ശബ്ദലോകത്തില്‍ നിന്ന് പൂര്‍ണമായി വിച്ഛേദിക്കപ്പെട്ട് ഒരുദിവസം കഴിയുകയെന്നത് നമുക്ക് ചിന്തിക്കാനേ സാധിക്കില്ല. സംസാരിക്കാന്‍ പഠിക്കുന്നതെങ്ങനെ എന്നുചോദിച്ചാല്‍, 'സംസാരം കേള്‍ക്കുന്നവരുടെ ഏറ്റുപറച്ചില്‍ വഴി ഉടലെടുക്കുന്നു' എന്ന് ഒറ്റവാക്യത്തില്‍ പറയാം.

കുട്ടികളില്‍ സംസാര-ഭാഷ-ആശയവിനിമയ കഴിവുകള്‍ വികസിക്കുന്നതിന് ശ്രവണശേഷി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതുകൊണ്ടുതന്നെ, കേള്‍വിക്കുറവ്-വ്യക്തിജീവിതത്തില്‍ എന്നതുപോലെ ബൗദ്ധിക, വൈകാരിക, സാമൂഹികതലത്തില്‍ പ്രതിഫലിപ്പിക്കുന്ന വിനകള്‍ ഒട്ടനവധിയാണ്.

എപ്പോള്‍ കുഞ്ഞുങ്ങളുടെ കേള്‍വി പരിശോധിക്കണം, എപ്പോള്‍ ചികിത്സാസഹായം തേടണം തുടങ്ങിയവയെപ്പറ്റി അവബോധമുള്ളവര്‍ ഇന്ന് പരിമിതമാണ്. ശരീരത്തിനുപുറമെ കാണാന്‍ സാധിക്കാത്തതിനാല്‍ കുട്ടികളില്‍ കേള്‍വിക്കുറവ് ഒന്നര വയസ്സുവരെ തിരിച്ചറിയപ്പെടാതെ പോകുന്നു.

വൈകിയുള്ള സംസാരം എന്നതിലുപരി കുട്ടിയുടെ വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങള്‍ക്കും അത് വിലങ്ങുതടിയായി മാറുന്നു. അതുകൊണ്ട്, കുട്ടികളുടെ കേള്‍വിപരിശോധനയ്ക്ക് ഒട്ടും അമാന്തം വരുത്തരുത്.

കേള്‍വിപരിശോധന എപ്പോള്‍?
കുട്ടി ജനിച്ചുകഴിഞ്ഞാല്‍ എത്രയും വേഗം ഒരു കേള്‍വിപരിശോധന അത്യന്താപേക്ഷിതമാണ്. കേള്‍വിശക്തി പരിശോധിക്കാന്‍ കുട്ടികള്‍ക്കുവേണ്ടി പ്രത്യേകമായി പരിഷ്‌കരിച്ച ഓഡിയോളജി ടെസ്റ്റുകള്‍ ഉണ്ട്. 'നവജാതശിശുക്കള്‍ എങ്ങനെ കേള്‍വിപരിശോധനയ്ക്ക് പ്രതികരിക്കാനാണ്, വേദനിക്കുമോ?' എന്നൊന്നും ശങ്കിക്കേണ്ട.

ഈ ടെസ്റ്റുകള്‍ക്കായി കുഞ്ഞിന്റെ സജീവപങ്കാളിത്തം ആവശ്യമേയില്ല. മറിച്ച്, കുഞ്ഞ് ടെസ്റ്റിന്റെ സമയത്ത് ഉറങ്ങുകയേ വേണ്ടൂ. സാധാരണയായി ഒ.എ.ഇ(ഓട്ടോ അക്വാസ്റ്റിക് എമിഷന്‍), എ.ബി.ആര്‍(ഓഡിറ്ററി ബ്രെയിന്‍സ്റ്റെം റെസ്‌പോണ്‍സ് ഓഡിയോമെട്രി) എന്നീ ടെസ്റ്റുകളാണ് ഉപയോഗിക്കുക.

