കോവിഡ് വിദ്യാഭ്യാസമേഖലയെ തകിടം മറിച്ചതിനാല്‍, കുട്ടികളും മാതാപിതാക്കളും പല പ്രശ്നങ്ങളും ആശങ്കകളും നേരിടുന്നുണ്ട്. അക്കൂട്ടത്തില്‍ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയ വിഭാഗമാണ് ഡിഫറന്റ്‌ലി ഏബിള്‍ഡ് (Differently Abled) അഥവാ ഭിന്നശേഷിയുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും.

സ്‌പെഷ്യല്‍ സ്‌കൂളുകളും ബിഹേവിയര്‍ തെറാപ്പി, സ്പീച്ച് തെറാപ്പി. ഫിസിയോ തെറാപ്പി തുടങ്ങിയവയൊക്കെ നല്‍കുന്ന സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. സാധാരണ സ്‌കൂളുകളുടെ പ്രവര്‍ത്തനം ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ പുനഃസ്ഥാപിക്കാന്‍ ഏറെക്കുറെ കഴിഞ്ഞെങ്കിലും സ്‌പെഷ്യല്‍ സ്‌കൂളിലെ പരിശീലനവും തെറാപ്പികളും ഓണ്‍ലൈനിലൂടെ നല്‍കുന്നതിന് ധാരാളം പരിമിതികളുണ്ട്. അതുകൊണ്ടുതന്നെ ദിവസം മുഴുവനും കുട്ടികളെ മാനേജ്‌ചെയ്യാന്‍ രക്ഷാകര്‍ത്താക്കള്‍ നന്നേ ബുദ്ധിമുട്ടുകയും മിക്കവരുടെയും സ്‌ട്രെസ് ലെവല്‍ കൂടുകയും ചെയ്തിട്ടുണ്ട്.

ഭിന്നശേഷിയുള്ള കുട്ടികളില്‍ ഭൂരിഭാഗവും ചിട്ടയായ ദിനചര്യകളിലൂടെ കടന്നുപോകുന്നവരാണ്. എന്നാല്‍ സ്‌കൂളുകള്‍ അടഞ്ഞതോടെ ഈ ചിട്ടകളില്‍ മാറ്റംവന്നു. അത് അവരുടെ സ്വഭാവ, വൈകാരിക പ്രകടനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പുറത്തിറങ്ങാനോ യാത്രചെയ്യാനോ കഴിയാത്ത സാഹചര്യത്തില്‍ മിക്ക കുട്ടികളും അമിതമായി ദേഷ്യംകാണിക്കുന്നു. പുറത്തിറങ്ങേണ്ട സാഹചര്യങ്ങളില്‍ മാസ്‌ക് ഉപയോഗിക്കാന്‍ വിസമ്മതിക്കുന്നതും ഒരു പ്രശ്നമാണ്.

ദീര്‍ഘനാളത്തെ വിവിധതരം പരിശീലനങ്ങളിലൂടെ ഈ കുട്ടികള്‍ നേടിയെടുത്ത കഴിവുകള്‍, നിത്യവും ചെയ്യാതിരിക്കുന്നതിനാലും നിരന്തര പരിശീലനം മുടങ്ങിയതിനാലും മോശം അവസ്ഥയിലേക്ക് പോകുന്നു. അക്കാഡമിക് വിഷയങ്ങള്‍ പഠിച്ചത് പലരും മറന്നുതുടങ്ങി.

നേരിട്ട് കിട്ടേണ്ടതായ ബിഹേവിയര്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, ഒക്യുപ്പേഷണല്‍ തെറാപ്പി ഒക്കെയും മുടങ്ങുന്ന അവസ്ഥയുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊക്കെയും കൂടുന്നതായി രക്ഷാകര്‍ത്താക്കള്‍ പറയുന്നു. ശാരീരികമായ പ്രവര്‍ത്തനങ്ങളും വ്യായാമവും കുറയുന്നതും വീട്ടിലിരിക്കുമ്പോള്‍ ലഘുഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നതും ശരീരഭാരം കൂടാനും അതുവഴി ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.

