ചെറിയ കുഞ്ഞുങ്ങള്‍ക്ക് നാം ഡയപ്പര്‍ ധരിപ്പിക്കാറുണ്ട്. വളരെ സൗകര്യപ്രദമായ ഒന്നാണിത്. എന്നാല്‍ ചില കുഞ്ഞുങ്ങളില്‍ ഇത് അലര്‍ജിക്ക് കാരണമാകാറുണ്ട്.ഇത്തരത്തില്‍ ഡയപ്പര്‍ ധരിപ്പിക്കുന്നതു മൂലം കുഞ്ഞിന് ആ ചര്‍മഭാഗത്ത് ഉണ്ടാകുന്ന അസ്വസ്ഥതകളെയാണ് ഡയപ്പര്‍ റാഷ് എന്നു പറയുന്നത്. ഡയപ്പര്‍ റാഷ് ഉണ്ടാകാന്‍ പല കാരണങ്ങളുമുണ്ട്. അവ ഇതെല്ലാമാണ്. 

 • നനഞ്ഞതോ അഴുക്ക് പുരണ്ടതോ ആയ ഡയപ്പറുകള്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നത്.
 • ഡയപ്പര്‍ ഉപയോഗിച്ച് കുഞ്ഞിന്റെ ചര്‍മത്തില്‍ ഉരസുന്നത്.
 • കുഞ്ഞിന് യീസ്റ്റ് അണുബാധ ഉണ്ടാകുന്നത്.
 • കുഞ്ഞിന് ബാക്ടീരിയ അണുബാധ ഉണ്ടാകുന്നത്.
 • ഡയപ്പറിനോട് കുഞ്ഞിന് അലര്‍ജിയുണ്ടാകുന്നത്. 

മലം പുരണ്ട ഡയപ്പറുമായി ഉറങ്ങുമ്പോഴും കുഞ്ഞിന് വയറിളക്കം ഉണ്ടാകുമ്പോഴും കുഞ്ഞ് കട്ടിയുള്ള ആഹാരം കഴിച്ചുതുടങ്ങുമ്പോഴും കുഞ്ഞിന് ആന്റിബയോട്ടിക് നല്‍കുന്നുവെങ്കിലും ഡയപ്പര്‍ റാഷ് കൂടുതല്‍ കാണാം. 

ചികിത്സ

 • സിങ്ക് ഓക്‌സൈഡോ പെട്രോളിയം ജെല്ലിയോ അടങ്ങിയ ക്രീമോ ഓയിന്റ്‌മെന്റോ പുരട്ടുക. 
 • ബേബി പൗഡര്‍ ഇട്ടുകൊടുക്കാം. ഇത് മുഖത്ത് ഇടരുത്. 
 • ആന്റിഫംഗല്‍ ക്രീം ഉപയോഗിക്കാം. 
 • കുഞ്ഞിന് ബാക്ടീരിയ മൂലമുള്ള അണുബാധയുണ്ടെങ്കില്‍ ചര്‍മത്തിന് പുറത്ത് പുരട്ടാനുള്ള ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാം. ഹൈഡ്രോകോര്‍ട്ടിസോണ്‍ പോലെയുള്ള സ്റ്റിറോയ്ഡ് ക്രീമുകള്‍ അടങ്ങിയ മരുന്നുകള്‍ ഉപയോഗിക്കരുത്. ഇത് കുഞ്ഞിന്റെ ചര്‍മത്തിന് അസ്വസ്ഥതയുണ്ടാക്കും. 

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

 • ഓരോ തവണയും ഡയപ്പര്‍ മാറ്റുന്നതിന് മുന്‍പും ശേഷവും മാറ്റുന്നയാളുടെ കൈകള്‍ നന്നായി കഴുകുക. 
 • ഇടയ്ക്ക് കുഞ്ഞിന്റെ ഡയപ്പര്‍ പരിശോധിക്കുക. നനഞ്ഞിട്ടുണ്ടെങ്കിലോ വിസര്‍ജ്യം ഉണ്ടെങ്കിലോ വേഗം അത് മാറ്റുക. 
 • വിസര്‍ജ്യം കുഞ്ഞിന്റെ ചര്‍മത്തില്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് നീക്കാന്‍ സാധാരണ വെള്ളം മാത്രം ഉപയോഗിക്കുക. 
 • വെള്ളമുപയോഗിച്ച് നന്നായി കഴുകിയ ശേഷം കാറ്റ് കൊണ്ട് ഉണങ്ങാന്‍ അനുവദിക്കുക. അമര്‍ത്തിത്തുടയ്‌ക്കേണ്ടതില്ല. 
 • ഓരോ തവണയും പുതിയ ഡയപ്പര്‍ ധരിപ്പിക്കുന്നതിന് മുന്‍പ് ആ ഭാഗം പൂര്‍ണമായും വൃത്തിയായെന്നും നനവ് മാറിയെന്നും ഉറപ്പുവരുത്തണം. 
 • സാധിക്കുന്ന സമയത്തെല്ലാം കുഞ്ഞിനെ ഡയപ്പര്‍ ധരിപ്പിക്കാതെ നോക്കുന്നതാണ് നല്ലത്. ഇതുവഴി ചര്‍മത്തിന് വളരെയധികം വായുസഞ്ചാരം ലഭിക്കും. 
 • പ്ലാസ്റ്റിക് അംശം അടങ്ങിയ ഡയപ്പറിന് പകരം തുണി ഉപയോഗിച്ച് തയ്യാറാക്കുന്ന ഹോം മെയ്ഡ് ഡയപ്പറുകള്‍ ഉപയോഗിക്കാം. 
 • തുണി ഡയപ്പറാണ് ഉപയോഗിക്കുന്നതെങ്കില്‍ വീര്യം കുറഞ്ഞ ഹൈപ്പോ അലര്‍ജെനിക് ഡിറ്റര്‍ജന്റ് ഉപയോഗിച്ച് ഓരോ തവണയും നന്നായി കഴുകിയെടുക്കണം. 

ഡോക്ടറെ കാണേണ്ടത് എപ്പോള്‍

 • ഡയപ്പര്‍ റാഷ് കൂടുതല്‍ ഗുരുതരമാവുകയും രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ ചികിത്സയോട് പ്രതികരിക്കുന്നില്ല എങ്കില്‍.
 • കുഞ്ഞിന് പനിക്കുന്നുണ്ടെങ്കില്‍.
 • ഡയപ്പര്‍ കെട്ടിയ ഭാഗത്ത് മഞ്ഞനിറത്തിലുള്ള, പഴുപ്പ് പോലെ നിറഞ്ഞ കുമിളകളും കട്ടിയേറിയ പാടുകളും ഉണ്ടെങ്കില്‍.
 • യീസ്റ്റ് അണുബാധയുണ്ടെങ്കില്‍ ഡയപ്പര്‍ കെട്ടിയ ഭാഗത്ത് ചുവന്ന നിറത്തില്‍ തിണര്‍പ്പും വെള്ള നിറത്തിലുള്ള പാടപോലെയും കാണാം. ഒപ്പം, ഡയപ്പര്‍ ധരിച്ച ഭാഗത്തിന് പുറത്ത് ചുവന്ന കുരുക്കളും ചര്‍മത്തിന്റെ മടക്കുകളില്‍ ചുവന്ന പാടുകളും കാണാവുന്നതാണ്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ വേഗം തന്നെ ഡോക്ടറെ കാണണം.

Content Highlights: How to get rid of diaper rash in kids newborn, Health, Kids Health