ആദ്യത്തേത് ഒരു സ്‌ക്രീനിങ് ടെസ്റ്റായും രണ്ടാമത്തേത് വിശദമായ പരിശോധനയ്ക്കായും ഉപയോഗിക്കുന്നു. സാധാരണ കുട്ടികളില്‍ പ്രായം ഏറുന്നതനുസരിച്ച് ശബ്ദത്തോടുള്ള പ്രതികരണം എങ്ങനെ എന്നത് താഴെ കൊടുത്തിരിക്കുന്നു. ആദ്യമാസങ്ങളില്‍ വലിയ ശബ്ദത്തോട് (40-60 ഡി.ബി.) കൂടുതല്‍ പ്രതികരിക്കുകയും ഒരു വയസ്സാകുമ്പോള്‍ ചെറിയ ശബ്ദങ്ങള്‍ (15 ഡി.ബി.) ശ്രദ്ധിക്കാനാവുകയും ചെയ്യുന്നു.

ശബ്ദത്തോടുള്ള പ്രതികരണരീതികള്‍
0-4 മാസം: വലിയ ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞെട്ടുക, ഉറക്കത്തില്‍നിന്ന് ഉണരുക, കണ്ണ് ചിമ്മുക/മിഴിക്കുക.
4-7 മാസം: ശബ്ദത്തിന്റെ ഉറവിടം ശ്രദ്ധിക്കുക, തല രണ്ടുവശത്തേക്കും തിരിച്ച് ശബ്ദം എവിടെനിന്ന് എന്ന് നോക്കാന്‍ ശ്രമിക്കുന്നു.
7-9 മാസം: കൃത്യമായി ശബ്ദം കേള്‍ക്കുന്ന വശത്തേക്ക് തല തിരിക്കുന്നു. ചെവിയുടെ തലത്തിനു താഴെയുള്ള ശബ്ദത്തിന്റെ ഉറവിടം അവ്യക്തമായി നിര്‍ണയിക്കുന്നു.
9-13 മാസം: രണ്ടു വശങ്ങളിലും ചെവിയുടെ തലത്തിന് താഴെയുമുള്ള ശബ്ദത്തെ കൃത്യമായി മനസ്സിലാക്കുന്നു. ചെവിയുടെ തലത്തിനു മുകളിലുള്ള ശബ്ദത്തെ അവ്യക്തമായി ശ്രദ്ധിക്കുന്നു.
13-16 മാസം: രണ്ടു വശങ്ങളിലും ചെവിയുടെ തലത്തിനു മുകളിലും താഴെയുമുള്ള ശബ്ദത്തെ കൃത്യമായി തല തിരിച്ച് ശ്രദ്ധിക്കുന്നു.
16-21 മാസം: രണ്ടു വശങ്ങളിലും ചെവിയുടെ തലത്തിനു മുകളിലും താഴെയുമുള്ള ശബ്ദത്തെ കൃത്യമായി തല തിരിച്ച് ശ്രദ്ധിക്കുന്നു. (കൂടുതല്‍ ചെറിയ ശബ്ദങ്ങള്‍)
21-24 മാസം: രണ്ടു വശങ്ങളിലും ചെവിയുടെ തലത്തിനു മുകളിലും താഴെയുമുള്ള ശബ്ദത്തെ കൃത്യമായി തല തിരിച്ച് ശ്രദ്ധിക്കുന്നു. (സൂക്ഷ്മമായ ശബ്ദങ്ങള്‍)
മുകളില്‍ പറഞ്ഞിരിക്കുന്ന പ്രകാരം കുട്ടി ശബ്ദത്തോട് പ്രതികരിക്കുന്നില്ലെങ്കില്‍ കേള്‍വിക്കുറവ് സംശയിക്കേണ്ടിയിരിക്കുന്നു. 

