മ്മുടെ കുട്ടികളുടെ ഭാവനാശേഷി വര്‍ധിപ്പിച്ച്, ഭാഷകളെ കൈകാര്യം ചെയ്യാനുള്ള കുഞ്ഞിന്റെ കഴിവുകളെ വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിനുള്ള ഒരെളുപ്പമാര്‍ഗമാണ് പ്രായത്തിനനുസൃതമായി നല്ല കഥകള്‍ പറഞ്ഞുകൊടുക്കുക എന്നത്. കേള്‍ക്കുമ്പോള്‍ ഇതൊരു ചെറിയ കാര്യമാണെന്ന് തോന്നുമെങ്കിലും അതില്‍ നിന്ന് കുട്ടിക്കുണ്ടാവുന്ന കഴിവുകള്‍, സ്വഭാവരൂപവത്കരണം, ഭാഷ കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യം എല്ലാം വളരെ വലുതാണ്. 

മാതാപിതാക്കള്‍ ചെയ്യണ്ടത്

 • വായിക്കാന്‍ പ്രായമാവാത്ത കുഞ്ഞുങ്ങള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കണം. കഥാപുസ്തകങ്ങളോ കാര്‍ട്ടൂണ്‍ പുസ്തകങ്ങളോ തിരഞ്ഞെടുക്കാം. 
 • ഓരോ കഥാപാത്രത്തെയും കുഞ്ഞിന് പരിചയപ്പെടുത്താം. അതിനെക്കുറിച്ച് കുഞ്ഞ് പറയുന്നതുകൂടി കേള്‍ക്കാം. 
 • കുട്ടി വായിച്ചുതുടങ്ങുന്ന പ്രായമെത്തിയാല്‍ കഥകള്‍ വായിച്ചുകേള്‍പ്പിക്കുന്നത് നിര്‍ത്താം. എന്നിട്ട് കുട്ടിയുടെ പ്രായത്തിന് യോജിക്കുന്ന കഥാപുസ്തകങ്ങളും മറ്റും വാങ്ങിക്കൊടുക്കാം. അതിലെ കഥകള്‍ വായിച്ച് ഗുണപാഠം എന്താണെന്ന് പറഞ്ഞുതരാന്‍ കുഞ്ഞിനോട് ആവശ്യപ്പെടാം. തെറ്റുണ്ടെങ്കില്‍ കുഞ്ഞിന് മനസ്സിലാകുന്ന രീതിയില്‍ തിരുത്തിക്കൊടുക്കുക. 
 • കുട്ടികള്‍ എഴുതിത്തുടങ്ങുന്ന സമയമാകുന്നതോടെ അവരുടെ ഭാവനാലോകം വികസിക്കാന്‍ തുടങ്ങും. ഈ പ്രായത്തില്‍ പറഞ്ഞതും വായിച്ചതുമായ കഥകള്‍ എഴുതിനോക്കാന്‍ കൂടി അവരെ പ്രോത്സാഹിപ്പിക്കണം. എഴുതുമ്പോള്‍ വരുത്തുന്ന ചെറിയ തെറ്റുകളെ തിരുത്തി കുട്ടിയെ അഭിനന്ദിക്കാന്‍ മറക്കരുത്. ഇത്തരത്തില്‍ ചെയ്യുന്നതുമൂലം ഭാഷ തെറ്റില്ലാതെ എഴുതാനുള്ള കഴിവുകൂടി ലഭിക്കുന്നു. 
 • വളര്‍ച്ചയുടെ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ ഇഷ്ടമുള്ള വിഷയത്തില്‍ ഒരു കഥ സ്വയമുണ്ടാക്കി പറയാന്‍ കുട്ടിയെ പ്രോത്സാഹിപ്പിക്കാം. അതിനോട് ചേര്‍ത്ത് കഥയിലെ ഗുണപാഠം എന്തായിരുന്നുവെന്ന് കുട്ടിയോട് ചോദിച്ച് മനസ്സിലാക്കാന്‍ മറക്കരുത്. 
 • കുഞ്ഞിന്റെ ഓരോ കഥകള്‍ക്കും പ്രോത്സാഹനവും കുഞ്ഞുകുഞ്ഞ് സമ്മാനങ്ങളും കൊടുക്കാം. കുട്ടിയുടെ ഭാവനാശേഷി വര്‍ധിച്ചുവരുവാന്‍ ഇത് സഹായകമാവും. 
 • കുട്ടി സ്‌കൂളില്‍ നിന്ന് പുതിയ പുതിയ ഭാഷകള്‍ പഠിക്കുമ്പോള്‍ ഇത്തരത്തിലുള്ള കഥകള്‍ ആ ഭാഷകളിലേക്ക് മാറ്റിയെഴുതാനും കുട്ടിയെ പ്രോത്സാഹിപ്പിക്കാം. അതില്‍ വരുന്ന തെറ്റുകളെ സ്‌നേഹപൂര്‍വം തിരുത്തിക്കൊടുക്കാം. ഇതിലൂടെ കുട്ടി ഒന്നില്‍ കൂടുതല്‍ ഭാഷകള്‍ തെറ്റില്ലാതെ കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യം നേടുന്നു. 
 • കുട്ടികള്‍ വളരുന്നതിന് അനുസരിച്ച് ദിനപത്രങ്ങള്‍, മാതൃഭാഷയിലുള്ളതും ഇംഗ്ലീഷ് ഭാഷയിലുള്ളതും വായിപ്പിക്കാം. അതിലുള്ള കാര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാം. 
 • കുട്ടിയുടെ പ്രായത്തിന് അനുസരിച്ച് കുട്ടിക്ക് ഇഷ്ടപ്പെടുന്ന വിവിധ ഭാഷകളിലുള്ള പുസ്തകങ്ങള്‍ സമ്മാനിക്കാനും ശ്രദ്ധിക്കണം. 
 • കുട്ടികള്‍ക്ക് കഥയ്‌ക്കൊപ്പം അതിന്റെ ധാര്‍മികവശം കൂടി(Moral side) പറഞ്ഞുകൊടുക്കാം. 
 • ഒരിക്കല്‍ പറഞ്ഞ കഥ അടുത്ത ദിവസം കുട്ടിയെക്കൊണ്ട് പറയിപ്പിക്കാം. 
 • ഇത്തരത്തില്‍ നിരന്തരം ചെയ്യുന്നതു മൂലം കുട്ടിയുടെ ഏകാഗ്രത വര്‍ധിക്കുകയും കാര്യങ്ങള്‍ ഓര്‍ത്തുവയ്ക്കാനും വീണ്ടെടുക്കാനുമുള്ള കുട്ടിയുടെ കഴിവ് വര്‍ധിക്കുകയും ചെയ്യുന്നു. 
 • കുട്ടി സ്‌കൂളില്‍ പോകുമ്പോഴും പഠിക്കുമ്പോഴും പരീക്ഷയ്ക്ക് പഠിച്ച കാര്യങ്ങള്‍ ഓര്‍ത്ത് എഴുതാനുള്ള കുട്ടിയുടെ കഴിവും ഇതിനോടൊപ്പം തന്നെ വര്‍ധിക്കുന്നു. 

വിവരങ്ങള്‍ക്ക് കടപ്പാട്: 
ഡോ. പി.ടി. സന്ദീഷ്
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
ഗവ.മെന്റല്‍ ഹെല്‍ത്ത് സെന്റര്‍
കോഴിക്കോട്

Content Highlights: How to develop imagination and creativity in your kids, Health, Kids Health, Mental Health