ളരെയധികം തെറ്റിദ്ധാരണകള്‍ നിറഞ്ഞ ഒരു വിഷയമാണിത്. അലര്‍ജിയും ഭക്ഷണവുമായി ബന്ധമുണ്ടോയെന്ന് ചോദിച്ചാല്‍ ഉത്തരം 'ഉണ്ട്' എന്ന് തന്നെയാണ്. എന്നാല്‍, അതിനര്‍ഥം അലര്‍ജിയുള്ള കുട്ടികളെ കുറെ ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നതില്‍ നിന്ന് വിലക്കണം എന്നല്ല! ഭക്ഷണത്തോടുള്ള അലര്‍ജി ഓരോ കുട്ടികളിലും പല വിധത്തിലാണ്. ഒരു കുട്ടിക്ക് അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണസാധനമായിരിക്കില്ല മറ്റേ കുട്ടിക്ക് അലര്‍ജിക്കു കാരണമാകുന്നത്. അലര്‍ജിയുള്ള കുട്ടികള്‍ക്ക് കൊടുക്കാന്‍ പാടില്ലാത്ത ഒരു വലിയ പട്ടിക ഉണ്ടാക്കുന്ന പതിവുണ്ട് നമ്മുടെ നാട്ടില്‍. അതില്‍ മുന്‍പന്തിയിലുണ്ടാകുന്നവര്‍ ഇവരാണ് - പാല്‍, തൈര്, മുട്ട, റാഗി, ഗോതമ്പ്, ചെറുപഴം എന്നിവ... ഇതിലെന്തെങ്കിലും സത്യമുണ്ടോ? അതിനു അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണസാധനങ്ങള്‍ എന്തൊക്കെയെന്ന് ആദ്യം അറിയണം,

അര്‍ജിയുണ്ടാക്കാന്‍ സാധ്യത കൂടിയ ഭക്ഷണസാധനങ്ങള്‍

ഗോതമ്പ്, നിലക്കടല, സോയാബീന്‍, പാലും പാലുത്പന്നങ്ങളും, കോഴിമുട്ടയുടെ വെള്ളഭാഗം, അണ്ടിപ്പരിപ്പ്, ബദാം, ആപ്രിക്കോട്ട്, ചോക്ലേറ്റുകള്‍, ചില പഴവര്‍ഗങ്ങള്‍: ഓറഞ്ച്, മുന്തിരി, ചെറുപഴം...,കേക്കുകള്‍, ചെമ്മീന്‍, കൂന്തല്‍, കടുക്ക, ഞണ്ട്, കക്കയിറച്ചി. എന്നാല്‍, ഇതിനര്‍ഥം എല്ലാവരിലും ഈ ഭക്ഷണസാധനങ്ങള്‍ അലര്‍ജിയുണ്ടാക്കുമെന്നല്ല. ഒരു കുട്ടിക്ക് അണ്ടിപ്പരിപ്പ് കഴിച്ചാലാകും അലര്‍ജി വരുന്നത്. എന്നാല്‍, വേറൊരു കുട്ടിക്ക് ചെമ്മീന്‍ ആയിരിക്കും പ്രശ്‌നക്കാരന്‍. ഈ രണ്ടു കുട്ടികളിലും പാല്‍ ഒരു പ്രശ്‌നവും ഉണ്ടാകണമെന്നില്ല.

ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ കുട്ടിക്ക് ഏതു ഭക്ഷണസാധനമാണ് അലര്‍ജിയുണ്ടാക്കുന്നതെന്നു നമ്മള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു തന്നെ കണ്ടുപിടിക്കണം. അല്ലാതെ മുകളില്‍ പറഞ്ഞ സാധനങ്ങള്‍ ഒന്നും തന്നെ കൊടുക്കാതിരുന്നിട്ടു കാര്യമില്ല. തത്ഫലമായി പല പോഷകാഹാരങ്ങളും ആ കുട്ടിക്ക് നിഷേധിക്കപ്പെടലാകും ഫലം. അത് ആ കുട്ടിയുടെ വളര്‍ച്ചയെ തന്നെ ബാധിച്ചേക്കാം. കാരണം പാലും മുട്ടയുമൊക്കെ അത്രകണ്ട് പോഷകാംശങ്ങള്‍ നിറഞ്ഞതാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ.