ചികിത്സ
വിശദമായ പരിശോധനകളിലൂടെ കേള്‍വിക്കുറവിന്റെ സ്വഭാവം, അതായത്, ഏതുതരത്തില്‍ പെടുന്നതാണെന്നും അത് എത്രമാത്രം  തീവ്രമാണെന്നും മനസ്സിലായെങ്കില്‍ മാത്രമേ കൃത്യമായ ചികിത്സനേടാന്‍ സാധിക്കൂ.

ശ്രവണശേഷിയുടെ തോതനുസരിച്ച് കേള്‍വിക്കുറവിനെ പല ഡിഗ്രികളായി ഭാഗിച്ചിരിക്കുന്നു. അതുപോലെത്തന്നെ, ചെവിയുടെ ഏതുഭാഗത്തിന്റെ കുഴപ്പമാണ് കേള്‍വിക്കുറവിനു കാരണമായിരിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി കേള്‍വിക്കുറവിനെ വിവിധതരങ്ങളായി തിരിച്ചിരിക്കുന്നു.

ഇതില്‍ ചില രോഗങ്ങള്‍, ഉദാഹരണത്തിന്- മധ്യകര്‍ണത്തില്‍ ഉണ്ടാകുന്ന അണുബാധകള്‍ മരുന്നുകൊണ്ട് ചികിത്സിക്കാം. എന്നാല്‍, ആന്തരിക കര്‍ണത്തിലെ ചില കോശങ്ങളുടെ തകരാര്‍ മൂലമുണ്ടാകുന്ന കേള്‍വിക്കുറവിനെ പരിഹരിക്കാന്‍ മരുന്നിന് പരിമിതികളുണ്ട്. ഈ അവസരത്തില്‍, ശ്രവണസഹായിയോ കോക്ലിയാര്‍ ഇംപ്ലാന്റോ സ്വീകരിക്കുക എന്നതാണ് ഉത്തമമായ തീരുമാനം.

ഏതാനും നിബന്ധനകളെ അടിസ്ഥാനമാക്കി ശ്രവണസഹായി ആണോ കോക്ലിയര്‍ ഇംപ്ലാന്റ് ആണോ കുട്ടിയെ സഹായിക്കുകയെന്നത് ഓഡിയോളജിസ്റ്റിന് മനസ്സിലാക്കാന്‍ സാധിക്കും. പക്ഷേ, ഇതു ധരിച്ചാലുടന്‍ കുട്ടി സാധാരണ കുട്ടികളെപ്പോലെ കേള്‍ക്കാനും സംസാരിക്കാനും തുടങ്ങുമെന്ന് വിചാരിക്കരുത്.

ചികിത്സ ലഭിക്കുന്ന കാലംവരെ കുട്ടിക്ക് ശബ്ദവുമായി വേണ്ടത്ര പരിചയമില്ലാത്തതിനാല്‍ ശബ്ദം മനസ്സിലാക്കി അതിനോട് ശരിയായി പ്രതികരിക്കാന്‍ സ്പീച്ച് തെറാപ്പി കൂടാതെ സാധിക്കില്ല. സ്പീച്ച് തെറാപ്പിസ്റ്റ് കേള്‍വിശക്തിയുടെ വളര്‍ച്ചയുടെ ഘട്ടങ്ങളെ അടിസ്ഥാനമാക്കി പരിശീലനം ചെയ്യുന്നതിലൂടെ സാവധാനം കുട്ടി ശബ്ദത്തെ ഇഷ്ടപ്പെട്ടു തുടങ്ങുകയും അതിന്റെ വിവിധ വശങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്നു.

ശ്രവണസഹായി ഉപകരണങ്ങളോട് പൊരുത്തപ്പെട്ടു കഴിയുമ്പോള്‍ ശബ്ദത്തോട് പ്രതികരിക്കാനും അത് മനസ്സിലാക്കാനും മറ്റു ശബ്ദങ്ങളില്‍നിന്ന് വേര്‍തിരിച്ചറിയാനും കുട്ടി പഠിക്കുന്നത് ഈ പരിശീലനത്തിലൂടെയാണ്.

