കുട്ടികള്‍ ടി.വി.യുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും മുന്നില്‍ കുത്തിയിരുന്ന് നേരം കളയുന്നതിന് മാതാപിതാക്കളെ മാത്രം കുറ്റം പറയാന്‍ പാടില്ലെന്ന് പുതിയ പഠനം. ഇങ്ങനെ സമയം കളയുന്നതില്‍ അവരുടെ മുത്തച്ഛനും മുത്തശ്ശിക്കും കാര്യമായ പങ്കുണ്ടെന്നാണ് വിലയിരുത്തല്‍.

മാതാപിതാക്കള്‍ വിലക്കിയ കാര്യങ്ങളില്‍(കൂടുതല്‍ സമയം ഉറങ്ങുന്നത്, ടി.വി. കാണുന്നത് തുടങ്ങിയവ) കൊച്ചുമക്കള്‍ക്ക് മുത്തച്ഛനും മുത്തശ്ശിയും അനുമതി നല്‍കുന്നതായി ചില്‍ഡ്രന്‍ ആന്‍ഡ് മീഡിയ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. രണ്ടിനും ഏഴിനും ഇടയില്‍ പ്രായമുള്ള കുട്ടികളിലാണ് പഠനം നടത്തിയത്.

ഇവര്‍ക്കൊപ്പം ചെലവഴിക്കുന്ന സമയത്തിന്റെ പകുതിയോളം കുട്ടികള്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കൊപ്പമാണെന്നാണ് കണ്ടെത്തല്‍. ഇങ്ങനെ ഇലക്ട്രോണിക് മാധ്യമങ്ങളില്‍ അധിക സമയം ചെലവഴിക്കുന്നത് കുട്ടികളുടെ വികാസത്തെ ബാധിക്കുമെന്ന് പഠനം മുന്നറിയിപ്പു നല്‍കുന്നു.

വ്യായാമമില്ലാത്ത ജീവിതവും സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കാത്തവിധം ഇലക്ട്രോണിക് മാധ്യമങ്ങള്‍ കുട്ടികള്‍ക്കു അനുവദിച്ചു കൊടുക്കണമെന്നും പഠനം പറയുന്നുണ്ട്.

Content highlights: Parenting, Grandparents let the kids have too much screen time