ഒരു പ്രത്യേക ഭക്ഷണപദാര്‍ഥം കൊടുക്കുമ്പോഴെല്ലാം നിങ്ങളുടെ കുട്ടിക്ക് അലര്‍ജിയുണ്ടാകുന്നുവെങ്കില്‍ ആ ഭക്ഷണം മാത്രം പിന്നീട് ഒഴിവാക്കുക. അത്രമാത്രം. പൊതുവായി തണുപ്പുള്ള, അതായത് ഫ്രിഡ്ജില്‍ നിന്നെല്ലാം എടുത്ത ഉടനെത്തന്നെ ഭക്ഷണസാധനങ്ങള്‍ കൊടുക്കുന്നത് ഒഴിവാക്കുക. ചെറുചൂടോടെ കുട്ടികള്‍ക്ക് ആഹാരം കൊടുക്കാന്‍ ശ്രദ്ധിക്കുക. ഐസ്‌ക്രീം പോലെയുള്ള തണുത്ത പദാര്‍ഥങ്ങള്‍ പരമാവധി ഒഴിവാക്കുക.

വേറെ എന്തൊക്കെ ശ്രദ്ധിക്കണം

1. കാലാവസ്ഥാവ്യതിയാനങ്ങള്‍: പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാമാറ്റങ്ങള്‍ അലര്‍ജി മോശമാക്കാന്‍ ഇടയുണ്ട്. തണുത്ത കാലാവസ്ഥ പൊതുവേ അലര്‍ജിക്കാര്‍ക്ക് പറ്റില്ല. അതുകൊണ്ട് തണുപ്പുകാലം കുറച്ച ശ്രദ്ധ കൂടുതല്‍ വേണം. വസ്ത്രങ്ങള്‍ തണുപ്പിനെ പ്രതിരോധിക്കാന്‍ തക്കവണ്ണം ഉപയോഗിക്കാം.

2. പെയിന്റുകള്‍: ചുമരുകളില്‍ അടിക്കുന്ന പെയിന്റുകളുടെ മണവും മറ്റും അലര്‍ജി കൂടാറുണ്ട്. അതുകൊണ്ട് അങ്ങനെയുള്ള പണികള്‍ നടക്കുമ്പോള്‍ കുട്ടികളെ അവിടെ നിന്ന് മാറ്റേണ്ടതാണ്.

3. പെര്‍ഫ്യൂമുകള്‍: തീക്ഷ്ണഗന്ധമുള്ള അത്തറുകളും പെര്‍ഫ്യൂമുകളും അലര്‍ജിക്കാര്‍ക്ക് പറ്റില്ല. അതുകൊണ്ട് അവരുള്ള സമയത്ത് ഇവയുടെ ഉപയോഗം നിയന്ത്രിക്കണം.

4. വായുമലിനീകരണം: ഇത് ഇന്ന് എത്രത്തോളം വലിയ പ്രശ്‌നമാണെന്ന് ഞാന്‍ പറയാതെ തന്നെ എല്ലാവര്‍ക്കുമറിയാമല്ലോ! വണ്ടികളില്‍ നിന്നുള്ള പുക, റബര്‍ കത്തിക്കുന്ന പുക, പ്ലാസ്റ്റിക് കത്തിക്കുന്ന പുക, ഫാക്ടറികളില്‍നിന്നുള്ള പുക.ഇവയെല്ലാം പ്രശ്‌നക്കാരാണ്. അലര്‍ജിയുള്ള കുട്ടികളെ ഇവയില്‍നിന്നെല്ലാം മാക്‌സിമം അകറ്റിനിര്‍ത്തേണ്ടതാണ്.

5. വളര്‍ത്തുമൃഗങ്ങള്‍: ഇവയുമായുള്ള അമിതസംസര്‍ഗം വിനയാണ്. അതായത് അവര്‍ വീടിന്ന് പുറത്തുണ്ടായതുകൊണ്ട് പ്രശ്‌നമില്ല. എന്നാല്‍, അവയുടെ കൂടെ കളിക്കുക, കൂടെ കിടത്തുക ഇവയെല്ലാം അലര്‍ജിക്കാര്‍ക്കു പ്രശ്‌നമാകും. ഇവയുടെ രോമം അലര്‍ജിക്ക് കാരണമാകും.

6. നെല്‍വയലുകളും മെതിക്കലും: നെല്‍വയലുകള്‍ അടുത്തുണ്ടെങ്കിലും അലര്‍ജി കൂടുന്നതായി കാണാറുണ്ട്. ഇവയുടെ പൊടിയും പ്രത്യേകിച്ച് വിളവെടുപ്പിന്റെ കാലത് വളരെ അധികമാകും. ആ സമയത്ത് കുട്ടികളെ മാറ്റിനിര്‍ത്തുന്നതായിരിക്കും നല്ലത്.