കേള്‍വിക്കുറവുണ്ടെന്നു തിരിച്ചറിയുന്ന സമയം മുതല്‍ അതിന്റെ ചികിത്സയ്ക്ക് കാലതാമസം വരുത്തരുത്. കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജറിക്ക് കുട്ടിയെ വിധേയമാക്കുന്നതിന് സാധാരണ കുട്ടിക്ക് 12 മാസം പ്രായമുണ്ടായിരിക്കണം. എന്നാല്‍, ശ്രവണസഹായി ഏതാനും മാസം മാത്രമേ പ്രായമുള്ളൂവെങ്കില്‍പ്പോലും ധരിക്കാം. 


തെറ്റിദ്ധാരണകള്‍
1.     ജന്മനായുള്ള കേള്‍വിക്കുറവിനായി എന്തു പരിഹാരമാര്‍ഗം സ്വീകരിച്ചാലും വ്യത്യാസമുണ്ടാവില്ല
2.     കേള്‍വിക്കുറവുള്ള കുട്ടികളെ (ഉപകരണങ്ങളുടെ സഹായത്തോടെ പരിശീലിപ്പിച്ചാല്‍പ്പോലും) സാധാരണ സ്‌കൂളില്‍ ചേര്‍ക്കാന്‍ സാധിക്കില്ല
3.     മരുന്നുകഴിച്ചാല്‍ ഏതുതരത്തി    ലുള്ള കേള്‍വിക്കുറവും പൂര്‍ണമായി പരിഹരിക്കാം
4.     ശ്രവണസഹായിയോ കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജറിയോ ചെയ്യുമ്പോള്‍ കേള്‍വിക്കുറവ് പൂര്‍ണമായി മാറുന്നു
5.     കേള്‍വിക്കുറവ് ഉള്ളവര്‍ക്കെല്ലാം ബുദ്ധിമാന്ദ്യം ഉണ്ട്

ശരിയെന്ത്
1, 2: ജന്മനായുള്ള കേള്‍വിക്കുറവ് കഴിവതും വേഗം കണ്ടെത്തി ചികിത്സിച്ചാല്‍ കുട്ടിയുടെ ജീവിതത്തില്‍ വലിയ നേട്ടങ്ങളുണ്ടാകും. തീവ്രമായ പരിശീലനം (ഉപകരണങ്ങളുടെ സഹായത്തോടെ) അവരെ സാധാരണ സ്‌കൂളില്‍ ഇരുന്ന് പഠിക്കാന്‍ പ്രാപ്തരാക്കുന്നു
3.     എല്ലാ തരത്തിലുള്ള കേള്‍വിക്കുറവും മരുന്നുകൊണ്ട് ചികിത്സിക്കാനാവില്ല. ഉദാ: ആന്തരിക കര്‍ണത്തിലെ കോശങ്ങളുടെ തകരാര്‍ മൂലമുണ്ടാകുന്ന കേള്‍വിക്കുറവ്
4. ശ്രവണസഹായി ധരിക്കുന്നതുവഴിയും കോക്ലിയര്‍ ഇംപ്ലാന്റ് ചെയ്യുന്നതുവഴിയും ഒരുപരിധിവരെ ശരിയായി കേള്‍ക്കാന്‍ സാധിക്കും. ശരിയായ പരിശീലനം കിട്ടാതെ സംസാര-ഭാഷാ കഴിവുകള്‍ തനിയെ കുട്ടിയില്‍     വളരുകയില്ല
5. കേള്‍വിക്കുറവുകൊണ്ടുണ്ടാവുന്ന ഏതാനും പരിമിതികളൊഴിച്ചാല്‍ മിക്ക കുട്ടികളും മറ്റുള്ള കുട്ടികളെപ്പോലെ ബുദ്ധിയുള്ളവരാണ്. എന്നാല്‍, ഒന്നില്‍ക്കൂടുതല്‍ വൈകല്യമുള്ള കുട്ടികള്‍ ഇതില്‍പ്പെടുന്നില്ല.

സുപ്രിയ എലിസബത്ത് ചെറിയാന്‍