മാതാപിതാക്കള്‍ രണ്ടുപേരും ജോലിക്ക് പോകുന്നവരാണെങ്കില്‍ കുട്ടിയെ ഏല്പിക്കാന്‍ ഒരിടമില്ലാത്തതും വലിയ ടെന്‍ഷനുണ്ടാക്കുന്ന കാര്യമാണ്. ജോലിക്കോ മറ്റാവശ്യങ്ങള്‍ക്കോ സ്ഥിരമായി പുറത്തുപോയിവരുന്ന മാതാപിതാക്കള്‍ക്ക് ഈ കുട്ടികളുമായി സാമൂഹിക അകലം പാലിച്ച് ഇടപെടുക എന്നതും പ്രായോഗികമല്ല. ഭിന്നശേഷിയുള്ള ഭൂരിഭാഗം കുട്ടികളെയും ഒറ്റയ്ക്കിരുത്തിയിട്ട് വീട്ടിലെ മറ്റ് ജോലികളിലേക്കോ വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ക്ക് അതിലേക്കോ ശ്രദ്ധിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ട്. മാതാപിതാക്കള്‍ ക്വാറന്റീനിലോ കോവിഡ് ബാധിതരോ ആകുന്ന സാഹചര്യങ്ങളില്‍ കുട്ടികളെ പരിപാലിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്.

പല കുട്ടികളും മരുന്നുകള്‍ കഴിച്ചുകൊണ്ടിരിക്കുന്നവരാണ്. എന്നാല്‍ ഇടയ്ക്ക് ഡോക്ടറെ നേരിട്ട് കാണാനോ, കുട്ടിയുടെ പുരോഗതി വിലയിരുത്തി മരുന്നുകളുടെ അളവില്‍ മാറ്റം വരുത്താനോ ഇപ്പോള്‍ പരിമിതികളുണ്ട്.

എങ്ങനെ മറികടക്കാം

  • കുട്ടികളുടെ ദിനചര്യകളില്‍ മുടക്കം വരാതെ നോക്കാം. സ്വന്തമായി ചെയ്തുകൊണ്ടിരുന്ന എല്ലാം അവരെക്കൊണ്ടുതന്നെ ചെയ്യിക്കാന്‍ ശ്രദ്ധിക്കണം.
  • വീട്ടുജോലികള്‍, ചെടിനടല്‍, കൃഷി, അടുക്കളപ്പണികള്‍ ഇവയിലൊക്കെ കുട്ടിയുടെ കഴിവനുസരിച്ച് പങ്കെടുപ്പിക്കാവുന്നതാണ്.
  • ഘട്ടം ഘട്ടമായ പരിശീലനത്തിലൂടെ
  • മാസ്‌ക് ഉപയോഗിക്കാന്‍ ശീലിപ്പിക്കാം.
  • അകത്തുചെയ്യാവുന്ന തരത്തിലുള്ള വ്യായാമങ്ങളും യോഗയും മറ്റും ശ്രമിക്കാവുന്നതാണ്.
  • കഴിവതും വീട്ടിലുണ്ടാക്കിയ ആരോഗ്യകരമായ ഭക്ഷണം മാത്രം നല്‍കാന്‍ ശ്രദ്ധിക്കുക.
  • രക്ഷകര്‍ത്താക്കള്‍ക്കുള്ള പരിശീലനം നല്‍കുന്ന വിദഗ്ധരുമായി ബന്ധപ്പെട്ട്, അത്യാവശ്യം പരിശീലനങ്ങള്‍ വീട്ടില്‍ ചെയ്യാന്‍ ശ്രമിക്കുക.
  • ഭിന്നശേഷിക്കാര്‍ക്കും മാതാപിതാക്കള്‍ക്കുമായി ബി.ആര്‍.സികള്‍ വഴി എസ്.എസ്.കെ നടത്തുന്ന ഓണ്‍ലൈന്‍ പരിപാടികളില്‍ പങ്കെടുക്കുന്നത്, കുട്ടികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും, വിദഗ്ധരുടെ അഭിപ്രായങ്ങള്‍ കിട്ടുന്നതിനും സഹായകമാകും.
  • രക്ഷകര്‍ത്താക്കളും സ്വന്തം ശാരീരിക മാനസികാരോഗ്യത്തിന് വേണ്ട നിര്‍ദേശങ്ങളും ജീവിത ക്രമങ്ങളും പിന്തുടരാന്‍ ശ്രമിക്കുക.

(കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റാണ് ലേഖിക)

Content Highlights: Differently Abled kids and Covid19 pandemic, What do children with disabilities do during Covid19, Health, Kids Health

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