്‍ വൈകരുത്.
Content Highlights: How to know your newborn baby getting enough breast milk, Health, Kids Health, Breastfeeding