കോഴിക്കോട്: കുട്ടികളിൽ കാണുന്ന കോവിഡനന്തര രോഗത്തിനെതിരേ അതിജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്‌ധർ. ഹൃദയമടക്കമുള്ള അവയവങ്ങളെ ബാധിക്കുന്ന മൾട്ടിസിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം (എം.ഐ.എസ്.-സി.) എന്നറിയപ്പെടുന്ന രോഗമാണ് കോവിഡ് ബാധിതരായ കുട്ടികളിൽ കാണപ്പെടുന്നത്.

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ മൂന്നുമാസത്തിനിടെ നൂറോളം കുട്ടികൾ ഈ രോഗത്തിന് ചികിത്സതേടിയതായി കോളേജ് ശിശുരോഗവിഭാഗം തലവൻ ഡോ. അജിത് കുമാർ പറഞ്ഞു. നേരത്തേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ രോഗം ഗുരുതരമാവും.

കോവിഡ് ബാധിച്ച് രണ്ടാഴ്ചമുതൽ ഒരുമാസംവരെ കഴിഞ്ഞാണ് രോഗലക്ഷണം കാണപ്പെടുന്നത്. കോവിഡ് വൈറസിനോടുള്ള ശരീര പ്രതിരോധവ്യവസ്ഥയുടെ അമിത പ്രതികരണമാണ് രോഗകാരണമെന്ന് കരുതുന്നു.

അവഗണിക്കരുത് ഈ ലക്ഷണങ്ങൾ

പനി, വയറുവേദന, ഛർദി, തൊലിപ്പുറത്ത് ചുവന്നപാടുകൾ, തളർച്ച, അമിതമായ ഹൃദയമിടിപ്പ്, വേഗത്തിലുള്ള ശ്വാസം, കണ്ണുകളിലെ ചുവപ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഹൃദയത്തെയാണ് രോഗം കാര്യമായി ബാധിക്കുക. ഹൃദയത്തിന്റെ രക്തം പമ്പുചെയ്യാനുള്ള കഴിവ് കുറയും. അവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയും. തലച്ചോർ, കരൾ, വൃക്കകൾ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തെയും രോഗംതകരാറിലാക്കും.

ലക്ഷണംകാണിക്കാതെ കോവിഡ് ബാധിച്ച കുട്ടികൾക്കും കോവിഡനന്തര രോഗബാധയുണ്ടാവും. അതിനാൽ കോവിഡനന്തര രോഗലക്ഷണങ്ങളുള്ള കുട്ടികളെ പ്രത്യേകം നിരീക്ഷിച്ച് തുടക്കത്തിലേ ചികിത്സ ഉറപ്പാക്കണമെന്ന് മെഡിക്കൽ കോളേജ് പീഡിയാട്രിക് അസിസ്റ്റന്റ് പ്രൊഫസർ ഡോ. എം.പി. ജയകൃഷ്ണൻ പറഞ്ഞു.

കോവിഡ് പൊട്ടിപ്പുറപ്പെട്ടശേഷം ലോകവ്യാപകമായി ഈ രോഗം കണ്ടുവരുന്നുണ്ട്. ഇംഗ്ലണ്ടിലാണ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ത്യയിൽ കേരളമടക്കം കോവിഡ് രൂക്ഷമായ സ്ഥലങ്ങളിലെല്ലാം ഇത്തരം രോഗികളെ കണ്ടെത്തിയിട്ടുണ്ട്.

നൽകണം കൂടുതൽ കരുതൽ

കുട്ടികൾക്ക് കോവിഡ് വാക്സിൻ ലഭ്യമായിട്ടില്ല. അതിനാൽ കുട്ടികൾക്ക് കോവിഡ് ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കഴിയുന്നതും വീട്ടിലുള്ളിൽത്തന്നെ കഴിയണം. പുറത്തുപോയിവരുന്ന മുതിർന്നവർ മുഖാവരണവും സാനിറ്റൈസറും സോപ്പും കൃത്യമായി ഉപയോഗിക്കണം.

കടപ്പാട്‌; ഡോ. ഇ.കെ. സുരേഷ്‌കുമാർ
ആസ്റ്റർ മിംസ് ശിശുരോഗവിഭാഗം തലവൻ

Content Highlights: Experts say early treatment should be ensured for post-covid disease in children, Covid19, Kids Health