കൊച്ചി: അടച്ചിരിപ്പുകാലത്തിന് പിന്നാലെ കാഴ്ചാപ്രശ്‌നങ്ങള്‍ക്ക് ചികിത്സതേടുന്ന കുട്ടികളുടെ എണ്ണം കൂടുന്നു. മൊബൈല്‍ ഫോണ്‍, ലാപ്ടോപ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ ഉപയോഗസമയം കൂടിയതും ചെറിയ സ്‌ക്രീനുകളില്‍ കൂടുതല്‍ സമയം നോക്കുന്നത് (സ്‌ക്രീന്‍ ടൈം) വര്‍ധിച്ചതുമാണ് കാഴ്ചാപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്.

സ്‌ക്രീന്‍ ടൈം വര്‍ധിച്ചത് മൂലം മയോപിയ (ഹ്രസ്വദൃഷ്ടി)യാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് വീടുകളില്‍ത്തന്നെ കഴിയുന്ന സാഹചര്യത്തില്‍ ദൃഷ്ടികള്‍ കൂടുതലും അടുത്തുള്ള വസ്തുക്കളില്‍ മാത്രം കൂടുതലായി കേന്ദ്രീകരിക്കുകയാണ്. തുടര്‍ച്ചയായുള്ള ഈ ശീലം കാരണം ദൂരെക്കാഴ്ചകളിേലക്ക് നോക്കാന്‍ പ്രയാസം അനുഭവപ്പെട്ട് തുടങ്ങുന്നു. കാഴ്ചക്കുറവിനൊപ്പം തലവേദന, കണ്ണുവേദന എന്നിവയാണ് ലക്ഷണങ്ങള്‍.

ദീര്‍ഘനേരം കംപ്യൂട്ടര്‍ സ്‌ക്രീനുകള്‍ ഉപയോഗിക്കുമ്പോള്‍ കണ്ണിലും കാഴ്ചയിലും ഉണ്ടാകുന്ന അസ്വസ്ഥതകളെ 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രം' എന്നാണ് പറയുന്നത്. ആദ്യ ലോക്ഡൗണിനു പിന്നാലെ കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രത്തിനാണ് പലരും ചികിത്സ തേടിയിരുന്നതെങ്കില്‍ അടച്ചിരിപ്പുകാലം നീണ്ടതോടെ മറ്റ് ഗുരുതര കാഴ്ചാപ്രശ്‌നങ്ങളിലേക്ക് നയിച്ചു.

കോവിഡ് ബാധിതരിലും കാഴ്ച പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നുണ്ട്. കോവിഡ് ചികിത്സാ സമയത്തോ കോവിഡനന്തര പ്രശ്‌നങ്ങളുടെ ഭാഗമായോ കാഴ്ചയ്ക്കു മങ്ങലേക്കുന്ന സംഭവങ്ങളുമുണ്ട്. ഓഗസ്റ്റ് 25-ന് ആരംഭിച്ച് സെപ്റ്റംബര്‍ എട്ടിന് അവസാനിച്ച ദേശീയ നേത്ര പക്ഷാചരണത്തിന്റെ ഭാഗമായും കോവിഡ് കാലത്തെ കാഴ്ചാ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു.

ചികിത്സ തേടുന്നവരുടെ എണ്ണം കൂടി

പ്രായഭേദമെന്യേ ഒട്ടേറെപ്പേര്‍ കാഴ്ചാപ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്നുണ്ട്. മയോപിയയ്ക്കുപിന്നാലെ കണ്ണ് വരളുന്ന അവസ്ഥ, മറ്റ് കാഴ്ചാ പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്ക് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുതലാണ്. ഓണ്‍ലൈന്‍ കാലത്ത് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് പരിമിതികള്‍ ഉണ്ടെങ്കിലും സ്‌ക്രീന്‍ സമയം ക്രമീകരിക്കുകയാണ് പ്രധാനം.

ഡോ. ഗോപാല്‍ എസ്. പിള്ള
ഒഫ്താല്‍മോളജി വിഭാഗം മേധാവി, അമൃത ആശുപത്രി, കൊച്ചി

Content Highlights: Eye problems in children during covid19 pandemic, Health, Kids Health, Eye Diseases