7. വീട്ടിലെ പൊടിയും അഴുക്കും: വീട്ടില്‍ ഉണ്ടാകുന്ന പൊടികളും മറ്റും അലര്‍ജി കൂട്ടാറുണ്ട്. പ്രത്യേകിച്ചും നമ്മുടെ കര്‍ട്ടണുകളിലും നിലത്തുവിരിക്കുന്ന പരവതാനികളിലും മറ്റും പൊടി താങ്ങി നില്‍ക്കാറുണ്ട്. ഇവയെല്ലാം തട്ടിക്കുടഞ്ഞു വൃത്തിയാക്കുമ്പോഴെല്ലാം പൊടി നാലുപാടും പറക്കും. ഇത് കുട്ടികള്‍ക്ക് നല്ലതല്ല. അതുകൊണ്ടു തന്നെ നിലത്തു വിരിക്കുന്ന മാറ്റുകള്‍ ഒഴിവാക്കുക. കര്‍ട്ടനുകള്‍ തട്ടിക്കുടയാതെ vacuum cleaner  ഉപയോഗിച്ച് വൃത്തിയാക്കുക. അടിച്ചുവരുന്നത് ഒഴിവാക്കി നിലമെല്ലാം വെള്ളം ഉപയോഗിച്ച് തുടക്കുക. കുട്ടികള്‍ വീട്ടിലുള്ളപ്പോള്‍ വീട് വൃത്തിയാക്കല്‍ ഒഴിവാക്കുന്നതാണ് അഭികാമ്യം. അതുപോലെത്തന്നെ നിത്യേന ഉപയോഗിക്കുന്ന കിടക്കവിരികളും മറ്റും കൃത്യമായി മാറ്റി, കഴുകി വൃത്തിയാക്കി ഉപയോഗിക്കേണ്ടതാണ്.

8. പുകവലി: വീട്ടില്‍ പുക വലിക്കുന്നവരുണ്ടെങ്കില്‍ ഒരു ചികിത്സയും നിങ്ങളുടെ കുട്ടിയുടെ അലര്‍ജി മാറ്റില്ല. പുകവലി ഒഴിവാക്കുകയേ രക്ഷയുള്ളൂ.

9. വിറകടുപ്പ്: ഇതില്‍ നിന്നുള്ള പുകയും പ്രശ്‌നമാണ്. ഇപ്പോള്‍ ഒരു മാതിരി എല്ലാ വീട്ടിലും ഗ്യാസ് അടുപ്പുകള്‍ ഉള്ളതുകൊണ്ട് വലിയ പ്രശ്‌നമില്ല.

10. വീടിനടുത്തുള്ള കുറ്റിക്കാടുകള്‍: ഇവിടെയുള്ള ചില ചെടികളില്‍നിന്നുള്ള  POLLENS/ SPORES അലര്‍ജി അധികമാകാറുണ്ട്. അപ്പോള്‍ കാടെല്ലാം വെട്ടി വൃത്തിയാക്കുക. അവിടെ കളിക്കാന്‍ പോകുന്നത് ഒഴിവാക്കുക.

11. പാറ്റ, ഫംഗസുകള്‍ (പൂപ്പലുകള്‍), ചിതല്‍: വീടുകളില്‍ കാണുക പാറ്റകള്‍, പൂപ്പലുകള്‍, ചിതല്‍ പാറ്റകള്‍ ഇവയെല്ലാം അലര്‍ജിക്കാര്‍ക്ക് പറ്റുന്നവയല്ല. ഇവയെ ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ തേടണം.

12. കൂടുതലയുള്ള ശാരീരികാധ്വാനം: ഇതും കുട്ടികളില്‍ വലിവുണ്ടാക്കാറുണ്ട്. ഒഴിവാക്കുന്നതാണ് നല്ലത്.

അപ്പോള്‍ ചുരുക്കിപ്പറഞ്ഞാല്‍, അലര്‍ജിയുടെ/ ആസ്ത്മയുടെ ചികിത്സ പോലെത്തന്നെ പ്രധാനമാണ് മുകളില്‍ പറഞ്ഞ പ്രശ്‌നക്കാരെ (TRIGGERS) നേരിടലും. ഇതൊക്കെ ശ്രദ്ധിച്ചാല്‍ തന്നെ ഒരു പരിധി വരെ അലര്‍ജിയുടെ ശല്യം നമുക്ക് തടയാം. വന്നു ചികിത്സിക്കുന്നതിനെക്കാള്‍ വരാതെ നോക്കുന്നത് തന്നെയല്ലേ എപ്പോഴും നല്ലത്? 

Content Highlights: Food allergy in Kids, Food allergy